Tuesday 03 December 2019 03:44 PM IST

നോമ്പ് പിടിച്ചാൽ ആരോഗ്യവും മെച്ചപ്പെടുത്താം; ഫാറ്റിലിവർ മുതൽ ഹൃദ്രോഗത്തിനു വരെ പ്രതിവിധി

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

fasting

‘‘ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്...?’’

(ഏശയ്യ 58–ാം അധ്യായം 6–7 വാക്യങ്ങൾ)

ക്രിസ്ത്യാനിക്ക് നോമ്പ് എന്താണെന്ന് അക്ഷരാർഥത്തിൽ പറയുന്ന െെബബിൾ വചനങ്ങളാണിത്. നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണ് നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും െെക്രസ്തവസഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാനിർഭരമായ കാലം കൂടിയാണിത്. കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ െെക്രസ്തവസഭകളിലെ വിശ്വാസികളുടെ ജീവിതത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം, ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പ് ഏറെ പ്രധാനമാണെന്ന്. ഡിസംബർ ഒന്നു മുതൽ 24 വരെ അവർ മനസ്സും ശരീരവും വ്രതശുദ്ധിയോടെ യേശുവിന്റെ പിറവിത്തിരുനാളിനായി പാകപ്പെടുത്തുന്നു. പൗരസ്ത്യ കത്തോലിക്കാസഭകളിൽ ക്രിസ്മസിനു മുൻപായി 25 ദിവസത്തിലേറെ നോമ്പെടുത്തു ത്യാഗപൂർവമായി ഒരുങ്ങിയിരുന്നുവെന്നു ചരിത്രം പറയുന്നുണ്ട്.

ചെറിയ നോമ്പ്

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പ് ‘ചെറിയ നോമ്പ്’ എന്നാണു സാധാരണയായി അറിയപ്പെടുന്നത്. 24 ദിവസവും ചില ആഹാരപദാർഥങ്ങൾ പൂർണമായും വർജിക്കുന്നു. പ്രധാനമായും ഉപേക്ഷിക്കുന്നത് മത്സ്യവും മാംസവും ആണ്. ഇതിനൊപ്പം മുട്ടയും പാലും മദ്യവും ഉപേക്ഷിക്കുന്നവരുമുണ്ട്. കുടുംബമൊന്നാകെ മത്സ്യമാംസാദികൾ ഒഴിവാക്കി സസ്യാഹാരരീതിയിലേക്കെത്തുമ്പോൾ െെദവത്തിനു വേണ്ടി ത്യാഗം ചെയ്യുന്നതിനുള്ള സന്നദ്ധത വെളിവാകുന്നു. കാരണം, പതിവായി കഴിക്കുന്ന രുചികരമായ മത്സ്യമാംസ വിഭവങ്ങൾ വേണ്ടെന്നു വയ്ക്കുന്നതു വെല്ലുവിളി തന്നെയാണ്. കപ്പയും മുളകും കടുംകാപ്പിയും ചോറും പച്ചക്കറികളും അച്ചാറും പഴങ്ങളുമൊക്കെയാണ് ക്രിസ്ത്യൻ ഭവനങ്ങളിലെ നോമ്പുകാല വിഭവങ്ങൾ.

മനസ്സും ശരീരവുംനിയന്ത്രണത്തിൽ

‘‘നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സിൽ െെതലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.’’(മത്തായി 6: 17–18)

ഉപവാസം മൂലമുണ്ടാകുന്ന ക്ഷീണം മറ്റാരും അറിയാതിരിക്കുന്നതിനു തന്നെയാകാം മുഖം കഴുകി മുടിയിൽ എണ്ണ പുരട്ടിയിരിക്കണമെന്നു യേശു പറയുന്നത്. പ്രസന്നതയോടെ ഉപവസിക്കണമെന്നർഥം.യേശു മരുഭൂമിയിൽ ആഹാരം കഴിക്കാതെ 40 ദിവസം ഉപവസിച്ചിരുന്നതായി െെബബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ മുന്നോടിയായി വന്ന സ്നാപകയോഹന്നാനും മരുഭൂമിയിൽ ഉപവാസവും പ്രാർഥനയുമായി കഴിഞ്ഞിരുന്നു. പഴയനിയമത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ മോശ നാൽപതു ദിനരാത്രങ്ങൾ സീനായ്മലയിൽ ഉപവസിച്ചിരുന്നായി പറയുന്നുണ്ട്.

നോമ്പ് ക്രിസ്ത്യാനിയുടെ ആത്മനിയന്ത്രണത്തിന്റെ കൂടി അടയാളമാണ്. ത്യജിക്കുക എന്നൊരു ആത്മീയമാനം കൂടി ക്രിസ്ത്യൻ ജീവിതത്തിലുണ്ട്. ത്യജിക്കൽ ആത്മബലം വർധിപ്പിക്കുന്നു. ലഭിക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് ക്രിസ്ത്യാനി ആത്മീയമായി കൂടുതൽ കരുത്തരാകുന്നത്. സ്വയംവിശുദ്ധീകരണത്തിന്റെ അടയാളങ്ങളാണ് നോമ്പും ഉപവാസവുമൊക്കെ. കൂടുതൽ െെദവത്തോടടുക്കുന്നതിനു നമ്മെത്തന്നെ വിശുദ്ധീകരിക്കലാണത്. ഇതിനു പലവിധ രീതികളുണ്ട്. അതിൽ ഒന്നു മാത്രമാണ് ഭക്ഷണനിയന്ത്രണം. എല്ലാ കാര്യങ്ങളിലും നിയന്ത്രണം പുലർത്തണം.

നോമ്പു കാലത്തു ശരീരത്തിനും മനസ്സിനും ഒരുപോലെ വിശുദ്ധി നൽകണം. ചിന്തയിലും വായനയിലും കാഴ്ചയിലും ആസ്വാദനത്തിലും സംസാരത്തിലുമെല്ലാം വിശുദ്ധീകരണം ആവശ്യമുണ്ട്. അതുകൊണ്ടാണ് നോമ്പുകാലത്തു സിനിമ കാണുന്നതുപോലും ഒഴിവാക്കുന്നത്. മദ്യപാനം, ലഹരി, പുകവലി ഇതെല്ലാം ഒഴിവാക്കുന്നവരുണ്ട്. നോമ്പുകാലമത്രയും െെലംഗികതയിൽ നിന്നു മാറിനിൽക്കുന്നവരുണ്ട്. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങാത്തതു കൊണ്ടോ കിട്ടാത്തതു കൊണ്ടോ അല്ല ഉപേക്ഷിക്കുന്നത്. അവ മനസ്സു കൊണ്ടുതന്നെ വേണ്ടെന്നു വയ്ക്കുകയാണ്. മുൻപിൽ നിരത്തിയിരിക്കുന്ന രുചികരമായ മത്സ്യമാംസാദി വിഭവങ്ങൾ കാണുമ്പോൾ ‘എനിക്കു വേണ്ട ഞാൻ നോമ്പിലാണ്’ എന്നു പറയാനുള്ള ആർജവം വിശ്വാസിക്കുണ്ട്. മനസ്സിനെ നിയന്ത്രണത്തിലാക്കാനും ശരീരത്തെ അശുദ്ധികളിൽ നിന്നകറ്റി നിർത്താനും നോമ്പ് സഹായിക്കുന്നു. സ്വയം ശുദ്ധീകരണത്തിനുള്ള കാലമാണിത്. ഒൗദ്യോഗികജീവിതത്തിലും നോമ്പിന്റെ ത്യാഗമനുഷ്ഠിക്കാൻ വിശ്വാസി തയാറാകണം. പണത്തിനോ പ്രതിഫലത്തിനോ വേണ്ടിയല്ലാതെ നോമ്പുകാലത്തു ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും കരുണയുടെയും പ്രതിഫലനമുള്ള തൊഴിൽ ജീവിതമാണ് ഒാേരാരുത്തരും ആഗ്രഹിക്കേണ്ടത്.

ആഹാരം വേണ്ടെന്നു വയ്ക്കുമ്പോൾ

ഭക്ഷണത്തിന്റെ രുചിയും െെവവിധ്യം തിരഞ്ഞ് അതിനു വേണ്ടി ധാരാളം പണം ചെലവഴിക്കുന്ന കാലത്തു നോമ്പിനായി ഭക്ഷണം ത്യജിക്കുമ്പോൾ ഭക്ഷണം കഴിക്കാത്ത പാവപ്പെട്ടവന്റെ വേദന കൂടി മനസ്സിലാക്കാൻ കഴിയും. പകൽസമയത്തു ഭക്ഷണം കഴിക്കാതെ ഉപവസിക്കുന്നവരുമുണ്ട്. ഇങ്ങനെ ചെലവു ചുരുക്കുമ്പോൾ ലാഭിക്കുന്ന പണം നോമ്പിന്റെ അവസാനത്തിൽ ഒരു കാരുണ്യമായി മറ്റുള്ളവർക്കു നൽകണം. സമൂഹത്തിനു കൂടി ഗുണകരമാകാത്ത ഒരു ആചാരവും അനുഷ്ഠാനവും നമുക്കു ഗുണകരമായി പരിണമിക്കില്ല എന്നതാണു സത്യം.

മനോഭാവവും മാറുന്നു

നല്ല മനോഭാവം രൂപപ്പെടാനുള്ള അവസരമായാണ് നോമ്പിനെ െെക്രസ്തവൻ കാണുന്നത്. പ്രിയപ്പെട്ട ആഹാരം വേണ്ടെന്നു വയ്ക്കുന്നതിനെക്കാൾ വലിയ മാറ്റങ്ങൾ മനസ്സിലാണ് ഉണ്ടാകേണ്ടതെന്നു പറയാറുണ്ട്. നോമ്പുകാലത്തു ചെലവു ചുരുക്കുമ്പോൾ ആ പണം പാവപ്പെട്ടവന്റെ അവകാശമാണെന്നു കൂടി വിശ്വാസി ചിന്തിക്കുന്നു. ദശാംശം അത് പണമോ ആഹാരമോ ആകട്ടെ പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് െെബബിൾ പറഞ്ഞിരിക്കുന്നത്. ‘സമ്പത്തേറുമ്പോൾ അതനുസരിച്ച് ദാനം ചെയ്യുക. കുറച്ചേ ഉള്ളൂവെങ്കിൽ അതനുസരിച്ച് ദാനം ചെയ്യാൻ മടിക്കരുത്’ എന്നു പഴയനിയമത്തിൽ തോബിത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ.

നോമ്പിന്റെ ആരോഗ്യഗുണങ്ങൾ

മാംസാഹാരം കൂടുതൽ കഴിക്കുന്നതിനാൽ പലർക്കും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളുണ്ട്. ഇത് സിറോസിസിലേക്കും മഹോദരത്തിലേക്കുമെത്താം. അമിതഭാരം കൊണ്ടുണ്ടാകുന്ന രോഗങ്ങളുമുണ്ട്. ശരീരത്തിൽ കൊഴുപ്പ് കൂടുതലാകുന്നതു ഹൃദ്രോഗത്തിൽ കലാശിക്കുന്നു. നോമ്പ് ഇത്തരം ജീവിത െെശലീരോഗങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കാൻ സഹായിക്കുന്നു. ഭക്ഷണനിയന്ത്രണം വരുമ്പോൾ അതിന്റേതായ ആരോഗ്യഗുണങ്ങൾ ശരീരത്തിനുണ്ടാകുന്നുണ്ട്. എന്നാൽ ഭാരം കുറയ്ക്കൽ പോലെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രമായി നോമ്പിനെ പരിഗണിക്കരുത്.

ജീവിത ആഹാര െെശലികൾ

നോമ്പുകാലത്തു നല്ല പോഷണം അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുന്ന വെജിറ്റേറിയൻ ആഹാരം കഴിക്കാം. കടല, പയറുവർഗങ്ങൾ ഇവ ധാരാളം പ്രോട്ടീൻ നൽകും. ഇലക്കറികളും ധാരാളം ഉപയോഗിക്കാം. കപ്പ, ചേന, കാച്ചിൽ പോലുള്ള കിഴങ്ങുവർഗങ്ങളും ധാരാളം ഉപയോഗിക്കുന്നവരുണ്ട്. ഒരു പോഷണ അപര്യാപ്തതയും നോമ്പ് നമുക്കു സമ്മാനിക്കുന്നില്ല. മറിച്ച് കുറച്ചുകൂടി ഉണർവ് നൽകുന്നു.

നോമ്പുകാലത്ത് ഒരു നേരം മാത്രം ആഹാരം കഴിക്കുന്ന ‘ഒരു നേരം’ എന്ന രീതിയും െെക്രസ്തവർക്കിടയിലുണ്ട്. 65 വയസ്സിനു മേൽ പ്രായമുള്ളവർ, കുട്ടികൾ, രോഗികൾ, ഗർഭിണികളും പാലൂട്ടുന്നവരും, കഠിനജോലികൾ ചെയ്യുന്നവർ ഇവരെയൊക്കെ നോമ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു വർഷത്തെ ജീവിത െെശലിയുടെ പുനഃക്രമീകരണം ആണിത്.

ശരീരം സുഖങ്ങൾ വെടിയുമ്പോൾ ആത്മാവ് കരുത്തു നേടുന്നു എന്നതാണ് െെക്രസ്തവ വിശ്വാസം. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യരാകാനുള്ള ആഗ്രഹം അവരെ നോമ്പിലൂടെ നവീകരണാനുഭവത്തിലേക്കു നയിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്:

ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്

ഡയറക്ടർ

എം െഎ മിഷൻ ഹോസ്പിറ്റൽ

ഏങ്ങണ്ടിയൂർ, തൃശ്ശൂർ