Saturday 08 September 2018 05:01 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾ ഉയരത്തിൽ നിന്നു തലയിടിച്ചു വീണാൽ എന്ത് ചെയ്യണം?; നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രഥമ ശ്രുശൂഷകൾ

first-aid

പ്രഥമ ശുശ്രൂഷകൾ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല. ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ തന്നെ കൃത്യസമയത്തു ചെയ്യുന്ന പ്രഥമശുശ്രൂഷകൾ സഹായിച്ചുവെന്നു വരും. നിത്യ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില അത്യാഹിത പ്രശ്നങ്ങളിൽ എങ്ങനെ പ്രഥമശുശ്രൂഷ ചെയ്യണമെന്നു മനസ്സിലാക്കാം.

കുട്ടികൾ ഉയരത്തിൽ നിന്നു തലയിടിച്ചു വീണാൽ?

മിക്കവാറും കുട്ടികൾ വീഴ്ചയ്ക്കുശേഷം ഒന്നു മയങ്ങുകയോ ഛർദിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ രണ്ടിലധികം തവണ തുടരെയുള്ള ഛർദി, ദീർഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന, അൽപസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഒാർമക്കുറവ്, െെകകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കിൽ കുട്ടിക്കു തീർച്ചയായും സിടി സ്കാൻ ചെയ്യണം.

ഛർദിയുണ്ടെങ്കിൽ ഒരുവശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയിൽ മുറിവുണ്ടായാൽ നന്നായി മുറുകെ െകട്ടിവയ്ക്കണം. മുഴച്ചുവന്നിട്ടുണ്ടെങ്കിൽ െഎസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.

കുട്ടികൾ മുത്ത്, ബട്ടൺ, നാണയം േപാലുള്ളവ വിഴുങ്ങുകയോ മൂക്കിലിടുകയോ ചെയ്താൽ?

aid-2

ചെറിയ കുട്ടികൾ മുത്ത്, ബട്ടൺ, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങൾ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. മൂക്കിലിടുന്ന വസ്തുക്കൾ തോണ്ടിയെടുക്കാൻ ശ്രമിക്കരുത്.അതു രക്തസ്രാവമുണ്ടാക്കാം. വസ്തു ഉള്ളിലേക്ക് കൂടുതൽ തള്ളിനീങ്ങാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ വെപ്രാളപ്പെട്ടാൽ കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോൾ മൂക്കിൽ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും കാരണമാകും. ശാന്തമായി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം. വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ വിരലിട്ട് എടുക്കുവാനോ ഛർദിപ്പിക്കുവാനോ ശ്രമിക്കരുത്. ഭക്ഷണം കൊടുക്കാതെ ശ്രദ്ധിക്കണം. ആമാശയത്തിൽ ഭക്ഷണമുണ്ടെങ്കിൽ അത്യാവശ്യം വേണ്ടിവരാവുന്ന ശസ്ത്രക്രിയയ്ക്കതു ബുദ്ധിമുട്ടാകും.

ഇറച്ചിക്കഷണമോ, പഴത്തിന്റെ കഷണമോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുക്കളോ ശ്വാസനാളത്തിലേക്കു പ്രവേശിക്കാം. ശ്വാസതടസ്സം സൃഷ്ടിച്ച് ആ വസ്തു അവിടെ നിന്നാൽ ശ്വാസോച്ഛ്വാസം ചെയ്യാനാവാതെ വരികയും ശരീരം നീലനിറമാകുകയും മൂന്നു മിനിറ്റു കൊണ്ടു വ്യക്തി മരിച്ചുപോകുകയും ചെയ്യും. ഈ സമയത്ത് ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ എത്താനുള്ള സമയം ലഭിക്കില്ല. കുട്ടികളാണെങ്കിൽ കാലിൽ തൂക്കി തല താഴോട്ടാക്കിപ്പിടിച്ചു മുതുകിലും വയറ്റിലും സമ്മർദം നൽകും വിധം മർദിക്കുക. സമ്മർദത്തിൽ വസ്തു പുറത്തേക്കു പോരേണ്ടതാണ്. വലിയവരാണെങ്കിൽ കുനിച്ചുനിർത്തി താഴെനിന്നും മുകളിലേക്കു വയറ്റിൽ മർദിക്കണം. ഇങ്ങനെ രോഗിയെ രക്ഷിക്കുന്ന പ്രാഥമിക ശുശ്രൂഷയ്ക്ക് ഹെമിളിക്സ് മാന്യുവെർ എന്നാണു പറയുന്നത്.ലോകത്ത് വർഷത്തിൽ നാലായിരത്തോളം പേർ ഇങ്ങനെ മരണപ്പെടുന്നു. ശ്വാസനാളത്തിൽ എന്തെങ്കിലും വസ്തു തടഞ്ഞാൽ മൂക്കിൽകൂടിയോ തൊണ്ടയിൽ കൂടിയോ ട്യൂബ് കടത്തി എൻഡോസ്കോപ്പി ചെയ്തു അത് ഉടൻ പുറത്തെടുക്കണം. വളരെ പെട്ടെന്നുള്ള പരിചരണം ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതാണ്. എൻഡോസ്‌കോപ്പി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് രോഗിയെ എത്തിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട്;

aid-3

1. ഡോ. വെങ്കിടേഷ് കെ
കൺസൽറ്റന്റ് ന്യൂറോസർജൻ

2. ഡോ.  മാത്യു ഡൊമിനിക്
കൺസൽറ്റന്റ് ഇ എൻടി സർജൻ