Thursday 16 May 2019 12:01 PM IST : By സ്വന്തം ലേഖകൻ

ഡാർക് ചോക്ലേറ്റ്, വാൽനട്ട്, ചെറുമത്സ്യങ്ങൾ; നഖങ്ങൾക്ക് പ്രായമാകില്ല, ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

nail

കഴിക്കുന്നതെന്താണോ അതാണു നിങ്ങൾ (You are what you eat) എന്ന ചൊല്ല് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ പ്രസക്തമാണ്. അഴകു വർധിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പോഷകങ്ങൾ സവിശേഷ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ചർമം (തൊലി), മുടി, നഖം, പല്ല് എന്നിവയുടെ സംരക്ഷണത്തിൽ.

പോഷകഗുണങ്ങൾ ഏറെയുള്ള ആഹാരരീതി നഖത്തിന്റെ ഘടന, വളർച്ച, ദൃഢത എന്നിവ സംരക്ഷിക്കുന്നു.

∙ ബയോട്ടിൻ (Biotin)

ബയോട്ടിൻ ഒരു ബി കോംപ്ലക്സ് െെവറ്റമിൻ ആണ്. ഇത് നഖവളർച്ച വർധിപ്പിക്കുന്നു. പ്രോട്ടീൻ രൂപപ്പെടുത്തുന്ന അമിനോ ആസിഡിന്റെ ഉപാപചയത്തിനു സഹായിക്കുന്നു. ബയോട്ടിൻ അടങ്ങിയ ആഹാരസാധനങ്ങൾ വേഗം പൊട്ടിപ്പോകാതെ ശക്തിപ്പെടുത്തുന്നു. ബയോട്ടിൻ അടങ്ങിയ ആഹാരസാധനങ്ങളാണ് കരൾ, മുട്ടയുടെ ഉണ്ണി, പാലും പാലിന്റെ ഉൽപന്നങ്ങളും, യീസ്റ്റ്, സാൽമൺ, അവക്കാഡോ, മധുരക്കിഴങ്ങ്, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, കോളിഫ്ലവർ എന്നിവ.

∙ മറ്റു ബി െെവറ്റമിനുകൾ

നഖത്തിന്റെ ശരിയായ വളർച്ചയ്ക്ക് മറ്റു ബി െെവറ്റമിനുകളും ആവശ്യമാണ്. വൈറ്റമിൻ ബി12 ഇരുമ്പിന്റെ ആഗിരണത്തിലും ചുവന്ന കോശങ്ങളുടെ വളർച്ചയ്ക്കും പ്രധാന പങ്കുവഹിക്കുന്നു. ഇരുമ്പ്, ബി12 എന്നിവ നഖത്തെ ശക്തിയും ആരോഗ്യവുമുള്ളതാക്കുന്നു. ഫോളേറ്റ്, െെവറ്റമിൻ ബി9, എന്നിവ നഖത്തിന്റെ ശരിയായ വളർച്ചയ്ക്കും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും ആവശ്യമാണ്. ഫോളേറ്റിന്റെ സ്രോതസ്സ്: ഇരുണ്ട പച്ചനിറമുള്ള പച്ചക്കറികൾ, നാരകവിഭാഗത്തിലെ പഴങ്ങൾ, ബീൻസ്, പീസ്, ലെന്റിൽസ്, നട്സ്, വിത്തുകളും അവക്കാഡോ എന്നിവ ആണ് B12ന്റെ സ്രോതസ്സ്: മൃഗജന്യ ആഹാരപദാർഥങ്ങളായ ഇറച്ചി, മീൻ, മുട്ട, പാലും പാലിന്റെ ഉൽപന്നങ്ങളും.

∙ ഇരുമ്പ്

നഖത്തിന് ഒാക്സിജൻ പ്രദാനം ചെയ്യാൻ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം നഖത്തിൽ വെളുത്തവരകളുണ്ടാകാനും അകത്തേക്കു വളയാനും കാരണമാകുന്നു.

ഇരുമ്പിന്റെ സ്രോതസ്സ്: മൃഗജന്യ ആഹാരങ്ങൾ (പോത്തിറച്ചി, കോഴിയിറച്ചി, മീൻ, മുട്ട ), സസ്യജന്യ ആഹാരങ്ങൾ (ഇരുണ്ട പച്ച നിറത്തിലുള്ള പച്ചിലക്കറികൾ , നിലക്കടല, വിത്തുകൾ, ബീൻസ് .ശരീരത്തിലേക്ക് ഇരുമ്പ് ആഗീരണം ചെയ്യപ്പെടാൻ ഒപ്പം െെവറ്റമിൻ സി അടങ്ങിയ ആഹാരം കൂടി കഴിക്കണം. ഉദാഹരണത്തിനു ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കുമ്പോൾ ഒരു ഒാറഞ്ച് അല്ലെങ്കിൽ നാരങ്ങാവെള്ളം കൂടി അതിനൊപ്പം കുടിക്കുക.

∙ മഗ്‌നീഷ്യം

ആഹാരത്തിലെ മഗ്‌നീഷ്യത്തിന്റെ അഭാവം നഖവളർച്ചയെ ബാധിക്കാം. നഖത്തിൽ ഉണ്ടാകുന്ന വെളുത്ത പാടുകൾ മഗ്‌നീഷ്യം അഭാവത്തിന്റെ സൂചനയാണ്.

സ്രോതസ്സ്: ഡാർക് ചോക്‌ലെറ്റ്, അവക്കാഡോ, നട്സ് (ബദാം, കശുവണ്ടി, ബ്രസീൽ നട്സ്, നിലക്കടല, പയറു വർഗങ്ങൾ (ലെന്റിൽസ് , ബീൻസ്, ചിക്പീസ്, പീസ്, സോയാബിൻസ് ), ടോഫു, വിത്തുകൾ (ഫ്ളാക്സ്, തണ്ണിമത്തൻ ചിയാ സീഡ്സ് ), മുഴു ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, നേന്ത്രപ്പഴം , ഇരുണ്ട പച്ച നിറത്തിലുള്ള ഇലക്കറികൾ .

∙ പ്രോട്ടീൻ

നഖം ഉണ്ടാക്കിയിരിക്കുന്നത് കെരാറ്റിൻ എന്നു പേരുള്ള പ്രോട്ടീൻ കൊണ്ടാണ്. കെരാറ്റിൻ ആണ് നഖ വളർച്ച കൂട്ടുന്നതും നഖത്തിനു ശക്തി നൽകുന്നതും. നഖത്തിന്റെ പുറമെ കാണുന്നത് യഥാർഥത്തിൽ മൃതകോശം ആണ്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ആഹാരം കെരാറ്റിന്റെ ഉൽപാദനം കൂട്ടുകയും നല്ല ബലമുള്ള നഖം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു.

സ്രോതസ്സ്: മൃഗജന്യ ആഹാരങ്ങൾ (മാംസം, കോഴിയിറച്ചി, മീൻ,മുട്ട, പാൽ ), സസ്യജന്യ ആഹാരം – സോയ, പയറു വർഗങ്ങൾ , ബീൻസ്, ലെന്റിൽസ്, നട്സ് , സീഡ്സ് , മുഴുധാന്യങ്ങൾ.

∙ ഒമേഗ–3 ഫാറ്റി ആസിഡ്

ഒമേഗ–3 ഫാറ്റി ആസിഡ് നഖ വരൾച്ച തടയുന്നു. ഇതു നഖത്തിന് ഒരു സ്വാഭാവിക തിളക്കം നൽകുന്നു. ഇതുകൂടാതെ നഖത്തിന് ഉണ്ടാകുന്ന നീർക്കെട്ട് തടയുകയും ആേരാഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇതിന്റെ അഭാവം നഖം ഉണങ്ങിവരണ്ട് പെട്ടെന്ന് ഒടിയുന്നതാക്കും.

സ്രോതസ്സ്: കൊഴുപ്പുള്ള മീൻ, (സാൽ മൺ, അയല, ചൂര,മത്തി ), വാൽനട്സ് , സോയ, മുട്ട, ചിയാ സീഡ്സ് , ഫളാക്സ് സീഡ്സ്, മത്സ്യം, എണ്ണ.

∙ െെവറ്റമിൻ സി

െെവറ്റമിൻ സി, കൊളാജന്റെ ഉൽപാദനത്തിന് ആവശ്യമാണ്. ഇതിന്റെ അഭാവം നഖം പെട്ടെന്ന് ഒടിയാൻ കാരണമാകുന്നു. സ്രോതസ്സ്: നാരക വിഭാഗത്തിലെ പഴങ്ങൾ (ഒാറഞ്ച്, ലൈം, ലെമൺ ) ,സ്ട്രോബെറി, കിവി, ബെൽ പെപ്പർ, നെല്ലിക്ക, പച്ചിലക്കറികൾ, തക്കാളി .

∙ സിങ്ക്

സിങ്കിന്റെ അഭാവം നഖത്തിന്റെ പുറത്തു െവളുത്ത കുത്തുകൾ ഉണ്ടാക്കുന്നു. സ്രോതസ്സ്: മൃഗജന്യ പ്രോട്ടീനുകൾ (പോത്തിറച്ചി, കോഴിയിറച്ചി , മീൻ, മുട്ട) സസ്യജന്യ ആഹാരമായ സോയ, ചിക്പീ, ബ്ലാക് ബീൻസ് , നട്സ് (ബദാം, കശുവണ്ടി ), വിത്തുകൾ .

വിവരങ്ങൾക്ക് കടപ്പാട്; സോളി ജെയിംസ്, ന്യൂട്രീഷനിസ്റ്റ് കൊച്ചി