Saturday 23 January 2021 03:34 PM IST : By സ്വന്തം ലേഖകൻ

തിളങ്ങുന്ന മുഖഭംഗിക്കായ് ഇവ മറക്കാതെ കഴിക്കാം...

beautyface432

മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാത്ത സുന്ദരമായ മുഖം സ്വപ്നം കാണാത്ത പെൺകുട്ടികളില്ല. മുഖത്തു പുരട്ടുന്ന ലേപനങ്ങളെക്കാളും സൗന്ദര്യസംരക്ഷണത്തിന് അഭികാമ്യം പോഷകസമ്പുഷ്ടമായ ആഹാരവും നല്ല ജീവിതചര്യകളും തന്നെയാണ്. ആഹാരകാര്യങ്ങളിൽ ചിട്ട ആവശ്യമാണ്. പ്രഭാതഭക്ഷണം കൃത്യ സമയത്തു കഴിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും നല്ലതല്ല.

ഉപ്പ്, പുളി, എരിവ്, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തവ എല്ലാം പരമാവധി കുറയ്ക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ ദിവസേന കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തെ തിളക്കമുള്ളതാക്കും.ചർമഭംഗിക്കായ് ഇവ കഴിക്കാം

ഇനി ചർമത്തെ മനോഹരമാക്കുന്ന ചില ആഹാരപദാർഥങ്ങളെ പരിചയപ്പെടാം. ഇവ മറക്കാതെ ആഹാരത്തിൽ ഉൾപ്പെടുത്തുമല്ലോ.

∙ സൗന്ദര്യസംരക്ഷണത്തിൽ മഞ്ഞളിന് മുഖ്യ സ്ഥാനമാണുള്ളത്. ആഹാരത്തിൽ തീർച്ചയായും മഞ്ഞൾ ഉൾപ്പെടുത്തണം. ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമത്തിന്റെ നിറം വർധിപ്പിച്ച് അനാവശ്യ രോമവളർച്ച തടയുന്നു.

∙ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

∙ അടുത്തത് നാരങ്ങയാണ്. നാരങ്ങയിലെ വൈറ്റമിൻ സി ചർമ്മത്തിന് സ്വാഭാവിക ഭംഗി പകരും. വെയിലേറ്റുള്ള ടാനും കറുത്തപാടുകളും അകറ്റി ‘ക്ലിയർ സ്കിൻ’ നൽകും. ദിവസവും രാവിലെ

ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നതു നല്ലതാണ്.

∙പ്രായമാകുന്നതിന്റെ ഫലമായി ചർമത്തിലുണ്ടാകുന്ന ചുളിവുകൾ , കറുത്ത പാടുകൾ എന്നിവ മാറ്റാൻ തക്കാളിക്കു കഴിയും. തക്കാളിയിലെ ലൈക്കോപ്പീൻ ഒരു മികച്ച ആന്റി ഏജിങ് ആന്റി ഓക്സിഡന്റ് ആണ്.

∙ ബദാമിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും.

∙ മൃതകോശങ്ങളെ നീക്കി ചർമത്തെ മിനുസമുള്ളതാക്കാൻ പപ്പായ മികച്ചതാണ്.

∙ ചർമത്തിന്റെ കരുവാളിപ്പ് മാറ്റുന്നതിനും മുഖക്കുരു അകറ്റുന്നതിനും തൈര് ഉത്തമമാണ്.

∙ തവിടോടു കൂടിയ ധാന്യങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് ചർമത്തിലെ ചുളിവുകൾ നീക്കുന്നു.

∙ ഓറഞ്ച് കഴിക്കുന്നതു കൂടാതെ ഒാറഞ്ച് നീരും ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതും പുരട്ടുന്നതും സൗന്ദര്യസംരക്ഷണത്തിനു സഹായിക്കുന്നു.

∙ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് തേൻ. ഇത് വരണ്ട ചർമ്മം, മുഖത്തുണ്ടാകുന്ന ചുളിവുകൾ എന്നിവ നീക്കുന്നു.

ഇതിനു പുറമെ ധാരാളം വെള്ളം കുടിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങളെ പുറന്തള്ളി ഉന്മേഷം പ്രദാനം ചെയ്യുന്നു. മാനസികസമ്മർദ്ദം സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ യോഗ, മെഡിറ്റേഷൻ എന്നിവ ശീലിക്കാം. സൗന്ദര്യം സംരക്ഷിക്കാൻ നന്നായി ഉറങ്ങുകയും വേണം.

തയാറാക്കിയത്

പ്രീതി ആർ നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്

എസ് യു ടി ഹോസ്പിറ്റൽ, പട്ടം

Tags:
  • Manorama Arogyam
  • Beauty Tips