Tuesday 29 January 2019 02:20 PM IST : By സ്വന്തം ലേഖകൻ

ടൂവീലർ യാത്ര, ഭാരമുള്ള ബാഗ്, കംപ്യൂട്ടറിനു മുന്നിലെ ജോലി; ഈ ശീലങ്ങൾ മാറ്റിയില്ലെങ്കിൽ തോളെല്ലിന് പണികിട്ടും

shoulder

അസഹ്യമായ തേൾവേദനയുണ്ടോ നിങ്ങൾക്ക്? വേദന കൂടിക്കൂടി കൈ ഉയർത്താനാകാതെ വരുന്നുണ്ടോ? ഫ്രോസൻ ഷോ ൾഡറെന്ന അവസ്ഥയാകാം വേദനയുടെ കാരണം.

തോൾ വേദന കൊണ്ടു കൈ മുഴുവനായി പൊക്കാനാകാതെ വരും തുടക്കത്തിൽ. കുറച്ചു നാൾ കൊണ്ടു സ്നായുക്കളും പേശികളും സന്ധികവചങ്ങളും ചുരുങ്ങാൻ തുടങ്ങും. അതോടെ കൈ തീരെ ഉയരാതെ ആവും. ഇത്തരക്കാർ കൈ പൊക്കുമ്പോൾ തോൾപ്പലക ചേർന്നേ പൊങ്ങൂ. തണുത്തുറഞ്ഞത് പോലെ ആ സന്ധി ജഢത്വം പ്രകടിപ്പിക്കും. ഇതിനെയാണ് ഫ്രോസൻ ഷോൾഡർ എന്നു വിളിക്കുന്നത്. കൈ പിന്നിലേക്കു വളയ്ക്കാൻ പാടുപെടും. മുടി ചീകാനും ഡ്രസ് ധരിക്കാനുമൊക്കെ ബുദ്ധിമുട്ടാകും.

മൂന്നു ഘട്ടങ്ങളായാണ് ഫ്രോസൻ ഷോൾഡർ തീവ്രാവസ്ഥയിലെത്തുന്നത്

∙ ഫ്രീസിങ് എന്ന ആദ്യഘട്ടത്തിൽ തോൾ വേദനയാണ് ലക്ഷണം. വേദനകൊണ്ട് രാത്രി ഉറക്കംപോലും നഷ്ടമാകും. പതിയെ, ചുമൽ ചലിപ്പിക്കാൻ പ്രയാസമനുഭവപ്പെടും.

∙ ഫ്രോസൻ എന്ന രണ്ടാം ഘട്ടത്തിൽ വേദനയ്ക്ക് അൽപം കുറവുവരും. പക്ഷേ, ചുമലുകൾ കൂടുതൽ ഉറച്ചതുപോലാകും. നാലു മുതൽ ആറു മാസം വരെയുള്ള ഈ ഘട്ടത്തിൽ ദൈനംദിന പ്രവൃത്തികൾ ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെടും.

∙ തോയിങ് എന്ന അവസാനഘട്ടത്തിൽ രോഗത്തിനു ശമനമനുഭവപ്പെടും.

എന്തുകൊണ്ട് വരുന്നു?

സാധാരണ ഏതെങ്കിലും ഒരു തോളിനു മാത്രമാണ് വേദന വരിക. അപൂർവമായി മാത്രം രണ്ടു തോളുകളെയും ബാധിക്കും. രോഗകാരണം കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും തൈറോയ്ഡ്, ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവരിൽ രോഗസാധ്യത കൂടുതലാണ്. പ്രമേഹബാധിതരിൽ 10–20 ശതമാനം സാധ്യത കൂടുമെന്നു മാത്രമല്ല, സ്വയം കുറയാൻ സാധ്യതയും കുറയും.

40 വയസ്സ് കഴിയുമ്പോൾ സ്വയം തുടങ്ങി രണ്ടു വർഷം കൊണ്ട് സ്വയം കുറയുന്ന വേദന ഉണ്ട്. കൈക്ക് ഒടിവോ ചതവോ ഉണ്ടാകുമ്പോൾ കൈ അനക്കാതെ പ്ലാസ്റ്ററിലോ സ്‌ലിങ്ങിലോ ഇട്ടു വയ്ക്കേണ്ടതായി വരാം. ഇത്തരം നിർബന്ധിതവിശ്രമത്തെ തുടർന്നും ചുമൽ സന്ധി ഉറച്ചു പോകാം.

കഴുത്തിന്റെ തകരാർ കൊണ്ടുള്ള വേദനകളും തോളിന്റെ പ്രവർത്തനത്തെ ബാധിക്കും. പഴകിയ ടെന്നീസ് എൽബോയും (ഗോൾഫേഴ്‌സ് എൽബോ) തോൾ വേദന ആയി മാറാം.

ചികിത്സ എങ്ങനെ?

വേദന കുറയ്ക്കാൻ മരുന്നുകളും സ്റ്റിറോയ്ഡ് കുത്തിവയ്പുകളും സർജറിയും ഉൾപ്പെടെ പല ചികിത്സകളുണ്ട്. ഫിസിയോതെറപ്പി വളരെ ഫലപ്രദമാണിതിന്. വ്യായാമങ്ങളോടൊപ്പം പ്രത്യേക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയുള്ള തെറപ്പികളും ഫലപ്രദമാണ്. തോൾ ഒരുപാട് ഒട്ടിപ്പോയെങ്കിൽ അനസ്തീസിയ നൽകി കൈ ഉയർത്തേണ്ടതായി വരാം. ശേഷം വ്യായാമം നിർബന്ധമായും ചെയ്യണം.

വ്യായാമം ചെയ്യാം

കൈ ഉയർത്തിയും ചുമൽ ചലിപ്പിച്ചുമുള്ള എന്തു വ്യായാമവും രോഗം തടയാൻ സഹായിക്കും. ഉദാഹരണത്തിന് കൈകൾ രണ്ടു വശത്തേക്കും കറക്കാം. വായുവിൽ നീന്തുന്ന പോലെ. ഇനി അവ ഒന്നിച്ചു കറക്കാം പൂമ്പാറ്റ ചിറകടിക്കും പോലെ.

അസുഖം വന്ന് കൈ പിന്നോട്ട് തിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടവൽ എക്സർസൈസ് ചെയ്യാം. ടവൽ ചുരുട്ടി വേദനയില്ലാത്ത തോളിനു മുകളിലൂടെ ഇടുക. വേദനയുള്ള കൈ പിന്നിലേക്ക് വളച്ചു ടവലിന്റെ ഒരറ്റത്ത് പിടിക്കുക. മറു കൈ കൊണ്ട് സാധാരണ പോലെ ടവലിൽ പിടിച്ചു താഴോട്ടു വലിക്കുക. ഷർട്ട് ഇട്ടു ചെയ്തില്ലെങ്കിൽ ഉരഞ്ഞു തൊലി പോകാനിടയുണ്ട്.

അസുഖം വന്നവർക്ക്

കൈ പൊക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പുള്ളി എക്സർസൈസ് നല്ലതാണ്. ഒരു കപ്പി തൂക്കിയിട്ട് അതിലൂടെ കയർ കടത്തി രണ്ടറ്റത്തും റിങ്ങുകൾ കെട്ടി വേദനയില്ലാത്ത കൈ കൊണ്ട് മറു കൈ വലിച്ചുയർത്തുക. ജനൽക്കമ്പിയിൽ പിടിച്ചു തൂങ്ങുന്നതും വേദന കുറയ്ക്കും.

ഇവ ശ്രദ്ധിക്കാം:

ടു വീലർ ഓടിക്കൽ

ടു വീലർ ബാലൻസ് ഓടിക്കുന്ന ആളുടെ തോളിനെ ആശ്രയിച്ചിരിക്കുന്നു. പിന്നിൽ ഇരിക്കുന്നവർ വശം ചെരിഞ്ഞിരിക്കുന്നത് ബാലൻസ് തെറ്റിക്കും. ഈ ബാലൻസ് പ്രശ്നം ശരിപ്പെടുത്താൻ തോളിൽ കൂടുതൽ ആയാസം ചെലുത്തേണ്ടി വരും.

ബസ് യാത്ര

ഭാരമുള്ള ബാഗ് ഒരു തോളിൽ മാത്രമായി തൂക്കി മുകളിലെ കമ്പിയിൽ പിടിച്ചു നിന്നുള്ള ബസ് യാത്ര പലരിലും തോൾ വേദന ഉണ്ടാക്കാറുണ്ട്. എപ്പോഴും ഇരു തോളുകളിലായി പിന്നിൽ ബാഗ് തൂക്കുന്നതാണ് സുരക്ഷിതം.

ഇരുന്നുള്ള ജോലി

∙ ഒാഫിസിലായാലും വീട്ടിലായാലും കൂനിക്കൂടിയിരിക്കരുത്.

∙ കംപ്യൂട്ടറിനു മുന്നിൽ പതിവായി ഇരിക്കേണ്ടിവരുന്നവർ ഒാരോ മണിക്കൂർ കഴിയുമ്പോഴും കഴുത്ത് ചലിപ്പിച്ചുള്ള വ്യായാമങ്ങൾക്കൊപ്പം തോൾ വട്ടം കറക്കുന്നത് ഗുണം ചെയ്യും. തോളും കഴുത്തും മസാജ് ചെയ്യുന്നതും നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്;

സുമേഷ് കുമാർ

സീനിയർ ഫിസിയോ തെറപ്പിസ്റ്റ്, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ