കേക്ക് ഇല്ലാതെ ഒരു ക്രിസ്മസ് ആഘോഷവും പൂർത്തിയാകില്ല എന്നു നമുക്കറിയാം. ഈ ക്രിസ്മസ് കാലത്ത് തികച്ചും ആരോഗ്യകരമായി ഒരു കേക്ക് തയാറാക്കിയാലോ. അതാണ് നട്ട് ആൻഡ് ഫ്രൂട്ട് കേക്ക്.
മുഴു ഗോതമ്പുപൊടി കൊണ്ടു തയാറാക്കുന്ന ഈ കേക്കിന് രുചിയും പോഷകനിറവും പകരുന്നത് അതിൽ ചേർക്കുന്ന ഡ്രൈഫ്രൂട്ട്സും നട്ട്സുമാണ്. ബദാം, വാൽനട്ട്, ഉണക്കമുന്തിരി, ഈന്തപ്പഴം, ക്രാൻബെറി, പ്രൂൺസ് എന്നിവയ്ക്കൊപ്പം മുട്ടയും ആരോഗ്യകരമായ ബ്രൗൺഷുഗറും വെണ്ണയുമാണ് ഈ കേക്കിലെ സൂപ്പർ ചേരുവകൾ. കറുവപ്പട്ട പൊടിച്ചതും രുചി വൈവിധ്യം പകരുന്നുണ്ട്.
നല്ല ഫ്ളേവർ വേണമെങ്കിൽ ഒരു നാരങ്ങയുടെയും ഒരു ഒാറഞ്ചിന്റെയും തൊലി ചുരണ്ടിയതു കൂടി കേക്കിൽ ചേർക്കാം. ധാരാളം നാരുകളും വൈറ്റമിനുകളും ധാതുക്കളും ഈ കേക്കിനെ കൂടുതൽ ആരോഗ്യകരമാക്കുന്നു.
വളരെ രുചികരമായ ഈ നട്ട് ആൻഡ് ഫ്രൂട്ട് കേക്ക് എല്ലാവരും മറക്കാതെ ക്രിസ്മസ് മെനുവിലേക്ക് ചേർക്കുമല്ലോ. കൊച്ചിയിൽ നിന്നുള്ള ന്യൂട്രിഷനിസ്റ്റായ സോളി ജെയിംസാണ് ഈ കേക്ക് നമുക്കായി തയാറാക്കുന്നത്.