Wednesday 13 January 2021 11:11 AM IST : By സ്വന്തം ലേഖകൻ

ശരീരത്തിലഴിച്ചു വിടുന്നത് കടുത്ത ആക്രമണം: കോവിഡ് ബാധിതരിൽ മാരക ഫംഗസ് അണുബാധയെന്ന് കണ്ടെത്തൽ

covid-fungal

അമേരിക്കയിൽ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രി വാർഡുകളിൽ മാരകമായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ ഫ്ലോറി‍യിലെ ഒരു ആശുപത്രിയിൽ കാൻഡിഡ ഒാറിസ് എന്ന ഫംഗസ് വ്യാപകമാകുന്നതായാണ് വാർത്ത. 2009 ജപ്പാനിലാണ് ഒന്നിലേറെ ഔഷധങ്ങളോട് പ്രതിരോധമുള്ള ഈ യീസ്റ്റിനെ ആദ്യമായി കണ്ടെത്തുന്നത്.

ജൂലൈ മാസത്തിലേ തന്നെ ഫംഗസ് ബാധ കണ്ടിരുന്നു. 35 കോവിഡ് രോഗികളിലാണ് ഫംഗസ് പടർന്നത്. ഇതിൽ എട്ടുപേർ മരണമടഞ്ഞു. ഫംഗസാണോ മരണകാരണം എന്നു വ്യക്തമല്ല.ആശുപത്രിവാസം വരുന്നവരിൽ കാണുന്ന ഒരുതരം യീസ്റ്റാണ് കാൻഡിഡ ഒാറിസ്. എക്കിനോകാൻഡിൻസ് എന്ന ആന്റിഫംഗൽ മരുന്നാണ് ചികിത്സ.

രക്തത്തിലൂടെ ഇവ ശരീരത്തിൽ എല്ലാ അവയവഭാഗങ്ങളിലും എത്താം. ഭക്ഷണം നൽകുന്നതിനുള്ള ട്യൂബോ കതീറ്ററോ ശ്വാസക്കുഴലുകളോ ഘടിപ്പിക്കേണ്ടിവരുന്ന രോഗികളിൽ ഈ യീസ്റ്റ് എളുപ്പം കടന്നുകൂടും.

വളരെ കടുത്ത ആക്രമണമാണ് ഇവ ശരീരത്തിലഴിച്ചുവിടുക. മുറിവുകളിൽ അണുബാധ വരുത്താം, ചെവിയിൽ അണുബാധയുണ്ടാക്കാം. മൂത്രത്തിലും ശ്വാസകോശസ്രവങ്ങളിലും ഇവയുടെ സാംപിൾ കണ്ടെത്താനായെങ്കിലും അവിടെ രോഗബാധയുണ്ടാക്കുമോ എന്നു തീർച്ചയില്ല.

കോവിഡ് ബാധിതരായി കിടപ്പുചികിത്സ തേടുന്നവരിൽ ബാക്ടീരിയൽ–ഫംഗൽ അണുബാധയ്ക്കു സാധ്യത കൂടുതലാണ്. ഇത്തരം ഫംഗൽ അണുബാധകളെ തടയാൻ ഏറെ ജാഗ്രത പുലർത്തുകയും കൃത്യമായ ചികിത്സാ പ്രോട്ടോക്കോൾ പാലിക്കുകയും വേണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് അമേരിക്കൻ വിദഗ്ധസമിതി സിഡിസി ചൂണ്ടിക്കാണിക്കുന്നു.

മുൻപ് കോവിഡ് ബാധിതരിൽ മ്യൂക്കോർമൈക്കോസിസ് എന്ന കടുത്ത ഫംഗസ് അണുബാധ വരുന്നതായി കണ്ടിരുന്നു. അന്നു ഡെൽഹിയിലെ ഒരു ആശുപത്രിയിൽ 13 കോവിഡ് രോഗികളിൽ മ്യൂക്കോർമൈക്കോസിസ് പിടിപെട്ടിരുന്നു. മുംബൈയിലും അഹമ്മദാബാദിലും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.