Wednesday 31 March 2021 12:38 PM IST : By ഡോ. ലീന തോമസ് കാപ്പൻ

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിൽ എപ്പോഴും അണുബാധ കൊണ്ടാകണമെന്നില്ല; സ്വയംചികിത്സിച്ച് സമയം കളയരുത്...

yeastinfewwq

ചൊറിച്ചിൽ എല്ലായിപ്പോഴും അണുബാധാ ലക്ഷണമാകണമെന്നില്ല. സ്വയം ചികിത്സയ്ക്കു മുതിരുന്ന പലർക്കും അണുബാധാമരുന്നുകൾ ഉപയോഗിച്ച് ചൊറിച്ചിൽ മാറുകയുമില്ല. സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന, ചികിത്സ തേടാൻ വൈകുന്ന ഈ പ്രശ്നങ്ങൾക്ക് വിദഗ്ധോപദേശം നൽകുകയാണ് കാനഡയിൽ ഫാർമസിസ്റ്റായ ലീനാ തോമസ് കാപ്പൻ

ഒരു അമ്പതുവയസ്സുതോന്നിക്കുന്ന ഒരു സ്ത്രീ കുറച്ചുനാളായി ഫാർമസിയിൽ വന്ന് ആന്റിഫംഗൽ മരുന്നുകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. യോനിയിൽ പുരട്ടാനുള്ള ക്രീം യോനിയിൽ കടത്തിവെയ്ക്കാവുന്ന ഗുളിക, ഉള്ളിൽ കഴിക്കാവുന്ന ആന്റിഫംഗൽ ഗുളിക ഇവയൊക്കെയാണ് കുറച്ചുനാളായി വാങ്ങുന്നത്. ഡോക്ടറിന്റെ കുറിപ്പടി വേണ്ടാത്തവയായതുകൊണ്ടും സംശയം ചോദിക്കാൻ സമീപിക്കാതിരുന്നതുകൊണ്ടും ആദ്യമേ ഇതിൽ ഇടപെട്ടില്ല. പക്ഷേ പിന്നീട് ശ്രദ്ധയിൽപ്പെട്ടപ്പോൾ ആർക്കുവേണ്ടിയാണ് ഇത് വാങ്ങുന്നതെന്ന് ഞാൻ വെറുതെ ചോദിച്ചു. “എനിക്കുവേണ്ടിയാണ്”. എന്തിനുവേണ്ടിയാണെന്ന് എന്നോടു പറയുന്നതിൽ വിരോധമുണ്ടോ എന്നായി എന്റെ ചോദ്യം. അവർക്ക് സന്തോഷമായെങ്കിലും കണ്ണുകളിൽ സങ്കടം തുളുമ്പുന്നത് ഞാൻ കണ്ടു. “ കുറച്ചുനാളായി യോനിയുടെ ഭാഗത്ത് നല്ല ചൊറിച്ചിലാണ്. ഫംഗസാണെന്ന് തോന്നുന്നു. രണ്ടുമൂന്നു മാസമായി ഞാൻ ഇതെല്ലാം മാറിമാറി പരീക്ഷിക്കുന്നു. ഒരു പ്രയോജനവുമില്ല.”

ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞുതന്നാൽ ചെയ്യാമോ എന്നു ചോദിച്ചുകൊണ്ട് വിഷയത്തിലേക്കു കടന്നു. ആർത്തവവിരാമമായിട്ടെത്ര നാളായി? യോനി വരളുന്നതുപോലെ തോന്നുന്നുണ്ടോ എന്നിവയ്ക്കെല്ലാം ഉത്തരങ്ങൾ തേടി. യോനിയിൽ ഈർപ്പം നിലനിർത്താനുള്ള ജെൽ കൊടുത്തിട്ട് ഉപയോഗിക്കേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുത്തു. പ്രായമാകുമ്പോൾ സ്ത്രീഹോർമോണായ ഈസ്ട്രൊജന്റെ അളവുകുറയുന്നതുകൊണ്ട് യോനിയിലെ ഈർപ്പം കുറഞ്ഞുപോകും. യോനി വരളുക, ചൊറിയുക തുടങ്ങി വളരെ അസ്ഥതകൾ ഇതുമൂലം ഉണ്ടാകും. ഇത് ഫംഗസ്ബാധയാണെന്നു തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്രയും വിഷമിക്കേണ്ടി വന്നത്. ഡോക്ടറിനെ കാണുമ്പോൾ ഈസ്ട്രൊജന്റെ അളവ് വളരെ കുറവാണെന്ന് അദ്ദേഹത്തിന് ഉറപ്പായാൽ ഈസ്റ്റ്രോജൻ ക്രീമുകൾ ഡോക്ടറിന് നിർദ്ദേശിക്കാ‍നാകും ഒരാഴ്ച കഴിയുമ്പോൾ ഞാൻ വിളിക്കാം. അവരുടെ കണ്ണുനിറഞ്ഞു, തൊണ്ടയിൽനിന്നും വാക്കുകളൊന്നും വന്നില്ല അവരെന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വിളിക്കുന്നതിനു മുമ്പെ നന്ദി പറയാൻ അവർ ഫാർമസിയിലെത്തി.

യോനിയിലുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളും എന്തുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടത് ചികിത്സയ്ക്ക് വളരെ അത്യാവശ്യമാണ്. ഫംഗസുകൊണ്ടുണ്ടാകുന്ന ചൊറിച്ചിലും പ്രായമാകുമ്പോൾ ഈസ്ട്രൊജൻ കുറയുന്നതുകൊണ്ടുണ്ടാകുന്ന ചൊറിച്ചിലും തമ്മിൽ അസുഖലക്ഷണങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. പലപ്പോഴും നമ്മുടെ അഭ്യൂഹങ്ങൾ വെച്ചിട്ട് സ്വയംചികിത്സ നടത്തരുതെന്ന് പറയുന്നത് ഇത്തരം ശാരീരികവും മാനസീകവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുകൂടിയാണ്.

അണുബാധ വരുമ്പോൾ

സ്ത്രീകളെ പൊതുവെ അലട്ടുന്ന ഒരു പ്രശ്നമാണ് യോനിയിലോ യോനീമുഖത്തോ അല്ലെങ്കിൽ മൂത്രനാളിയുടെ ചുറ്റുമോ അണുബാധ അനുഭവപ്പെടുക എന്നത്. ബാക്ടിരിയ മൂലമോ ഫംഗസ് മൂലമോ ഈ ഭാഗങ്ങളിൽ അണുമാധ ഉണ്ടാകാം. പലപ്പോഴും ഫംഗസ് മൂലമുള്ള അണുബാധയ്ക്കാണ് ചൊറിച്ചിൽ ഉണ്ടാവുന്നത്. തൈരുപോലെ കട്ടിയായ യോനീദ്രവം പുറത്തേക്കുവരുന്നതാണ് മറ്റൊരു ലക്ഷണം. ഈ ഭാഗം നീരുവെക്കുന്നതും സ്വാഭാവികമാണ്.

പ്രായമാകുമ്പോൾ സ്ത്രീഹോർമോണായ ഈസ്ട്രൊജന്റെ അളവുകുറയുന്നതുകൊണ്ട് യോനിയിലെ ഈർപ്പം കുറഞ്ഞുപോയിട്ട് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാവുന്നത് ഫംഗസ് ബാധയാണെന്ന് തെറ്റിധരിക്കാനിടയുള്ളതുതുകൊണ്ട് സ്വയം ചികിത്സക്കുമുൻപ് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടേണ്ടത് വളരെ പ്രധാനമാണ്.

യോനിയിലെ പൂപ്പൽ ബാധ

ഓരോ പ്രാവശ്യവും മൂത്രമൊഴിച്ചുകഴിഞ്ഞും അല്ലാതെ വെറുതെയും വൃത്തിയുടെ പേരിൽ സോപ്പുപയോഗിച്ച് മൂത്രമൊഴിക്കുന്ന ഭാഗം വൃത്തിയാക്കുന്നുണ്ടെങ്കിൽ ഈ കൂടുതലായ വൃത്തിബോധം ആ ഭാഗത്ത് പൂപ്പൽബാധയ്ക്ക് കാരണമാകും. കാരണമെന്താണെന്നു നോക്കാം.

ആരോഗ്യമുള്ള യോനി ഒരുപാട് ബാക്ടിരിയകളെ പരിപാലിച്ച് വളർത്തുന്നുണ്ട്. അവയുടെ എണ്ണവും വിഭാഗവും ഓരോരുത്തരിലുംവ്യത്യസ്ഥമായിരിക്കും. പ്രായം, ആ‍ർത്തവകാലം, ഗർഭകാലം, ഗർഭനിരോധനഗുളിക, ആന്റിബയോട്ടിക് എന്നിവയുടെ ഉപയോഗം തുടങ്ങി ടാമ്പോണിന്റെ ഉപയോഗം വരെ ഈ വ്യത്യസ്ഥതയെ ബാധിക്കും. ലക്ടോബാസില്ലസ് എന്നു പറയുന്ന ബാക്ടീരിയയാണ് യോനിയുടെ ആരോഗ്യത്തെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ ബാക്ടീരിയയോടൊപ്പം പല നല്ല ബാക്റ്റീറിയകളും ചേർന്ന് വളരെ യോജിപ്പോടുകൂടി വളരെ ആരോഗ്യകരമാ‍യി രോഗാണുക്കളെ തടുക്കാനായി പ്രവർത്ത്ക്കുന്നതുകൊണ്ടാണ് നമ്മുടെ രോഗപ്രതിരോധശേഷി യോനീമുഖത്ത് നിലനിൽക്കുന്നത്. ഓരോ പ്രാവശ്യവും സോപ്പുപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഈ കാവൽഭടന്മാരായ നല്ല ബാക്ടീരിയകളെ കഴുകിക്കളഞ്ഞ് അവിടുത്തെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ നാം ചെയ്യുന്നത്. നല്ല ബാക്ടിരിയകളെ നഷ്ടപ്പെടുന്നതോടുകൂടി രോഗാണുക്കൾക്ക് വളരാൻ സാഹചര്യം ലഭിക്കുന്നു. ഈ ഭാഗത്ത് ഈർപ്പം നിലനിൽക്കുകകൂടിചെയ്താൽ ഈസ്റ്റിനും ഫംഗസിനും വളരാൻ വളരെ നല്ല സാഹചര്യമാകും.

ലാക്ടോബാസില്ലസ് യോനിയെ കൂടുതൽ അമ്ലമയമുള്ളതാക്കി മാറ്റുന്നതുവഴിയാണ് രോഗപ്രതിരോധശേഷി അവിടെ നിലനിർത്താൻ സാധിക്കുന്നത്. അസിഡിറ്റി കൂടിയിരിക്കുമ്പോൾ മറ്റുരോഗാണുക്കൾക്ക് അവിടെ വളരാൻ സാധിക്കില്ല എന്നതാണ് പ്രധാനകാരണം. അഡിഡിറ്റി നിലനിർത്താനും നല്ല ബാക്ടീരിയയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കാനും യോനീസ്രവവും പ്രധാനപങ്കു വഹിക്കുന്നുണ്ട്.

യോനി സ്വയം ശുചിയാക്കപ്പെടുന്ന ശരീരഭാഗമാണ്. നമ്മുടേതായ ഒരു ശുചിയാക്കൽ അവിടെ ആവശ്യമില്ല. ആവശ്യമെന്നുതോന്നുമ്പോഴൊക്കെ യോനീമുഖം ശുദ്ധമായ ചെറുചൂടുള്ള വെള്ളംകൊണ്ട് വൃത്തിയാക്കാം. സോപ്പ് ഉപയോഗിക്കേണ്ടതില്ല. ഇനി ഉപയോഗിക്കണമെന്ന് നിർബദ്ധമാണെങ്കിൽ അത്യാവശ്യമെന്നുതോന്നുമ്പോൾ മാത്രം മണമില്ലാത്ത കട്ടികുറഞ്ഞ സോപ്പ് ഉപയോഗിക്കാം.

ഫംഗൽ ബാധ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

കൂടെക്കൂടെ പൂപ്പൽബാധ ഉണ്ടാകുന്നവർ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറക്കണം. പ്രമേഹരോഗമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ വളരെ ശ്രദ്ധിക്കണം. തൈരു നല്ല പ്രോബയോട്ടിക് ആണെന്നതുകൊണ്ട് അതിന്റെ ഉപയോഗം നല്ല അണുക്കളെ നിലനിത്താൻ സഹായിക്കും. കോട്ടൺ കൊണ്ടുള്ള, അഴവുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. സിന്തെറ്റിക് തുണികൾ പലപ്പോഴും തൊലിയിൽ അലർജിയുണ്ടാക്കുകയും അതുവഴി തൊലിയുടെ സ്വാഭാവികപ്രതിരോധശേഷി നഷ്ടപ്പെടുകയും അണുബാധയുണ്ടാകാൻ കാരണമാകുകയും ചെയ്യും. ഗുഹ്യഭാഗത്ത് ഒരിക്കലും ഈർപ്പം നിലനിൽക്കാൻ അനുവദിക്കരുത്. വെള്ളത്തിലൊക്കെ ഒരുപാടുനേരം ചിലവഴിക്കുന്നുണ്ടെങ്കിൽ ഈറനണിഞ്ഞ് നിൽക്കുന്നതൊഴിവാക്കണം. ഗുഹ്യ ഭാഗം വൃത്തിയാക്കുന്നതിനു മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ഗുഹ്യഭാഗം കഴുകുമ്പോൾ മുൻപിൽ നിന്ന് പുറകോട്ടുവേണം വൃത്തിയാക്കേണ്ടത്. മലദ്വാരത്തിനുചുറ്റും പലതരത്തിലുള്ള അണുക്കൾ പറ്റിയിരികാനുള്ള സാദ്ധ്യതയുണ്ട്. പുറകിൽനിന്ന് മുൻപോട്ടുകഴുകുമ്പോൾ ഈ അണുക്കൾ യോനീമുഖത്തേക്കു വരാനും അണുബാധയുണ്ടാകാനും സാധ്യതയുണ്ടെന്നതുകൊണ്ടാണിത്. വയറിനുള്ളിലെ നല്ല അണുക്കൾ യോനിയിലെ രോഗാണുക്കളാണെന്നതാണ് നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യം. നിറമുള്ളതും മണമുള്ളതുമായ ടോയ് ലറ്റ് പേപ്പർ, മണമുളവാക്കുന്ന സാനിട്ടറി പാഡുകൾ, ടാമ്പണുകൾ എന്നിവയൊന്നും ഉപയോഗിക്കരുത്.

ലീനാ തോമസ് കാപ്പൻ

ഫാർമസിസ്റ്

കാനഡ .

Tags:
  • Manorama Arogyam
  • Health Tips