Tuesday 07 August 2018 11:53 AM IST : By സ്വന്തം ലേഖകൻ

പൂപ്പലുള്ള ആഹാരം രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

fungus-food

ബ്രെഡ്, പച്ചക്കറി... തുടങ്ങി പഴക്കമുള്ളതോ ഈർപ്പം തട്ടിയതോ ആയ ഭക്ഷണപദാർഥങ്ങളിൽ അതിവേഗം പൂപ്പൽ ബാധിക്കും. മഴക്കാലത്ത് പൂപ്പൽബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പൂപ്പൽ ബാധിച്ച ഭക്ഷണം കഴിക്കുന്നത്  രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.

പൂപ്പലുള്ള ആഹാരം കഴിച്ചാൽ  

ഫംഗസ് പലതരമാണ്. ബ്രെഡിൽ കറുത്ത നിറത്തിലും ഓറഞ്ചിന്റെ തൊലിയിൽ പച്ച നിറത്തിലും കാണുന്ന ഫംഗസ് പെട്ടെന്നു പടരുന്നവയാണ്. കേക്കിലും ചീസിലുമൊക്കെ ഇത്തരം ഫംഗസ് വളരും. അച്ചാറിലെ പൂപ്പൽ ഉള്ളിൽ ചെന്നാൽ വിരലുകൾക്കിടയിലുള്ള ഭാഗത്തെ ബാധിക്കുന്ന അത്‌ലെറ്റ്സ് ഫൂട്ട് എന്ന അസുഖമുണ്ടാകാനിടയുണ്ട്. പെനിസിലിയം എന്ന മാരകമായ പൂപ്പല്‍ കാരണം ശ്വാസകോശ അലർജി പോലുള്ള രോഗങ്ങൾക്കു കാരണമാകും. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാകാൻ ഇടയാക്കും. ചില പൂപ്പലുകൾ ആന്റിബയോട്ടിക് മരുന്നുകൾ പോലും ഫലിക്കാത്ത, ആന്റി ബയോട്ടിക് റെസിസ്റ്റൻസിനു വരെ കാരണമാകാറുണ്ട്.  

ഏതു കാലാവസ്ഥയിലുമുണ്ടാകും വായുവിൽ പൂപ്പലുകളുടെ അംശങ്ങൾ. സാഹചര്യമൊത്തു വരുമ്പോഴാണ് അത് പെരുകുന്നതും നമ്മുടെ കണ്ണിൽപ്പെടുന്നതും എന്നു മാത്രം. ഈർപ്പം, വളരാൻ പറ്റിയ ഊഷ്മാവ്, സൂര്യപ്രകാശം തട്ടാത്ത സ്ഥലങ്ങൾ ഇവയാണു പൂപ്പലിന് വളരാൻ അനുയോജ്യമായ സാഹചര്യം. കൂടിയ ചൂടിലും  തണുപ്പിലും  പൂപ്പലിനു വളരാനാവില്ല. ബ്രെഡ് വാങ്ങി ഉപയോഗിച്ച ശേഷം ബാക്കിയുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ബ്രെഡും കേക്കുമൊക്കെ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. രണ്ടു ദിവസത്തിൽ കൂടുതൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതല്ല. കഴിയുന്നതും അപ്പോഴപ്പോൾ പാചകം ചെയ്ത ആഹാരം കഴിക്കുന്നതാണ് ഉത്തമം.

എണ്ണമയം കൂടിയ ഭക്ഷണത്തിലും പൂപ്പലിനു വളരാനാവില്ല. റിഫൈൻഡ് ഓയിലും വെണ്ണയുമൊക്കെ ആവശ്യത്തിനു ചേർത്ത് വീട്ടിലുണ്ടാക്കുന്ന കേക്കും മറ്റും അത്ര പെട്ടെന്ന് ചീത്തയാകാത്തത് അതുകൊണ്ടാണ്. കഴിയുന്നതും ജലാംശം കുറഞ്ഞ രീതിയിൽ അച്ചാറുകൾ തയാറാക്കുക. അച്ചാറിൽ ഒട്ടും  ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം. വൃത്തിയുള്ള തുണി കൊണ്ട് നനവ് മാറ്റിയ സ്പൂൺ ഉപയോഗിച്ചു വേണം അച്ചാറുകൾ വിളമ്പേണ്ടത്. വെയിലത്തു വ ച്ച് ഉണക്കിയ മാങ്ങയോ മീനോ െകാണ്ട് തയാറാക്കിയ അച്ചാറുകളിൽ പൂപ്പലുകൾക്ക് വളരാനുള്ള ഈർപ്പമുണ്ടാകില്ല. മധുരപലഹാരങ്ങളിൽ അതിവേഗത്തിലാണു ഫംഗസുകൾ വളരുക. അതുകൊണ്ട് മധുരപദാർഥങ്ങൾ കഴിയുന്നതും ഒരു ദിവസം കൊണ്ട് കഴിച്ചു തീർക്കുക. രണ്ടു ദിവസത്തിൽ കൂടുതൽ വയ്ക്കുകയും വേണ്ട.

പൂപ്പൽ വളരുകയും നമ്മൾ  ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്ന മറ്റൊന്നാണ് ധാന്യങ്ങൾ. അരി, ഗോതമ്പ് ഇവയെ ബാധിക്കുന്ന ഒടിഎ എന്ന ഫംഗസ് ശരീരത്തിൽ ഒക്ര ടോക്സിനുകൾ എന്ന വിഷപദാർഥമുണ്ടാക്കും. ഇതു രോഗപ്രതിരോധശേഷി കുറയാനിടയാക്കും. ഗർഭിണികളിൽ ഈ വിഷപദാർഥമെത്തിയാൽ ജനിക്കുന്ന കുഞ്ഞിന് ജനനവൈകല്യങ്ങളുണ്ടാകാൻ വരെ കാരണമാകാം. അതുകൊണ്ട് മഴക്കാലത്ത് വെയിലുള്ളപ്പോൾ ധാന്യങ്ങൾ ഉണക്കി സൂക്ഷിക്കണം. പച്ചക്കറികൾക്കു പഴക്കമേറിയാൽ പൂപ്പൽ ബാധയുണ്ടാകും. ആവശ്യത്തിനു മാത്രം പച്ചക്കറി വാങ്ങി സൂക്ഷിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സുമാ ദിവാകർ, പ്രഫസർ ഇൻ കമ്യൂണിറ്റി സയൻസ്, കോളജ് ഓഫ് അഗ്രികൾചർ വെള്ളായണി, തിരുവനന്തപുരം.