Thursday 05 December 2019 11:40 AM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ അടുക്കളയിലുണ്ട് ഗ്യാസ്ട്രബിളിന് മരുന്ന്! ആർക്കുമറിയാത്ത 5 ആയുർവേദ രഹസ്യങ്ങൾ

gas
മോഡൽ: രാകേഷ്, ഫോട്ടോ: സരിൻ രാംദാസ്

ഉദരസംബന്ധമായ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് ഗ്യാസ്ട്രബിൾ. വയറിൽ നിന്നു മുകളിലോട്ട് ഗ്യാസ് കയറിവരുന്നതായി തോന്നുക, കുറച്ചു ഭക്ഷണം കഴിക്കുമ്പോൾത്തന്നെ വയറു നിറയുന്നതായി അനുഭവപ്പെടുക, വയറിൽ ഗ്യാസ് ഉരുണ്ടുനടക്കുന്നതായി ശബ്ദം േകൾക്കുക, മുതുകത്തേക്കും പാർശ്വങ്ങളിലേക്കും ഇടുപ്പിലേക്കും ഗ്യാസ് കയറി നിൽക്കുന്നതായി തോന്നുക ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ പലവിധ രൂപങ്ങളാണ്. ഇന്ന് വളരെ കൂടുതലായി കാണുന്ന ഇത്തരം പ്രശ്നങ്ങൾ അവഗണിച്ചാൽ പല ഗുരുതരാവസ്ഥകളും ഉണ്ടാകാം.

എന്തുകൊണ്ട് ഗ്യാസ്ട്രബിൾ?

ആമാശയത്തിലും അതിന്റെ ഭിത്തികളിലുമുള്ള ശരിയായ ചലനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന എന്തും ഗ്യാസ്ട്രബിളിലേക്കു നീങ്ങാം. വ്യായാമക്കുറവ്, ഒേരയിടത്തുതന്നെ അനങ്ങാതിരുന്നുകൊണ്ടുള്ള ജോലി, സമയം തെറ്റിയുള്ള ഭക്ഷണം, എളുപ്പം ദഹിക്കാത്ത ആഹാരം, നാരുകുറഞ്ഞ ആഹാരം, വെള്ളംകുടി കുറയുന്നത് തുടങ്ങിയ കാരണങ്ങൾ കൂടാതെ മാനസിക സംഘർഷങ്ങളും ഗ്യാസ്ട്രബിൾ ഉണ്ടാക്കാം. ചലന െെവകല്യം മൂലമുള്ള ചെറിയ തോതിലുള്ള ഗ്യാസ്ട്രബിൾ കൂടാതെ, ഉദരാന്തർഭാഗത്തെ ചെറിയ വളർച്ചകളും ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങൾ തന്നെയാണ് പ്രദർശിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗ്യാസ്ട്രബിളിന്റെ കാരണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

വിഷ്ടാബ്ധം, ആടോപം, ആധ്മാനം തുടങ്ങിയ പേരുകളിലാണ് ആയുർവേദശാസ്ത്രം ഗ്യാസ്ട്രബിൾ എന്ന പ്രശ്നത്തെ മനസ്സിലാക്കുന്നത്. കൃത്യമായ കാരണം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അതു ശരിയാക്കുന്നതിനുള്ള ശാസ്ത്രീയമായ പ്രതിവിധി തേടാം.

gas-1

എന്താണ് ചികിത്സ?

ഗ്യാസ്ട്രബിളിന്റെ കാരണം കണ്ടെത്തി അതു ചികിത്സിച്ചു മാറ്റുക എന്നതാണ് ആയുർവേദരീതി. അതിനു ലളിതമായ ഒൗഷധങ്ങൾ മുതൽ ഗുരുതരാവസ്ഥകളിൽ ആവശ്യമായ വസ്തിചികിത്സകൾ വരെ നീളുന്ന വിപുലമായ സംവിധാനങ്ങളാണ് ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നത്.

ദഹനക്കുറവ്, ശോധനക്കുറവ് എന്നിവയുള്ളവരാണെങ്കിൽ അതു ശരിയാക്കാനുള്ള ഒൗഷധങ്ങൾ കൊണ്ടുതന്നെ ഗ്യാസ്ട്രബിൾ പരിഹരിക്കപ്പെടാറുണ്ട്. കൃത്യമായ ആഹാരശീലം തിരികെക്കൊണ്ടുവരുമ്പോൾ ഗ്യാസ്ട്രബിൾ മാറുന്നവരുമുണ്ട്. വ്യായാമങ്ങളില്ലാത്ത ജോലിയിൽ നിന്നു ദിവസവും അൽപനേരം വ്യായാമത്തിനു നീക്കി വച്ചും ഗ്യാസ്ട്രബിളിൽ നിന്നു മോചനം നേടുന്നവരുണ്ട്.

ഒൗഷധങ്ങളേറെ

ഇതു കൂടാതെ ഒൗഷധസഹായം ആവശ്യമുള്ളവരാണെങ്കിൽ അനുയോജ്യമായ മരുന്നുകൾതന്നെ ശീലിക്കേണ്ടതായിവരും. കടുക്കാത്തോട്, ആവണക്കിൻവേര്, ആവിൽക്കുരുന്ന്, കൊടുവേലി, ചുക്ക്, തിപ്പലി, തവിഴാമ (തഴുതാമ), കൊടിത്തൂവ തുടങ്ങിയ നിരവധി ഒൗഷധങ്ങൾ ഒറ്റയായും കൂട്ടായും ഇതിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. കാലപ്പഴക്കം ചെന്ന ഗ്യാസ്ട്രബിളാണെങ്കിൽ െെതലം ഉപയോഗിച്ചുകൊണ്ടുള്ള അനുവാസനവസ്തിയും വളരെ നല്ല ഫലം തരാറുണ്ട്.

ഗൃഹചികിത്സകൾ

താൽക്കാലികമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനു വീട്ടിലെ പലവ്യഞ്ജനങ്ങളുപയോഗിച്ചും തൊടിയിൽ നിന്നു പറിച്ചെടുക്കുന്ന ലളിതമായ ഒൗഷധസസ്യങ്ങൾ കൊണ്ടും മരുന്നുണ്ടാക്കാം. പക്ഷേ, അത് ഏറെക്കാലം ഉപയോഗിക്കേണ്ടി വന്നാൽ െെവദ്യനിർദേശം തേടുന്നതാണ് ഉചിതം.

1. ജീരകം വറുത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ജീരകം വറവു കഷായം.

2. അയമോദകം വറുത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിച്ചുണ്ടാക്കുന്ന അയമോദകം വറവു കഷായം.

3. വെളുത്തുള്ളി ചതച്ച് അൽപം പാലും ചേർത്ത് തിളപ്പിച്ചെടുക്കുന്ന വെളുത്തുള്ളി പാൽക്കഷായം.

4. ഉറുമാമ്പഴത്തിന്റെ (മാതളം) തോട് ഉണക്കിപ്പൊടിച്ചെടുത്ത് അൽപാൽപമായി അലിയിച്ചിറക്കുന്നത്.

5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ചുവച്ച് അൽപാൽപമായി അലിയിച്ചിറക്കുന്നത്.

6. കൊടിത്തൂവ വേര് കഷായം വച്ച് അൽപാൽപം കുടിക്കുന്നത് എന്നിവയെല്ലാം പല അവസരങ്ങളിലും നല്ല ഫലം തരുന്ന ചികിത്സകളാണ്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി.എം.മധു
അസിസ്റ്റന്റ് പ്രഫസർ,ഗവ.ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ

drpmmadhu@gmail.com