Thursday 22 April 2021 03:35 PM IST : By സ്വന്തം ലേഖകൻ

മാംസഭക്ഷണം കഴിച്ചാലുടൻ പെരുവിരലിൽ നീർക്കെട്ടും വേദനയും ഗൗട്ടിന്റെ ലക്ഷണമാകാം; കഴിക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം അറിയാം

gout324

നമ്മുടെ ശരീരത്തില്‍ യൂറിക് അസിഡിന്റെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് ഗൗട്ട് അഥവാ സന്ധിവാതം എന്നു പറയുന്നത്. ശരീരത്തിലെ കോശങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് യൂറിക് ആസിഡ് ഉത്പാദിക്കപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യം (പ്രോട്ടീന്‍) ദഹിച്ചതിനു ശേഷവും യൂറിക് ആസിഡ് ഉണ്ടാവുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ സാധാരണ അളവ് 3.4 - 7 mg/dl (പുരുഷന്‍മാരിലും) 2.4 - 6mg/dl (സ്ത്രീകളിലും) എന്നതാണ്. മൂത്രത്തിലൂടെയും മലത്തിലൂടെയും യൂറിക് ആസിഡ് വിസര്‍ജിക്കപ്പെടുന്നു.

ശരീരത്തില്‍ അധികമായി വരുന്ന യൂറിക് ആസിഡ് കാലിന്റെ പെരുവിരലിന്റെ സന്ധികളില്‍ അടുഞ്ഞു കൂടുന്നു. ഇതിന്റെ ഫലമായി അതികഠിനമായ വേദന, നീര്‍ക്കെട്ട്, വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് അളവ് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും കാരണമായേക്കാം.

ഒഴിവാക്കേണ്ടവ

* മാംസാഹാരങ്ങള്‍ ഭൂരിഭാഗവും പ്യൂരിന്‍ കൂടുതലുള്ളവയാണ്. അതിനാല്‍ ദിവസേന 1-2 പ്രാവശ്യത്തില്‍ കൂടുതല്‍ (1-2 serving) ഉപയോഗിക്കാതിരിക്കുക.

* മട്ടണ്‍ (ആട്ടിറച്ചി), ബീഫ് (മാട്ടിറച്ചി), ടര്‍ക്കി, പോര്‍ക്ക് (പന്നിയിറച്ചി), കരള്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ ഒഴിവാക്കുക.

മത്സ്യങ്ങളില്‍ ചൂര, ചാള, മത്തി, നെത്തോലി, കോര, കിളിമീന്‍ , ചെമ്പല്ലി, കരിമീന്‍, കലവ, പുഴമീന്‍ എന്നിവയിലും കടല്‍ വിഭവങ്ങളായ ചിപ്പി, കക്ക, കൊഞ്ച്, ചെമ്മീന്‍ തുടങ്ങിവയിലും പ്യൂരിന്‍ ഘടകം കൂടുതലാണ്. ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക. മറ്റു മീനുകള്‍, മുട്ടയുടെ വെള്ള, കോഴിയിറച്ചി (നിയന്ത്രിച്ച്) ഉപയോഗിക്കാവുന്നതാണ്.

സസ്യങ്ങളില്‍ ചീര, കോളിഫ്‌ളവര്‍, കൂണ്‍, ഓട്‌സ് തുടങ്ങിയവ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം (രക്തത്തിലെ അയണിന്റെ അളവനുസരിച്ച്). പയറു-പരിപ്പു വര്‍ഗ്ഗങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

മറ്റു പച്ചക്കറികള്‍ ധാന്യങ്ങള്‍ എല്ലാം ഉള്‍പ്പടുത്താവുന്നതാണ്.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

വിറ്റാമിന്‍- സി അടങ്ങിയ ഭക്ഷണങ്ങള്‍ or പഴങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തില്‍ നിന്നും യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുന്നു. അതിനാല്‍ ഓറഞ്ച്, പപ്പായ, ചെറി, കിവിപഴം, നെല്ലിക്ക, പേരയ്ക്ക, നാരങ്ങ തുടങ്ങിയവ ധാരാളം ഉള്‍പ്പെടുത്തുക.

നാരങ്ങാനീര് ശരീരത്തെ ആല്‍ക്കലീന്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ആതിനാല്‍ ദിവസേന ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഉള്‍പ്പെടുത്തുക. നട്‌സ് നിയന്ത്രിച്ച് (2tbsp) എന്ന അളവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുട്ട, കൊഴുപ്പ് നീക്കിയ പാല്‍, പഴവര്‍ഗങ്ങള്‍, ധാന്യാഹാരങ്ങള്‍ തുടങ്ങിയവ താരതമ്യേന പ്യൂരിന്‍ കുറവുള്ളവയാണ്. ബാര്‍ളി, കിഴങ്ങുവര്‍ഗങ്ങള്‍, ക്വിനോവ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

ദിവസേന 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതുവഴി ശരീരത്തില്‍ കൂടുതലുള്ള യൂറിക് ആസിഡ് വൃക്കയില്‍ നിന്നും മൂത്രമായി വിസര്‍ജ്ജിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റു വസ്തുതകള്‍

* മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

* ശരീരഭാരം നിയന്ത്രിക്കുക.

* മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

*പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.

* നാരുകള്‍ അടങ്ങിയ ഭക്ഷണള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

* ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിവ ഉള്ളവര്‍ ഒരു ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ദൈനംദിന ഭക്ഷണം ക്രമീകരിക്കേണ്ടതും ഒറ്റമൂലികള്‍ ഒഴിവാക്കേണ്ടതുമാണ്.

ലിയ എം. ബി. പിള്ള

ഡയറ്റീഷ്യന്‍

എസ്. യു. ടി. ഹോസ്പിറ്റല്‍ പട്ടം

Tags:
  • Manorama Arogyam
  • Health Tips