Tuesday 01 December 2020 05:30 PM IST : By ഡോ. കെ. എസ്. രജിതൻ

പ്രമേഹത്തിനും കരൾ രോഗങ്ങൾക്കും ഉത്തമം: അറിയാം കിരിയാത്തയുടെ ഔഷധഗുണങ്ങൾ

kiriyathaiu9

ഒൗഷധവും ആഹാരവും മാത്രമല്ല കീടനാശിനിയായും കിരിയാത്ത ഉപയോഗിച്ചുവരുന്നു. ചെറിയ പിങ്ക് നിറത്തിലുള്ള അടയാളങ്ങളോടു കൂടിയ വെളുത്ത പൂക്കളാണ് കിരിയാത്തയ്ക്ക് ഉള്ളത്. കായ്കളില്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറത്തിലുള്ള വിത്തുകളും കാണാം. ‘ആന്‍ഡ്രൊഗ്രാഫിസ് പാനിക്കുലേറ്റ്’ എന്ന് അറിയപ്പെടുന്ന കിരിയാത്ത, അക്കാന്തേസിയെ കുടുംബത്തില്‍പ്പെടുന്നു. ഈ സസ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഒൗഷധയോഗ്യമാണ്. നിരവധി പോഷകഘടകങ്ങള്‍ക്കൊപ്പം മുലപ്പാലിലെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ‘സിലിമാരിന്’ തുല്യമായ ഘടകങ്ങളും കിരിയാത്തയിലുള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

കിരിയാത്തയ്ക്ക് രക്തം കട്ടപിടിക്കുന്നതു തടയുന്നതിനുള്ള കഴിവുണ്ടെന്നും ആയതിനാല്‍ അതിറൊസ്ക്ലീറോസിസ്സിലും ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിലും ഫലപ്രദമാണെന്നും പഠനങ്ങളില്‍ പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വിഭജനവും തടയുന്നതിനു കിരിയാത്തയ്ക്കു കഴിയുമെന്നാണ് ജപ്പാനിലെ ഗവേഷകരുടെ അഭിപ്രായം. എയ്ഡ്സ് രോഗത്തെ പ്രതിരോധിക്കാനാകുമെന്നും ഗവേഷണങ്ങളില്‍ പറയുന്നുണ്ട്. മലേറിയ, വിരശല്യം, ക്ഷയം, കുഷ്ഠം, കോളറ, ചുമ, ടോണ്‍സിെെലറ്റിസ്, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, അലര്‍ജി എന്നീ രോഗങ്ങളിലും കിരിയാത്ത ഉപയോഗിക്കുന്നു.

ഒൗഷധപ്രയോഗങ്ങള്‍

∙ കിരിയാത്ത സമൂലം കഷായം വച്ചു കുടിച്ചാല്‍ മലബന്ധം, വയറുവീര്‍പ്പ് എന്നീ രോഗങ്ങള്‍ മാറും.

∙ കിരിയാത്തയും അതിന്റെ എട്ടില്‍ ഒരു ഭാഗം വീതം ഗ്രാമ്പുവും കറുവപ്പട്ടയും ചേര്‍ത്തു കഷായം വച്ചു ദിവസവും പല പ്രാവശ്യമായി കുടിച്ചാല്‍ പനി, ചുമ, ജലദോഷം എന്നിവയ്ക്കു ഫലപ്രദം തന്നെയാണ്.

∙ ത്വക് രോഗങ്ങളില്‍ പ്രത്യേകിച്ചു ചൊറിച്ചിലിനു കിരിയാത്ത സമൂലം വില്വാദിഗുളികയും ചേര്‍ത്തു വെണ്ണപോലെ അരച്ചു ലേപനം ചെയ്യുക.

∙ മുറിവുണ്ടായാല്‍ കിരിയാത്ത വെള്ളത്തില്‍ തിളപ്പിച്ച് ആറിയശേഷം മുറിവു കഴുകുക. അതിനുശേഷം വെള്ളം ചേര്‍ക്കാതെ കിരിയാത്ത വെണ്ണപോലെ അരച്ചതുകൊണ്ടു ലേപനം ചെയ്യുക.

∙ പ്രമേഹരോഗികള്‍ ദിവസവും കിരിയാത്ത കഷായം വച്ചു കുടിക്കുന്നതു നല്ലത്. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും ഈ കഷായം നല്ലതാണ്.

∙ കിരിയാത്ത, കുരുമുളക്, മല്ലി, െെമലാഞ്ചിവേര് ഇവ സമം അളവില്‍ എടുത്തു കഷായം വച്ചു കുടിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനം കിട്ടും.

∙ കിരിയാത്ത, മുത്തങ്ങ, പര്‍പ്പടകപ്പുല്ല്, ചിറ്റമൃത്, വേപ്പിന്‍തൊലി ഇവ സമം അളവില്‍ എടുത്തുണ്ടാക്കുന്ന കഷായം എല്ലാവിധത്തിലുള്ള പനികളും മാറ്റും. പ്രത്യേകിച്ചും വീണ്ടും വീണ്ടും വരുന്ന പനിക്ക് വളരെ നല്ലത്.

കിരിയാത്ത വിഭവങ്ങള്‍

∙ കിരിയാത്ത ചായ/കാപ്പി: കിരിയാത്ത ഇലകള്‍ ഉണക്കി പൊടിച്ചത്–ഒരു ഗ്രാം, കറുവപ്പട്ടപൊടി–അര ഗ്രാം, വെള്ളം–200 മി.ലീ. ശര്‍ക്കര–ആവശ്യത്തിന്, തേയില അല്ലെങ്കില്‍ കാപ്പിപ്പൊടി–ആവശ്യത്തിന്. കിരിയാത്ത ഇലകള്‍ ഉണക്കിപ്പൊടിച്ചതും ഗ്രാമ്പു പൊടിയും കറുവപ്പട്ട പൊടിയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. ആവശ്യത്തിന് തേയിലപ്പൊടിയോ, കാപ്പിപ്പൊടിയോ ചേര്‍ത്തശേഷം ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. പനിയും ജലദോഷവും ഉള്ളപ്പോള്‍ ഉത്തമം.

∙ പ്രമേഹദാഹശമനി: കിരിയാത്ത ഇലകള്‍ ഉണക്കി പൊടിച്ചത്–ഒരു ടീസ്പൂണ്‍, നെല്ലിമരത്തിന്റെ കാതല്‍ ചെറുതാക്കി അരിഞ്ഞത്–25 ഗ്രാം, രണ്ട് ഏലക്കായകളുടെ തരികള്‍ പൊടിച്ചത്, തേറ്റാമ്പരല്‍–മൂന്ന് എണ്ണം, വെള്ളം– 2 ലിറ്റര്‍. തലേ ദിവസം രാത്രി തന്നെ ചേരുവകളെല്ലാം കൂടി രണ്ടു ലിറ്റര്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് രാവിലെ തിളപ്പിച്ച് അരിച്ചെടുത്ത് ദിവസവും പല പ്രാവശ്യമായി കുടിക്കുക.

∙ കിരിയാത്ത കൊണ്ടുള്ള കീടനാശിനികള്‍: (1) വന്‍ കുറുന്തോട്ടിവേരും കിരിയാത്ത സമൂലവും സമം ചേര്‍ത്തു കഷായം വച്ച് അതില്‍ കുറച്ചു ഷാംപൂ ചേര്‍ത്ത് ഇടവിട്ട് പച്ചക്കറികളില്‍ തളിച്ചാല്‍ കീടബാധ തടയാം. (2) പച്ചക്കറി തോട്ടങ്ങളില്‍ ഇടവിട്ടു കിരിയാത്ത വച്ചുപിടിപ്പിക്കുക. അങ്ങനെ കീടങ്ങളെയും ചിതലുകളെയും ഇല്ലാതാക്കാം.

കൃഷി ചെയ്യുന്ന വിധം

വിത്തു മുളപ്പിച്ചും മണ്ണിനോടു ചേര്‍ന്നു നില്ക്കുന്ന തണ്ടുകള്‍ മുറിച്ചു നട്ടും കിരിയാത്ത നട്ടുവളര്‍ത്താവുന്നതാണെങ്കിലും വിത്തുകള്‍ മുളപ്പിച്ചാണു സാധാരണ കിരിയാത്തയുടെ െെതകള്‍ ഉല്‍പാദിപ്പിക്കുന്നത്. മണ്‍ചട്ടികളിലും മണല്‍നിറച്ച ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കിരിയാത്ത കൃഷി ചെയ്യാം. മൂന്നോ നാലോ മാസം കഴിഞ്ഞാല്‍ ഇലകള്‍ രണ്ടുകളോടുകൂടി മുറിച്ചെടുത്ത് ഉപയോഗിക്കാം.

പ്രമുഖ ആയുർവേദ ഡോക്ടറും ഔഷധി പഞ്ചകർമ ഹോസ്പിറ്റൽ  ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , തൃശൂർ സൂപ്രണ്ടുമാണ് ലേഖകൻ

Tags:
  • Manorama Arogyam
  • Health Tips