Friday 06 November 2020 05:38 PM IST : By സ്വന്തം ലേഖകൻ

അഴകളവിൽ അല്ല കാര്യം; എപ്പോഴും സുന്ദരിയായിരിക്കാൻ ഈ സൂപ്പർ ഗ്രൂമിങ് ട്രിക്സ് പരീക്ഷിക്കാം

gr4546

സൗന്ദര്യം എന്നത് അഴകളവുകൾ മാത്രമല്ല, അത് ഒരു മനോഭാവം കൂടിയാണ്!! വെറുതെ ഫിലോസഫി പറയുന്നതല്ല. പഠനങ്ങൾ പറയുന്നതാണിത്. പ്രസിദ്ധമായ ഒരു സൗന്ദര്യവർധക ഉൽപന്ന കമ്പനി 2500 സ്ത്രീകളിൽ ഒരു പഠനം നടത്തി. അവരിൽ 10 ശതമാനം പേർ മറ്റുള്ളവരെക്കാൾ 10 വയസ്സ് കുറഞ്ഞവരായി കാണപ്പെട്ടു. ഇവരിലെ ചർമസൗന്ദര്യത്തിനു കാരണമായ ജീൻ വേർതിരിച്ച് പരിശോധിച്ചപ്പോൾ അത് വളരെ ആക്റ്റീവാണ് എന്നു കണ്ടെത്തി. ഈ ജീനിന്റെ പ്രവർത്തനമികവിനു പിന്നിൽ 20 ശതമാനം നിയന്ത്രിക്കാനാകാത്ത ആന്തരികമായ ഘടകങ്ങളും ബാക്കി 80 ശതമാനം നിയന്ത്രിക്കാനാകുന്ന ബാഹ്യഘടകങ്ങളും ആണത്രെ. ബാഹ്യഘടകങ്ങളിൽ ഏറ്റവും പ്രധാനം പൊസിറ്റീവായ മനോഭാവമാണ്. സൗന്ദര്യലോകത്തെ ഏറ്റവും പുതിയ ട്രെൻഡും ഇതു തന്നെയാണ്.

പൊസിറ്റീവായ മനോഭാവം എങ്ങനെയാണ് സുന്ദരിയാക്കുക? അതൊരു ട്രിക്കാണ്. ഒന്നാമത്തെ കാര്യം, നിങ്ങൾക്കു സ്വതവേ ഉള്ളതിലും പ്രായം കുറവാണ് എന്നു സ്വയം തോന്നിപ്പിക്കുകയാണ്. രണ്ടാമതായി, ഒരാളെ കാണാൻ അത്ര സൗന്ദര്യമില്ലെങ്കിലും ഊഷ്മളമായ പെരുമാറ്റവും നല്ല മനോഭാവവും അവരെ കൂടുതൽ ആകർഷണീയരാക്കും. തന്നെയുമല്ല പൊസിറ്റീവായ മനോഭാവം ഉള്ളവർ സ്വയം മതിപ്പുള്ളവരാകും. അവർ നല്ല ഭക്ഷണം കഴിക്കും, ദിവസവും അൽപസമയം വ്യായാമം ചെയ്യും, സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും കരുതലോടെ പരിപാലിക്കും. എന്തും പൊസിറ്റീവായി കാണുന്നവർക്ക് മാനസികപിരിമുറുക്കം കുറവായിരിക്കും. ഇത് ചർമത്തെ യൗവനയുക്തമാക്കി സൂക്ഷിക്കാൻ സഹായിക്കും. കാരണം മാനസിക പിരിമുറുക്കവും രക്തസമ്മർദവും കുറവായവരിൽ ജലാംശം ആഗിരണം ചെയ്യാനുള്ള ചർമത്തിന്റെ ശേഷി കൂടുതലായിരിക്കും.

സൗന്ദര്യത്തിന്റെ ശരീരഭാഷ

എല്ലാവരുടെയും കണ്ണിൽ സുന്ദരിയായിരിക്കണമെന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നത് പ്രശസ്ത ഗ്രൂമിങ് വിദഗ്ധയായ  പ്രിയദർശിനി ആർ മേനോനാണ്. 

നല്ല നടപ്പ്

എത്ര സുന്ദരിയായാലും കൂനിക്കൂടി നടന്നാൽ അയ്യേ... എന്നു തോന്നും. നിവർന്ന് തല ഉയർത്തിപ്പിടിച്ച് വയർ ഉള്ളിലേക്ക് വലിച്ചുപിടിച്ച് നടക്കുന്നത് നല്ല ആത്മവിശ്വാസമുള്ളയാളെന്ന ഫീൽ നൽകും. ഒരു മീഡിയം ഹീൽ ചെരിപ്പ് ഇട്ടാൽ അറിയാതെ തന്നെ നിവർന്നു നടക്കാനാകും.

ശരീരഭാഷയിലുണ്ട് കാര്യം

ചെറു മന്ദഹാസത്തോടെ കണ്ണിൽ നോക്കി ആളുകളോട് സംസാരിക്കുക. വല്ലാതെ തുറിച്ചുനോക്കുകയോ സംസാരത്തിനിടയിൽ നോട്ടം അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയോ ചെയ്യരുത്. ഗവേഷണങ്ങൾ പറയുന്നത് പുഞ്ചിരി, താൽപര്യം വർധിപ്പിക്കുന്നുവെന്നാണ്. പക്ഷേ, ചിരി സ്വാഭാവികമാകണമെന്നു മാത്രം.

ഡയറ്റും വെള്ളവും

തിളങ്ങുന്ന ചർമവും ഒഴുകിക്കിടക്കുന്ന മുടിയും ജനിക്കുമ്പോഴേ കിട്ടണമെന്നില്ല. നമ്മുടെ ശ്രദ്ധ കൊണ്ട് ശരിയാക്കി എടുക്കാവുന്നതേയുള്ളു. അതിനുള്ള ഏറ്റവും സ്വാഭാവിക
മാർഗമായി ധാരാളം വെള്ളം കുടിക്കാം. നല്ല ഡയറ്റ് ശീലിക്കാം. വെള്ളം ബ്യൂട്ടി ടോണിക്കാണ്. അത് ചർമത്തെ സ്നിഗ്ധവും ആരോഗ്യപൂർണവുമാക്കുന്നു. നല്ല ഡയറ്റ് മുഖക്കുരു ഉൾപ്പെടെയുള്ള അണുബാധകളെ തടയുന്നു. മീൻ പോലുള്ളവയിലെ നല്ല കൊഴുപ്പുകൾ ചർമത്തെ തിളക്കമുള്ളതാക്കും. നാരുകൾ വിഷാംശങ്ങളെ നീക്കി ചർമം പൊട്ടുംപാടുമില്ലാത്തതാക്കും. അണ്ടിപ്പരിപ്പുകളിലും വിത്തുകളിലുമുള്ള വൈറ്റമിൻ ബി6 ഹോർമോൺ സന്തുലനം ശരിയാക്കുന്നു. പഴങ്ങളിലെ ആന്റി ഒാക്സിഡന്റുകൾ ചർമത്തെ ആരോഗ്യമുള്ളതാക്കും.

വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ

പാർട്ടിക്ക് പോകുന്ന വേഷത്തിൽ ഒാഫിസിൽ പോകരുത്. ഒാഫിസ് വേഷം വലിയ ബഹളമോ തിളക്കമോ ഇല്ലാത്തവയാകണം. സാരിയാണെങ്കിൽ കോട്ടൺ, സിൽക് അല്ലെങ്കിൽ ജൂട്ട് മെറ്റീരിയൽ ധരിക്കാം. നിറങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ബാഗ് അൽപം വലുപ്പമുള്ളതും പീച്ച്, ക്രീം, ഗ്രീൻ നിറത്തിലുള്ളതും ആയാൽ നല്ലത്. മുത്തുകളും മറ്റും തൂങ്ങിക്കിടക്കുന്ന ഇനം ഒഴിവാക്കുക. ലളിതമായ ഇളംനിറമുള്ള സൽവാറുകളും നീളമുള്ള കുർത്തകളും ഒാഫിസിന് അനുയോജ്യമാണ്.

മേക്ക് അപ് ശ്രദ്ധിച്ചു ചെയ്യണം.

ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മിതമായ ഒരുക്കം മതി. മുടി സിറമോ എണ്ണയോ പുരട്ടി ഒതുക്കിയെടുത്ത് വൃത്തിയായി ചീകി കെട്ടിവയ്ക്കുകയോ പോണിടെയ്ൽ കെട്ടുകയോ ആകാം. ഇത് മൊത്തത്തിൽ ഒരു ഒരു ക്ലാസ്സി ലുക്ക് നൽകും.

പാർട്ടികൾക്കു പോകുമ്പോൾ മേക്കപ്പിൽ ധാരാളിത്തമാകാം. കറുപ്പോ പർപ്പിളോ പോലുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളും ഹൈ ഹീലുകളും ധരിക്കാം. ചുണ്ടിനു ചേരുന്ന എടുത്തുനിൽക്കുന്ന ലിപ്സ്റ്റിക്കും ഇടാം. കൂടെ നീളമുള്ള വള്ളിയുള്ള ചെറിയ ഹാൻഡ്ബാഗോ നല്ല
ഭംഗിയുള്ള ഒരു ക്ലച്ചോ കൂടിയായാൽ പാർട്ടിലുക്ക് സൂപ്പറാകും.

ഒരുങ്ങിയിറങ്ങി കഴിയുമ്പോൾ പ്രിയപ്പെട്ട സുഗന്ധം അൽപം നേർമയായി വസ്ത്രത്തിൽ പുരട്ടൂ. വിയർക്കാൻ സാധ്യതയുള്ള കാലാവസ്ഥയാണ് കേരളത്തിൽ. അതുകൊണ്ട് എപ്പോഴും ഒരു പോക്കറ്റ് പെർഫ്യൂം കരുതുന്നതും നല്ലതാണ്. ഇനി ആത്മവിശ്വാസത്തോടെ ഒരു ചെറുചിരിയോടെ നടക്കൂ...ആരു പറയും നിങ്ങൾ സുന്ദരിയല്ലെന്ന്...

Tags:
  • Manorama Arogyam
  • Beauty Tips