Monday 30 September 2019 02:56 PM IST : By സ്വന്തം ലേഖകൻ

ഒന്നു തുമ്മിയാൽ പടരും എച്ച്1 എൻ1 ; പനി മാരകമാകും മുമ്പ് കരുതലെടുക്കേണ്ടത് ഇങ്ങനെ

h1

എച്ച് 1 എൻ 1 ലക്ഷണങ്ങൾ

ടൈപ്പ് എ ഇൻഫ്ളുവൻസ വൈറസാണ് എച്ച്1 എൻ1 പനിക്ക് കാരണം. പനിയും വിറയലും തൊണ്ടവേദനയുമാണ് പ്രധാനലക്ഷണം. ചുമയും മൂക്കടപ്പും തലവേദനയും വരാം. ചിലരിൽ വിശപ്പില്ലായ്മയും ഛർദിയും വയറിളക്കവും കാണാറുണ്ട്.

പ്രതിരോധിക്കാം ഇങ്ങനെ

രോഗി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നതുവഴി വൈറസ് പകരാം. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക. പുറത്തുപോയി വന്നാലുടനെ കൈ സോപ്പിട്ട് വൃത്തിയായി കഴുകണം. യാത്രകളിൽ കൈ വൃത്തിയാക്കാൻ സാനിറ്റൈസർ ഉപയോഗിക്കാം. സുഖമില്ല എന്നു തോന്നിയാൽ പൊതുചടങ്ങുകളും യാത്രകളും ഒഴിവാക്കുക. രോഗിയെ പരിചരിക്കുന്നവർ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കുന്നതാണ് സുരക്ഷിതം. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച പാത്രങ്ങളും സോപ്പിട്ട് കഴുകി ഉണക്കി വയ്ക്കണം.

മാരകമാകുന്നത് അറിയാം

വയറിളക്കം, കടുത്തപനി, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കുക. ഗർഭിണികളിലും പ്രായമേറിയവരിലും കുട്ടികളിലും മുലയൂട്ടുന്നവരിലും എച്ച്1എൻ1 മാരകമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇവർ പനി തുടങ്ങുമ്പോഴേ ഡോക്ടറെ കാണണം. ശരീരം തണുപ്പിച്ചും ഇളംചൂടുള്ള പാനീയങ്ങൾ കുടിച്ചും വേണ്ടത്ര വിശ്രമിച്ചും പനിയെ നിയന്ത്രണവിധേയമാക്കുക. പന്നിപ്പനി പടരുന്ന പ്രദേശങ്ങളിലുള്ളവരും പനി വന്നാൽ ഉടനെ ഡോക്ടറെ കണ്ട് പന്നിപ്പനിയല്ല എന്നുറപ്പിക്കണം.

സ്വാബ് പരിശോധന

രോഗിയുടെ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമെടുക്കുന്ന സ്രവം പരിശോധിച്ചാണ് (സ്വാബ് ടെസ്റ്റ്) രോഗം സ്ഥിരീകരിക്കുക. എല്ലാ മെഡിക്കൽ കോളജുകളിലും മിക്കവാറും ജില്ലാ ആശുപത്രികളിലും പരിശോധനയുണ്ട്.

ടമിഫ്ളൂ കഴിക്കാം

ഒസൾട്ടാമിവിർ (ടമിഫ്ളൂ) എന്ന മരുന്നാണ് പ്രധാനചികിത്സ. രോഗനിർണയം നടത്തിയവരിലും അപകടസാധ്യത കൂടുതലുള്ളവരിലും എച്ച്1എൻ1 സ്ഥീരികരിച്ച സ്ഥലങ്ങളിൽ നിന്നുള്ള പനിബാധിതരിലും എച്ച്1എൻ1 ഉള്ളവരോട് ഇടപഴകിയവർക്കും സ്വാബ് ടെസ്റ്റ് നടത്താതെ തന്നെ മരുന്നു നൽകുന്നു. പനി ബാധിച്ചവരെ പരിചരിക്കുന്നവർക്ക് പ്രതിരോധമെന്ന നിലയിലും ടമിഫ്ളൂ കഴിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബി. പത്മകുമാർ, ആലപ്പുഴ