Thursday 26 November 2020 01:00 PM IST : By സ്വന്തം ലേഖകൻ

വീര്യമേറിയ ഷാംപുവും തലമുടി സ്റ്റൈലാക്കുന്ന രാസവസ്തുക്കളും പണിയാകും; തല ചൊറിച്ചിലിലേക്ക് നയിക്കുന്നത് ഈ ശീലങ്ങൾ

head-scratch

വേദന കഴിഞ്ഞാല്‍ മിക്കവര്‍ക്കും ഏറ്റവും കൂടുതല്‍ വിഷമവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രോഗലക്ഷണമാണ് ചൊറിച്ചില്‍. ശരീരമാസകലം ചൊറിച്ചിലിണ്ടാകുന്നവരില്‍ ഏകദേശം പതിമൂന്ന് ശതമാനം ആള്‍ക്കാര്‍ക്ക് തലചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. മറ്റു ശരീരഭാഗങ്ങളെ ബാധിക്കാതെ, ശിരോചര്‍മത്തില്‍ മാത്രമായും ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. വിവിധ പഠനങ്ങള്‍ കാണിക്കുന്നത്, സമൂഹത്തിലെ 13 മുതല്‍ 45 ശതമാനം വരെ ആള്‍ക്കാര്‍ക്ക് തലചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട് എന്നാണ്. പ്രായമായവരിലും വൃക്കയുടെ തകരാറുമൂലം ഡയാലിസിസ് വേണ്ടി വരുന്നവരിലും തലചൊറിച്ചില്‍ കൂടുതലായി കാണുന്നുണ്ട്.

എന്തുകൊണ്ട് വരുന്നു?

മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ചു തലചൊറിച്ചില്‍ എന്തുകൊണ്ടു കൂടുതല്‍ പേര്‍ക്കു കണ്ടുവരുന്നു എന്നതിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ശിരോചര്‍മത്തിന്റെ ചില പ്രത്യേകതകള്‍ ഇതിലേക്ക് നയിച്ചേക്കാം എന്നു കരുതുന്നുണ്ട്. ഒട്ടുമിക്ക ശരീരഭാഗങ്ങളെക്കാളും കൂടുതല്‍ നാഡീവ്യൂഹങ്ങളുള്ളതും രോമകൂപങ്ങളും സെബേഷ്യസ് ഗ്രന്ഥികളുള്ളതും ഇതിനു കാരണമായേക്കാം.

മാത്രമല്ല, ശിരോചര്‍മത്തില്‍ സാധാരണയായി കാണപ്പെടുന്ന ചില ബാക്ടീരിയകളുടെയും (Propionibacterium acnes, Staphylococcus epidermidis) ഫംഗസുകളുടെയും (Malascezia furfur) ഏറ്റക്കുറച്ചിലും തലചൊറിച്ചിലിനു കാരണമാകാറുണ്ട്. സൂര്യപ്രകാശം അധികമായി ഏല്‍ക്കുന്നതും തലമുടിയില്‍ ചെയ്യുന്ന സ്റ്റൈലിങ് പ്രക്രിയകള്‍ക്കും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതില്‍ പങ്കുണ്ട്.

ഇനി നമുക്ക്, സാധാരണയായി തലചൊറിച്ചിലിനു കാരണമാകുന്ന രോഗങ്ങളെക്കുറിച്ചും അതിന്റെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും പരിശോധിക്കാം. ചര്‍മരോഗങ്ങളും നാഡീസംബന്ധമായ രോഗങ്ങളും ശരീരത്തിലെ ആന്തരിക അവയവങ്ങളെ പ്രധാനമായി ബാധിക്കുന്ന രോഗങ്ങളും ചില മാനസികരോഗങ്ങളും തലചൊറിച്ചിലിലേക്ക് നയിക്കാറുണ്ട്.

താരനും ചൊറിച്ചിലും

ചര്‍മരോഗങ്ങളില്‍, സെബോറിക് ഡെര്‍മെെറ്ററ്റിസ് (Seborrhoeic Dermatitis) എന്ന താരനാണ് ഏറ്റവും കൂടുതല്‍ പേരില്‍ തലചൊറിച്ചിലുണ്ടാക്കുന്നത്. ചിലരില്‍ ഇതു വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള പൊടിപോലുള്ള ശല്‍ക്കങ്ങളായി കാണപ്പെടുമെങ്കില്‍ മറ്റു ചിലരില്‍ ശിരോചര്‍മത്തില്‍ ചുവപ്പുരാശി ഉണ്ടാകുകയും കട്ടികൂടിയ ശല്‍ക്കങ്ങളായി മാറുകയും ചെയ്യുന്നു. പൊതുവേ കൗമാരപ്രായം മുതല്‍ 40 വയസ്സുവരെയാണു താരന്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ പ്രായമായവരിലും പ്രത്യേകിച്ചു പക്ഷാഘാതം വന്നവരിലും പാര്‍ക്കിന്‍സൺസ് രോഗത്തിനു ചില മരുന്നുകള്‍ കഴിക്കുന്നവരിലും താരന്‍ തലചൊറിച്ചിലിനു കാരണമാകുന്നു. എച്ച്ഐവി രോഗികളിലും ഈ പ്രശ്നം കൂടുതലാണ്.

ഫാര്‍മസിയില്‍ നിന്നു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന (Over the counter) വീര്യം കുറഞ്ഞ ആന്റിഫംഗല്‍ മരുന്നുകള്‍ (Selenium Sulphide, ZPTO) അടങ്ങിയ ഷാംപൂവിന്റെ ഉപയോഗം കൊണ്ട് മിക്കവാറും താരന് ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ഇതു ഫലിക്കാത്തവരില്‍ കീറ്റോകൊണസോൾ, ക്ലൈംബാസോൾ എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിക്കേണ്ടിവരും.

ചെറിയ ശതമാനം പേരില്‍ ആന്റിഫംഗല്‍ ഗുളികകളും വേണ്ടിവരും. ചൊറിച്ചില്‍ കുറയ്ക്കാന്‍ ആന്റിഹിസ്റ്റമിന്‍ ഗുളികകളും നല്‍കാറുണ്ട്. തലചൊറിച്ചിലിനു ശമനം വന്ന ശേഷവും ആഴ്ച യില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഈ ആന്റിഫംഗല്‍ ഷാംപൂ ഉപ യോഗം തുടരേണ്ടതാണ്. അല്ലെങ്കില്‍ രോഗം തിരിച്ചുവരാം. ശിരോചര്‍മത്തില്‍ പുരട്ടുന്ന എണ്ണയുടെ അളവു കുറയ്ക്കുന്നതും നന്നായിരിക്കും.

head-3

സൊറിയാസിസ് മൂലം

തലചൊറിച്ചിലുണ്ടാക്കുന്ന മറ്റൊരു ചര്‍മരോഗമാണ് സൊറിയാസിസ് (Psoriasis). വെള്ളനിറത്തിലുള്ള കട്ടികൂടിയ ശല്‍ക്കങ്ങളാണ് സൊറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. ശിരോചര്‍മം മുഴുവനായിട്ടല്ലാതെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇതു കാണപ്പെടുന്നത്.

കോൾ ടാറും സാലിസിലിക് ആസിഡും അടങ്ങിയ ഷാംപൂവാണ് പ്രധാന ചികിത്സ. അസുഖം ഭേദമായാലും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇവ തുടരണം. കുളി കഴിഞ്ഞു ശിരോചര്‍മത്തില്‍ പുരട്ടാന്‍ നല്‍കാറുള്ള സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്ന് തലചൊറിച്ചിലിനു വളരെവേഗം ശമനം നൽകും. എന്നാല്‍ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ദീര്‍ഘകാലം തുടരുന്നത് അഭികാമ്യമല്ല. മേല്‍പറഞ്ഞ ചികിത്സ കൊണ്ടു ഫലം ലഭിക്കാത്തപക്ഷം, അപൂര്‍വം ചിലരില്‍ ചില പ്രത്യേകതരം ഗുളികകളും നല്‍കാറുണ്ട്.

പേൻശല്യം

വളരെയധികം ആളുകളില്‍, പ്രത്യേകിച്ചു കുട്ടികളില്‍, തലചൊറിച്ചില്‍ ഉണ്ടാക്കുന്ന പ്രധാന കാരണമാണ് പേന്‍ശല്യം. സ്കൂൾ കുട്ടികളിൽ പ്രത്യേകിച്ച്. പെണ്‍കുട്ടികള്‍ക്കാണ് പേന്‍ശല്യം കൂടുതലും. അടുത്തടുത്ത് ഇരിക്കുന്നത് ഈ രോഗം കൂടുതല്‍ പേരിലേക്കു പകരാന്‍ കാരണമാകും.

ശിരോചര്‍മത്തിലെ രക്തം വലിച്ചെടുക്കാനായി പേന്‍ പുറപ്പെടുവിക്കുന്ന ഉമിനീരും പേനിന്റെ മറ്റ്അഅവശിഷ്ടങ്ങളുമാണു ചൊറിച്ചില്‍ ഉണ്ടാകുന്നത്. ചൊറിയുന്നതു കാരണം ശിരോചര്‍മത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാകുകയും അവയിലൂടെ ബാക്ടീരിയകള്‍ അണുബാധ ഉണ്ടാക്കുകയും ചെയ്യും. അണുബാധ കൂടുതലായാല്‍ ശിരോചര്‍മത്തില്‍ പൊറ്റ ഉണ്ടാകുകയും കഴുത്തിലെയും ചെവിയുടെ പിന്‍ഭാഗത്തെയും ലിംഫ്ഗ്രന്ഥികള്‍ക്കു നീര്‍വീക്കം ബാധിച്ചു കഴലകള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ചിലരില്‍ പനിയും വരാം. പേനും ഈരും കാണുന്നതു കൊണ്ടു രോഗകാരണം കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല.

head-1

പേന്‍ശല്യം കുറയ്ക്കാനായി 1% Permethrin (െപര്‍മെത്രിന്‍), Ivermectol (െഎവര്‍മെക്റ്റോള്‍) എന്നിവ അടങ്ങിയ ലേപനങ്ങളാണ് ഉപയോഗിക്കാറ്. പേന്‍ശല്യമുള്ളവര്‍ ഒരുമിച്ചു ചികിത്സ എടുത്തില്ലെങ്കില്‍, ചികിത്സയെടുക്കാത്ത മറ്റുള്ളവരില്‍ നിന്നു വീണ്ടും രോഗപകര്‍ച്ച ഉണ്ടാകും. ബാക്ടീരിയല്‍ അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ഗുളികകള്‍ നല്‍കാറുണ്ട്.

മുടികൊഴിച്ചിലും ചൊറിച്ചിലും ഒരുമിച്ചു കണ്ടുവരുന്നതിന് താരന്‍ (Seborrhoeic Dermatitis) ആണ് പ്രധാന കാരണം. എന്നാല്‍ ശിരോചര്‍മത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നു കൂടുതലായി മുടികൊഴിയുന്നതിനോടൊപ്പം അവിടുത്തെ ചര്‍മത്തില്‍ ചെറിയ തോതില്‍ തഴമ്പുണ്ടാകുകയും ചെയ്താല്‍ െെലക്കണ്‍ പ്ലാനസ് (Lichen Planus) പോലുള്ള രോഗമാകാം കാരണം. ഈ അവസ്ഥയുടെ ചികിത്സയ്ക്കായി ശിരോചര്‍മത്തിന്റെ ഒരു ഭാഗമെടുത്ത് നടത്തുന്ന ബയോപ്സി (Biopsy) പരിശോധന നിര്‍ബന്ധമാണ്. അതില്‍ നിന്നു കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് അഭികാമ്യം.

അത്യപൂര്‍വമായി തലചൊറിച്ചില്‍ ശിരോചര്‍മത്തിലെ അര്‍ബുദത്തിന്റെ ലക്ഷണമാകാം. എന്നാല്‍ ഈ രോഗികള്‍ക്ക് ചൊറിച്ചിലിനോടൊപ്പം ശിരോചര്‍മത്തില്‍ തടിപ്പുകളും ഉണ്ടാകാറുണ്ട്. വീര്യമേറിയ ഷാംപുവിന്റെ നിരന്തര ഉപയോഗം, ചില െഹയര്‍െെഡകളുടെ ഉപയോഗം, തലമുടി സ്െെറ്റല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ എന്നിവയും തലചൊറിച്ചിലിനു കാരണമാകാം. അവയുടെ ഉപയോഗം നിര്‍ത്തുകയെന്നതാണ് പരിഹാരം. സ്റ്റിറോയിഡ് ലേപനങ്ങളും ചിലപ്പോള്‍ ഗുളികകളും ചികിത്സയ്ക്കായി നല്‍കാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സിമി എസ്.എം.

പ്രഫസർ
ഡെർമറ്റോളജി വിഭാഗം
ശ്രീഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

stfmedicare@ gmail .com