Saturday 02 January 2021 03:30 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മാരക രോഗങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുമോ? രോഗം മറച്ചുവച്ച് പോളിസി എടുത്താൽ: ആരോഗ്യ ഇൻഷുറൻസിനേക്കുറിച്ച് അറിയേണ്ടതെല്ലാം...

insurance3544

പോക്കറ്റു കാലിയാകാതെ ചികിത്സ ലഭിക്കാൻ സഹായിക്കുന്ന സംവിധാനമായിരുന്നു ആരോഗ്യ ഇൻഷുറൻസുകൾ. ഇൻഷുറൻസ് പരിരക്ഷ വേണ്ട തുകയുടെ നിശ്ചിത ശതമാനം പ്രീമിയമായി അടച്ച് പോളിസി തുടങ്ങിയാൽ പേടികൂടാതെ ആശുപത്രി കിടക്കയിലേക്കു പോകാമായിരുന്നു. എന്നാൽ അടുത്തകാലത്തായി സംഭവിച്ച മെഡിക്കൽ ഇൻഫ്ളേഷൻ പ്രീമിയം തുകകളിൽ വൻ വർധനവിനു കാരണമായി. നേരത്തേ അടച്ചിരുന്നതിന്റെ ഇരട്ടിയോളം രൂപ പ്രീമിയമായി അടയ്ക്കാൻ പോളിസി ഉടമകൾ നിർബന്ധിതരാ യിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്ത് കുത്തനെ ഉയരുന്ന ചെലവാണ് ഇതിനു കാരണമായി ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. പ്രതീക്ഷിച്ചതിലുമധികം സിക്ക് ക്ലെയിമുകൾ ലഭിക്കുകയും കൂടി ചെയ്തപ്പോൾ പ്രീമിയം വർധിപ്പിച്ചാലേ നിലനിൽപുള്ളു എന്ന അവസ്ഥയിലാണ് മിക്കവരും. എങ്കിലും ആരോഗ്യ ഇൻഷുറൻസുകളുടെ താരപ്രഭ മങ്ങിയിട്ടില്ലെന്നു തന്നെ വേണം കരുതാൻ. ആശുപത്രി ചെലവുകൾ കുത്തനെ ഉയരുന്ന ഈ സാഹചര്യത്തിൽ മെഡിക്ലെയിം കൂടെയില്ലെങ്കിൽ രക്ഷയില്ല എന്നായിക്കഴിഞ്ഞു. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം അറിയാം.

∙ ഏതു പ്രായത്തിലും ആരോഗ്യ ഇൻഷുറൻസ് എടുക്കാമോ?

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനു മുതൽ ഏതാണ്ട് 70 വയസ്സു വരെയുള്ളവർക്ക് പോളിസി ലഭിക്കും. 45വയസ്സിനു മുമ്പ് ഇൻഷുറൻസ് എടുത്താൽ മെഡിക്കൽ ചെക്കപ്പുകൾ വേണ്ടിവരില്ല. പ്രീമിയമായി അടയ്ക്കുന്ന തുകയും കുറവു മതിയാകും. 45 വയസ്സു കഴിഞ്ഞാൽ ഏതാണ്ടെല്ലാ പ്രധാന വൈദ്യപരിശോധനകളും നടത്തിക്കഴി‍ഞ്ഞ് അതിന്റെ അടിസ്ഥാനത്തിലാവും മിക്ക കമ്പനികളും പോളിസി നൽകുന്നത്. 60–70–കളിലെങ്കിലും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള അവസരം തന്നെ നഷ്ടമാകാം.

എത്ര തുകയ്ക്കുള്ള പോളിസി എടുക്കുന്നതാണ് നല്ലത്?

ഒരു വർഷമാണ് സാധാരണ പോളിസിയുടെ കാലാവധി. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്താൽ അത്രയും തുക തന്നെ ക്ലെയിം ചെയ്യാം. ഹൃദ്രോഗം പോലെ ചെലവേറിയ രോഗസാധ്യതയുള്ളവരും രോഗികളും അതനുസരിച്ചുള്ള തുകയുള്ള പോളിസി എടുക്കുന്നതാണ് നല്ലത്. ഒരാൾക്കു മാത്രമായല്ലാതെ കുടുംബത്തിലെ എല്ലാവരേയും ഉൾപ്പെടുത്തിയും മെഡിക്ലെയിം എടുക്കാം.

∙ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്ത് ആദ്യമാസം മുതലേ ക്ലെയിം ചെയ്യാമോ?

എന്നാണോ പോളിസി തുക അടച്ച് ചേരുന്നത് അന്നുമുതൽ പോളിസി നിലവിൽ വരുന്നു. എങ്കിലും ആദ്യത്തെ വർഷം 11 മാസത്തെ പരിരക്ഷയേ ലഭിക്കൂ. ആദ്യ 30 ദിവസം കാത്തിരിപ്പു കാലാവധി (വെയ്റ്റിങ് പീരിയഡ്)യാണ്. എന്നാൽ അപകടങ്ങൾ പോലുള്ള സാഹചര്യത്തിൽ ഈ കാലാവധി ബാധകമല്ല. പോളിസി എടുത്തു പിറ്റേന്നാണ് അപകടം നടക്കുന്നതെങ്കിലും ചികിത്സാചെലവ് ലഭിക്കും.

∙ നിലവിൽ രോഗങ്ങളുണ്ടെങ്കിൽ പോളിസി ലഭിക്കില്ലേ?

നിലവിൽ രോഗങ്ങളുണ്ടെന്നു കരുതി ആരോഗ്യ ഇൻഷുറൻസ് ലഭിക്കാതിരിക്കില്ല. പക്ഷേ നിലവിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പോളിസിയുടെ സംരക്ഷണം ലഭിക്കില്ല. പ്രമേഹമുള്ളവർക്ക് അവയുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകൾ മാത്രമല്ല പ്രമേഹസങ്കീർണതകളായി വരുന്ന രോഗങ്ങളുടെ ചെലവും ക്ലെയിം ചെയ്യാൻ പറ്റില്ല.

∙ നിലവിലുള്ള രോഗങ്ങൾ മറച്ചുവെച്ചു പോളിസി എടുത്താലോ?

ഏതെങ്കിലും രോഗമുള്ളവർ അതു മറച്ചുവച്ചു പോളിസി എടുത്താലും ഫലമുണ്ടാവില്ല. കാരണം, ഡോക്ടർ നൽകുന്ന ഡിസ്ചാർജ് റിപ്പോർട്ടിൽ നേരത്തേ രോഗമുണ്ടെന്നു പരാമർശം വരാം. മാത്രമല്ല, യൂട്രസ് റിമൂവൽ, ഹെർണിയ, പൈൽസ്, പ്രോസ്റ്റേറ്റ്, സൈനസൈറ്റിസ് പോലുള്ള പതിയെ മാത്രം വഷളാവുന്ന രോഗങ്ങൾക്ക് പോളിസി എടുത്ത് മൂന്നാം വർഷത്തിനു ശേഷമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. രോഗത്തിന്റെ തുടക്കത്തിൽ പോളിസി എടുത്ത് പതിയെ ചികിത്സ തേടാതിരിക്കാനാണ് ഈ നിബന്ധന.

ചികിത്സാചെലവ് ക്ലെയിം ചെയ്യേണ്ടതെങ്ങനെയാണ്?

24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കാണ് മെഡിക്ലെയിം ലഭിക്കുന്നത്. ഇതു രണ്ടു തരത്തിൽ ക്ലെയിം ചെയ്യാം. ആശുപത്രിയിൽ അഡ്മിറ്റാവുന്നതിന് ഒരു ദിവസം മുമ്പേ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ച് വേണ്ട ഏർപ്പാടു ചെയ്താൽ പണം അടയ്ക്കാതെ ചികിത്സിക്കാം (കാഷ്ലെസ് സംവിധാനം). എന്നാൽ ഭക്ഷണം, ഗ്ലൗസുകൾ പോലുള്ള ചികിത്സയുമായി നേരിട്ടു ബന്ധമില്ലാത്തവയുടെ ചെലവ് ഇൻഷുറൻസ് ലഭിക്കില്ല. നേരത്തേ തീയതി നിശ്ചയിച്ചുള്ള സർജറികൾക്കും മറ്റും കാഷ്ലെസ് രീതി പ്രയോജനപ്പെടുത്താം.

പെ്ടെന്നുള്ള രോഗമോ മറ്റോ ആണെങ്കിൽ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി 15 ദിവസത്തിനുള്ളിൽ ബില്ലും ഡിസ്ചാർജ് റിപ്പോർട്ടും മറ്റു രേഖകളും ഇൻഷുറൻസ് കമ്പനിയിൽ എത്തിച്ചും ചെലവായ കാശ് ക്ലെയിം ചെയ്യാം. ആശുപത്രിയിൽ കിടത്തിക്കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഈ വിവരം ഇൻഷുറൻസ് ഒാഫിസിൽ അറിയിക്കാനും ശ്രദ്ധിക്കണം. ഇൻഷുർ ചെയ്ത തുക തീരും വരെ എത്ര തവണ വേണമെങ്കിലും ക്ലെയിം ചെയ്യാം.

∙ മാരകരോഗങ്ങൾക്ക് പ്രത്യേകമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?

ക്രിട്ടിക്കൽ ഇൽനസ്സ് കെയർ പോളിസികൾ ഈ വിഭാഗത്തിൽ പെടുന്നു. കാൻസർ, ഹൃദയാഘാതം പോലുള്ള 10–ഒാളം മാരകരോഗങ്ങൾക്കെതിരെ ഒരു നിശ്ചിത തുക അടച്ച് ഇൻഷ്വർ ചെയ്യാം. രോഗമുണ്ടെന്നു കണ്ടുപിടിച്ചാലുടൻ തന്നെ പോളിസിയനുസരിച്ചുള്ള തുക മുഴുവനായി ലഭിക്കും. പരമാവധി 10 ലക്ഷം രൂപയ്ക്കു വരെ ഇൻഷുർ ചെയ്യാവുന്ന പോളിസികൾ ലഭ്യമാണ്. കുടുംബപരമായി രോഗസാധ്യതയുള്ളവർക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.

∙ പ്രസവച്ചെലവുകൾക്ക് ആരോഗ്യ ഇൻഷുറൻസ് സൗകര്യം ലഭ്യമാണോ?

പ്രസവത്തെ രോഗമായി കണക്കാക്കാൻ ആകാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. എന്നാൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ജീവനക്കാർക്കായി ഏർപ്പെടുത്ത മെഡിക്കൽ ഇൻഷുറൻസിൽ നിയന്ത്രിതമായി ഈ ചെലവും ഉൾപ്പെടുത്തിക്കാണുന്നു.

ഇതേപാലെ മറ്റു ചില ചികിത്സാചെലവുകളേയും ഇൻഷുറൻസ് പരിരക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സാധാരണ ദന്തചികിത്സ, കോസ്മറ്റിക് സർജറികൾ എന്നിങ്ങനെയുള്ളവ. പോളിസി എടുക്കും മുമ്പ് ഇത്തരം ചികിത്സകളുടെ ലിസ്റ്റ് പരിശോധിച്ചു മനസ്സിലാക്കണം. ആയുർവേദം, ഹോമിയോപ്പതി പോലുള്ള വൈദ്യശാസ്ത്രമേഖലകളിലെ ചികിത്സയ്ക്കും മെഡിക്ലെയിം ലഭിക്കില്ല.

കേൾവിസഹായികൾ, കണ്ണടകൾ, ക്രച്ചസ്, വോക്കർ എന്നിങ്ങനെ ശരീരത്തിനു പുറമേ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മെഡിക്ലെയിം ബാധകമല്ല. എന്നാൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട െസ്റ്റന്റ്, പേസ്മേക്കർ എന്നിവയ്ക്കുള്ള ചെലവുകൾ ക്ലെയിം ചെയ്യാം.

പ്രായമായവർക്കായി പ്രത്യേകം പോളിസികൾ ലഭ്യമാണോ?

60–75 വയസ്സുള്ളവർക്ക് പ്രത്യേകമായി സീനിയർ സിറ്റിസൺ ഹെൽത് പോളിസികൾ ലഭ്യമാണ്. മെഡിക്കൽ പരിശോധനകൾ ഒന്നും കൂടാതെ പരിരക്ഷ നൽകുന്ന പോളിസികളാണ് അതിൽ പ്രധാനം. ഒരു ലക്ഷം രൂപയ്ക്ക് വർഷം ഏതാണ്ട് 5000 രൂപയോളമേ പ്രീമിയം വരൂ. നിലവിൽ രോഗങ്ങളുണ്ടെങ്കിലും രണ്ടാം വർഷം മുതൽ അവയ്ക്കും ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.

പ്രമേഹരോഗികൾക്കായി മിക്കവാറും ഇൻഷുറൻസ് കമ്പനികളെല്ലാം തന്നെ പ്രത്യേകം ഡയബറ്റിക് പോളിസികൾ നടപ്പാക്കുന്നുണ്ട്. ടൈപ്പ്–2 ഡയബറ്റിസ്, പ്രീ ഡയബറ്റിസ് എന്നീ രോഗാവസ്ഥകളെല്ലാം കവർ ചെയ്യപ്പെടും. വർഷാവർഷം ചെക്കപ്പുകൾ, സൗജന്യ മെഡിക്കൽ ടെസ്റ്റുകൾ എന്നിവയും പോളിസിയുലുൾപ്പെടുന്നു.

Tags:
  • Manorama Arogyam
  • Health Tips