Saturday 29 August 2020 04:47 PM IST : By മിനി മേരി പ്രകാശ്

രസകദളിയും കാരറ്റും പഴങ്ങളും ചേർന്ന രുചിമേളം: കാലറി പേടിയില്ലാതെ കഴിക്കാൻ രണ്ട് പായസങ്ങൾ

payasam23424

പായസമില്ലാതെ എന്ത് ഒാണാഘോഷം അല്ലേ? പക്ഷേ, പഞ്ചസാരയുടെ മധുരവും പാലിന്റെ കൊഴുപ്പും ആകെ കാലറിയും ഒക്കെ ഒാർക്കുമ്പോൾ പ്രമേഹരോഗികളുൾപ്പെടെ ഉള്ളവർ പായസപ്പരിപാടിയിൽ നിന്നു പതുക്കെ പിൻവലിയും. ജീവിതശൈലീരോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവും ഒക്കെ ഉള്ളവർക്ക് പായസത്തിന്റെ അമിത ഉപയോഗം ഹാനികരവുമാണ്. എന്നാൽ, പായസം വയ്ക്കുന്ന രീതിയിലും കൂട്ടുകളിലും അൽപം ശ്രദ്ധിച്ചാൽ പോഷകമൂല്യമുള്ള, കാലറി കുറഞ്ഞ പായസം രുചിക്കാം ഈ ഒാണക്കാലത്ത്. ഇതാ, രണ്ട് ആരോഗ്യ പായസരുചികൾ. രസകദളിപ്പഴത്തിന്റെ നറുംമധുരവും കാരറ്റിന്റെ പോഷകഗുണവും ചേർന്ന രസകദളി–കാരറ്റ് പായസവും പഴങ്ങളുടെ പോഷകസമൃദ്ധിയും ചിയ വിത്തിന്റെ ആരോഗ്യഗുണവും നിറഞ്ഞ മിക്സഡ് ഫ്രൂട്ട് പായസവും ആസ്വദിച്ചു കുടിച്ചോളൂ...

1. രസകദളി കാരറ്റ് പായസം

ചേരുവകൾ

കാരറ്റ്–അര കിലോ

പാൽ–അര ലീറ്റർ

ബ്രൗൺ ഷുഗർ– 1 കപ്പ് (150 ഗ്രാം)

സംസ്കരിക്കാത്ത പഞ്ചസാരയാണ് ബ്രൗൺ ഷുഗർ

രസകദളി അല്ലെങ്കിൽ ഞാലിപ്പൂവൻ പഴം– 5 എണ്ണം‌‌

ഏലയ്ക്കാപൊടി– 1 ടീസ്പൂൺ

അലങ്കരിക്കാൻ

നെയ്യ്–1 ടീസ്പൂൺ

കശുവണ്ടി അല്ലെങ്കിൽ കപ്പലണ്ടി നുറുക്കിയത്– 1 കപ്പ്

പാചകം ചെയ്യുന്നവിധം

കാരറ്റ് ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. അര ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിൽ വെന്ത കാരറ്റ് മിക്സിയിൽ നന്നായി അരച്ച മിശ്രിതം ചേർക്കുക. ബ്രൗൺ ഷുഗർ‌ ഇതോടൊപ്പം ചേർക്കുക. അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കുക. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് കപ്പലണ്ടി നുറുക്കിയത് ചെറുതായി വറുത്തെടുക്കുക. ഇതു പായസത്തിൽ ചേർക്കുക. തീയിൽ നിന്നു മാറ്റിയശേഷം ചെറുതായി മുറിച്ച രസകദളിപ്പഴം പായസത്തോടൊപ്പം ചേർക്കുക.10 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിച്ചശേഷം കഴിക്കാം.

2. മിക്സഡ് ഫ്രൂട്ട് പായസം

ചേരുവകൾ

പാൽപ്പൊടി– 1 കപ്പ്

പാൽ–അര ലീറ്റർ

ചിയ വിത്തുകൾ–1 ടേബിൾസ്പൂൺ

കറുത്ത കസ്കസ്–1 ടേബിൾസ്പൂൺ

ആപ്പിൾ നുറുക്കിയത്–1 കപ്പ്

ഏത്തപ്പഴം നുറുക്കിയത്– 1 കപ്പ്

പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗർ–1 ടേബിൾസ്പൂൺ

വെള്ളം–1കപ്പ്

നെയ്യ്–1 ടീസ്പൂൺ

കപ്പലണ്ടി നുറുക്കിയത്– 1 കപ്പ്

പാചകം ചെയ്യുന്നവിധം

പാൽ നന്നായി തിളപ്പിക്കുക. അൽപം പാൽ ചേർത്ത് പാൽപ്പൊടി കുഴഞ്ഞ പരുവത്തിൽ പാലിലേക്ക് ചേർത്തു തിളപ്പിച്ചു വയ്ക്കുക.

വെള്ളം തിളച്ചശേഷം 1 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് പഴങ്ങൾ ഇതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കുക. ഇതു തണുക്കാൻ വയ്ക്കുക. തിളച്ച പാലിൽ ചിയ വിത്തും കറുത്ത കസ്കസും ചേർത്ത് 10 മിനിറ്റ് വേവിക്കുക. അതിലേക്ക് പഴങ്ങൾ ചേർത്ത മിശ്രിതം ചേർക്കുക. പിന്നീട് പാൽ ചൂടാക്കുവാൻ പാടില്ല. പിരിയാൻ സാധ്യതയുണ്ട്.

ഒരു ചെറിയ പാത്രത്തിൽ 1 ടീസ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് കപ്പലണ്ടി നുറുക്കിയതു ചേർക്കുക. ഇത് പാൽ–ഫലം മിശ്രിതത്തിലേക്ക് ചേർക്കാം. ചൂടാറിയശേഷം കുടിക്കാം. മധുരം അൽപം കൂടി വേണമെന്നുണ്ടെങ്കിൽ തേൻ ചേർക്കുക.

തയാറാക്കിയത്

മിനി മേരി പ്രകാശ്

പോഷകാഹാര വിദഗ്ധ

പിആർഎസ് ഹോസ്പിറ്റൽ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips