Saturday 30 November 2019 04:31 PM IST : By സ്വന്തം ലേഖകൻ

അനാവശ്യ എച്ച്ഐവി പരിശോധന ഒഴിവാക്കുക; ടെസ്റ്റ് നടത്തേണ്ടത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം!

NEPAL/

രക്തപരിശോധനയിലൂടെ മാത്രമേ എച്ച്ഐവി അണുബാധ കണ്ടെത്താനാകൂ. എച്ച്ഐവി അണുബാധയ്ക്കുള്ള സ്ക്രീനിങ് രക്ത പരിശോധനയാണ് എലിസ (ELISA–Enzyme linked immunosorbent assay) ടെസ്റ്റ് . എച്ച്ഐവിക്കെതിരായ ആന്റിബോഡി രക്തത്തിൽ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയിൽ ഈ ആന്റിബോഡി കണ്ടെത്താൻ മൂന്നു മാസം വരെ സമയമെടുക്കും. ഈ കാലയളവിനെ ജാലകവേള (വിൻഡോ പീരിയഡ്) എന്നാണ് പറയുക. ആദ്യപരിശോധനയിൽ എച്ച്ഐവി അണുബാധ ഉണ്ടെന്നു കണ്ടെത്തുകയാണെങ്കിൽ രണ്ടു ടെസ്റ്റുകളും കൂടി ചെയ്തുനോക്കണം. ഈ മൂന്നു പരിശോധനകളുടെയും ഫലം പൊസിറ്റീവ് ആണെങ്കിൽ ആ വ്യക്തി എച്ച്ഐവി പൊസിറ്റീവ് ആകാനുള്ള സാധ്യതയുണ്ട്. 

എന്നാൽ എലിസ ടെസ്റ്റ് മാത്രം കൊണ്ട് എച്ച്ഐവി അണുബാധ ഉറപ്പിക്കാനാകില്ല. കാരണം ജാലകവേളയിലാണ് പരിശോധിക്കുന്നതെങ്കിൽ എച്ച് ഐവി ബാധിച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം നെഗറ്റീവാകാൻ സാധ്യതയുണ്ട്. ചില വൈറൽ അണുബാധകൾ മൂലവും ശരീര രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന കാരണങ്ങൾ മൂലവും തെറ്റായ പൊസിറ്റീവ് ഫലവും കിട്ടാം. 

എച്ച്ഐവി അണുബാധ ഉറപ്പിക്കാനുള്ള പരിശോധനയാണ് വെസ്േറ്റൺ ബ്ലോട്ട് ടെസ്റ്റ്. ഈ പരിശോധനയിലും കൂടി പൊസിറ്റീവ് ഫലം ലഭിച്ചാൽ എച്ച്ഐവി അണുബാധയുണ്ടെന്ന് ഉറപ്പിക്കാം. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യലാബുകളിലും എലിസ പരിശോധന ലഭ്യമാണ്. 300–400 രൂപയോളം ചെലവു വരും. വെസ്േറ്റൺ ബ്ലോട്ടിന് 500–1000 രൂപ ചെലവു വരും. 

രോഗഭയം മൂലം പ്രമേഹവും കൊളസ്ട്രോളുമൊക്കെ പരിശോധിക്കുന്നതുപോലെ ലാബിൽ പോയി എച്ച്ഐവി സ്വയം പരിശോധിക്കുന്നവരുണ്ട്. ഇവർ തെറ്റായ ഫലം കണ്ട്  രോഗഭീതിയിൽ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുകയോ ആത്മഹത്യയ്ക്കൊരുങ്ങുകയോ ചെയ്യാം. അതുകൊണ്ട് രോഗമുണ്ടെന്നു സംശയം തോന്നിയാൽ സ്വയം പരിശോധനയ്ക്കു നിൽക്കാതെ ഒരു ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാത്രം പരിശോധന നടത്തുക.  

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബി. പദ്മകുമാർ, മെഡിസിൻ വിഭാഗം, ഗവ. മെഡി. കോളജ്, വണ്ടാനം, ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips