Thursday 16 January 2020 04:42 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ തലയ്ക്കല്ല, അപ്പനമ്മമാരുടെ പിടലിക്കാണു പിടിക്കേണ്ടത്; റോൾ മോഡലാകേണ്ട അപ്പനമ്മമാർ ചെയ്യുന്നത്

father-family

കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ഏതു ബന്ധവും സുന്ദരമാക്കാം–
പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി തുടരുന്നു.

ചെറിയ ചിരി വലിയ കാര്യം

മക്കളുടെ തലയ്ക്കു പിടിച്ച് പ്രാർഥിക്കണമെന്ന ആവശ്യവുമായി വരാറുണ്ട് പലരും. ചോദിച്ചും പറഞ്ഞും വരുമ്പോൾ മക്കളുടെ തലയ്ക്കല്ല അപ്പനമ്മമാരുടെ പിടലിക്കാണു പിടിക്കേണ്ടതെന്നു തോന്നും. ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുന്ന സമയത്ത് അമ്മയുടെ വികാരവിചാരങ്ങൾ തരംഗങ്ങളായി കുഞ്ഞിലേക്ക് കടക്കും. അമ്മയുടെ വേദനയുടെ തരംഗങ്ങൾ... അപ്പന്റെ അരിശത്തിന്റെ തരംഗങ്ങൾ... ഈ കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകാം. വയറ്റിൽ കിടക്കുന്ന കാലത്ത് അമ്മ പേടിക്കുകയോ ഞെട്ടുകയോ ചെയ്താൽ കുഞ്ഞിന്റെ സ്വഭാവത്തിലും അതിന്റെ അനുരണനങ്ങൾ കാണാം. എപ്പോഴും പേടി...ഞെട്ടൽ... കുഞ്ഞിനെ ഗർഭം ധരിക്കുന്ന കാലം മുതലേ മനസ്സിലോർക്കുക... ഇനിയങ്ങോട്ട് അപ്പനും അമ്മയും റോൾ മോഡൽ ആയിരിക്കണം. നിങ്ങളുടെ വികാരവിചാരങ്ങളും സംസാരവും പെരുമാറ്റവുമെല്ലാം കുഞ്ഞിനെ ബാധിക്കും.

ചിലർ പറയും അപ്പനും അമ്മയും മക്കൾക്കു സുഹൃത്താകണമെന്നല്ലേ അച്ചോ?

ശരിയാണ്. എന്തും തുറന്നു പറയാനുള്ള ഒരു സ്വാതന്ത്ര്യം മക്കൾക്ക് അപ്പനമ്മമാരുടെ അടുത്തുണ്ടാകണം. ഞാൻ വളർന്ന ലോകമല്ല ഇന്നത്തേത് എന്ന ബോധ്യം അപ്പനമ്മമാരുടെ മനസ്സിൽ എപ്പോഴും വേണം. മക്കളിൽ ഒന്നും അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. പക്ഷേ, തെറ്റു കണ്ടാൽ തിരുത്തിക്കൊടുക്കുകയും വേണം. ‘മക്കളെ അരുത്’ എന്ന് ശക്തമായും വ്യക്തമായും പറയണം.

മൊബൈലുമായി രാത്രി പകലാക്കുന്ന കുട്ടികളുണ്ട്. തുടക്കത്തിലേ അത് നിരുത്സാഹപ്പെടുത്തണം. കുറച്ചുനേരമൊക്കെ കൊടുക്കാം. രാത്രി 10 മണിക്കു ശേഷം മൊബൈൽ അമ്മയുടെ കയ്യിൽ ഇരുന്നാൽ മതി എന്നാദ്യമേ പറയുക. എല്ലാത്തിനും ഒരു ചിട്ടയും ക്രമവുമൊക്കെ പഠിപ്പിച്ചു കൊടുക്കണം.

രണ്ടാമത്തെ പ്രധാനകാര്യം ജീവിതമാതൃക കാണിച്ചുകൊടുക്കുകയാണ്. വീട് ഒരു സർവകലാശാലയാണ്. മാതാപിതാക്കളെ കണ്ടാണ് മക്കൾ പഠിക്കുക. അതുകൊണ്ട് മക്കൾക്കു മാതൃകാപരമായ ജീവിതം കാണിച്ചുകൊടുക്കാൻ അപ്പനും അമ്മയും ശ്രദ്ധിക്കണം.

ഒരിക്കൽ ഇടവക ധ്യാനം കഴിഞ്ഞപ്പോൾ ഒരു വീട്ടിൽ അവരുടെ ആവശ്യപ്രകാരം ചെന്നു. അപ്പനും അമ്മയും മകളും ഉള്ള വീട്. അപ്പനും അമ്മയും തമ്മിൽ സംസാരമില്ല. മകളാണ് ഇവരുടെ ദ്വിഭാഷി.

രാവിലെ അപ്പൻ ചോദിക്കും. ‘‘എനിക്കു കുളിക്കണം, വെള്ളം ചൂടായോ?’’ ഉടൻ മകൾ വിളിച്ചുചോദിക്കും. മമ്മീ പപ്പയ്ക്കു കുളിക്കണം, വെള്ളം ചൂടായോ? അടുക്കളയിൽ നിന്നു മറുപടി വരും. ‘‘തിളപ്പിച്ചു വച്ചിട്ടുണ്ട്. ഒഴിേച്ചച്ച് പോകാൻ പറ’’.

കുളിച്ചു തോർത്തി വരുമ്പോൾ അപ്പൻ പറയും. ‘‘എനിക്കു വിശക്കുന്നു. കാപ്പിയായോ?’’

മകൾ ചോദിക്കും. മമ്മീ പപ്പയ്ക്കു വിശക്കുന്നു. കാപ്പിയായോ?

ദാ വന്നു മറുപടി...‘‘ഉണ്ടാക്കി വച്ചിട്ടുണ്ട്. കേറ്റിയേച്ച് പോകാൻ പറ’’. ഇതാണ് ചില വീടുകളിലെ സ്ഥിതി.

അനാഥശാലകളാകുന്ന കുടുംബങ്ങൾ

തമ്മിൽ സ്നേഹിക്കുന്ന മാതാപിതാക്കളാണെങ്കിൽ കുഞ്ഞുങ്ങളും സ്നേഹവും സന്തോഷവും ഉള്ളവരായിരിക്കും. ഇല്ലെങ്കിൽ ഈ നരകം ആണോ വിവാഹജീവിതം എന്നാവും അവരുടെ ചിന്ത.

നിർഭാഗ്യവശാൽ ഇന്നത്തെ കുടുംബങ്ങൾ പലതും അനാഥശാലകളാണ്. ഭക്ഷണമുണ്ട്, വേണ്ടതെല്ലാമുണ്ട്. പക്ഷേ, ആരും ആരുടെയും സ്വന്തമല്ല. അപ്പനും അമ്മയ്ക്കും പരസ്പരം വേണ്ടാതാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്നത് മക്കളാണ്.

മക്കൾക്ക് മാതൃക മാത്രമല്ല, നിഘണ്ടു കൂടിയാണ് മാതാപിതാക്കൾ.മക്കൾ പലതിന്റെയും അർഥം പഠിക്കുന്നത് വീട്ടിൽ നിന്നാണ്. മക്കൾക്ക് മൂന്നു തരത്തിലുള്ള വിദ്യാഭ്യാസം കൊടുക്കാൻ അപ്പനമ്മമാർ ശ്രദ്ധിക്കണം.

ഒന്ന്– ഭൗതീകവിദ്യാഭ്യാസം. എത്രമാത്രം പഠിപ്പിക്കാമോ, അത്രയും പഠിപ്പിക്കണം. മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം മികച്ച ശിക്ഷണവും നൽകണം.

രണ്ട് ആത്മീയ വിദ്യാഭ്യാസം. നാലു വയസ്സാകുമ്പോഴേ കുട്ടികളെ അവരവരുടെ മതവിശ്വാസം അനുസരിച്ചുള്ള കൊച്ചു പ്രാർഥനകളും മറ്റും പഠിപ്പിക്കണം. മതഗ്രന്ഥങ്ങൾ വായിച്ചുകൊടുക്കണം. മതമൂല്യങ്ങൾ പകർന്നുകൊടുക്കണം.

മൂന്നാമത്തേത് ലൈംഗിക വിദ്യാഭ്യാസമാണ്. ചെറിയ പ്രായത്തിലേ ശരീരത്തെ സംബന്ധിച്ച ചില അരുതുകൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കണം. 10 വയസ്സാകുമ്പോഴേക്കും ആൺകുട്ടികൾക്ക് അച്ഛനും പെൺകുട്ടികൾക്ക് അമ്മയും അവരുടെ ശരീരവളർച്ച സംബന്ധിച്ചുള്ള മാറ്റങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കണം. ഇപ്പഴേ പറയണോ? മക്കളെന്നാ വിചാരിക്കും... എന്ന തോന്നലൊന്നും വേണ്ട. ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞുകൊടുത്തില്ലെങ്കിൽ വളഞ്ഞവഴിയിൽ അബദ്ധങ്ങൾ പഠിച്ചുവയ്ക്കും.

Tags:
  • Parenting Tips