Wednesday 11 November 2020 06:27 PM IST : By സ്വന്തം ലേഖകൻ

‘ആംഗ്രി ബേഡ്’ ആണോ നിങ്ങളുടെ കുട്ടി? ഇതാ കോപം തണുപ്പിക്കാൻ ഉറപ്പായും പ്രയോജനപ്പെടും ഈ വഴികൾ

kidsbe343

വളരെ സാധാരണമായി കണ്ടുവരുന്നതും എന്നാൽ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതും ആയ ഒരു പെരുമാറ്റ പ്രശ്നമാണ് അമിതമായ ദേഷ്യം. ഇതിന് പല കാരണങ്ങളാണ് പഠനങ്ങൾ കാണിക്കുന്നത്. മോശമായ കുടുംബാന്തരീക്ഷം, കുട്ടികളെ വളർത്തുന്ന രീതികളിലുള്ള അപാകത, അക്രമസാഹചര്യങ്ങളിൽ ജീവിക്കുന്ന അവസ്ഥ എന്നിവയാണ് അവയിൽ ചിലത്. വളർച്ചയുടെ ഘട്ടങ്ങളിൽ ഉണ്ടാകുന്ന ഭാഷാപരവും നാഡീസംബന്ധവുമായ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായും അമിതദേഷ്യം ഉണ്ടാകാറുണ്ട്.

ഹൈപ്പർ ആക്ടിവിറ്റി, നശീകരണ സ്വഭാവം, ശ്രദ്ധയില്ലായ്മ, എടുത്തുചാട്ടം തുടങ്ങിയ പെരുമാറ്റങ്ങൾ കൂടുതലായി കണ്ടുവരുന്നത് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ അഥവാ ADHD ഉള്ള കുട്ടികളിലാണ്. അത് ചികിത്സയിലൂടെ നിയന്ത്രിക്കാം.

അമിതമായ കോപവും വാശിയും പ്രകടിപ്പിക്കുന്ന കുട്ടികളിലെ അത്തരം പെരുമാറ്റം ക്രമീകരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ കുട്ടികളുടെ ദേഷ്യത്തിന് വഴങ്ങി അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്ന രീതി ഒഴിവാക്കുക.

∙മുതിർന്നവർ കുട്ടികളുടെ മുന്നിൽ വച്ച് പരസ്പരം ദേഷ്യം പ്രകടിപ്പിക്കുന്നത് ഒഴിവാക്കുക.

∙ യോഗ, ധ്യാനം, വ്യായാമം തുടങ്ങിയവ മുടങ്ങാതെ ചെയ്യാൻ പ്രേരിപ്പിക്കുക. കോപം ഉണ്ടാകുമ്പോൾ ശ്വസന വ്യായാമങ്ങൾ ചെയ്യാന്‍ ശീലിപ്പിക്കാം.

∙ കോപം ഉണ്ടാകുമ്പോൾ തുടർച്ചയായി ഏതെങ്കിലും വാക്കുകൾ മനസ്സിൽ ഉച്ചരിക്കാൻ പറയാം.

∙ ദേഷ്യം ഉണ്ടാകാനുള്ള കാരണങ്ങൾ അതിന്റെ അനന്തരഫലങ്ങൾ, എങ്ങനെയാണ് കോപം പ്രകടിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്വയം അവലോകനം ചെയ്യാൻ കുട്ടിയെ സഹായിക്കുക.

∙ ദേഷ്യത്തിലിരിക്കുന്ന കുട്ടിയോട് ശാന്തമായി പെരുമാറുക. ശാരീരികോപദ്രവം ഒഴിവാക്കുക.

∙ വളരെ ക്ഷമയോടും സമാധാനത്തോടും അവർ പറയുന്നത് മുഴുവൻ കേൾക്കുക. കുട്ടിയുടെ പ്രശ്നങ്ങളിൽ തങ്ങളും അവന്റെ കൂടെയുണ്ട് എന്നുള്ള വിശ്വാസം ഉണ്ടാക്കുക.

ഡോ. ബിജി.വി.

ക്ലിനിക്കൽ

സൈക്കോളജിസ്‌റ്,

ഗവ. മെന്റൽ

ഹെൽത്ത് സെന്റർ,

തിരുവനന്തപുരം

Tags:
  • Parenting Tips
  • Manorama Arogyam