Saturday 10 November 2018 04:20 PM IST : By സ്വന്തം ലേഖകൻ

ദഹനക്കേടാണോ പ്രശ്നം?; ഒഴിവാക്കേണ്ടത് ഈ ഭക്ഷണങ്ങൾ, ശീലമാക്കാം ഈ ഒൗഷധങ്ങൾ

ayur_vedh

ആഹാരമാണ് ഔഷധമെന്ന് പറയാറുണ്ടല്ലോ. ശരിയായ രീതിയിൽ ദഹിക്കുകയും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്താൽ ഇതേ ആഹാരം ശരീരത്തിനു ദോഷം മാത്രം ചെയ്യുന്ന മാലിന്യമായി മാറാനിടയുണ്ട്. ശരീരത്തിൽ മാലിന്യങ്ങൾ നിറയുമ്പോൾ രോഗപ്രതിരോധശേഷി പാടേ കുറയുമെന്നാണ് ആയുർവേദ സങ്കൽപം.

ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ വേണ്ടത്ര ഉൽപാദിപ്പിക്കാതെ വരിക, കാലാവസ്ഥാ വ്യതിയാനം ഇവ കാരണം കോശരൂപത്തിലുള്ള ദഹനം പൂർണമാകില്ല. ഇങ്ങനെ ശരിയായി ദഹിക്കാതെ കിടക്കുന്ന ആഹാരം ശരീരത്തിൽ അടിയും. ഇത് ആവർത്തിക്കപ്പെടുമ്പോൾ കാലങ്ങളായുള്ള ദഹിക്കാത്ത ആഹാരം ശരീരത്തിന് ദോഷകരമായിത്തീരും. ഒരു പരിധിയിൽ കൂടുതൽ ഇത്തരം മലിനമായ ആഹാരം ശരീരത്തിലുണ്ടായാൽ അത് ശരീരത്തിന്റെ ആകെ പ്രവർത്തനത്തെയും ബാധിക്കും. പ്രതിരോധശേഷി ക്രമേണ കുറഞ്ഞു തുടങ്ങും.

ശുദ്ധമാകട്ടെ ശരീരം

മാലിന്യങ്ങൾ കെട്ടിക്കിടക്കാതെ ശരീരം ശുദ്ധിയാക്കാനും ദഹനവൈകല്യത്തെ അകറ്റി ശരിയായ ദഹനം നടക്കാൻ സഹായിക്കുന്ന ആഹാരങ്ങളും ഔഷധങ്ങളും ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താം. ദിനചര്യയുടെ ഭാഗമായിത്തന്നെ ഏതു കാലത്തും മാലിന്യങ്ങളെ പുറത്തു കളയാം. മഴക്കാലത്തിനു മുൻപേ ലഘുവായി വയറിളക്കി ശരീരം ശുദ്ധിയാക്കുന്നതാണു സാധാരണരീതി. നെല്ലിക്കാപ്പൊടി, കടുക്കപ്പൊടി എന്നിവയിലേതെങ്കിലും ചെറു ചൂടുവെള്ളത്തിൽ കലക്കി രാത്രി കിടക്കാൻ നേരം കുടിക്കുക. മാലിന്യങ്ങൾ നീങ്ങി വയറ് ശുദ്ധമാകും.

തണുത്തതും കട്ടി കൂടുതലുള്ളതും ദഹനശേഷി കുറയ്ക്കുന്നതുമായ ആഹാര പദാർഥങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കട്ടിയുള്ള പാൽ, കട്ടത്തൈര്, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ തുടങ്ങിയവ പരമാവധി കുറയ്ക്കുക. അമ്ലഗുണമുള്ള ഭക്ഷണം ദഹിക്കാതെ കിടന്നാൽ രക്തക്കുഴലുകളുടെയും കോശങ്ങളുടെയും ഇടയിൽ അടിയും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എണ്ണയുടെ ഉപയോഗവും പരമാവധി മിതപ്പെടുത്തുന്നതാണു നല്ലത്.

പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നെല്ലിക്ക, തുളസി, ആപ്പിൾ, അമുക്കരപ്പൊടി തുടങ്ങി ദഹനശേഷി ഉദ്ദീപിപ്പിക്കുന്ന ആഹാരപദാർഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാൽ ഇതിനു പരിഹാരമാകും. ക്ഷാരസ്വഭാവമുള്ള പഴങ്ങളും പച്ചക്കറികളും കോശങ്ങൾക്കും രക്തക്കുഴലുകൾക്കും ഇടയിലടിഞ്ഞ മാലിന്യത്തെ അവിടെ നിന്ന് ഇളക്കാനും പതിയെ ശരീരത്തിൽ ദഹനം നടക്കുന്ന പ്രധാനഭാഗത്തേക്കു കൊണ്ടു വരാനും കഴിയും. ക്ഷാരസ്വഭാവമുള്ള ആഹാരം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി അസുഖങ്ങൾ വരാതിരിക്കാനുള്ള പ്രിവന്റീവ് എന്ന രീതിയിൽ പ്രവർത്തിക്കും.

ദഹനശേഷി വർധിപ്പിക്കാം

ഇഞ്ചി, ചുക്ക്, ജീരകം, കുരുമുളക് തുടങ്ങി ദഹനശേഷി ഉയർത്തുന്നവയെല്ലാം പൊതുവെ പ്രതിരോധം വർധിപ്പിക്കാനും നല്ലതാണ്. പേശികൾക്കും ഞരമ്പുകൾക്കും ബലവും കൂട്ടും. ഔഷധക്കഞ്ഞി പോലെയുള്ള ദേഹരക്ഷാ ഭക്ഷണത്തിൽ പ്രധാനമായി ദഹനശേഷി കൂട്ടുന്നതും ശരീരബലം വർധിപ്പിക്കുന്നതുമായ രണ്ടു തരം ഔഷധങ്ങളാണ് ചേർക്കുക.

ശരീരബലം വർധിപ്പിക്കുന്ന മരുന്നുകൾക്കൊപ്പം ദഹനശേഷി കൂട്ടുന്ന മരുന്നുകളും ഭക്ഷണവും കൂടി ചേർത്താലേ അത് ശരീരത്തിലേക്ക് ശരിയായി ആഗിരണം ചെയ്യപ്പെടൂ. ഉദാഹരണത്തിന് ശരീരബലം കൂട്ടാൻ നെയ്യ് കഴിക്കാം. നെയ്യ് മാത്രമായി കഴിക്കുമ്പോൾ ദഹനം ശരിയാകാതെ വന്നാൽ കൊളസ്ട്രോൾ പോലെയുള്ള മറ്റ് അസ്വസ്ഥതകൾ ഉണ്ടാകും. ദഹനത്തെ ഉദ്ദീപിപ്പിക്കുന്ന ചുക്ക്, ജീരകം പോലുള്ള ചേരുവകളും കൂടി ചേർത്താലേ നെയ്യിന്റെ ദഹനം ശരിയായി നടന്ന് ആഗിരണം ചെയ്യപ്പെട്ട് ഗുണങ്ങൾ ശരീരത്തിന് കിട്ടൂ. എരിവ്, ഉപ്പ്, പുളി തുടങ്ങി തീക്ഷ്ണ ഉഷ്ണസ്വഭാവമുള്ള ഭക്ഷണങ്ങൾ ദഹനരസം ഉൽപാദിപ്പിക്കുന്ന എൻസൈമുകളെ ഉദ്ദീപിപ്പിക്കും.

പനിയെ അകറ്റാം; ശരീരബലം നിലനിർത്താം

മഴക്കാലത്തും കാലാവസ്ഥ മാറുന്ന സമയത്തും പനിയുടെ ആക്രമണം പതിവാണ്. പനിയിൽ നിന്ന് രക്ഷ നേടിയാലും പനിയെത്തുടർന്നുണ്ടാകുന്ന ക്ഷീണവും മറ്റും മാറി വരാൻ പിന്നെയും സമയമെടുക്കും. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ് എന്ന ചൊല്ല് യാഥാർഥ്യമാണ്. പനിയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാനും ശരീരബലം കാത്തുസൂക്ഷിക്കാനും ആയുർവേദം പറയുന്ന ചില വഴികളിതാ.

ayur_pep

∙ തുളസിയും കുരുമുളകും തിളപ്പിച്ച് കുറുക്കിയ കഷായം പനിയുടെ തുടക്കത്തിൽ തന്നെ കഴിക്കാൻ തുടങ്ങിയാൽ പെട്ടെന്ന് പനിയുടെ കാഠിന്യം കുറയും.

∙പനി വിട്ടൊഴിഞ്ഞാൽ ഉടനടി കട്ടിയുള്ള ആഹാരം കഴിക്കരുത്. രണ്ടു മൂന്നു ദിവസം കൂടി പൊടിയരിക്കഞ്ഞി മാത്രം കഴിക്കുക. തണുത്തവെള്ളം കുടിക്കരുത്. പകരം തുളസിയും ഏലത്തരിയും ചേർത്ത് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കാം. പനിയോടൊപ്പം യൂറിനറി ഇൻഫെക്‌ഷൻ പോലുള്ള ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഏലത്തരി ചേർത്ത വെള്ളം കുടിക്കുന്നത് ആശ്വാസമേകും.

∙ ജലദോഷം, കഫക്കെട്ട്, ചുമ, മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകൾ മാറാൻ ഇഞ്ചിനീര് തേൻ ചേർത്ത് ഇടയ്ക്കിടെ അലിയിച്ചിറക്കിയാൽ മതി. ചുക്ക്, കുരുമുളക്, തിപ്പലി എന്നീ മരുന്നുകൾ പൊടിച്ചു കലർത്തി വായിലിട്ട് ഇടയ്ക്കിടെ അലിയിച്ചിറക്കുന്നതും നല്ലതാണ്. ശ്വാസകോശത്തിന്റെ പൊതുവായ ആരോഗ്യത്തിന് ഉത്തമമാണീ കൂട്ട്.

∙ പനി കാരണം ശരീരത്തിൽ പോഷകക്കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി വായ്പ്പുണ്ണും ഉണ്ടാകാം. മൾട്ടി വൈറ്റമിൻ ടാബ്‌ലെറ്റുകളുടെ ഗുണങ്ങളെല്ലാം അടങ്ങിയ ഔഷധമാണ് നെല്ലിക്ക. പ്രതിരോധശേഷി വർധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. നെല്ലിക്കനീരും തേനും ചേർത്ത മിശ്രിതം ഇടയ്ക്കിടെ അലിയിച്ചിറക്കുന്നത് ക്ഷീണം മാറ്റും. ദിവസേന ഓരോ െനല്ലിക്ക കഴിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്.

∙ അലർജിക് സ്വഭാവമുള്ള ശരീരമാണെങ്കിൽ കറിവേപ്പിലയും മഞ്ഞളും കുരുമുളകും ഇട്ടു കാച്ചിയ മോര് കുടിക്കുന്നത് പ്രതിരോധശക്തിയേകും.

tulsi

കാരണമറിഞ്ഞു തേടാം പരിഹാരം

മറ്റെന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമായും പലതരം രോഗാണുക്കൾ മൂലവും പനി പിടിപെടാം. ശരീരവേദന, കണ്ണിലോ നഖത്തിലോ മഞ്ഞനിറം, ശക്തമായ ചുമ, ഛർദ്ദിൽ തുടങ്ങി പനിയോടൊപ്പം മറ്റു ലക്ഷണങ്ങളുമുണ്ടെങ്കിൽ കൃത്യമായ ചികിത്സ തേടുക തന്നെ വേണം. ഓരോരുത്തരുടെയും ദേഹപ്രകൃതിയും മറ്റ് അസുഖങ്ങളുടെ കാഠിന്യവും പരിഗണിച്ച് പ്രതിരോധശേഷിയുയർത്തുന്ന വേറെയും മരുന്നുകൾ ആയുർവേദത്തിൽ നിർദേശിക്കാറുണ്ട്.

ചികിത്സയ്ക്കു ശേഷവും പനിയോ ജലദോഷമോ കൃത്യമായ ഇടവേളകളിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ കൂശ്മാണ്ഡ രസായനം പ്രതിവിധിയായി കഴിക്കാം.

പ്രതിരോധശേഷി കുറയുന്നതുകൊണ്ടുണ്ടാകുന്ന അണുബാധയ്ക്കും വിട്ടുമാറാത്ത തുമ്മൽ, ജലദോഷം തുടങ്ങിയ അസ്വസ്ഥതകൾക്കും ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങൾ കഴിക്കുന്നതു ഗുണം ചെയ്യും. ക്ഷീണം കാരണം ശരീരം മെലിയുന്നതിന് ബ്രാഹ്മരസായനം ആശ്വാസമാകും. അസുഖത്തിന്റെ ഭാഗമായുള്ള അവശതയും ശരീരബലക്കുറവും അകറ്റി ശരീരഭാരം കുറയാതെ നോക്കാൻ അഗസ്ത്യരസായനം ഉത്തമമാണ്.

അസുഖങ്ങൾ ചികിത്സിച്ചു ഭേദമായ ശേഷവും പൊതുവായും ശരീരത്തിന്റെ ആരോഗ്യത്തിന് എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഔഷധങ്ങളും ആഹാരങ്ങളുമാണ് ഇവ.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. പി. എം. മധു,

അസിസ്റ്റന്റ് പ്രഫസർ,

ഗവ. ആയുർവേദ കോളജ്,

പരിയാരം, കണ്ണൂർ.