Wednesday 10 April 2019 05:12 PM IST : By സ്വന്തം ലേഖകൻ

തരംഗം തീർക്കും ഹൈജീൻ വാഷ്, വൈപ്സും പ്രിയങ്കരം; പെൺ ജീവിതത്തിൽ ശുചിത്വ വിപ്ലവം

hygeine

പെൺകുട്ടി വളർന്നു തുടങ്ങുമ്പോൾ അവൾക്കു ചുറ്റിലും ഒരു ശുചിത്വലോകവും വളരുകയായി. ആർത്തവമെത്തുമ്പോൾ മുതിർന്ന പെൺകുട്ടിയെന്ന നിലയിൽ ശുചിത്വബോധം കൂടുതലാകും. കൗമാരയൗവനങ്ങളിൽ ശരീരത്തിന്റെ വൃത്തി ആരോഗ്യത്തിന്റെ അവിഭാജ്യഘടകമാണെന്നവൾ തിരിച്ചറിയും. എന്തായാലും പെണ്ണിന്റെ ശുചിത്വജീവിതത്തിൽ വലിയ വിപ്ലവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആർത്തവകാലത്തും അല്ലാത്തപ്പോഴും സ്വയം വൃത്തിയാകാൻ അവളെ സഹായിക്കുന്നതിന് ഒട്ടേറെ ഡിസ്പോസബിൾ – റീയൂസബിൾ ഉൽപന്നങ്ങളുമായി ആഗോള വിപണി സജീവമായിക്കഴിഞ്ഞു. ഫെമിനിൻ ഹൈജീൻ ഉൽപന്നക്കച്ചവടം ഒാൺലൈൻ വിപണിയിലും ശ്രദ്ധേയമാണ്.

  • ഹൈജീൻ വാഷ് തരംഗം

ഇന്റിമേറ്റ് വാഷ് എന്ന പേരിൽ ലിക്വിഡ് വാഷുകൾ വിപണിയിലെത്തിയിട്ട് കുറച്ചു നാളായി. സ്ത്രീകൾക്ക് ദിവസവും സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാനും ദുർഗന്ധവും ചൊറിച്ചിലും തടയാനും ഇവ സഹായിക്കുന്നു. കുളിക്കിടയിലോ, ടോയ്‌ലറ്റ്

ഉപയോഗത്തിനു ശേഷമോ, ആർത്തവകാലത്തോ ഒക്കെ ഇതുപയോഗിക്കാം. കൈവെള്ളയിലേക്ക് അൽപം വാഷ് ഒഴിച്ച് അത് യോനീഭാഗത്തിനു ചുറ്റുമായി (എക്സ്റ്റേണൽ ഇന്റിമേറ്റ് ഏരിയ) പുരട്ടാം. തുടർന്ന് ശുദ്ധജലം ഉപയോഗിച്ച് ആ ഭാഗങ്ങൾ പലതവണ വ‍ൃത്തിയായി കഴുകി തുടച്ച് ഉണക്കി വയ്ക്കണം. ലാക്റ്റോ സീറം അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് പോലുള്ള സ്വാഭാവിക ഘടകങ്ങൾ അടങ്ങിയ, രൂക്ഷഗന്ധം ഇല്ലാത്ത വാഷ് തിരഞ്ഞെടുക്കാം. ഇവയ്ക്ക് െഎഡിയൽ വജൈനൽ പി എച്ച് വാല്യു ഉണ്ടായിരിക്കണം. നോർമൽ വജൈനൽ പി എച്ച് വാല്യു 3.8നും 4.5നും ഇടയിലായിരിക്കണം. സാധാരണ സോപ്പുകൾക്ക് ഉയർന്ന പിഎച്ച് വാല്യു ഉള്ളതിനാൽ അവ അപകടകാരികളായ ബാക്റ്റീരിയകളിൽ നിന്ന് യോനീഭാഗത്തെ സംരക്ഷിക്കുന്ന സ്വാഭാവിക അസിഡിക് ലെയറിനെ നശിപ്പിക്കുന്നു. എന്നാൽ ഹൈജീൻ വാഷുകളിലെ ലാക്റ്റിക് ആസിഡും മറ്റു പ്രകൃതിദത്ത ചേരുവകളും നീണ്ടു നിൽക്കുന്ന ഫ്രഷ്നസ് നൽകുന്നു. ക്രാൻബറി എക്സ്ട്രാക്റ്റ്, ടീട്രീ ഒായിൽ, അലോവേര ജെൽ എന്നിവയൊക്കെ വാഷുകളിലുണ്ടെന്ന് ഉൽപാദകർ പറയുന്നു. പതയുണ്ടാക്കുന്ന തരം വാഷും ഈ വിഭാഗത്തിലുണ്ട്. യോനീഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിനു സാനിറ്റൈസിങ് ജെല്ലുകൾ അഥവാ വജൈനൽ ജെൽ വാഷും ഉപയോഗിക്കുന്നുണ്ട്.

  • വൈപ്സും പ്രിയംകരം

യോനീഭാഗം വൃത്തിയാക്കുന്നതിനുള്ള ക്ലെൻസിങ് ക്ലോത്തുകളായ ഇന്റിമേറ്റ് ഹൈജീൻ ഫെമിനിൻ വൈ പ്സും വിപണിയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ആർത്തവ ദിനങ്ങളിലും സാധാരണദിവസങ്ങളിലും സ്വകാര്യഭാഗങ്ങൾ പെട്ടെന്ന് വൃത്തിയാക്കാൻ അവ ഉപയോഗിക്കാം. ആൽക്കഹോൾ, ഗ്ലിസറിൻ, ഫ്രാഗ്രൻസ് എന്നിവ ചേർക്കാത്ത വൈപ്സ് തിരഞ്ഞെടുക്കാം.

സ്വകാര്യഭാഗങ്ങളിൽ ദുർഗന്ധകാരണമാകുന്ന ബാക്ടീരിയകളെ അകറ്റാനും വൈപ്സ് സഹായിക്കുന്നു. സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലിനും അസ്വാസ്ഥ്യങ്ങൾക്കും ആശ്വാസമേകി ദുർഗന്ധത്തെ തടയുന്ന തരം വൈപ്സും ഉണ്ട്.

  • മുഖവും ശരീരവും തുടയ്ക്കാം

മുഖമൊന്നു വൃത്തിയാക്കണം. കഴുകാൻ വെള്ളമില്ലാത്ത സാഹചര്യവുമാണ്. ടെൻഷനാകേണ്ട. ഫെയ്സ് വൈപ്സ് കൊണ്ടു മുഖം വൃത്തിയാക്കാം. മുല്ലപ്പൂവിന്റെയും നാരങ്ങയുടെയും കറ്റാർവാഴയുടെയുമൊക്കെ സുഗന്ധമേകുന്നവ വിപണിയിലുണ്ട്.

മെയ്ക്കപ്പ് മാറ്റുന്നതിനുള്ള സ്പെഷൽ വൈപ്സും ഉണ്ട്. മുഖത്തു പറ്റിപ്പിടിച്ച അഴുക്കും ചെളിയും മെയ്ക്കപ്പുമൊക്കെ നീക്കി ചർമത്തെ കണ്ടീഷൻ ചെയ്യാൻ ഇത്തരം വൈപ്സ് സഹായിക്കുന്നു. ഇവ ചർമത്തെ മോയ്സ്ചറൈസ് ചെയ്ത് വൈറ്റമിൻ ഇയുടെ സംരക്ഷണവുമേകുന്നു.

വർക് ഒൗട്ടും വ്യായാമവും കഴിഞ്ഞ് കുളിക്കാൻ സമയം കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട, ബോഡി വൈപ്സും ലഭ്യമാണ്. യാത്രയ്ക്കിടയിൽ ഒരു ടോയ്‌ലറ്റിന്റെ മറ കിട്ടിയാൽ വളരെ വേഗത്തിൽ ഉടൽ മുഴുവനും ഫ്രഷ് ആകാൻ സഹായിക്കുന്ന വൈപ്സും ഉണ്ട്. എമർജൻസി ഷവർ ആൻഡ് ഹൈജീൻ വൈപ്സ് എന്നാണിവ അറിയപ്പെടുന്നത്. ഷവർ ഷീറ്റ്സ് എന്നറിയപ്പെടുന്ന വലുപ്പം കൂടിയ ബോഡി വൈപ്സും ഉണ്ട്.

  • സ്പ്രേ ചെയ്താലോ?

ഫെമിനിൻ ഡിയോഡറന്റ് സ്പ്രേകളും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാന്റീസിലേക്ക് ഇത് സ്പ്രേ ചെയ്യുക.പാന്റീസ് ധരിക്കുമ്പോൾ യോനീഭാഗത്ത് നല്ലൊരു ഗന്ധം നിലനിൽക്കും. ഇത് വിയർപ്പിന്റെ ദുർഗന്ധത്തെ ഒഴിവാക്കും. ഏതു സമയത്തും ആവശ്യം പോലെ ഉപയോഗിക്കാം. ജോലിസ്ഥലത്തും ജിമ്മിലെ വർക് ഒൗട്ടിനിടയിലും ദീർഘദൂരയാത്രയിലും ഇത് സ്വകാര്യ ഭാഗങ്ങളെ സുഗന്ധപൂരിതമാക്കുന്നു.

യോനീഭാഗത്തെ സ്വാഭാവിക പി എച്ചിനെ നശിപ്പിക്കാത്ത തരം സ്പ്രേ തിരഞ്ഞെടുക്കുക. വൈറ്റമിൻ ഇ അടങ്ങിയ സ്പ്രേകൾ മോയ്സ്ചർ ആഗിരണം ചെയ്തു നമ്മെ ഫ്രെഷ് ആക്കി നിലനിർത്തുന്നു. സ്വകാര്യഭാഗങ്ങൾക്കു ചുറ്റിലും സ്പ്രേ ചെയ്യാവുന്നവയുമുണ്ട്. ഹൈപ്പോ അലർജനിക് ഡിയോഡറന്റുകളുമുണ്ട്. അവ ചർമ അലർജിയെയും ചൊറിച്ചിലിനെയും അകറ്റി നിർത്തുന്നു.

  • മോയ്സ്ചറൈസറും ഉണ്ട്

ഇന്റിമേറ്റ് മോയ്സ്ചറൈസറുകളുടെ കാലമാണിത്. വജൈനൽ മോയ്സചറൈസറുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. യോനീഭാഗത്തെ വരൾച്ച അകറ്റാനാണിതു പ്രധാനമായും സഹായിക്കുന്നത്. ഇതിനൊപ്പം യോനീകലകളെ ബലപ്പെടുത്തൽ, ചൊറിച്ചിൽ, പുകച്ചിൽ, ചെറു മുറിവുകൾ എന്നിവയിൽ നിന്നെല്ലാം യോനീഭാഗത്തെ സംരക്ഷിക്കുക എന്നിവയ്ക്കും മോയ്സ്ചറൈസർ ഗുണകരമാണ്. സ്വകാര്യഭാഗങ്ങളിലെ മൃദുത്വവും പിഎച്ച് ബാലൻസും നിലനിർത്തുന്നു.

  • ആർത്തവകാലത്തിനായി

വർഷങ്ങൾക്കു മുമ്പ് ആർത്തവകാലത്ത് പഴയതുണി മാത്രമായിരുന്നു പെണ്ണിന് ആശ്രയം. സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നതിനു സോപ്പും വെള്ളവും.

ഇന്ന് ആർത്തവകാലപിന്തുണയും പരിചരണവുമായി സ്ത്രീക്കു ചുറ്റും ഹൈജീൻ പ്രൊഡക്റ്റ്സ് ധാരാളമുണ്ട്. മുൻപ് പറഞ്ഞ ഇന്റിമേറ്റ് വാഷുകളും ആർത്തവകാലത്ത് ഏറെ ഉപയോഗപ്രദം തന്നെ. പാഡുകളിലും പുത്തൻവിപ്ലവങ്ങൾ വന്നു കഴിഞ്ഞു.

ദീർഘനേരം രക്തസ്രാവത്തെ മാനേജ് ചെയ്യുന്നതിന് അൾട്രാ ക്ലീൻ ഉൾപ്പടെ നിരവധി പാഡുകൾ വിപണിയിലുണ്ട്. അവ പാഡിന്റെ വശങ്ങളിലൂടെയുള്ള ലീക്കേജ് തടയുന്നു. പാഡിന്റെ വലിയ വിങ്സ് ഹെവിഫ്ളോ ഉള്ള ദിവസങ്ങളിലും കൂളായിരിക്കാൻ സഹായിക്കും.

ഹെവിഫ്ളോ ഉള്ള രാത്രിയിലും ലീക്കേജ് എന്ന ടെൻഷനില്ലാതെ സുഖമായി കിടന്നുറങ്ങാൻ സഹായിക്കുന്നവയാണ് മറ്റൊരു വിഭാഗം. ആർത്തവരാത്രികളിൽ സുഖനിദ്ര നൽകുന്നവയുണ്ട്. ഇരുവശങ്ങളിലും പ്രത്യേക ഭിത്തീസംരക്ഷണം ഉള്ള പാഡുകളുമുണ്ട്. പകൽസമയത്തെ സംരക്ഷണത്തിനായി രൂപകൽപന ചെയ്യപ്പെട്ടവയും. റാഷ് ഫ്രീ പീരിയഡ് എന്ന ആശംസയുമായി വരുന്ന പാഡുകളും പെർഫ്യൂംഡ് പാഡുകളും ഉണ്ട്.

  • പുതിയ അമ്മമാർക്കു സ്പെഷൽ പാഡുകൾ

പ്രസവശേഷം പുതിയ അമ്മമാർക്കായുള്ള മറ്റേണിറ്റി സാനിട്ടറി പാഡുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.രക്തസ്രാവം കൂടുതലുള്ളതിനാൽ ധാരാളം പാഡുകൾ ഉപയോഗിക്കേണ്ട ഘട്ടമാണിത്. മറ്റേണിറ്റി പാഡുകൾ കൂടുതൽ നീളമുള്ളതും കട്ടിയുള്ളതും മൃദുവും ആഗിരണശേഷിയുള്ളതുമാണ്. ഒാർഗാനിക് കോട്ടൺ നിർമിത പാഡുകളും ഉണ്ട്.

പുതിയ അമ്മമാർക്കായി സ്ട്രെച്ചബിൾ ബാൻഡ് ഉള്ള ഡിസ്പോസബിൾ പാഡ് ഫിക്സേറ്റർ എന്നൊരു അടിവസ്ത്രം കൂടിയുണ്ട്. പ്രസവശസ്ത്രക്രിയയ്ക്കു ശേഷം ഇതു കൂടുതൽ ഗുണകരമാണ്. സ്റ്റിച്ച് ഉള്ളവർക്കു സാധാരണ പാന്റി ധരിക്കുന്നതു വേദനാജനകമാകും. വായു സഞ്ചാരം തടസ്സപ്പെടുന്നതു മുറിവുകൾ ഉണങ്ങുന്നതിനു കാലതാമസമേകും. ഈ ഡിസ്പോ സബിൾ പാന്റി സൗകര്യപ്രദമായി പാഡിനെ ഉറപ്പിച്ചു നിർത്തും. വായുസഞ്ചാരമേകുന്ന മെറ്റീരിയൽ ഫംഗൽ അണുബാധയിൽ നിന്നു സംരക്ഷിക്കും. ടീൻ പാഡുകൾ എന്ന വിഭാഗത്തിൽ കൗമാരക്കാരികൾക്കും പാഡുകളുണ്ട്. എട്ടുമണിക്കൂറോളം ആഗിരണശേഷിയുള്ള ഇത്തരം പാഡുകൾ ശരാശരി സ്കൂൾദിനത്തിനിണങ്ങിയതാണ്..

  • പാന്റി ലൈനറും

    ദിവസേനയുള്ള യോനീസ്രവങ്ങൾ, ആർത്തവത്തിന്റെ അവസാന ദിനങ്ങളിലെ നേർത്ത രക്തസ്രാവം, അനിയന്ത്രിത മൂത്രം പോക്ക് എന്നീ അവസരങ്ങളിൽ സാനിട്ടറി പാഡിനുപകരം പാന്റി ലൈനർ ഉപയോഗിക്കാം. ഇത് പാഡ് പോലെ ഇരിക്കും. കൂടുതൽ മൃദുവും കനം കുറഞ്ഞതുമാണ്. അടി വസ്ത്രം നനഞ്ഞു കുതിരാതിരിക്കുന്നതിന് ദിവസേന പാന്റി ലൈനർ ഉപയോഗിക്കുന്നവർ ഏറെയാണ്.

  • മെൻസ്ട്രുവൽ കപ്സ്

ആർത്തവരക്തം ശേഖരിക്കുന്നതിനായി യോനിക്കുള്ളിൽ വയ്ക്കുന്ന ഫണൽ ആകൃതിയുള്ള ഉൽപന്നമാണ് മെൻസ്ട്രുവൽ കപ്. ചെറുതും ഫ്ളെക്സിബിളും ആണ്. ഗൈനക്കോളജിസ്റ്റിന്റെ നിർദേശം സ്വീകരിച്ച് ഇതുപയോഗിക്കാം. ഒാരോരുത്തർക്കും ആവശ്യമായ വലുപ്പം തിരഞ്ഞെടുക്കാം.

  • കക്ഷത്തിലും പാഡ്

കക്ഷത്തിലെ അധിക വിയർപ്പിനെ വലിച്ചെടുക്കുന്നതിന് ആംപിറ്റ് പാഡുകൾ എന്ന ഡിസ്പോസബിൾ കോട്ടൻ പാഡുകൾ ഉപയോഗിക്കാം. ഈ പാഡുകൾ വസ്ത്രം ധരിക്കുന്നതിനു മുൻപായി കക്ഷത്തിൽ വച്ചാൽ മതി. കക്ഷം വൃത്തിയായി ഷേവ് ചെയ്താൽ ഈ പാഡുകളുടെ ഉപയോഗം നന്നായി ഫലം ചെയ്യും.

  • പീരിയഡ് പാന്റികൾ

ആർത്തവകാലത്തിനായി രൂപകൽപന ചെയ്തിട്ടുള്ള അടിവസ്ത്രങ്ങളാണ് പീരിയഡ് പ്രൂഫ് പാന്റികൾ. പാന്റിയിലെ സ്പെഷൽ സപ്പോർട്ട് ലെയർ സാനിട്ടറി പാഡിനെ കൃത്യസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നു. ലീക് പ്രൂഫ്, ചർമത്തിന് യോജിച്ചത്, മുന്നിലും പിറകിലും ഇരു തുടകൾക്കുള്ളിലും രക്തക്കറ പുരളാതെ തടയുന്നത് എന്നിങ്ങനെ സവിശേഷതകൾ ഏറെയാണ്.

പെൺജീവിതത്തിൽ ശുചിത്വം നിറയ്ക്കാനായി വിപണി ഒരുങ്ങുമ്പോൾ ഈ ഉൽപന്നങ്ങളിൽ നിന്ന് ആരോഗ്യകരമായവയെ തിരിച്ചറിയുകയാണു പ്രധാനം.

  • ഇനി ടോയ്‌ലറ്റിൽ സമാധാനത്തോടെ...

യാത്രകളിൽ സ്ത്രീയെ ഏറ്റവും വലയ്ക്കുന്നത് എന്താണ്? മൂത്രം പിടിച്ചു നിർത്തി, മൂത്രമൊഴിക്കാൻ ഒരിടം തേടുന്ന ബുദ്ധിമുട്ടു തന്നെ. വ‍‍‍ൃത്തിഹീനമായ ടോയ്‌ലറ്റും ടോയ്‌ലറ്റ് സീറ്റുമൊക്കെ മനസ്സു മടുപ്പിക്കാത്തവർ ആരുമില്ല. ഇത്തരമൊരു ഘട്ടത്തിൽ എല്ലാ സ്ത്രീകൾക്കും ആശ്വാസമേകുന്നതാണ് ഈ വാർത്ത– സ്ത്രീക്കും ഇനി നിന്നു മൂത്രമൊഴിക്കാം. മലിനമായ ടോയ്‌ലറ്റിലാണെങ്കിലും ഒന്നും പേടിക്കാനില്ല. ഫീമെയ്ൽ യൂറിനേഷൻ ഡിവൈസ് (എഫ് യു ‍ഡി) എന്ന ഫണൽ ആകൃതിയുള്ള ഒരു ഉപകരണത്തിന്റെ സഹായത്താൽ നിന്നുകൊണ്ട് മൂത്രമൊഴിക്കാം. ഈ ഉപകരണത്തിന്റെ വായ്ഭാഗം മൂത്രമൊഴിക്കുന്ന ഭാഗത്തോട് ചേർത്തു പിടിക്കുക. മൂത്രം അതിലൂടെ ഒഴുകി ടോയ്‌ലറ്റിലേക്കു വീണുകൊള്ളും.

ഡിസ്പോസിബിൾ എഫ് യു ഡികളുണ്ട്. പേപ്പർ അല്ലെങ്കിൽ കാർഡ്ബോർഡ് കൊണ്ട് നിർമിച്ച ഇവ യാത്രകളിൽ കൂടെ കരുതാനും ഉപയോഗം കഴിഞ്ഞ് ഫ്ളഷ് ചെയ്തു കളയാനും എളുപ്പമാണ്. പ്ലാസ്റ്റിക്കോ റബറോ കൊണ്ടു നിർമിച്ച റീ യൂസബിൾ എഫ് ഡികളുമുണ്ട്. ഒാരോ തവണയും ഉപയോഗം കഴിയുമ്പോൾ ഇവ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

  • ഇൻകോണ്ടിനെൻസ് പാഡുകൾ

അനിയന്ത്രിതമായ മൂത്രം പോകൽ അഥവാ യൂറിനറി ഇൻകോണ്ടിനെൻസ് സ്ത്രീകളെ ഏറെ വിഷമത്തിലാക്കുന്ന അവസ്ഥയാണ്. ഇത്തരം ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഇൻകോണ്ടിനെൻസ് പാഡുകൾ അഥവാ ബ്ലാഡർ കൺട്രോൾ പാഡുകൾ ഉണ്ട്. മൂത്രത്തെ ആഗിരണം ചെയ്യുന്നതിനു സഹായിക്കുന്ന റീ യൂസബിൾ അടി വസ്ത്രങ്ങളുമുണ്ട്. സ്ത്രീകൾക്കുള്ള ഡയപ്പറുകളും ധാരാളമായുണ്ട്.


തയ്യാറാക്കിയത്;
ലിസ്മി  എലിസബത്ത് ആന്റണി