Saturday 05 January 2019 03:46 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിൽ ഡിസ്പരോണിയ, പുരുഷൻമാരിൽ അണുബാധ; വന്ധ്യതയ്ക്കു മുമ്പ് ശരീരം നല്‍കും ആറ് സൂചനകൾ

infertility ഫോട്ടോ : സരിൻ രാം ദാസ്, മോഡലുകൾ: സിനി, റോഷ്

ഗർഭനിരോധന മാർഗമുപയോഗിക്കാതെ തുടർച്ചയായി ഒരു വർഷത്തെ െെലംഗികബന്ധത്തിനുശേഷവും ഗർഭം ധരിക്കാതെ വന്നാൽ തീർച്ചയായും പരിശോധിക്കണം. അതു വന്ധ്യതയുടെ ആരംഭമാകാം. സന്താേനാൽപാദനശേഷി ഇല്ലാത്ത വന്ധ്യത എന്ന അവസ്ഥയ്ക്കു സ്ത്രീയും പുരുഷനും ഒരുപോലെ കാരണക്കാരാണ്. ഇന്ന് ഹോമിയോപ്പതി ചികിത്സാശാസ്ത്രം ഈ രംഗത്തു വലിയ വാതായനങ്ങൾ തുറക്കുന്നു–പുതിയ പ്രതീക്ഷകൾ നൽകുന്നു.

രോഗിയെ അറിഞ്ഞ് ഹോമിയോപ്പതി ചികിത്സ

ഹോമിയോപ്പതി രോഗത്തെ മാത്രല്ല രോഗിയെ മുഴുവനായാണ് ചികിത്സിക്കുന്നത്. രോഗിയുടെ എല്ലാ പശ്ചാത്തലങ്ങളെയും കണക്കിലെടുത്തുള്ള സമീപനമാണ് ഹോമിയോപ്പതിയുടേത്. താരതമ്യേന ലളിതവും സാധാരണക്കാരനു പ്രാപ്യവുമാണ് ഈ ചികിത്സ. ഒാരോ രോഗിയും വ്യത്യസ്തരായതിനാൽ എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങളാണെങ്കിൽ കൂടിയും ഒരേ മരുന്ന് നൽകാനാകില്ല. അത് ഡോക്ടർ രോഗിയെ കണ്ട് സംസാരിച്ചു പരിശോധിച്ചു തീരുമാനിക്കണം. സ്ത്രീ പുരുഷ വന്ധ്യതയുടെ കാരണങ്ങൾക്കൊപ്പം സാധാരണയായി നൽകുന്ന ചികിത്സകളെപ്പറ്റിയും അറിയാം.

പുരുഷവന്ധ്യതാ കാരണങ്ങൾ

അണ്ഡാകൃതിയിലുള്ള രണ്ടു ഗ്രന്ഥികളാണു വൃഷണങ്ങൾ. ബീജോൽപാദനത്തിനു പുറമേ ചില പുരുഷഹോർമോണുകളും ഇത് ഉണ്ടാക്കുന്നു. ബീജങ്ങൾ പൂർണവളർച്ചയെത്താൻ ഏകദേശം 70 ദിവസം വേണം. ബീജവാഹിനിക്കുഴലിലൂടെ സഞ്ചരിച്ചു സ്വയം നീന്താനുള്ള ശക്തി ആർജിക്കുന്ന ബീജങ്ങൾക്കു സംയോഗവേളയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയും സെമിനൽ വെസിക്കിൾ എന്ന ഗ്രന്ഥിയും സ്രവങ്ങൾ പുറപ്പെടുവിച്ച് എളുപ്പം സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

പുരുഷന്മാരിൽ ബീജോൽപാദനം നടക്കാതിരിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട്. പുരുഷവന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്;

1. ചില ജനിതകരോഗങ്ങൾ ഉള്ളവരിലും ജന്മനാ വൃഷണങ്ങൾ യഥാസ്ഥാനത്തു താഴ്ന്നു വരാത്തവരിലും വൃഷണങ്ങളിലെ ധമനികൾ തടിച്ചു ചുരുണ്ടുകൂടുന്നവരിലും അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നവരിലും െെലംഗികാവയവങ്ങൾക്കു റേഡിയേഷൻ ഏൽക്കുന്നവരിലും ശരിയായ ബീജോൽപാദനം നടക്കുന്നില്ല.

2. വൃഷണത്തിലെ അണുബാധയും ചലനശക്തി കുറവുള്ള ബീജങ്ങളും വൃഷണസഞ്ചിയുടെ അമിതമായ ചൂടും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകളും വന്ധ്യതയ്ക്കു കാരണമാണ്.

3. നാഡീവ്യൂഹത്തിനുണ്ടാകുന്ന ക്ഷതങ്ങൾ, ചില ഒാപ്പറേഷനുകൾ, ഞരമ്പുകൾക്കുണ്ടാകുന്ന മുറിവുകൾ, രാസവസ്തുക്കളുമായുള്ള ഇടപഴകൽ, െെലംഗിക ഉദ്ധാരണത്തിലും ശുക്ലവിസർജനത്തിലും ഉള്ള പരാജയങ്ങൾ വന്ധ്യതയ്ക്കു കാരണമാണ്.

4. ജന്മനാ ഹോർമോണുകളുടെ അളവിലുള്ള കുറവും ശരിയല്ലാത്ത ഹോർമോൺ പ്രവർത്തനവും മറ്റു ചില ഹോർമോണുകളുടെ പ്രതിപ്രവർത്തനവും പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ട്യൂമറുകളും ഒക്കെ വന്ധ്യതയ്ക്കു നിദാനമാണ്.

5. എപ്പിഡിഡിമസിലുള്ള അണുബാധയും ബീജങ്ങളുടെ ചലനത്തെ ബാധിക്കുന്ന ചില ആന്റിബോഡികളും ഒക്കെ ബീജോൽപാദനത്തെ ബാധിക്കുന്നു.

6. അമിത മദ്യപാനവും പുകവലിയും അധിക ശരീരഭാരവും പ്രായാധിക്യവും ഒക്കെ കാരണങ്ങളാണ്. മരുന്നുകളേറെ ഹോമിയോപ്പതിയിൽ മേൽപറഞ്ഞ കാരണങ്ങൾക്കു മിക്കതിനും ഒൗഷധങ്ങൾ ഉണ്ട്. അശ്വഗന്ധ (Aswagandha), കലേഡിയം (Caladium), നുഫാർ‌ ല്യൂട്ടിയം ( Nuphar Iuteum), കോണിയം മാക് (Conium mac), സെലിനിയം (Selenium), ലൈക്കോപോഡിയം (Lycopodium), ഫോസ്ഫോറിക് ആസിഡ് (Phosphoric acid), നക്സ് ‌വൊമിക്ക (Nux vomica) , ലെസിതിൻ (Lecithin), സബാൽ സെറുലേറ്റ (Subal Serrulata), ട്രൈബുലസ് (Tribulus Terrestris) എന്നീ ഒൗഷധങ്ങൾ കൃത്യമായ പൊട്ടൻസിയിലും ഡോസിലും ഉപയോഗിച്ചാൽ വന്ധ്യത ഫലപ്രദമായി ചികിത്സിക്കാം.

സ്ത്രീവന്ധ്യത

ആർത്തവം തുടങ്ങുന്നതോടെ ഗർഭം ധരിക്കാൻ സ്ത്രീശരീരം ഒരുങ്ങിത്തുടങ്ങും. ഗർഭപാത്രവും അണ്ഡാശയങ്ങളും അനുബന്ധ അവയവങ്ങളും ശരിയായി വളർച്ചയെത്തി എന്നു പറയാം. വന്ധ്യതയുടെ പ്രധാനകാരണങ്ങൾ ഇവയാണ്.

1. ഡിസ്പരോണിയ അഥവാ ബന്ധപ്പെടുമ്പോഴുള്ള വേദന.

2. പ്രത്യുൽപാദന വ്യവസ്ഥയിലെ ജന്മനാ ഉള്ള തകരാറുകൾ ഗർഭാശയത്തിന്റെ ഘടനയിലുള്ള വ്യത്യാസങ്ങൾ എന്നിവ പതിവായി ഗർഭച്ഛിദ്രത്തിനു കാരണമാകുന്നു. ക്ഷയരോഗം ഗർഭാശയത്തെ ബാധിക്കുന്നതും മറ്റൊരു കാരണമാണ്.

3. ഗർഭാശയസംബന്ധമായ രോഗങ്ങൾ, മുഴകൾ, അണ്ഡവാഹിനിക്കുഴലിനോടു ചേർന്നു വന്നാലും ഗർഭധാരണം തടസ്സപ്പെടും.

4. അണ്ഡാശയസംബന്ധമായ രോഗങ്ങൾ ഉദാഹരണമായി പിസിഒഡി അണ്ഡോൽപാദനത്തെ ബാധിക്കുകയും ആർത്തവക്രമക്കേടുകൾക്കോ അനാർത്തവത്തിനോ കാരണമാവുകയും ചെയ്യുന്നു.

5. അണ്ഡവാഹിനിക്കുഴലിലെ അണുബാധ, കുഴലുകൾ ചുറ്റുമുള്ള സ്തരവുമായി ഒട്ടിപ്പിടിക്കുന്ന എൻഡോമെട്രിയോസിസ് പോലെയുള്ള രോഗങ്ങൾ എന്നിവ വന്ധ്യത ഉണ്ടാക്കുന്നു.

6. ഗർഭാശയമുഖത്തു ബീജങ്ങളെ നശിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടായാൽ 5 ശതമാനം പേരിലും വന്ധ്യത ഉണ്ടാകും. െെതറോയ്ഡ് രോഗങ്ങൾ, െെഹപ്പോെെതറോയ്ഡിസം, മറ്റ് അന്ത്രസാവഗ്രന്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവ അണ്ഡോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രമേഹം, ക്ഷയരോഗം തുടങ്ങിയവയും വന്ധ്യത ഉണ്ടാക്കുന്നു. സ്ത്രീകളിലെ മദ്യപാനം, പുകവലി തുടങ്ങിയവയും പ്രത്യുൽപാദനവ്യവസ്ഥയ്ക്കു ഹാനികരമാണ്.

മികവുറ്റ മരുന്നുകൾ

മിക്ക രോഗാവസ്ഥകളിലും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്. കാരണങ്ങൾ വിശദീകരിക്കപ്പെടാത്ത തരം വന്ധ്യത ഉള്ളവരിലും ഈ ശാസ്ത്രശാഖയിലെ ഹോളിസ്റ്റിക് സമീപനം ഫലപ്രദമായി കാണുന്നു.

വന്ധ്യതയ്ക്ക് ഉപയോഗപ്രദമായ ഒൗഷധങ്ങൾ ഇവയാണ്: സെപിയ (Sepia), ഗ്രാഫൈറ്റിസ് (Graphitis), നാട്രം മൂർ (Natrum mur), ഫോളികുലിനം (Folliculinum), എപ്പിസ് (Apis), സൈലിഷ്യ (Silicea), അലേട്രിസ് ഫാരിനോസ (Aletris farinosa), ബൊറാക്സ് (Borax). ഈ മരുന്നുകളുടെ പൊട്ടൻസിയും ഡോസും ആവർത്തനവും കൃത്യമായാലേ ഫലം ഉണ്ടാകൂ.ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ചാണു മരുന്നുകൾ ഉപയോഗിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മായാ നായർ
റീഡർ,  ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം
എ എൻ എസ് എസ് ഹോമിയോപ്പതിക് മെഡി.കോളജ്
കുറിച്ചി,  ചങ്ങനാശ്ശേരി