Tuesday 18 December 2018 07:40 PM IST : By ലിസ്മി എലിസബത്ത് ആന്റണി

ആർത്തവകാല ശുചിത്വം മുതൽ ആദ്യ ഗർഭം ഒഴിവാക്കുന്നത് വരെ; പെണ്ണിനെ വന്ധ്യതയിലേക്ക് നയിക്കുന്നത് ഈ 10 കാര്യങ്ങൾ

vandhyatha

കുഞ്ഞിളം കയ്യ് നെഞ്ചോടു ചേർക്കും വരെ, ആ ഒാമൽമൂക്കിലൊരു പൊന്നുമ്മ നൽകും വരെ, കുഞ്ഞിവയറിൽ മുഖമുരുമ്മി, കുഞ്ഞിവർത്തമാനങ്ങൾക്കു ചെവിയോർക്കും വരെ, കുഞ്ഞിവിരലുകളൊക്കെ എണ്ണിനോക്കും വരെ, പിന്നെയാ കുഞ്ഞിക്കണ്ണീരു തുടയ്ക്കും വരെ.... യഥാർഥ സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ല എന്നു പറയാറുണ്ട്.

മാതൃത്വം അത്രമേൽ അനിർവചനീയം തന്നെ. അമ്മയാകാൻ വൈകുന്ന ഒാരോ നിമിഷവും പെണ്ണിന് തോരാ കണ്ണീരേകുന്നതിന്റെ കാരണം കൂടുതലായി പറയേണ്ടതില്ല. അതു കൊണ്ടു തന്നെ വന്ധ്യതയെക്കുറിച്ചു ചില തിരിച്ചറിവുകൾ സ്ത്രീകൾക്കുണ്ടാകണം.

‘ബേസുബാ’, പത്ത് ലക്ഷം മുടക്കി ഒരു പാട്ട്; മലയാളികളുടെ ഹിന്ദി ആൽബം ഹിറ്റ്

‘ചേട്ടൻ ഉപേക്ഷിച്ചു പോയിട്ടില്ല, ആ വിഡിയോ ആക്റ്റിങ്’; വൈറൽ ടിക് ടോക് യുവതിക്ക് പറയാനുള്ളത്–വിഡിയോ

‘റോഡരികിലെ പാതിയറ്റ ശരീരം,അതാ ബൈക്ക് യാത്രികരുടേതായിരുന്നു’; ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യം; കുറിപ്പ്

1. ‘നല്ലപ്രായം’ പ്രധാനമാണേ...

വന്ധ്യതയിലേക്കുള്ള യാത്രയിൽ ആദ്യം തടസ്സം നിൽക്കുന്നത് സ്ത്രീയുടെ പ്രായമാണ്. ‘കുറച്ചു കാലം ഫ്രീ ആയിട്ടു നടക്കണം’ എന്നൊക്കെ മധുവിധുകാലത്ത് തീരുമാനമെടുക്കുമ്പോൾ ഒന്നോർത്തോളൂ. വന്ധ്യത വിളിപ്പാടകലെയുണ്ട്. വിവാഹശേഷം ആദ്യ ഗർഭധാരണം 25 വയസ്സിനുള്ളിലാകുന്നതാണ് ഏറ്റവും നല്ലത്. കൂടിപ്പോയാൽ 30 വയസ്സിനുള്ളിൽത്തന്നെ ആദ്യ കുഞ്ഞിനു ജൻമമേകണം.

2. പിസിഒഡിയെ സൂക്ഷിക്കാം

ക്രമരഹിതമായ ആർത്തവ ചക്രങ്ങൾ, അമിതവണ്ണം ഇവയൊക്കെ പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ) പോലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ മുൻപേ തിരിച്ചറിഞ്ഞ് ചികിത്‌സിക്കണം. അമിതഭാരവും അടിവയറിലെ കൊഴുപ്പും കുറയ്ക്കണം. അതിനായി ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. രാവിലെയോ വൈകിട്ടോ 30 മിനിട്ട് ബ്രിസ്ക് വാക്കിങ് ഏറ്റവും എളുപ്പമുള്ള വ്യായാമമാണ്. ആഹാരക്രമീകരണവും ആവശ്യമാണ്.

3. ആർത്തവകാല ശുദ്ധി

ആർത്തവകാലത്തെ വൃത്തി വളരെപ്രധാനമാണ്.‘മെൻസ്ട്രുവൽ ഹൈജീൻ’ എന്നാണിതറിയപ്പെടുന്നത്. ആർത്തവകാലത്തെ വൃത്തിയില്ലായ്മ പ്രത്യുത്പാദന അവയവങ്ങളിലെ അണുബാധയിൽ കലാശിക്കും. കൂടുതലും ഇത് ഫലോപ്യൻ ട്യൂബിലെ തടസ്സങ്ങൾക്കു കാരണമാകും. ആർത്തവകാലത്ത് സാനിട്ടറി പാഡുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ പാതി നനയുമ്പോൾ തന്നെ മാറ്റി പുതിയ പാഡ് ഉപയോഗിക്കണം. തുണി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കോട്ടൻ തുണികൾ ചൂടുവെള്ളത്തിൽ കഴുകി സൂര്യപ്രകാശത്തിലുണക്കിയെടുക്കുന്നതാണ് സുരക്ഷിതം. വൃത്തിയില്ലാത്ത തുണികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ആർത്തവസമയത്ത് സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് യോനീഭാഗം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കി വയ്ക്കണം.

vandhyatha-1 മോഡലുകൾ: സിനി, റോഷ് ഫോട്ടോ : സരിൻ രാം ദാസ്

4. എൻഡോമെട്രിയോസിസ് കരുതലെടുക്കാം

വന്ധ്യതയുടെ പ്രധാനകാരണമായി അറിയപ്പെടുന്ന രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗാവസ്ഥ ഇപ്പോൾ കേരളത്തിൽ വളരെ വ്യാപകമായി കാണുന്നുവെന്നതു പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വന്ധ്യതയുള്ള സ്ത്രീകളിൽ 25 ശതമാനത്തിനും എൻഡോമെട്രിയോസിസ് ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്.

ഗർഭപാത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്തേയ്ക്ക് അസ്വാഭാവികമായി വളരുന്ന രോഗാവസ്ഥയാണിത്. രോഗകാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല. വന്ധ്യതയനുഭവിക്കുന്ന സ്ത്രീകളിൽ മറ്റു സ്ത്രീകളെക്കാൾ കൂടുതലായി എൻഡോമെട്രിയോസിസ് കണ്ടു വരുന്നുണ്ട്. പെൽവിക് പെയ്ൻ ആണ് പ്രധാന ലക്ഷണം. ഇത് ആർത്തവസമയത്ത് അസഹ്യമാകും. ലൈംഗികബന്ധ സമയത്തും വേദന വളരെ കൂടുതലാകും. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. എൻഡോമെട്രിയോസിസ് നേരത്തെ കണ്ടെത്തിയാൽ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. സങ്കീർണതകളെ തടയാനാകും.

5. പുരുഷനെ ചികിത്സയ്ക്കു കൂട്ടാം

പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.

6. ആർത്തവചക്രം താളം തെറ്റാതെ

ആർത്തവകാലം, അണ്ഡവിസർജനകാലം ഇവയെക്കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ ബോധ്യം ഉണ്ടാകണം. ആർത്തവ ചക്രം ക്രമം തെറ്റുന്നുണ്ടെങ്കിൽ അത് ആദ്യം തന്നെ പരിഹരിച്ച്

ആർത്തവം ക്യത്യമാക്കണം. കാരണം ക്രമം തെറ്റിയ ആർത്തവ ചക്രത്തിൽ നിന്ന് അണ്ഡവിസർജന സമയം, അണ്ഡവിസർജന ദിവസങ്ങൾ എന്നിവ കണ്ടെത്തുക ദുഷ്കരമാണ്. അണ്ഡവിസർജനസമയത്തെ ബന്ധത്തിലൂടെ മാത്രമേ അമ്മയാകാനാവൂ എന്നറിയുക.

7. 35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം

vandhyatha-2

സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.

‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.

അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.

8. അരുതേ...ആദ്യ കൺമണി വരട്ടെ

വന്ധ്യതയുമായി ബന്ധപ്പെട്ട ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണിനി പറയുന്നത്. വിവാഹശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഗർഭം ധരിക്കുന്ന ഒട്ടേറെ പേരുണ്ട് നമുക്കിടയിൽ. ചിലരെങ്കിലും അത് അപമാനമായി കരുതും. എന്നിട്ട് അബോർഷൻ ചെയ്യും. കുറച്ചു കാലം കഴിഞ്ഞ് കുഞ്ഞിനു വേണ്ടി ശ്രമിക്കും. ഫലമുണ്ടാകാതെ വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറെത്തേടിയെത്തും. പ്രശ്നങ്ങൾ പറഞ്ഞു വരും വഴി ആദ്യത്തെ കുഞ്ഞുവാവയെ ഇല്ലാതാക്കിയ കഥയും പറയും. അപ്പോൾ ഡോക്ടർ പറയും, വന്ധ്യതയുടെ കാരണം അന്നത്തെ അബോർഷനാണെന്ന്. ഉള്ളിൽ കരഞ്ഞു കൊണ്ട് ആ യാഥാർഥ്യം ഉൾക്കൊള്ളുന്ന എത്രയെത്ര ദമ്പതികളുണ്ടെന്നോ. മധുവിധുവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം കുഞ്ഞിനെ കുരുതി കൊടുക്കരുത്.

ആദ്യ അബോർഷനുമായി ബന്ധപ്പെട്ട് ചെയ്യുന്ന ‍ഡി ആൻഡ് സി പോലുള്ളവ ഫലോപ്യൻ ട്യൂബിലുണ്ടാക്കുന്ന ആഘാതങ്ങൾ വന്ധ്യതയിലേക്കു നയിക്കുമെന്ന് അവരറിയുന്നില്ലല്ലോ. എക്സ്റേ , ലാപ്രോസ്കോപ്പി പരിശോധനകളിലൂടെ ഇത് ഡോക്ടർക്ക് അറിയാനാകും.

ഒന്നോർമിക്കണം, അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ സ്നേഹത്തിലേക്ക് ഒാടിയെത്തിയ ആദ്യ കൺമണിയാണത്. ദയാശൂന്യതയോടെ മടക്കി അയയ്ക്കരുത്. ആ കുഞ്ഞിനെ ഹൃദയത്തിൽ സ്വീകരിക്കുക.ജൻമം നൽകാനൊരുങ്ങുക. രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിൽ പ്ലാനിങ് ഒക്കെ ആയിക്കോളൂ... ആദ്യ അബോർഷനാണു വന്ധ്യതയിലേക്കു നയിച്ചതെന്ന യാഥാർഥ്യം കടുത്ത കുറ്റബോധത്തിലേക്കും മാനസിക സംഘർഷങ്ങളിലേക്കും കൂടി നയിക്കും എന്നും അറിയേണ്ടതുണ്ട്.

9. രണ്ടാം വന്ധ്യതയുടെ വരവ്

ആദ്യ കുഞ്ഞിന് മൂന്നു നാലു വയസ്സാകുമ്പോൾ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ആലോചിച്ചു തുടങ്ങണം. ഗർഭധാരണം ഒരു വർഷത്തിനുള്ളിൽ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം, ചികിത്സ തേടാൻ നേരമായെന്ന്. ഇത് സെക്കൻഡറി ഇൻഫെർട്ടിലിറ്റി എന്ന രണ്ടാം വന്ധ്യതയാണ്. ഇതിനും പ്രാഥമിക വന്ധ്യതയുടെ പോലെ ചികിത്സചെയ്യേണ്ടി വരും.

പുരുഷന്റെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ട്യൂബിന്റെ തകരാറാകാം ഇവരുടെയും കാരണം. അണ്ഡങ്ങളുടെ പ്രവർത്തനവും ട്യൂബിന്റെ ക്ഷമതയും എങ്ങനെയെന്നുമറിയില്ലല്ലോ.ഈ ഘട്ടത്തിൽ ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കണം.

10. സമ്മർദമേകല്ലേ...

വിവാഹശേഷം രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ മുതൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീകൾ കേൾക്കുന്ന ചോദ്യങ്ങളാണിവ–വിശേഷമൊന്നുമായില്ലേ..?

അതോ പ്ലാനിങ്ങിലാണോ ?സ്ത്രീയുടെ ഒരു മാസത്തെ ഗർഭസാധ്യത 15–20 ശതമാനം മാത്രമാണ്. ചികിത്സയിലിരിക്കുന്ന സ്ത്രീക്കുപോലും ഒരു മാസം അത്ര മാത്രം ഗർഭസാധ്യതയേയുള്ളൂ.എന്തിനാണവളെ ഇത്തരം ചോദ്യങ്ങളിലൂടെ സമ്മർദത്തിലാക്കുന്നത്? സ്ത്രീയുടെ മനഃസംഘർഷങ്ങൾ സ്വാഭാവിക ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കാം. ഹോർമോൺ നിലകളെ താളം തെറ്റിക്കാം. ദമ്പതികളെ ഒരു വർഷത്തേയ്ക്ക്സ്വതന്ത്രമായി വിടൂ. എന്നിട്ട് ചോദിക്കാം കുഞ്ഞുവാവ വേണ്ടെയെന്ന്.

തുടങ്ങാം ഒരുക്കങ്ങൾ

സഫലമാകാത്ത കാത്തിരിപ്പിന്റെ വേദന വന്ധ്യതയോളം മറ്റൊന്നും സമ്മാനിക്കുന്നില്ല. എണ്ണമറ്റ നെഗറ്റീവ് ഗർഭപരിശോധനകൾ, ശൂന്യത, കണ്ണീര്... എത്ര പെട്ടെന്നാണ് അമ്മയാകാൻ ആകാശത്തോളം കൊതിക്കുന്നവളുടെ സ്വപ്നങ്ങൾ വാടിപ്പോകുന്നത്?ഒരു കുഞ്ഞു ജീവൻ ഉദരത്തിൽ തുടിച്ച്, വളർന്ന്, അമ്മയ്ക്കരികിലെത്തുക എന്നത് വളരെ സങ്കീർണമായ ഒരു യാത്രയാണ്. ‘ഇവ്ൻ മിറക്കിൾസ് ടേക് എ ലിറ്റിൽ ടൈം’ എന്നു പറയാറില്ലേ? കാത്തിരിക്കണം. ആ യാത്ര ശുഭപര്യവസായിയാകാൻ മുമ്പേ ഒരുങ്ങണം. സ്വസ്ഥതയോടെ, സമാധാനത്തോടെ...

‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി’’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

'ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ!'; മറുപടിയുമായി മോഹന്‍ലാല്‍

വിവരങ്ങൾക്കു കടപ്പാട്

ഡോ. രാജു രാജശേഖരൻ നായർ
 ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്
മിറ്റെറാ ഹോസ്പിറ്റൽ , തെള്ളകം
dr.rajunair@gmail.com