Saturday 20 April 2019 04:05 PM IST

മനുഷ്യ ശരീരകലകളും രക്തക്കുഴലുകളും ചേർന്ന ആദ്യ 3D ഹൃദയം ‘അച്ചടിച്ച്’ ഇസ്രായേൽ ഗവേഷകർ! ഉറ്റുനോക്കി ശാസ്ത്രലോകം

Asha Thomas

Senior Sub Editor, Manorama Arogyam

heart8654409

മനുഷ്യ ശരീരകലകളും രക്തക്കുഴലുകളും ചേർന്ന ത്രിമാനതലത്തിലുള്ള ഹൃദയം ‘അച്ചടിച്ച്’ എടുത്തിരിക്കുകയാണ് (3D organ Printing) ഇസ്രായേൽ ഗവേഷകർ. ഹൃദയകോശങ്ങളും രക്തക്കുഴലുകളും വെൻട്രിക്കിളുകളും ഹൃദയ അറകളും ചേർന്നഒരു ത്രിമാന ഹൃദയം  രൂപപ്പെടുത്തിയതും അച്ചടിച്ചെടുത്തതും ലോകത്ത് തന്നെ ആദ്യമാണ്. 

ഭാവിയിൽ കൃത്രിമ ഹൃദയം മാറ്റിവയ്ക്കലുകളുടെ സാധ്യത ഉയർത്തുന്ന പ്രധാന കണ്ടുപിടുത്തം എന്നാണ് ലോകമെമ്പാടുമുള്ള ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. മുയലിന്റെ ഹൃദയത്തിന്റെ വലുപ്പമുള്ള ഒരു ഹൃദയമാണ് ഇസ്രായേലിലെ ടെൽ അവിവ് യുണിവേഴ്സിറ്റിയിലെ ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്. വലുപ്പമുള്ള മനുഷ്യഹൃദയം നിർമിക്കാനും ഇതേ ടെക്നോളജി തന്നെ മതി. 

അവയവങ്ങളെ ‘പ്രിന്റ് ചെയ്തെടുക്കുക’ എന്നത് വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ നാഴികക്കല്ലാണ്. ജീവകോശങ്ങൾ  ജൈവമഷിയായി ബയോപ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് ത്രിമാന രൂപത്തിൽ ‘അച്ചടിച്ച്’ എടുക്കുകയാണ് ചെയ്യുന്നത്. ഉദരഭാഗത്തെ അവയവങ്ങളെ പൊതിഞ്ഞിരുന്ന കൊഴുപ്പു കലകളിൽ നിന്നാണ് അവയവ രൂപപ്പെടുത്തലിനുള്ള കോശങ്ങളെടുത്തത്.  ഈ കോശങ്ങളെ ഹൃദയകോശങ്ങളായി മാറാൻ കഴിവുള്ള മൂലകോശങ്ങളാക്കി പുനർ പ്രോഗ്രാം ചെയ്തു. അങ്ങനെ രക്തക്കുഴലുകളോടു കൂടിയുള്ള ത്രിമാനഹൃദയം സൃഷ്ടിച്ചു. 

നിലവിൽ ഈ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. പക്ഷേ, രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഇല്ല. ഇതാണ് അടുത്ത വെല്ലുവിളി. അതുകൂടി സാധിച്ചാൽ ത്രിമാന ഹൃദയത്തെ മൃഗങ്ങളിൽ നിക്ഷേപിച്ച്  പ്രവർത്തനം നിരീക്ഷിക്കാനാണ് പദ്ധതി. ഇങ്ങനെ പോയാൽ വരുന്ന 10 വർഷത്തിനുള്ളിൽ ആശുപത്രികളിൽ അവയവ പ്രിന്ററുകൾ സജീവമാകുമെന്നും അച്ചടിച്ചെടുക്കുന്ന അവയവങ്ങളെ അവയവം മാറ്റിവയ്ക്കലിന് ഉപയോഗപ്പെടുത്താമെന്നുമാണ്  ഗവേഷകരുടെ പ്രതീക്ഷ.