Thursday 15 April 2021 04:47 PM IST : By സ്വന്തം ലേഖകൻ

കാൻസർ വാർഡിൽ അന്നു കണ്ട കാഴ്ച! പ്രവാസം മതിയാക്കി രവീന്ദ്രൻ കൃഷിക്കാരനായതിനു പിന്നിൽ: മട്ടുപ്പാവിൽ നെല്ലുവരെ വിളയിച്ച വിജയഗാഥ

kachil-raveendran

കർഷകകുടുംബത്തിൽ വളർന്ന രവീന്ദ്രനു കൃഷി ഒരിക്കലും അന്യമായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞ് ഗർഫിൽ പോയെങ്കിലും പത്ത് വർഷം കഴിഞ്ഞ് രവീന്ദ്രൻ നാട്ടിലേക്കു മടങ്ങി. മടങ്ങുമ്പോൾ മനസ്സിലൊരു പ്ലാൻ ഉണ്ടായിരുന്നു. കൃഷിയിലേക്കു മടങ്ങുക. വിഷം തീണ്ടാത്ത പച്ചക്കറികളും പഴങ്ങളും കുടുംബത്തിനായി ഉണ്ടാക്കുക. വർഷങ്ങൾക്കിപ്പുറം തന്റെ കുടുംബാംഗങ്ങൾ, ആരും തന്നെ ഇന്നു വരെ കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികളോ പഴങ്ങളോ കഴിച്ചിട്ടില്ല എന്നു അഭിമാനത്തോടെ പറയുന്നു രവീന്ദ്രൻ. 2011ൽ 275 കിലോ കാച്ചിൽ വിളയിച്ചതിനു ലിംക ബുക്ക് ഒാഫ് റെക്കോർഡ്സിൽ സ്ഥാനം നേടുകയും െചയ്തു.

മട്ടുപ്പാവിൽ നെല്ല് വരെ

വീടിന്റെ മട്ടുപ്പാവിൽ നെല്ല് വരെ വിളയിച്ചിട്ടുണ്ടീ കർഷകൻ. കൃഷി എല്ലാം ജൈവരീതിയിൽ തന്നെയാണ്. ജൈവകൃഷി രവീന്ദ്രൻ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു അനുഭവകഥയുണ്ട്. വർഷങ്ങൾക്കു മുൻപ് കൂട്ടുകാരനും അയാളുെട കുട്ടിയുടെയും കൂെട തിരുവനന്തപുരം ആർസിസിയിൽ പോകേണ്ടിവന്നു. കുട്ടികൾക്ക് രോഗം വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വിഷമയമായ ഭക്ഷണമാണെന്ന് അന്ന് മനസ്സിലായി. അങ്ങനെയാണ് പൂർണമായും ജൈവരീതിയിൽ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും കൃഷി െചയ്യാൻ തുടങ്ങിയത്.

2006ൽ 72 കിലോ ഭാരമുള്ള കാച്ചിൽ വിളയിച്ചു തുടങ്ങിയ പരിശ്രമം ഒടുവിൽ കാച്ചിൽ രവീന്ദ്രനെന്ന പേര് സമ്മാനിച്ചു.

reveendran-2

സ്വന്തമായി ജൈവവളം

കൃഷി നന്നായി മുന്നേറുന്നതിനിടെയാണ് രവീന്ദ്രൻ സ്വന്തമായി ജൈവവളം നിർമ്മിക്കുന്നത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ, മാലിന്യങ്ങൾ സംസ്കരിച്ച് ഫലഭൂയിഷ്ഠമായ ജൈവവളം നിർമിക്കാൻ കഴിയും എന്നു െതളിയിക്കുക ആയിരുന്നു രവീന്ദ്രന്റെ ലക്ഷ്യം. ഹൃദയാമൃതം എന്നാണ് ആ ജൈവവളത്തിന്റെ പേര്.

2017ലാണ് അനന്തപുരി ജൈവകൃഷി പഠനകേന്ദ്രം രവീന്ദ്രൻ ആരംഭിക്കുന്നത്. 12 വയസ്സു മുതൽ 80 വയസ്സുവരെയുള്ള ആളുകൾ ഈ പഠനകേന്ദ്രത്തിലെ വിദ്യാർഥികളാണ്. സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, വക്കീലന്മാർ, വിദ്യാർത്ഥികൾ.. അങ്ങനെ പല മേഖലയിൽ നിന്നുള്ളവരാണ് രവീന്ദ്രന്റെ വിദ്യാർത്ഥികൾ. ഒരു ബാച്ചിനു നാല് ക്ലാസുകളാണ് നൽകുന്നത്. ആദ്യ ക്ലാസ് കൃഷിക്കായി മണ്ണിനെ എങ്ങനെ തയാറാക്കാം എന്നതിനെ കുറിച്ചാണ്. രണ്ടാം ക്ലാസ് കൃഷിക്കു ആവശ്യമായ ജൈവവളം സ്വന്തമായി നിർമിക്കുന്നതിെന കുറിച്ചും മൂന്നാമത്തെ ക്ലാസ് മേൽവള പ്രയോഗം, കീടനാശിനി പ്രയോഗം, കീടങ്ങൾ വരാതിരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ചാണ്. നാലാമത്തെ ക്ലാസ് സിടിസിആർഐ (സെന്റർ ടൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) പോലുള്ള സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനമാണ്. രവീന്ദ്രനെ കൂടാതെ സിടിസിആർഐയിലെ ഡോ. സി. എസ്. രവീന്ദ്രൻ, കൃഷി വകുപ്പിലെ മുൻ പ്രിൻസിപ്പൽ ഒാഫിസർ ഡോ. ബാലചന്ദ്രനാഥും ക്ലാസുകൾ കൈകാര്യം െചയ്യുന്നുണ്ട്.

നെല്ല്, കാരറ്റ്, കാബേജ്, ക്വാളിഫ്ലവർ ഉൾപ്പെടെയുള്ള പച്ചക്കറികൾ, കിഴങ്ങ്‌വർഗങ്ങൾ, വാഴ, പാഷൻഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങൾ എന്നിവ വീടിന്റെ ടെറസിൽ കൃഷി െചയ്യുന്നുണ്ട്. സ്വന്തമായി കൃഷി െചയ്തെടുക്കുന്ന വിഭവങ്ങളെ ആഹാരമായി മാത്രമല്ല ഔഷധമായും രവീന്ദ്രൻ ഉപയോഗിക്കുന്നു. അസിഡിറ്റി പ്രശ്നം അലട്ടുമ്പോൾ പരിഹാരമായി പുതിന ഇലയാണ് രവീന്ദ്രൻ കഴിക്കുക. ദിവസവും രാവിലെ 5–10 ഇല ചവച്ചരച്ച് കഴിക്കും. ഒപ്പം തുളസിയിലയും.

raveendran-1

കോവിഡ് കാലത്ത് പ്രതിരോധത്തിനായി രവീന്ദ്രൻ കുടിക്കുന്ന പ്രത്യേക പാനീയമുണ്ട്. പുതിനഇല, പാഷൻഫ്രൂട്ടിന്റെ ഇല, തുമ്പയില, ആഫ്രിക്കൻ മല്ലിയുെട ഇല, കുരുമുളകിന്റെ തറയിൽ പടർന്നു കിടക്കുന്ന വള്ളി, തിപ്പലിയുെട വള്ളി, പച്ച ഇഞ്ചി, പനിക്കൂർക്കയില, കരിംജീരകം എന്നിവ മിക്സിയിൽ അടിച്ചെടുത്ത്, കരിപ്പെട്ടിയും ചേർത്ത് തിളപ്പിച്ചെടുക്കും. എന്നും രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ഇതു കുടിക്കും. കുട്ടിക്കാലത്ത് രവീന്ദ്രന്റെ അമ്മ പാലിച്ചിരുന്നതായിരുന്നു ഈ ആരോഗ്യചിട്ടകൾ. പണ്ട് തേങ്ങാപ്പാലിലായിരുന്നു ഈ പച്ചിലകളും കരിപ്പെട്ടിയും ചേർത്ത് തിളപ്പിച്ചിരുന്നത്. ഈ പാനീയത്തിൽ ഉപയോഗിക്കുന്ന എല്ലാ ഔഷധസസ്യങ്ങളും വീട്ടിൽ തന്നെ കൃഷി െചയ്യുന്നുണ്ട്. പനി, ജലദോഷം, മുറിവ് തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ അതിനു പരിഹാരം വീട്ടിൽ തന്നെയുള്ള ഔഷധചെടികളിൽ തന്നെ കണ്ടെത്തും. ഉദാ: രക്തസ്രാവം ഉണ്ടാകുന്ന മുറിവാണെങ്കിൽ മുറിവുണക്കി പച്ചിലയുെട നാര് പിഴിഞ്ഞൊഴിക്കും.

കൃഷി കൂടാതെ കരിങ്കോഴികളെയും രവീന്ദ്രൻ വളർത്തുന്നുണ്ട്. ഈ കോഴികളുെട മുട്ടയ്ക്കു ധാരാളം ആവശ്യക്കാരുമുണ്ട്. ആർസിസിയിൽ വരുന്ന രോഗികൾക്കു വേണ്ടി പച്ചക്കറികൾ വാങ്ങാൻ വരുന്നവരുമുണ്ട്. എല്ലാവരും ദിവത്തിൽ ഒരു മണിക്കൂർ കൃഷിക്കായി മാറ്റി വച്ചാൽ ആരോഗ്യത്തോടെ ജീവിക്കാമെന്ന് രവീന്ദ്രൻ പറയുന്നു.

വീട്ടുമാലിന്യത്തിൽ നിന്ന് ജൈവവളം

∙ നാട്ടുഗവ്യം : ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന ആഹാരപദാർഥങ്ങൾ ഒരു ബാരലിൽ ശേഖരിച്ച് അതിൽ അൽപ്പം കുമ്മായം ഇട്ടു കലക്കി തണലത്ത് 10 ദിവസം വച്ചതിനു ശേഷം അതിൽ കുറച്ചു ശർക്കര ലായനി ഒഴിച്ചു വീണ്ടും 10 ദിവസം തണലത്ത് അടച്ചുവയ്ക്കുക. ഇത് നന്നായി കലക്കി ഒരു ലീറ്ററിനു 5 ലീറ്റർ വെള്ളം േചർത്ത് െചടികളുെട ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഇതിൽ കഞ്ഞിവെള്ളം, അരി കഴുകുന്ന വെള്ളം, തേയിലക്കൊത്ത്, മുട്ടത്തോട് എന്നിവയും ചേർക്കാം. തെളിയെടുത്ത് ബാക്കി വരുന്നത് അടിവളമായും ഉപയോഗിക്കാം.

∙ 100 ഗ്രാം മത്സ്യമാംസവശിഷ്ടങ്ങൾക്ക് 125 ഗ്രാം തോതിൽ ശർക്കര ചേർത്ത് വായു കടക്കാത്ത ജാറിൽ അടച്ച് 40 ദിവസം തണലത്തു വച്ചതിനുശേഷം കലക്കിയെടുക്കുക. ഇത് ഒരു ലീറ്ററിന് 30 ലീറ്റർ വെള്ളത്തിൽ കലക്കി ചെടിയുെട ചുവട്ടിൽ ഒഴിക്കുകയോ ഒരു ലീറ്ററിനു 35 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ തളിക്കുകയോ െചയ്യാം. തെളിയൂറ്റി ബാക്കി വരുന്നത് മണ്ണിൽ അടിവളമായും ചേർക്കാം. ഇത് സസ്യവളർച്ച ത്വരിതപ്പെടുത്തും.