Saturday 02 January 2021 03:25 PM IST : By സ്വന്തം ലേഖകൻ

കുട്ടി പഠനത്തിൽ പിന്നാക്കമാണോ? വടിയെടുത്തിട്ടു കാര്യമില്ല, ഇങ്ങനെ പരിഹരിക്കാം

kidsstudy344

പഠനപ്രശ്നങ്ങൾ കുട്ടികളേക്കാളും വലയ്ക്കുന്നത് അച്ഛനമ്മമാരെയാണ്. അതുകൊണ്ടു തന്നെ ഇന്നത്തെക്കാലത്ത് കൗൺസലിങ് എന്ന വാക്ക് ഏറ്റവുമധികം പ്രയോഗിച്ചു കാണുന്ന മേഖയാണ് വിദ്യാഭ്യാസരംഗം. എന്നാൽ യഥാർഥത്തിൽ പഠനപ്രശ്നങ്ങളുള്ള കുട്ടിക്കു വേണ്ടത് അസെസ്മെന്റ് ആണ്. പഠനമെന്നത് അടിസ്ഥാനപരമായി തലച്ചോറിന്റെ ശേഷിയുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ മറ്റു കാരണങ്ങളെ കണക്കിലെടുക്കുന്നതിനൊപ്പം തലച്ചോറിന്റെ കാര്യക്ഷമതയും കൂടി പരിശോധിക്കണം. ഇതിന് മൈഡിക്കൽ പ്രൊഫഷനലുകൾ തന്നെ നേത്യത്വം നൽകുന്ന പരിശോധനകൾ വേണം. പഠനവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളിലും കൗൺസലിങ് സഹായം വേണ്ടിവന്നേക്കും. എന്നാൽ കുട്ടിയുടെ പ്രശ്നമെന്താണെന്നു കൃത്യമായി വിലയിരുത്തിയതിനു ശേഷമാകണം അത്.

യഥാർഥ കാരണം കണ്ടെത്തിയിരുന്നില്ലെങ്കിൽ പരാജയപ്പെടുമായിരുന്ന കേസായിരുന്നു രോഹന്റേത്. അമ്മയും അമ്മൂമ്മയും കൂടിയാണ് അവനെ കൊണ്ടുവന്നത്. പഠിത്തം ഒഴികെ ബാക്കിയെല്ലാറ്റിനും മിടുക്കനാണ് അവനെന്ന് അവർ പറഞ്ഞു. അവനോടു സംസാരിച്ചപ്പോഴേ എനിക്കതു ബോധ്യമാവുകയും ചെയ്തു. തെളി‍ഞ്ഞ, ഉറച്ച സംസാരം, ബുദ്ധിയുടെ തിളക്കമുള്ള കണ്ണുകൾ.

അവന് സ്കൂളിൽ പോകാൻ മടിയാണെന്നാണ് അമ്മ പറയുന്നത്. സ്കൂളിലേക്കെന്നും പറഞ്ഞ് രാവിലെ യൂണിഫോമൊക്കെയിട്ട് ഇറങ്ങും. മകൻ ക്ലാസ്സിൽ ചെന്നിട്ട് ദിവസങ്ങളായെന്നു ടീച്ചർ പറഞ്ഞപ്പോഴാണ് അവൻ സ്കൂളിലേക്കല്ല പോകുന്നതെന്ന് അമ്മ അറിയുന്നത്. അവനോടു വിളിച്ച് ചോദിച്ചപ്പോൾ സത്യം പുറത്തുവന്നു. സ്കൂളിനടുത്ത് ഒരു പാടമുണ്ട്. അവിടെ മീൻപിടിക്കാൻ ആളുകൾകാണും. ദിവസവും അവിടെ പോയി ചൂണ്ടയിടലാണ് പരിപാടി. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു േതാർത്തുമുണ്ട് എടുക്കും. ഇതുടുത്താണ് ചൂണ്ടയിടുന്നത്. അതുകൊണ്ട് യൂണിഫോമിൽ ഈ കള്ളക്കളിയുടെ തെളിവുകളൊന്നും കാണില്ല. എല്ലാം ഭദ്രം.

രോഹന്റെ അച്ഛൻ വടക്കൻ കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയിൽ ഒരിക്കലേ വീട്ടിലെത്തൂ. അമ്മയും അമ്മൂമ്മയും കൂടി ലാളിച്ചു കുട്ടിയെ വഷളാക്കിയെന്നു പറഞ്ഞ് അച്ഛനും അമ്മയും തമ്മിൽ തല്ലു കൂടുന്നതും പതിവായി.

സ്കൂളിലെ ടീച്ചർമാർക്കും രോഹനെക്കുറിച്ച് പരാതിയൊന്നുമില്ല. പഠിക്കാനൊക്കെ മിടുക്കനാണ്, ഇത്തിരി ഉഴപ്പുണ്ടെന്നേയുള്ളു എന്നാണ് അവർ പറയുന്നത്. വീട്ടിൽ വച്ച് പഠിച്ച കാര്യങ്ങളൊക്കെ ചോദിക്കുമ്പോൾ കൃത്യമായി ഉത്തരം പറയാറുണ്ടെന്നാണ് അമ്മയും പറയുന്നത്. അവരുടെ സാക്ഷ്യങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ക്ലിനിക്കിൽ വച്ചു നടത്തിയ ഐക്യു ടെസ്റ്റുകളുടെ ഫലം. എല്ലാറ്റിനും 100–നു മുകളിൽ മാർക്കുണ്ട്. ശരാശരിക്കും മുകളിൽ ബുദ്ധിയുണ്ടെന്നർഥം.

ഒരു ചിത്രകഥാപുസ്തകം നൽകി അതു വായിക്കാൻ പറഞ്ഞപ്പോഴാണ് രോഹന്റെ യഥാർഥപ്രശ്നം എന്താണെന്നതിന് ഉത്തരം ലഭിച്ചത്. പുസ്തകം നോക്കി അവൻ കഥ വായിച്ചു. നന്നായി തന്നെ വായിക്കുന്നുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ്, പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ല അവൻ വായിക്കുന്നത്. ചിത്രങ്ങൾ നോക്കി അതിൽ നിന്നും സംഭാഷണങ്ങൾ ഊഹിച്ചെടുത്ത് വായിച്ചിരിക്കുന്നു. ഡിസ്ലെക്സിയ എന്ന എഴുത്തിലും വായനയിലുമുള്ള വൈകല്യമാണെന്നു സംശയലേശമന്യേ തെളിഞ്ഞു.

ഇങ്ങനെയുള്ള കുട്ടികൾക്ക് പഠിച്ച കാര്യങ്ങൾ നന്നായി പറയാൻ പറ്റും. പക്ഷേ എഴുതിയൊപ്പിക്കാൻ സാധിക്കില്ല. വായിക്കാനും പ്രയാസമായിരിക്കും. എഴുതിയാൽ തന്നെ അതിൽ കുത്തും കോമയുമൊന്നും കാണില്ല. വ്യാകരണവും ശരിയാകില്ല. കണക്കിലെ ഏതെങ്കിലും പ്രശ്നം കൊടുത്താൽ മനക്കണക്കായി അതിനുള്ള ഉത്തരം പറയും, വഴിയെഴുതി ചെയ്യാൻ പറ്റില്ല. ചോദിക്കുമ്പോൾ എത്ര മണി മണിയായി ഉത്തരം പറഞ്ഞാലും പരീക്ഷാപേപ്പറിൽ അതു കാണില്ല. ഇതൊരു പ്രത്യേകശേഷിയുമായി ബന്ധപ്പെട്ട പഠനപ്രശ്നമായതിനാൽ ആരും തിരിച്ചറിയാറില്ല. കുട്ടി ഉഴപ്പുന്നതാണെന്നേ കരുതൂ.

നാണക്കേടു ഭയന്നാണ് രോഹൻ സ്കൂളിൽ പോക്കു നിർത്തിയത്. അത് അമ്മ അറിയാതിരിക്കാൻ സ്കൂൾ സമയമാകുമ്പോൾ എന്നും വീട്ടിൽ നിന്നിറങ്ങും. വൈകുന്നേരം കൃത്യസമയത്തു തിരിച്ചുകയറും.

നമ്മുടെ തലച്ചോറിന്റെ ഇടത് അർധഭാഗത്താണ് വായനയും എഴുത്തുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളുള്ളത്. കുട്ടികളിൽ ഈ ഭാഗം വേണ്ടപോലെ വികാസം പ്രാപിക്കാതെ വരുമ്പോഴാണ് ഇത്തരം നൈപുണികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാൽ ഇവരിൽ വലത് അർധഗോളത്തിനു പ്രശ്നമൊന്നുമുണ്ടാവില്ല. അതിനാൽ ഈ ഭാഗത്തിനു സ്വാധീനമുള്ള സാമൂഹികശേഷികളും സാങ്കേതിക കഴിവുകളും എല്ലാം ഇവരിൽ മികച്ചു നിൽക്കും.

രോഹനും പാഠ്യേതരമായ ചില മേഖലകളിൽ അസാധാരണമായ കഴിവുണ്ടായിരുന്നു. വെറുതെ ചൂണ്ടയിടുക മാത്രമല്ല ചെയ്തത്. വിവിധ മീനുകളേക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച്ും ഏതാണ്ടെല്ലാ വിവരങ്ങളും മനസ്സിലാക്കിവച്ചിട്ടുണ്ട്. തനിയെ നീന്തലും പഠിച്ചു. ക്യാമറയാണ് മറ്റൊരു ഇഷ്ടം. വിവിധ കാമറകളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചുമെല്ലാം നല്ല ഗ്രാഹ്യമുണ്ട്. ഒരു വഴി അടഞ്ഞവനു മുമ്പിൽ ഒമ്പതുവഴി തുറക്കുമെന്നു പറഞ്ഞപോലെയാണ് കാര്യങ്ങൾ.

കുട്ടിയുടെ പ്രശ്നത്തേക്കുറിച്ച് വിശദമായി അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഇത് നാഡികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ഒരു ക്രമക്കേടാണ്. അതു മരുന്നു കൊടുത്തും മറ്റും പൂർണമായി പരിഹരിക്കാനാവില്ല. പ്രത്യേക പരിശീലനം നൽകിയും കുട്ടിക്ക് സ്വാധീനമുള്ള മറ്റു ശേഷികൾ വികസിപ്പിച്ചെടുത്തും മുന്നോട്ടു പോകണം. രോഹന് പ്രത്യേക പഠനവൈകല്യങ്ങളുണ്ടെന്നു പറഞ്ഞ് അധ്യാപകർക്ക് കത്തു കൊടുത്തുവിട്ടു. അവനെ തനിയെ ഇരുത്തി പ്രത്യേകമായി വായനയുടെയും എഴുത്തിന്റെയും അടിസ്ഥാനശേഷികൾ ഉറപ്പിക്കാൻ വേണ്ട പരിശീലനം നൽകാൻ അതോടെ അധ്യാപകർ ശ്രദ്ധിച്ചു. എല്ലാവരുടേയും സഹകരണവും സ്നേഹവും കൂടിയായപ്പോൾ പ്രശ്ന്ങളൊക്കെ ഭാഗികമായി പരിഹരിക്കപ്പെട്ടു.

എന്തുകൊണ്ട് പിന്നാക്കമാകുന്നു?

കുട്ടികൾ പഠനത്തിൽ പിന്നാക്കമാകാൻ പല കാരണങ്ങളുണ്ട്. അതുകൊണ്ടു തന്നെ പഠനപ്രശ്നങ്ങളുമായി ഒരു കുട്ടി വന്നാൽ വിശദമായ, ഏതാണ്ട് 12 ഘട്ടങ്ങളായുള്ള ഒരു അസസ്മെന്റിനു ശേഷമാണ് പ്രശ്നമെന്താണെന്നു ഉറപ്പിച്ചു പരിഹരിക്കുന്നത്.

പഠനത്തിൽ പിറകോട്ടുപോകാനുള്ള പ്രധാന കാരണം ബുദ്ധിപരമായ നിലവാരം അഥവാ ഐക്യു കുറയുന്നതാണ്. ഗ്രഹണശേഷി കുറഞ്ഞ ഇത്തരം കുട്ടികൾക്ക് നിലവിലുള്ള പഠനഭാരം ലഘൂകരിച്ചു നൽകണം. രണ്ടാമത്തെ കാരണം എഡിഎച്ച്ഡി അഥവാ ശ്രദ്ധാവൈകല്യമാണ്. മരുന്നുകളും പ്രത്യേക പരിശീലനങ്ങളും വഴി പരിഹരിക്കാം. അടുത്തത് പ്രത്യേക പഠനവൈകല്യങ്ങളാണ്. ഇവരിൽ ഐക്യു സാധാരണമായിരിക്കും. വായനയിലോ എഴുത്തിലോ കണക്കു പഠിക്കുന്നതിലോ പ്രയാസമനുഭവപ്പെടും. ഉൽകണ്ഠയും വിഷാദവുമൊക്കെ പോലെയുള്ള വൈകാരികമായ തകരാറുകളാണ് മറ്റൊരു കാരണം.

ബാഹ്യമായ കാരണം കൊണ്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തലച്ചോറിലെ രാസഘടകങ്ങളുടെ വ്യതിയാനം കൊണ്ടും വൈകാരിക തകരാറുകൾ വരാം. ഒബ്സസീവ് കംപൽസീവ് ഡിസോഡർ ആണ് അടുത്തത്. അമിതമായ ഒബ്സഷനും പരിപൂർണതയ്ക്കായുള്ള പരിശ്രമവും മൂലം പഠിച്ചു തീരാതെ വരുന്നു. ഔഷധങ്ങളും ബിഹേവിയർ തെറപ്പിയുമാണ് പരിഹാരം. പഠനരീതിയിലെ പ്രശ്നങ്ങൾ, മരുന്ന്, ടിവി അടിമത്തം, ഉറക്കപ്രശ്നങ്ങൾ, കൂട്ടുകൂടിയുള്ള ഉഴപ്പ്, കുടുംബപ്രശ്നങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളും കുട്ടികളെ പഠനത്തിൽ മോശക്കാരാക്കാം.

രോഹന്റെ കാര്യത്തിലേക്കു വരാം. തനിയെ പരീക്ഷ എഴുതാൻ അവനു കഴിയില്ലായിരുന്നു. അതുകൊണ്ട് പത്താം ക്ലാസ്സായപ്പോൾ രോഹനു പകരം എഴുതാൻ ഒരു സ്ക്രൈബിനെ വയ്ക്കാൻ തീരുമാനിച്ചു . ചോദ്യം വായിച്ചുകേട്ട് രോഹൻ ഉത്തരം പറഞ്ഞുകൊടുക്കും. സ്ക്രൈബായുള്ള ആൾ അത് എഴുതും. പത്താം ക്ലാസ്സ് പരീക്ഷ രോഹൻ നന്നായി തന്നെ പാസ്സായി.

വീണ്ടും അക്കാദമിക് പഠനമെന്നത് അവനു പ്രയാസമാണെന്നു പറഞ്ഞതിനാൽ ബന്ധുവിന്റെ സ്റ്റുഡിയോയിൽ പരിശീലനത്തിനു വിട്ടു. ഇന്നവൻ മികച്ച ഫോട്ടോഗ്രാഫറാണ്. അവന്റെ പ്രശ്നമെന്താണെന്നു തിരിച്ചറിയാതിരുന്നെങ്കിൽ ഇന്നവൻ വെറും സ്കൂൾ ഡ്രോപ് ഔട്ട് മാത്രമായിരുന്നേനേ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വർഗീസ് പുന്നൂസ്

സൈക്യാട്രിസ്റ്റ്, കോട്ടയം

Tags:
  • Manorama Arogyam
  • Health Tips