Monday 22 October 2018 02:15 PM IST : By സ്വന്തം ലേഖകൻ

രണ്ടു മാസം കൊണ്ട് കുറച്ചത് 14 കിലോ; ചിക്കനും ബർഗറുമൊന്നും ഉപേക്ഷിക്കാതെ തന്നെ വണ്ണം കുറച്ച കിരണിന്റെ ഡയറ്റ്പ്ലാൻ ഇങ്ങനെ

kiran

വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് ഭക്ഷണം നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോഴാണ്, പ്രത്യേകിച്ച് ഭക്ഷണപ്രിയരായവരെ സംബന്ധിച്ച് ഡയറ്റ് ചെയ്തു വണ്ണം കുറയ്ക്കുന്നത് ബാലികേറാമല തന്നെയാണ്. ഒന്നാന്തരം ഭക്ഷണപ്രേമിയായ കടവന്ത്ര സ്വദേശി കിരൺ ജോസ് വണ്ണം കുറയ്ക്കാൻ ശ്രമിച്ചപ്പോഴത്തെ ആദ്യ കടമ്പ ഡയറ്റ് ആയിരുന്നു. ഭക്ഷണപ്രേമം ഉപേക്ഷിക്കാതെ തന്നെ രണ്ടു മാസം കൊണ്ട് 14 കിലോയാണ് കിരൺ കുറച്ചത്. ആ അനുഭവപാഠങ്ങൾ അറിയാം.

വണ്ണം കൂട്ടിയത് പരുക്കും ഭക്ഷണപ്രേമവും

‘‘ഞാനിപ്പോൾ ബി.ടെക് മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ്.രണ്ടു വർഷം മുൻപു വരെ ബാസ്കറ്റ് ബോൾ കളിച്ചിരുന്നു. ആ സമയത്ത് ശരീരമൊക്കെ നന്നായി ശ്രദ്ധിക്കുമായിരുന്നു, നല്ല ഫിറ്റ്നസ്സുമുണ്ടായിരുന്നു. കളിക്കുമ്പോൾ ഒരു ലിഗമെന്റ് പരുക്ക് വന്നതോടെ കളി നിലച്ചു. ഞാനൊരു നല്ല ഭക്ഷണപ്രേമിയുമാണ്. കളിയൊന്നുമില്ലാതിരുന്ന സമയത്ത് ആസ്വദിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി. ചിക്കനാണ് പ്രിയപ്പെട്ട ഭക്ഷണം. കെഎഫ്സിയും ഫാസ്റ്റ് ഫൂഡും ഒക്കെ ആവോളം കഴിച്ചു. അതോടെ ശരീരം പെട്ടെന്നു വണ്ണം വച്ചുതുടങ്ങി. വയറും ചാടി. അൽപ സമയം പോലും കളിക്കാൻ പറ്റാതായി. അങ്ങനെയാണ് ശരീരം കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും വണ്ണം കുറയ്ക്കണമെന്നും തീരുമാനിച്ചത്.

കടവന്ത്ര തന്നെയുള്ള ഗ്ലാഡിയേറ്റർ ജിമ്മിലാണ് ചേർന്നത്. അവിടത്തെ ട്രെയിനർ വികാസിനോട് എന്റെ ഉദ്ദേശ്യം പറഞ്ഞു. ആദ്യം വേണ്ടത് വണ്ണം കുറയ്ക്കുകയാണ്. അതിനുശേഷം മസിൽ പെരുപ്പിക്കണം. ഏതെങ്കിലും ഒരു ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യുന്നതാണ് നല്ലതെന്നു വികാസും പറഞ്ഞു. അങ്ങനെ വ്യായാമം ആരംഭിച്ചു. വികാസ് തന്നെ തയാറാക്കിയ ഡയറ്റ് പ്ലാനും പറഞ്ഞുതന്നു.

വ്യായാമം ആദ്യമൊക്കെ കഠിനമായി തോന്നി. ട്രെഡ്മില്ലും എലിപ്റ്റിക്കലും പോലുള്ള പൊതുവായ വ്യായാമങ്ങൾ കൂടാതെ ഒാരോ ശരീരഭാഗത്തിനും വേണ്ടിയുള്ള പ്രത്യേക വ്യായാമങ്ങളുമുണ്ടായിരുന്നു. ആദ്യമൊക്കെ വ്യായാമം മുറിഞ്ഞുപോയി. പതിയെ ഞാൻ ബാലൻസ് വീണ്ടെടുത്തു.

kiran-1

ആദ്യം പാളി, പിന്നെ ട്രാക്കിലായി

ഡയറ്റ് തുടങ്ങി ആദ്യ ദിവസങ്ങളിൽ അത് മുൻപോട്ടു കൊണ്ടുപോകാൻ ഞാനേറെ പണിപ്പെട്ടു. നന്നായി ചോറ് കഴിച്ചിരുന്ന, വറുത്ത ചിക്കൻ പ്രാണനായിരുന്ന ഞാൻ ഇതൊന്നുമില്ലാത്ത ഡയറ്റുമായി മല്ലിടുക തന്നെയായിരുന്നു. ഒന്നു രണ്ടു തവണ ഡയറ്റിങ് പാളി.

എന്റെ മാതാപിതാക്കൾ വിദേശത്താണ്. കടവന്ത്രയിലെ ഫ്ലാറ്റിൽ തനിച്ചാണ് താമസം. അതു നന്നായി എന്ന് പലപ്പോഴും തോന്നി. അച്ഛനും അമ്മയും ഈ ഡയറ്റ് കണ്ടിരുന്നെങ്കിൽ തുടരാൻ സമ്മതിക്കില്ലായിരുന്നു.

ഏഴ് ദിവസവും ഈ ഡയറ്റ് തന്നെ സാധിക്കില്ല. അതുകൊണ്ട് ഒരു ട്രിക്ക് പ്രയോഗിച്ചു. ആഴ്ചാവസാനം ചീറ്റ് ഡേ ആക്കി. ഞായറാഴ്ച ഞാൻ എനിക്കേറെയിഷ്ടമുള്ള അൽഫാമും ഫാസ്റ്റ് ഫൂഡും...അങ്ങനെ ഇഷ്ടമുള്ളതെന്തും ഇഷ്ടംപോലെ കഴിക്കും. എന്നിട്ട് അന്നു കുറച്ചധികം സമയം വ്യായാമം ചെയ്യും. ബാക്കി ആറു ദിവസം ഡയറ്റ് ഫൂഡ്.

അതോടെ പിടിച്ചുനിൽക്കാമെന്നായി. രാവിലെ രണ്ടോ മൂന്നോ കഷണം ബ്രെഡ്, കൂടെ പാൽ അല്ലെങ്കിൽ കട്ടൻചായ. ചില ദിവസങ്ങളിൽ മുട്ട കഴിച്ചിരുന്നു. ഉച്ചയ്ക്ക് സാലഡാണ് പ്രധാനഭക്ഷണം. ലെറ്റ്യൂസ്, തക്കാളി, കുക്കുമ്പർ, ആപ്പിൾ എന്നിങ്ങനെ പഴവർഗങ്ങളോ പച്ചക്കറികളോ കൊണ്ടുള്ള സാലഡ്. ചിലപ്പോൾ കാബേജ് വെള്ളത്തിലിട്ടു തിളപ്പിച്ച് രുചിക്ക് കുരുമുളകും ഉപ്പും തൂവി കഴിക്കുമായിരുന്നു. വൈകുന്നേരം രണ്ട് വലിയ കഷണം ബീഫ് അല്ലെങ്കിൽ ഒരു കഷണം ചിക്കൻ. വറുത്തു കഴിക്കരുതെന്നു പറഞ്ഞതുകൊണ്ട് വെള്ളത്തിലിട്ട് കുരുമുളകും ഉപ്പും ചേർത്ത് പുഴുങ്ങി കഴിക്കുമായിരുന്നു.

വൈകിട്ട് മൂന്നിനും അഞ്ചിനുമിടയ്ക്കാണ് ജിമ്മിൽ പോയിരുന്നത്. ജിം കഴിഞ്ഞ് വരുമ്പോൾ നല്ല വിശപ്പായിരിക്കും. പക്ഷേ, ഉടനെ വയറുനിറച്ച് കഴിക്കരുതെന്നു ട്രെയിനറുടെ നിർദേശമുണ്ടായിരുന്നു. അതുകൊണ്ട് മുട്ടയും പാലും കഴിക്കും.

അടിസ്ഥാന ഭക്ഷണക്രമം ഇങ്ങനെയായിരുന്നെങ്കിലും ദിവസവും ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. എങ്കിലും എണ്ണയും കൊഴുപ്പും മധുരവും അധികമാകാതെ ശ്രദ്ധിച്ചിരുന്നു. ജ്യൂസാണെങ്കിലും പാലാണെങ്കിലും മധുരം ചേർക്കുമായിരുന്നില്ല.

kiran-2

രണ്ടു മാസം കൊണ്ട് കുറഞ്ഞത് 14 കിലോ

ആദ്യമൊക്കെ കൂട്ടുകാർ കെഎഫ്സിയിലേക്ക് ഒക്കെ പോകുമ്പോൾ വിളിച്ചാലും ഞാൻ പോകില്ലായിരുന്നു. ചിക്കൻ കണ്ടാൽ ഡയറ്റൊക്കെ തെറ്റിച്ചാലോ എന്നു പേടിച്ചു. പക്ഷേ, ഡയറ്റിന്റെ മേൽ നിയന്ത്രണം വന്നുകഴിഞ്ഞ് ഒരു ദിവസം ഞാൻ പുറത്തുപോയി. പുറത്തുപോകും മുൻപ് ഡയറ്റനുസരിച്ചുള്ള ഭക്ഷണം വയറുനിറയെ കഴിച്ചു. കൂട്ടുകാർ ബർഗറും പിസയും ഒക്കെ കഴിച്ചിരുന്നപ്പോഴും ഞാൻ കൂളായി ഇരുന്നു.

ഫെബ്രുവരിയിലാണ് ജിമ്മിൽ ചേർന്നത്. മേയ് ആയപ്പോഴേക്കും 14 കിലോ കുറച്ച് 82 ൽനിന്നും 68 കിലോ ആയി. ഇനി പേശീഭാരം കൂട്ടാനാണ് ശ്രമം. അതിനുള്ള വ്യായാമങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു.’’ കിരണിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം.