Saturday 19 January 2019 04:13 PM IST

ഇതെന്തൊരു ‘മറിമായം’; ഒറ്റയടിക്ക് മഞ്ജു കുറച്ചത് 12 കിലോ; സീക്രട്ട് നാലുതരം ഡയറ്റ് പ്ലാൻ

Asha Thomas

Senior Sub Editor, Manorama Arogyam

manju

മഞ്ജു പത്രോസെന്നു പറഞ്ഞാൽ ശ്രദ്ധിക്കാത്തവരോട് മറിമായത്തിലെ ശ്യാമളയാണ് എന്നു പറഞ്ഞാൽ മതി. മറിമായത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ശ്യാമളയെ പിന്നെ കാണുന്നത് ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിൽ മോഹൻലാലിന് ഉമ്മ കൊടുത്ത സിസിലിയായാണ്.

വീണ്ടുമൊരു മറിമായം ആളുകൾ കാണുന്നത് മഞ്ജു തടി കുറച്ചപ്പോഴാണ്. 12 കിലോയോളം കുറഞ്ഞ് മെലിഞ്ഞു നേർത്ത മഞ്ജുവിനെ കണ്ടവരൊക്കെ പറഞ്ഞു. ‘‘എന്തൊരു മറിമായം. ഇതെങ്ങനെ കുറച്ചെന്ന് ഞങ്ങൾക്കു കൂടി പറഞ്ഞുതരൂ. ചിലർ മാത്രം ഇത്തിരി കുശുമ്പോടെ പറഞ്ഞു. ‘‘മറ്റേ മഞ്ജുവിനെ കാണാനായിരുന്നു ഭംഗി. ഇപ്പോൾ കണ്ടില്ലേ...എന്തൊരു കോലം. വേരിന്റടിയിൽ വച്ച് വലിച്ചതുപോലുണ്ട്. അതോ വല്ല അസുഖവും പിടിച്ചോ’’.

‘‘രണ്ടാമത്തെ കൂട്ടരു പറയുന്നത് ഞാൻ മൈൻഡ് ചെയ്യാറേയില്ല. പഴയ എന്നെ എനിക്കു തന്നെ ഇഷ്ടമായിരുന്നില്ല. വല്ലാണ്ട് തടിച്ച്, ഒട്ടും ഷേപ്പില്ലാതെ. എപ്പോൾ ഡ്രസ്സ് വാങ്ങാൻ പോയാലും കണ്ട് ഇഷ്ടപ്പെടുന്ന ഒരെണ്ണം പോലും എനിക്കു പാകത്തിലുണ്ടാകില്ല. തടി കൂടിക്കൂടി സാരി പോലും ഉടുക്കാൻ വെറുപ്പായിത്തുടങ്ങി.’’ വണ്ണം കുറയ്ക്കാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളേക്കുറിച്ച് മഞ്ജു പറയുന്നു.

manju_1

‘‘എന്റെ അമ്മച്ചി പറയും–സിനിമയിലെ പിള്ളാരൊക്കെ എങ്ങനാ ശരീരം സൂക്ഷിക്കുന്നതെന്നു കണ്ടുപഠിക്ക്. നീ മാത്രം എന്താ ഇങ്ങനെ എന്ന്...? ഉപദേശവും കളിയാക്കലും കേട്ടുമടുത്ത് ഇടയ്ക്ക് ഞാൻ ഡയറ്റ് തുടങ്ങും. പക്ഷേ, അതൊന്നും സ്ഥായിയായില്ല. വണ്ണം കുറയ്ക്കുമെന്നു പരസ്യം കണ്ട് ചില ഹെർബൽ ഡ്രിങ്ക്സ് വാങ്ങി പരീക്ഷിച്ചു. അതു ചീറ്റിപ്പോയപ്പോൾ ചോറ് കഴിക്കുന്നത് നിർത്തി, പിന്നെ പട്ടിണി കിടന്നു. ഗ്രീൻ ടീ കുടിച്ചു, തേനും നാരങ്ങാനീരും കഴിച്ചാൽ വണ്ണം കുറയുമെന്നു കണ്ട് അതും പരീക്ഷിച്ചു. പക്ഷേ, എന്റെ തടിക്കു മാത്രം ഒരു കുലുക്കവുമില്ല.

അങ്ങനെ വിഷമിച്ചിരുന്നപ്പോഴാണ് മഞ്ജു പിള്ള ചേച്ചി പറഞ്ഞ് ഞാൻ ഡയറ്റീഷൻ ലക്ഷ്മി മാഡത്തെ കുറിച്ചറിയുന്നത്. അന്നെനിക്ക് 87.5 കിലോ ഭാരമുണ്ട്. മാഡം എന്നോട് ഏറെ നേരം ഫോണിൽ സംസാരിച്ച് ഭക്ഷണശീലങ്ങളൊക്കെ മനസ്സിലാക്കിയെടുത്തു. ഫോട്ടോ കണ്ട് ശരീരപ്രകൃതം മനസ്സിലാക്കി. അങ്ങനെ എ ടു ഇസഡ് കാര്യങ്ങളൊക്കെ പഠിച്ചിട്ടാണ് ഡയറ്റ് തുടങ്ങിയത്.

ഡയറ്റീഷന്റെ അടുത്ത് ഡയറ്റിങ് തുടങ്ങുമ്പോൾ പലതുണ്ട് കാര്യം. സഹായിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒരാളുണ്ടാകും. ആവശ്യമുള്ള പോഷകങ്ങൾ കിട്ടുമെന്ന് അവരുറപ്പാക്കും. അതുകൊണ്ട് പോഷകക്കുറവ് വരില്ല. ഒാരോ ആഴ്ചത്തേക്കും കൃത്യമായ ടാർഗറ്റ് വച്ചിട്ടുണ്ട്. ഒരാഴ്ച കഴിയുമ്പോൾ ഒട്ടും ഭാരം കുറഞ്ഞില്ലെങ്കിൽ നമ്മൾ കള്ളത്തരം കാണിച്ചെന്ന് അവരറിയും. അതു നാണക്കേടല്ലേ? പിന്നെ, കാശു മുടക്കി ചെയ്യുന്നതുകൊണ്ട് നമുക്ക് ഒരു ഉത്തരവാദിത്തമൊക്കെ കാണും.

manju_2

നാലു തരം ഡയറ്റാണ് ഉണ്ടായിരുന്നത്. ആദ്യ ഒരാഴ്ച ഒരു ഡയറ്റ്. അടുത്താഴ്ച വേറൊന്ന്. റാഗി, ബാർലി, മുട്ട ഇതൊക്കെയായിരുന്നു പ്രധാനഭക്ഷണം. പ്രാതലിന് ഒാട്സ് കാച്ചിയതോ റാഗി കൊണ്ടുള്ള വിഭവങ്ങളോ കഴിക്കും. കൂടെ രണ്ട് മുട്ടവെള്ളയും. ഉച്ചയ്ക്ക് രണ്ടു മൂന്നു തരം കറി ചോറുപോലെ കഴിക്കും. കൂടെ മീനോ ചിക്കനോ കറിവച്ചത് മൂന്നു നാല് കഷണം കഴിക്കും. എട്ടു മണിക്കു മുൻപേ രാത്രി ഭക്ഷണം കഴിക്കുമായിരുന്നു. പച്ചക്കറി ജ്യൂസും മുട്ടവെള്ളയുമൊക്കെയായിരുന്നു പതിവ്.

ഡയറ്റ് ചെയ്ത അഞ്ചാറു മാസം അരി ഭക്ഷണവും ഗോതമ്പും തൊട്ടിട്ടേയില്ല. ദിവസം രണ്ടുനേരം ചായ കുടിക്കുമായിരുന്നു പാലില്ലാതെ. എന്നുവച്ച് അത്ര കഠിനമായ ചിട്ടയുമല്ല. ചിലപ്പോഴോക്കെ ബന്ധുവീടുകളിൽ പോകുമ്പോൾ അവരേറെ സ്നേഹത്തോടെ ഭക്ഷണം ഒരുക്കിവയ്ക്കും. അങ്ങനെ കഴിക്കേണ്ടിവരുമ്പോൾ പിറ്റേന്നത്തെ ഡയറ്റിൽ അതു പരിഹരിക്കും.

ഡയറ്റിങ് സമയത്ത് വിശപ്പല്ലായിരുന്നു പ്രശ്നം. ചില ഭക്ഷണങ്ങൾ കാണുമ്പോൾ കഴിക്കാതെ വയ്യ എന്നുതോന്നും. എരിവും പുളിയും ചോറുമൊന്നും ചെല്ലാതെ നാവൊക്കെ മരവിച്ചിരിക്കുകയല്ലേ... അതിന്റെ വലിയൊരു മാനസികസംഘർഷം തോന്നും. നല്ല വണ്ണമുണ്ടായിരുന്നതുകൊണ്ട് ഡയറ്റിന്റെ ആദ്യത്തെ രണ്ടാഴ്ച ശുദ്ധ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു. എനിക്കാണെങ്കിൽ മീൻ ഇല്ലാതെ വയ്യ. അന്നു ശരിക്കു കഷ്ടപ്പെട്ടു.

ഡയറ്റിലായതുകൊണ്ട് ലൊക്കേഷൻ ഭക്ഷണം കഴിക്കാൻ പറ്റില്ലായിരുന്നു. എനിക്ക് സ്വന്തമായി ഒരു പോർട്ടബിൾ അടുക്കളയുണ്ട്. ഒരു കുഞ്ഞ് ഇൻഡക്‌ഷൻ അടുപ്പ്, മിനി മിക്സി, പാത്രങ്ങൾ... ഇതൊക്കെയായിട്ടാണ് ഷൂട്ടിനു പോവുക. അതിരാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് ഭക്ഷണമൊക്കെ ഉണ്ടാക്കിയിട്ട് എട്ടു മണിയോടെ ഷൂട്ടിനു പോകും. വ്യായാമം ചെയ്താൽ നല്ലതാണെന്നു ഡയറ്റീഷൻ പറഞ്ഞിരുന്നെങ്കിലും ചെയ്യാൻ സാധിച്ചില്ല.

കുറച്ച് കഷ്ടപ്പെട്ടാലെന്താ, അഞ്ചു മാസത്തെ ഡയറ്റിങ് കൊണ്ട് 11.5 കിലോയാണ് കുറഞ്ഞത്. ഡ്രസ് എടുക്കാൻ ചെന്നപ്പോഴാണ് രസം. ലാർജ് നോക്കിയപ്പോൾ അത് അയവാണ്. ഡബിൾ എക്സൽ സൈസിൽ കിടന്ന ഞാൻ മീഡിയത്തിൽ ലാൻഡ് ചെയ്തിരിക്കുന്നു.

മിക്കവരും, വണ്ണം കുറച്ചത് നന്നായി എന്നു പറഞ്ഞു. പക്ഷേ, ചില കമന്റ് കേട്ട് വിഷമം തോന്നി. വണ്ണം കുറയ്ക്കാൻ പോകുന്നവരോട് എനിക്കു പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചാൽ പിന്നെ ദയവു ചെയ്ത് കണ്ണാടിയോടും മനസ്സിനോടും മാത്രം അഭിപ്രായം ചോദിക്കുക. മറ്റൊന്നിനും ചെവി കൊടുക്കരുത്.’’

ഒഴിവാക്കിയത്

∙ ചോറ്, അരി പലഹാരങ്ങൾ

∙ ഗോതമ്പ്

െചയ്തത്

∙ ചോറു പോലെ കറികൾ കഴിച്ചു

∙ ചിക്കനും മീനും കറിവച്ച്

കഷണങ്ങൾ മാത്രം കഴിച്ചു

∙ പച്ചക്കറി–ഫ്രൂട്ട് ജ്യൂസ് കുടിച്ചു