Thursday 09 January 2020 03:31 PM IST

യുഎസിലെ സോഫ്‌റ്റ്‍വെയർ പണി കളഞ്ഞ് നാട്ടിൽ കൃഷിക്കിറങ്ങി; ഇന്ന് ജൈവരുചി വിളമ്പുന്ന ഒന്നാന്തരം സംരംഭകൻ; മഞ്ജുനാഥിന്റെ വിജയഗാഥ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

manjunath

ആഹാരത്തോടുള്ള സ്നേഹത്തോളം ആത്മാർത്ഥമായി ഒരു സ്നേഹവും ഈ ലോകത്തില്ല’ എന്ന് വിശ്വവിഖ്യാതമായ ഒരു ചൊല്ലുണ്ട്. ആറു വർഷം യുഎസിൽ സോഫ്റ്റ് വെയർ കൺസൽറ്റന്റായിരുന്ന ചേർത്തലക്കാരൻ പി. ആർ. മഞ്ജുനാഥ് ജൈവകൃഷിയെന്ന സ്വപ്നവുമായി നാട്ടിലേക്കു വന്നതിന്റെ പിന്നിലും ഈ സ്നേഹം ഉണ്ട്. വിഷം പുരണ്ട പച്ചക്കറികളും മായം കലർന്ന മസാലപ്പൊടികളുമൊക്കെ മാറ്റി മലയാളിക്ക് നല്ല ശുദ്ധിയുള്ള ആഹാരം നൽകി സ്നേഹിക്കുക എന്ന ലക്ഷ്യം.

2002–ൽ ‘ഹട്ട്സ്’ എന്ന പേരിൽ മഞ്ജുനാഥ് ചേർത്തലയിൽ ഒരു റസ്റ്ററന്റ് തുടങ്ങി. എല്ലാവർക്കും കാണാവുന്ന ഒരു ഒാപ്പൺ അടുക്കള, കളറോ, അജിനോമോട്ടോയോ അഡിറ്റീവുകളോ ചേർക്കാത്ത രുചിയുള്ള വിഭവങ്ങൾ. ആ റസ്റ്ററന്റ് വൻവിജയമായി.

അപ്പോഴും ഗാന്ധിയൻ പ്രസ്ഥാനത്തിലുള്ളവരോടു സംസാരിച്ചും, ഇന്റർനെറ്റിൽ സൂക്‌ഷ്മമായി പരതിയും ഒാർഗാനിക് ആഹാരവിഷയമുൾപ്പെടുന്ന പുസ്തകങ്ങൾ വായിച്ചും മഞ്ജുനാഥ് ജൈവശുദ്ധമായ ആഹാരം എന്ന വിഷയംഹൃദയത്തിൽ പതിപ്പിക്കുകയായിരുന്നു. ആ വർഷം കാന്തല്ലൂരിൽ പത്തേക്കർ സ്ഥലം വാങ്ങി. ഒന്നാം തരം ജൈവകൃഷിയും തുടങ്ങി.

manjunath-2

പുതിയ സ്വപ്നങ്ങൾ

2009ൽ ബെംഗളൂരുവിൽ കുറച്ചു സ്ഥലം വാടകയ്ക്കെടുത്ത് ജൈവകൃഷിയ്ക്കായി മഞ്ജുനാഥ് ഒരു ഫാം തുടങ്ങി. അതിനൊപ്പം ഒരു ഒാർഗാനിക് റസ്റ്ററന്റും പച്ചക്കറികൾ വിൽക്കുന്ന സ്റ്റോറും. അധികം വൈകാതെ, തമിഴ്നാട്ടിൽ തളി എന്ന സ്ഥലത്ത് ജൈവപച്ചക്കറി കൃഷിക്കായി വിപുലമായ രീതിയിൽ ഒരു ഫാം കൂടി തുടങ്ങി. ഇന്ന് മഞ്ജുനാഥിന് ബെംഗളൂരുവിൽ ജൈവപച്ചക്കറികൾ വിൽക്കുന്ന ആറ് ഒാർഗാനിക് ഒൗട്ട്‌ലറ്റുകൾ ഉണ്ട്. തിരുവനന്തപുരത്തും ഒരു ഒൗട്ട്‌ലറ്റ്. ബെംഗളൂരുവിൽ തന്നെ ഒാർഗാനിക് കിച്ചനും, ഒാർഗാനിക് ബേക്കറിയും.

മഞ്ജുനാഥ് ബെംഗളൂരുവിൽ കൃഷി ചെയ്യുന്നത് പച്ചക്കറിയും കോഴിയുമാണ്. പച്ചക്കറികളിൽ തക്കാളി, ബീൻസ്, കത്തിരിക്ക, വെണ്ടയ്ക്ക, ചേന, ചീര... എല്ലാമുണ്ട്. നെല്ല്, തേങ്ങ, മാങ്ങ എല്ലാം വിളവെടുക്കുന്നത് പാലക്കാട്ടെ ഒരു ഫാമിൽ നിന്നാണ്. പാലക്കാട് കുറച്ചു ജൈവകർഷകരുമായി ചേർന്ന് അദ്ദേഹം നെൽകൃഷി ചെയ്യുന്നുണ്ട്. എണ്ണ മരച്ചക്കിലാണ് ആട്ടിയെടുക്കുന്നത്. ഇതിനൊക്കെ പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് , ജയ്പൂർ, ഡെറാഡൂൺ എന്നിവിടങ്ങളിലായി ഒട്ടേറെ ജൈവകർഷകരോടു കൈകോർത്തുള്ള കൃഷിക്കു കൂടി അദ്ദേഹം തുടക്കമിട്ടു. അങ്ങനെ ലൂമിയർ ഒാർഗാനിക് എന്ന ജൈവസംരംഭം പിറവിയെടുത്തു.

manju-nath-5

ജൈവരുചി ഭാവങ്ങൾ

2018 ജൂണിൽ മഞ്ജു നാഥ് വീണ്ടും ചേർത്തലയിലെത്തി. ഹട്ട്സിന് ജൈവരുചിയുടെ ഒരു ‘കംപ്ലീറ്റ് മേക് ഒാവർ’ നൽകാനായിരുന്നു ആ വരവ്. അതിനായി ബെംഗളൂരുവിൽ നിന്ന് ഹട്ട്‌സിലേക്കു ജൈവകൃഷിവിഭവങ്ങൾ കൊണ്ടു വരാനും തീരുമാനമായി. എല്ലാ ആഴ്ചയിലും ബെംഗളൂരുവിൽ നിന്ന് എല്ലാ സാധനങ്ങളും ഹട്ട്‌സിലെത്തുന്നു. ഈ പച്ചക്കറികളെല്ലാം സൂക്ഷിക്കാൻ ഒരു കൂളിങ് ഏരിയ തന്നെ ഹട്ട്സിലുണ്ട്.

‘‘എനിക്കാകുന്നത്രയും ജൈവകൃഷി ചെയ്യുകയും ബാക്കി മറ്റു ജൈവകർഷകരിൽ നിന്നു വാങ്ങുകയുമാണെന്ന് മഞ്ജുനാഥ് പറയുമ്പോൾ അവിടെ ആത്മഹർഷത്തിന്റെ പ്രതിഫലനമുണ്ട്.

manjunath-1

സ്വാദേറും വിഭവങ്ങൾ

ഹട്ട്സിലെ പ്രഭാത വിഭവങ്ങൾ പുട്ട്– കടല, അപ്പം – മുട്ടക്കറി, അപ്പം – കടല, ദോശ, പൂരി, ഇടിയപ്പം... അങ്ങനെ നീളുന്നു. അപ്പത്തിന്റെ മാവിൽ യീസ്റ്റ് ചേർക്കില്ല. തേങ്ങാവെള്ളം പുളിപ്പിച്ച് പഞ്ചസാര ചേർത്തു മാവിൽ യോജിപ്പിക്കുകയാണ്. വെജിറ്റേറിയൻ മീൽസ് ആണ് പ്രധാനം. ഒപ്പം ഫിഷ് കറിയും.

കേരളവിഭവങ്ങൾ മാത്രമല്ല, സൗത്തിന്ത്യൻ, നോർത്തിന്ത്യൻ വിഭവങ്ങളുമുണ്ട്. ചൈനീസ് രുചിക്കൂട്ടും... ആരെയും ഹട്ട്സ് നിരാശരാക്കില്ല. അത്താഴത്തിന് പൊറോട്ട, ചപ്പാത്തി, അപ്പം, മുട്ട... അങ്ങനെ വൈവിധ്യങ്ങളേറെ. പൊറോട്ടയ്ക്കുള്ള മൈദ ഒാർഗാനിക് ഗോതമ്പിൽ നിന്നുള്ളതാണ്. മുഴു ഗോതമ്പു പൊറോട്ടയുമുണ്ട്.

ഡാൽഡയ്ക്കു പകരം നെയ്യ്.. പാമോയിലിനു പകരം ശുദ്ധ വെളിച്ചെണ്ണയോ സൂര്യകാന്തിഎണ്ണയോ... വൈക്കത്തു നിന്നുള്ള നല്ല പശുവിൻ പാലും തൈരും, തണ്ണീർമുക്കത്തു നിന്നുള്ള ഫ്രഷായ മീൻ, ചേർത്തലയിലെ നാടൻ മുട്ടകൾ... ഇതു കൂടി ചേരുമ്പോൾ ഹട്ട്സ് ജൈവപൂരിതമാകുന്നു.

‘ഒാർഗാനിക് ഭക്ഷണത്തെക്കുറിച്ചുള്ള ബോധ്യം ഒരു പ്രണയം പോലെയാണ്. അത് കഴിക്കുന്നവരുടെ അസ്ഥിയിൽ പിടിക്കണം’ – മഞ്ജുനാഥ് പറഞ്ഞു നിർത്തി. അപ്പോഴേയ്ക്കും ഒാട്ടുപാത്രത്തിൽതവിടുള്ള ചോറും കറികളും മീനും കൂടെ പായസവുമൊക്കെ ചേർന്നൊരു ‘സ്പെഷൽ ഒാർഗാനിക് ലഞ്ച് ’മുൻപിലെത്തിയിരുന്നു.

manjunath