Saturday 31 August 2019 12:28 PM IST : By സ്വന്തം ലേഖകൻ

തീവ്രമായ സ്വയംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കും! ദുശ്ശീലമായി മാറിയവർക്ക് പരിഹാര വഴികൾ

mb

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

1. സ്വയംഭോഗം ആരോഗ്യത്തിനു നല്ലതല്ല എന്നു പറയുന്നതു ശരിയാണോ? എന്തുകൊണ്ട്?

സ്വയംഭോഗം മിതമാണെങ്കിൽ ആരോഗ്യകരമാണ്. വ്യായാമത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിയിൽ ഉണ്ടാകുന്ന തലച്ചോറിലെ രാസവ്യതിയാനങ്ങൾ സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോഴും ഉണ്ടാകുന്നുണ്ട്. പ്രധാനമായും എൻഡോർഫിൻ എന്ന ഹാപ്പിനസ് ഹോർമോൺ ഈ സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്നു. എങ്കിലും സ്വയംഭോഗത്തോടെ വരുന്ന ക്ഷീണവും മനസ്സിന്റെ അസ്വസ്ഥതകളും പലരിലും കുറ്റബോധം ഉണ്ടാക്കാറുണ്ട്. എന്നാൽ അമിതമല്ലാത്ത സ്വയംഭോഗം ശാരീരിക ആരോഗ്യനഷ്ടം ഉണ്ടാക്കുന്നില്ല എന്നു പഠനങ്ങൾ വ്യക്തമായി പറയുന്നു.

mb1

2. സ്വയംഭോഗം പലരിലും കുറ്റബോധവും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാക്കാറുണ്ട്. എന്തുകൊണ്ടാണിത്?

പല മതവിശ്വാസങ്ങളും ഈ കാര്യത്തെ ‘പാപം’ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതുകൊണ്ടു പലരിലും മാനസികാസ്വാസ്ഥ്യവും കുറ്റബോധവുമൊക്കെ രൂപപ്പെടാം. ഒരു വ്യക്തിക്ക് ഒരേ സമയം മാനസികസമ്മർദവും സന്തോഷവും അനുഭവിക്കാൻ എളുപ്പമല്ല. ഇക്കാരണത്താൽ സ്വയംഭോഗത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് ആ പ്രവൃത്തിയിൽ ഏർപ്പെടുന്ന സമയം ആനന്ദകരമായി തന്നെ തോന്നുമെങ്കിലും തുടർന്ന് ആ വ്യക്തിയുടെ സ്വരൂപിച്ചെടുത്ത ധാർമികമൂല്യവുമായി ഒത്തുപോകുന്നില്ലെങ്കിൽ കുറ്റബോധം ഉണ്ടാവുകയും ചെയ്യാം.

3. സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

mb-2

4. സ്വയംഭോഗം പഠനം, വ്യക്തിജീവിതം ഇവയെ ദോഷകരമായി ബാധിക്കുമോ?

വളരെ സാധാരണമായ ഒരു സംശയമാണിത്. പഠനം പോലെ സൂക്‌ഷ്മശ്രദ്ധ ആവശ്യമായ കാര്യം ചെയ്യുന്നവർക്ക് സ്വയംഭോഗത്തിൽ ഏർപ്പെട്ടശേഷം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്.

സ്വയംഭോഗത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയും ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന ദൃശ്യങ്ങൾ കണ്ടോ, ഭാവനയിൽ കണ്ടുകൊണ്ടോ ആണ് ഇതു ചെയ്യുന്നത്. ഒരു ഉദ്ദീപനത്തോടെ ആരംഭിക്കുന്ന ലൈംഗിക ചിന്തകൾ പലപ്പോഴും മനസ്സിന് ഏറെ ഉന്മേഷം നൽകുന്ന ഭാവനാദൃശ്യങ്ങൾ നെയ്തെടുക്കും. ഒപ്പം െെലംഗികാവയവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഈ ചെയ്തികളിൽ കുറ്റബോധം ഉള്ളവർ കുറച്ച് നാൾ ഇതിൽ നിന്നു മാറിനിൽക്കുകയും പലപ്പോഴും വീണ്ടും സ്വയംഭോഗത്തിലേക്ക് തിരികെ വരികയും ചെയ്യും. എന്നാൽ ശക്തമായ കുറ്റബോധം ഉള്ളവർ വ്യക്തിപരമായി തളരാൻ ഇത് ഇടയാക്കാം. അതു പഠനത്തെയോ ജോലിയെയോ ബാധിക്കാം.

mb-3

5. അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

mb

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സ്വയംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ

സൈക്കോളജിസ്റ്റ്,

ഗവ. ജനറൽ

ഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ

സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

Tags:
  • Vanitha Sex