Thursday 23 July 2020 02:23 PM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോൾ മുതൽ കാൻസർ പരിശോധന വരെ; 40 കഴിഞ്ഞാൽ ചെയ്യേണ്ട 10 ആരോഗ്യ പരിശോധനകൾ

checkup

40 വയസ്സ് എന്നത് പുരുഷ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു ഘട്ടത്തിന്റെ തുടക്കമാണ്. പ്രായം കണ്ണുകളിൽ വെള്ളെഴുത്തായും മുടിയിൽ നരയായുമൊക്കെ പ്രകടമാകാൻ തുടങ്ങുന്ന കാലം. ആരോഗ്യത്തിൽ കരുതലുകൾ ആരംഭിക്കേണ്ട സമയമാണിത്. ഈ ശ്രദ്ധ ആരോഗ്യകരമായ വാർധക്യത്തിനുള്ള കരുതൽ നിക്ഷേപമാണ്. ജീവിതശൈലീ രോഗങ്ങൾ മിക്കതും പ്രാരംഭദശയിൽ പ്രകടമായ ലക്ഷണങ്ങളൊന്നും പുറത്തു കാണിക്കാറില്ല. ഈ അവ തിരിച്ചറിയുന്നതിനു വേണ്ടിയാണു വിവിധതരം ഹെൽത് ചെക്കപ്പുകൾ നടത്തുന്നത്.

ഒരു ആരോഗ്യ പ്രശ്നവും അനുഭവപ്പെടുന്നില്ലെങ്കിലും വർഷത്തിലൊരിക്കൽ ഒരു ദിവസം പരിശോധനകൾക്കായി മാറ്റിവയ്ക്കണം. അതിലൂെട വലിയതോതിലുള്ള ചികിത്സാ ചെലവു ഒഴിവാക്കാനാവും. രക്തസമ്മർദ പരിശോധന, രക്തത്തിെല ഷുഗർ അളവു പരിശോധന, കൊളസ്ട്രോൾ‌ ടെസ്റ്റ് തുടങ്ങിയവ വർഷത്തിലൊരിക്കലെങ്കിലും നടത്തിയിരിക്കണം.സാധാരണ രക്ത, മൂത്ര പരിശോധനകളും (Routine Tests) വല്ലപ്പോഴും നടത്താം.

ഇതിനു പുറമെ ഇസിജി, വയറിന്റെ സ്കാൻ, കരളിന്റെ പ്രവർത്തന ശേഷി അറിയാൻ സഹായിക്കുന്ന എൽഎഫ്ടി, വൃക്കയുെട പ്രവർത്തനം അറിയാൻ സഹായിക്കുന്ന ആർഎഫ്ടി, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, പ്രോസ്റ്റേറ്റ് കാൻസർ സൂചന അറിയാനുള്ള പിഎസ്എ തുടങ്ങിയ പരിശോധനകൾ ഒരു തവണയെങ്കിലും നടത്തണം. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശമനുസരിച്ച് പരിശോധന തുടരാം.

∙ രക്തസമ്മർദം

അളന്നുനോക്കുക വഴി മാത്രമേ രക്താതിസമ്മർദം (Hypertension) പ്രാരംഭദശയിൽ കണ്ടെത്തി നിയന്ത്രണവിധേയമാക്കാൻ കഴിയൂ. ഒരു ലക്ഷണവും ബിപി കൂടുമ്പോൾ കാണാറില്ല. അതിനാൽ ആറുമാസത്തിലൊരിക്കൽ ബിപി പരിശോധിക്കാം. ബിപി ഉണ്ടെന്നു കണ്ടാൽ ചികിത്സ ആരംഭിക്കാം. അതിലൂടെ പക്ഷാഘാതവും ഹൃദയാഘാതവുമൊക്കെ കാര്യമായ തോതിൽ കുറയ്ക്കാനാവും

∙ ബ്ലഡ്ഷുഗർ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുകവഴി (FBS/PPBS/HbA1C) പ്രമേഹം പ്രാരംഭദശയിൽ തന്നെ മനസ്സിലാക്കാനും ‌മുൻകരുതൽ സ്വീകരിക്കാനും കഴിയും. സാധാരണയായി രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂർ കഴിയുമ്പോഴും (PPBS) ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുന്നത്. ചിലപ്പോൾ ഗ്ലൂക്കോസ് കഴിച്ചതിനുശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവും (Oral Glucose Tolerance Test-OGTT) മൂന്നു മാസത്തെ ശരാശരി അളവും (HbA1C) പരിശോധിക്കാറുണ്ട്.

∙ കൊളസ്ട്രോൾ

കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ ഫാസ്റ്റിങ് ലിപ്പിഡ് പ്രൊെെഫൽ (Fasting Lipid Profile) പരിശോധനയാണ് നടത്തേണ്ടത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്തത്തിലെ കൊഴുപ്പിന്റെ അളവു പരിശോധിക്കുന്നത് അമിത കൊളസ്ട്രോൾ രോഗം (Dyslipidamia) കണ്ടെത്താനും ഭക്ഷണനിയന്ത്രണവും വ്യായാമവും തുടങ്ങാനും സഹായിക്കും.

∙ ഇസിജി, എക്സ്റേ

ഹൃദയസംബന്ധമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ലളിതമായ ടെസ്റ്റാണ് ഇസിജി. TMT, ഇലക്ട്രോ കാർഡിയോഗ്രഫി എന്നിവയാണു ഹൃദയസംബന്ധമായ മറ്റു ടെസ്റ്റുകൾ. നാൽപതു കഴിഞ്ഞവർ വർഷത്തിലൊരിക്കൽ ഇസിജി നോക്കുന്നത് നല്ലതാണ്. നെഞ്ചിന്റെ എക്സ്റേ(Chest X-ray) ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കും.

∙ ലിവർ ഫങ്ഷൻ ടെസ്റ്റ്

കരളിന്റെ പ്രവർത്തന െെവകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ് (Liver Function Test–LFT). മദ്യപാനശീലമുള്ളവരും അമിതവണ്ണമുള്ളവരും ഈ പരിശോധന മറക്കരുത്.

∙ ആർ എഫ് ടി

ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയവ അളക്കുക വഴി വൃക്കയുെട ആരോഗ്യം നിർണയിക്കുന്ന റീനൽ ഫങ്ഷൻ ടെസ്റ്റും പ്രധാനമാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, മൂത്രത്തിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ മനസ്സിലാക്കാൻ യൂറിൻ റുട്ടീൻ പരിശോധന സഹായിക്കും.

∙ വയറിന്റെ സ്കാൻ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞത് (Fatty liver), പിത്താശയത്തിലെ കല്ലുകൾ (Gall bladder stones), വൃക്കസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയത്തിലെ കല്ലുകൾ (Renal Calculi) തുടങ്ങിയവ നേരത്തെ തന്നെ കണ്ടെത്താൻ വയറിന്റെ അൾട്രാസോണോഗ്രഫി (അൾട്രാ സൗണ്ട് സ്കാൻ) സഹായിക്കും. വയറിലെ പ്രധാന രക്തക്കുഴലായ അയോർട്ടയുടെ വീക്കം (Abdominal Aortic Ameurysm) മരണത്തിനു വരെ കാരണമാവാം. ഈ ഗുരുതരമായ അവസ്ഥയും പ്രോസ്റ്റേറ്റ് (Prostate) സംബന്ധമായ പ്രശ്നങ്ങളും ചെലവു കുറഞ്ഞ ഈ സ്കാൻ വഴി കണ്ടെത്താം.

∙ കാൻസറുകളുണ്ടോ?

PSA (Prostate Specific Antigen) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ തന്നെ കണ്ടെത്താം. വൻകുടലിലെയും മലദ്വാരത്തിലെയും കാൻസറാണ് പ്രായമാവുമ്പോൾ പുരുഷന്മാരിൽ സാധാരണയായി കാണാറുള്ള മറ്റ് കാൻസറുകൾ.

മലത്തിൽ രക്തത്തിന്റെ അംശം പരിശോധിച്ചറിയുകയും കോളണോസ്കോപി പോലുള്ള ടെസ്റ്റുകൾ വഴിയും ഇതു വളരെ നേരത്തേ കണ്ടെത്താൻ സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എ.വി. രവീന്ദ്രൻ
സ്പെഷലിസ്റ്റ് ഇൻ ഇന്റേണൽ മെഡിസിൻ,    
ബദർ അൽ സമാ, ബർക്ക, ഒമാൻ