Saturday 03 April 2021 02:54 PM IST : By ഉമ കല്യാണി

വണ്ണം കുറയ്ക്കാൻ പരീക്ഷിക്കാം, 4 കിടിലൻ മില്ലറ്റ് റെസിപ്പികൾ

weightlossqwe

പോഷക കലവറയാണ് മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ.  മില്ലറ്റുകൾ പ്രമേഹരോഗികൾക്കും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഗുണകരമാണ്. ഇതാ, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാൻ 4 കിടിലൻ മില്ലറ്റ് റെസിപ്പികൾ.

ബീറ്റ് മില്ലറ്റ് സൂപ്പ്

∙ ബീറ്റ്റൂട്ട് അരിഞ്ഞതും ബാർണിയാഡ് മില്ലറ്റും (കവടപ്പുല്ല്) ഒരു ടേബിൾ സ്പൂൺ ചെറുപയർ പരിപ്പും പ്രഷർ കുക്കറിൽ വേവിക്കുക. മൂന്നു വിസിൽ കേട്ടശേഷം ഒാഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം ഇത് മിക്സിയിൽ അടിച്ചെടുക്കുക.

∙ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ഏതാനും ചുള വെളുത്തുള്ളി ചതച്ച് ചേർക്കുക. വെളുത്തുള്ളി ഗോൾഡൻ കളർ ആകുമ്പോൾ മിക്സിയിൽ അടിച്ചെടുത്ത മിശ്രിതം ചേർക്കുക. തിളച്ചശേഷം ഒാഫ് ചെയ്യുക. ശേഷം കുരുമുളകും ഉപ്പും മല്ലിയിലയും വിതറി ചൂടോടെ കഴിക്കാം.

മിക്സഡ് മില്ലറ്റ് ഇഡ്‌ലി

∙ 2 കപ്പ് ഉഴുന്ന്പരിപ്പ്, ഒരു കപ്പ് ഇഡ്‌ലി അരി, ഒരു കപ്പ് റാഗി , ഒരു കപ്പ് പലതരം മില്ലറ്റുകൾ (ലിറ്റിൽ മില്ലറ്റ്സ കോഡോ മില്ലറ്റ്, ബാർണിയാഡ് മില്ലറ്റ്) എന്നിവ അഞ്ചു മണിക്കൂർ കുതിരാൻ വയ്ക്കുക.

∙ ശേഷം ഗ്രൈൻഡറിൽ നന്നായി അരച്ചെടുത്ത് ഉപ്പു ചേർത്ത് പുളിക്കാനായി ഒരു രാത്രി വയ്ക്കുക. പിറ്റേന്ന് നല്ല മൃദുവായ ഇഡ്‌ലി ഉണ്ടാക്കാം.

മില്ലറ്റ് അപ്പം

∙ ഒരു കപ്പ് പച്ചരി, അര കപ്പ് റാഗി, കുഡോ മില്ലറ്റ്, ഒരു ടേബിൾസ്പൂൺ ഉഴുന്ന്പരിപ്പ്, അര ടീസ്പൂൺ ഉലുവ എന്നിവ 4–5 മണിക്കൂർ കുതിരാൻ വയ്ക്കുക. 3 ടേബിൾസ്പൂൺ ചോറു കൂടി ചേർത്ത് അരച്ചെടുക്കുക. ഉപ്പ് ചേർത്ത് ഒരു രാത്രി പുളിക്കാൻ വയ്ക്കുക. പിറ്റേന്ന് ഒരു നുള്ള് സോഡപ്പൊടി ചേർത്ത് ഇളക്കി അപ്പം ചുട്ടെടുക്കുക.

മില്ലറ്റ് ബിസിബിലെബാത്ത് (Millet Bisibelebath)

∙ ഒരു കപ്പ് ബെർണിയാഡ് മില്ലറ്റും അര കപ്പ് തുവര പരിപ്പും 30–45 മിനിറ്റ് കുതിരാൻ വയ്ക്കുക.

∙ വെള്ളമൂറ്റിക്കളഞ്ഞ് കഴുകി വൃത്തിയാക്കിയശേഷം 4 കപ്പ് വെള്ളം ചേർക്കുക. ഇതിലേക്ക് അര കപ്പ് പച്ചക്കറി (കാരറ്റ്, ബീൻസ്, പീസ്) 2 പച്ചമുളക്, ഒരു ടീസ്പൂൺ മുളക് പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ നെയ്യ്, ഉപ്പ് ഇവ ചേർക്കുക. ഇത് 4–5 വിസിൽ വരും വരെ വേവിക്കുക. തണുത്തശേഷം മല്ലിയില അരിഞ്ഞതും അണ്ടിപ്പരിപ്പും നിലക്കടലയും വറുത്തതും വിതറി ചൂടോടെ കഴിക്കാം.

തയാറാക്കിയത്

ഉമ കല്യാണി

ഡയറ്റീഷൻ, ഉമാസ്ന്യൂട്രിയോഗ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips