‘‘എല്ലാം നശിച്ചു പോയിട്ടില്ല പോകില്ല, വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ എന്തെന്തിതെൻ കരളിലാനന്ദവും മിഴിയിൽ വിശ്വാസവും പുതിയ ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവവും ’’... മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു കവിതയാണിത്.
ശ്രീ പുനലൂർ ബാലന്റെ ‘ഇരുട്ടിൽ പൊതിഞ്ഞ തിരിനാളം’ ...
പ്രത്യാശ ജീവിതത്തിനു നൽകുന്ന കരുത്ത് അത്ര വലുതാണെന്ന് ഈ കവിത നമ്മെ ഒാർമിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ആനന്ദങ്ങൾക്കു മേൽ രോഗാതുരതയുടെ ഇരുണ്ട നിഴൽ ചാഞ്ഞു വീണ ഈ കാലത്ത് മനസ്സിന് നല്ല കരുത്തുണ്ടാകേണ്ടത് ഏറെ പ്രധാനമാണ്.
ഇഷ്ടങ്ങൾ മിക്കവയും വേണ്ടെന്നു വയ്ക്കേണ്ടി വന്നപ്പോൾ തന്നെ പലരുടെയും മനസ്സിലെ ആനന്ദത്തിന്റെ വർണങ്ങൾ വാർന്നു പോയിത്തുടങ്ങിയിരിക്കുന്നു. മാസ്കിൽ മൂടിപ്പൊതിഞ്ഞ്, സാനിറ്റൈസറും കയ്യിൽ പിടിച്ച്... എവിടെയാണു രോഗാണുവിന്റെ സാന്നിധ്യം എന്നു പരിഭ്രമിച്ച് അങ്ങനെ ജീവിച്ചു പോവുകയാണ് നാം.
ഇങ്ങനെയൊരു കാലത്തിലൂടെ കടന്നു പോകേണ്ടി വരുമെന്ന് ആരും തന്നെ ചിന്തിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. അതു കൊണ്ടു തന്നെ വലിയ നിരാശയിലേക്കാണ് പലരും നടന്നു പോകുന്നത്. ഉത്കണ്ഠയും കൂടി വരുന്നുണ്ട്. മുൻപോട്ടുള്ള ജീവിതത്തെ വലിയൊരു പ്രതിസന്ധിയായി കാണുന്നതിനാൽ നിഷേധാത്മകതയുടെ ധ്വനിയും പലരുടെയും ജീവിതത്തിൽ നിറയുന്നു. പ്രിയപ്പെട്ട യാത്രകളും സുഹൃത് സല്ലാപങ്ങളും ബന്ധുജന സംഗമങ്ങളും ഈറ്റിങ് ഒൗട്ടുകളും ഒഴിവാക്കേണ്ടി വന്നതും ജോലി നഷ്ടമായതും രോഗംബാധിച്ചതുമെല്ലാം മനസ്സിനെ ഉലയ്ക്കുന്ന വിഷയങ്ങൾ തന്നെയാണ്. എങ്കിലും അതിനിടയിലും നമ്മുടെ മനക്കരുത്തിനായി നാം ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
1. എന്തൊക്കെ സംഭവിച്ചാലും പ്രത്യാശയുടെ സുഗന്ധമുള്ള വാക്കുകൾ മാത്രം സംസാരിക്കും എന്നു തീരുമാനിക്കുക. മറ്റുള്ളവരോടും അങ്ങനെ തന്നെ സംസാരിക്കുക.
2. ആകുല ചിന്തകളിൽ തളർന്ന് ജീവിക്കുന്നത് ആരോഗ്യകരമല്ല, മനസ്സിനെ ബലപ്പെടുത്തണം. അതിന് പൊസീറ്റീവായി ചിന്തിക്കണം. അൽപം കരുതലോടെയാണെങ്കിലും അങ്ങനെ മുൻപോട്ടു പോകുമ്പോൾ ഉള്ളിൽ ആത്മവിശ്വാസം മെല്ലെ വിടർന്നു വരും. അത് വലിയൊരു കൈത്താങ്ങു നൽകും.
3. ഇനിയങ്ങോട്ടുള്ള ജീവിതവും സമാധാനപരമായി സന്തോഷകരമായി മുൻപോട്ടു കൊണ്ടു പോകാൻ കഴിയും എന്നു മനസ്സിനെ ആദ്യം തന്നെ ബോധ്യപ്പെടുത്തുക.
4. മുൻകാലങ്ങളിൽ ഇതിനു സമാനമായോ, അല്ലെങ്കിൽ ഇതു പോലെ തന്നെയോ ഉള്ള പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ഇതും അൽപം ബുദ്ധിമുട്ടിയാണെങ്കിലും കടന്നു പോകും എന്ന് മനസ്സിനോടു പറഞ്ഞു കൊണ്ടേയിരിക്കുക.
5. ഇക്കാലത്ത് ശാരീരികവും മാനസികവും ജോലി സംബന്ധവുമൊക്കെയായി വന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിൽ നിന്ന് പുതിയൊരു ജീവിതപാഠം ഉൾക്കൊള്ളണം.
6. ജീവിതത്തിൽ പുതിയൊരു ഗോൾ തീരുമാനിക്കാൻ ഉചിതമായ സമയം കൂടിയാണിത്. പുതിയ ലക്ഷ്യങ്ങൾ ജീവിക്കാനുള്ള പ്രചോദനം നൽകും.
7. സ്വയം മനസ്സിലാക്കാൻ കൂടി ഈ കാലത്തെ ഉപയോഗിക്കാം. കുറവുകളും നിറവുകളും കൃത്യമായി നിർണയിക്കാൻ നമ്മിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നതു നല്ലതാണ്. ചില തിരുത്തലുകളും നടത്താം.
7. പ്രശ്നങ്ങൾക്കു മുൻപിൽ പരിതപിക്കുകയും വേദനിക്കുകയുമല്ല വേണ്ടത്. ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നത് ശീലിക്കുക.
8. ഭൂതകാലത്തിലെ നേട്ടങ്ങളോർത്തെടുക്കണം. ആ ഒാർമകളിൽ തന്നെ സന്തോഷം ഒളിഞ്ഞിരിപ്പുണ്ട്.
9. ജീവിതത്തിൽ റിസ്ക് എടുക്കാൻ തയാറാകണം. വിജയം കൈവരിച്ചവരെല്ലാം തന്നെ ചെറിയ തോതിൽ അല്ലെങ്കിൽ വലിയ തോതിൽ റിസ്ക് എടുത്തവരാണ്.
10. നിഷേധാത്മക സമീപനവുമായി അരികിലെത്തുന്നവരിൽ നിന്ന് ഒഴിഞ്ഞു മാറാം. നമുക്കു പൊസിറ്റീവ് കൂട്ടുകെട്ടുകൾ മാത്രം മതി.
11. ചിട്ടയായ വ്യായാമവും ജീവിതചര്യയുമാണ് അടുത്ത ഘടകം. കൃത്യസമയത്ത് ഉണരുക, ഉറങ്ങുക, ആരോഗ്യകരമായി ആഹാരം കഴിക്കുക, ജോലികൾ കൃത്യ സമയത്തു പൂർത്തിയാക്കുക, കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക... എല്ലാത്തിനും പ്രാധാന്യം കൽപിക്കണം.
12. ആശയവിനിമയം പ്രധാനമാണ്. അകന്നിരുന്നാലും ഹൃദയഹാരിയായ വാക്കുകൾ കൊണ്ടു ചേർന്നിരിക്കാം. പ്രിയപ്പെട്ടവരുമായി ഫോണിൽ സംസാരിക്കാം.
13. ജോലിയുടെ സമ്മർദം കൊണ്ട് മനസ്സിനെ അധികമായി ഭാരപ്പെടുത്തരുത്. ഇന്നു വരെ കാണാത്ത പ്രകൃതിയുടെ സ്നേഹദൃശ്യങ്ങളിലേക്കു കൂടി ഇടയ്ക്കൊന്നു കണ്ണോടിക്കാം. മുറ്റത്ത് ഒന്നു നടക്കാനിറങ്ങാം.
14. അച്ചടക്കം കൂടി ജീവിതത്തിന്റെ ഭാഗമാക്കുക. അടുക്കും ചിട്ടയും ശീലിക്കുമ്പോൾ തന്നെ പുതിയൊരു ഉൗർജം ലഭിക്കും.
15. പ്രാർഥനയോ, ധ്യാനമോ ശീലിക്കാം. മനസ്സിലെ അധികഭാരങ്ങൾ അലിഞ്ഞു പോകാൻ അതൊരു നല്ല മാർഗമാണ്.
ഇരുട്ടിലെങ്ങോ ആഴ്ന്നിരിക്കുന്ന വിത്ത് കാലങ്ങളോളം ആ അന്ധകാരത്തിൽ വീണു കിടക്കുന്നില്ല. വെളിച്ചത്തിന്റെ മാസ്മരികതയിലേക്ക് അത് തളിരില നിവർത്തി പുഞ്ചിരിച്ചു കടന്നു വരുന്നില്ലേ... രോഗാതുരത നൽകിയ
അന്ധകാരവും സ്ഥായിയല്ല...എന്ന് മനസ്സിനോടു പറഞ്ഞു കൊണ്ടേയിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്;
ഡോ. എൽസി ഉമ്മൻ
കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ,
കൊച്ചി