Saturday 16 November 2019 02:46 PM IST : By സ്വന്തം ലേഖകൻ

‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കരുത്!’ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യം

mobile-phone

വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലുമൊക്കെ പ്രചരിക്കുന്ന ആരോഗ്യവാർത്തകളെല്ലാം യാഥാർഥ്യമാണോ? സാമൂഹികമാധ്യമങ്ങളിലെ ആരോഗ്യവാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന പംക്തി ആരോഗ്യം ഫാക്റ്റ് ചെക്ക് എല്ലാ തിങ്കളാഴ്ചകളിലും

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കാമോ?

മൊബൈൽ ഫോണിൽ സംസാരിക്കവേ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു എന്നു കണ്ടിരുന്നു. മൊബൈൽഫോണിൽ സംസാരിച്ചതാണ് മിന്നലേൽക്കാൻ കാരണമായെന്നാണ് റിപ്പോർട്ടു വായിച്ചാൽ തോന്നുക. ഇതു ശരിയല്ല. സ്വിച്ച് ഒാഫ് ആണെങ്കിലും അല്ലെങ്കിലും മൊബൈൽ മിന്നലിനെ ആകർഷിക്കുന്നില്ല. അന്തരീക്ഷത്തിൽ നിന്നുള്ള മിന്നലിനെ ആകർഷിക്കാൻ തക്ക ശക്തിയില്ല മൊബൈൽ സിഗനലിന്. റിസ്റ്റ്‌വാച്ച്, സ്വർണമാല തുടങ്ങിയവ പോലുള്ള ഏതു ലോഹസാധനവും മിന്നലിൽ പിടിച്ചാൽ അപകടമുണ്ടാകാം. അതേപോലെ, മൊബൈൽ ഫോണിലും ലോഹഭാഗങ്ങൾ ഉള്ളതിനാൽ അതു കൈയിലിരിക്കെ മിന്നലേറ്റാൽ അപകടം കൂടുതൽ ശക്തമാകാം. അതായത് സ്വർണമാലയോ കമ്മലോ ധരിച്ചാൽ ഉള്ളതിലും അപകടമൊന്നും മൊബൈൽ കൈയ്യിലുള്ളതുകൊണ്ട് ഉണ്ടാകാൻ പോകുന്നില്ല. എന്നുകരുതി അത്യാവശ്യം വേണ്ട മുൻകരുതലുകൾ പോലും എടുക്കാതിരിക്കരുത്. മിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലത്ത് മൊബൈൽഫോണും വീശി നടക്കരുത്.

വാട്സ് ആപ്പിൽ ഒരു മരുന്നിനെക്കുറിച്ചു വായിച്ചു. നിറമോ മണമോ ഇല്ലാത്തതിനാൽ നമ്മളറിയാതെ ഡ്രിങ്കിൽ ചേർത്തു നൽകാമെന്നും ഇതു കഴിച്ചുകഴിഞ്ഞാൽ താൽക്കാലികമായ ഒാർമക്കേടും ബോധംമറയലും സംഭവിക്കാമെന്നും കണ്ടു. ശരിയാണോ?

മൈൻഡ് ഇറെയ്സേഴ്സ് എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഈ മരുന്നിനെ കുറിച്ച് കേട്ടതൊക്കെ ശരിയാണ്. 2002 ൽ നടത്തിയ സർവേയിൽ ഇതുപയോഗിച്ച സ്ത്രീകളിൽ 10 ശതമാനം പേരും ശാരീരികമായോ ലൈംഗികമായോ ഉപദ്രവിക്കപ്പെട്ടതായി കണ്ടിരുന്നു. ദ്രാവകങ്ങളിൽ അലിഞ്ഞുചേരുന്ന ഈ പില്ല് തെളിഞ്ഞ ദ്രാവകങ്ങളെ കടുംനീലനിറമാക്കും, കടുത്തനിറമുള്ള പാനീയങ്ങളെ കുറച്ചുകൂടി കടുത്തതാക്കും. കോളയോ ബീയറോ പോലുള്ള കടുംനിറമുള്ള പാനീയങ്ങളിലോ അരണ്ട വെളിച്ചത്തിലോ ഈ നിറംമാറ്റം വ്യക്തമാകണമെന്നില്ല. ഈ മരുന്നു കഴിച്ചുകഴിഞ്ഞാൽ ഒരുതരം അബോധാവസ്ഥയിലാകും. മരുന്നിന്റെ ലഹരി പോയാലും കഴിച്ചതിനെ തുടർന്നുള്ള സമയത്ത് സംഭവിച്ചതെന്താണെന്ന് ഒാർത്തെടുക്കാനാകില്ല. ആകെ മൊത്തെ ലക്കും ലഗാനുമില്ലാത്ത അവസ്ഥയിലായിരിക്കും. സാധാരണപോലെ നടക്കാനും പ്രയാസമനുഭവപ്പെടാം.

ആതുകൊണ്ട് അപരിചിതർ തരുന്ന പാനീയങ്ങൾ കുടിക്കരുത്. പ്രത്യേകിച്ച് കോള പോലുള്ള കടുത്തനിറമുള്ളവ. ബാറിലോ പബ്ബിലോ പോയാലും സ്വന്തം ഡ്രിങ്ക് എപ്പോഴും കൈയിൽ തന്നെ കരുതുക.