Monday 17 May 2021 05:29 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മുഖത്തു വേദനയും പനിയും കുരുക്കളും : കോവിഡ് മുക്തരായവരിലെ മ്യൂക്കർമൈക്കോസിസ് അണുബാധ തിരിച്ചറിയാം

mucor3432

കോവിഡ് മുക്തരായവർ മ്യൂക്കർ മൈക്കോസിസ് എന്ന ഫംഗൽ അണുബാധയെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയ്ിപ്പു നൽകിയിരുന്നു. എന്താണ് ഈ മ്യൂക്കർ‌ മൈക്കോസിസ് എന്നു നോക്കാം.

കോവിഡ് മുക്തരായവരിൽ കാണുന്ന ഫംഗൽ അണുബാധയാണ് മ്യൂക്കർമൈക്കോസിസ്. സാധാരണഗതിയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവരെയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ (ഉദാ: അവയവമാറ്റത്തിനു ശേഷം മരുന്നു കഴിക്കുന്നവർ) കഴിക്കുന്നരിലുമാണ് ഈ പൂപ്പൽ ബാധ വരുന്നത്. കോവിഡ് ചികിത്സയുടെ ഭാഗമായുള്ള ദീർഘമായ സ്റ്റിറോയ്ഡ് ഉപയോഗമാണ് കോവി‍ഡ് രോഗികളിൽ ഈ പ്രശ്നമുണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രമേഹരോഗം ഉള്ളവരിലാണ് ഈ അണുബാധയ്ക്ക് സാധ്യത കൂടുതൽ.

എന്തുകൊണ്ട് വരുന്നു?

മ്യൂക്കർ മൈസെറ്റ്സ് എന്ന അപൂർവമായ ഒരു കൂട്ടം പൂപ്പലുകളാണ് ഈ ഗുരുതര രോഗബാധയ്ക്കു കാരണം. ഇവ മണ്ണിലും അഴുകുന്നതരം മൃഗാവശിഷ്ടങ്ങളിലും ഇലകളിലും പൂത്ത ഭക്ഷണസാധനങ്ങളിലുമൊക്കെ കാണുന്ന ഒരു പൂപ്പലാണ്. ആശുപത്രികള്ിലും ഇത്തരം ഫംഗസുകൾ ഉണ്ടാകാം. ഇന്ത്യയിൽ മഴക്കാലത്തേക്കാളും വേനലിലാണ് ഈ ഫംഗസ് വർധിതമായിട്ടുള്ളത്.

രോഗപ്രതിരോധസംവിധാനം ശക്തമായിരിക്കുമ്പോൾ ഈ പൂപ്പലുമായി സമ്പർക്കത്തിൽ വന്നാലും അതു രോഗകാരണമാകുന്നില്ല. പ്രതിരോധശേഷി ഏതെങ്കിലും കാരണത്താൽ ദുർബലമായിരിക്കുന്നവർ‌ ശ്വസിക്കുമ്പോൾ ഈ ഫംഗസ് ശരീരത്തിലെത്തി സൈനസുകളെ ബാധിച്ചു കഴിഞ്ഞാൽ അതു ശ്വാസകോശങ്ങളിലേക്കും തലച്ചോറിലേക്കും കേന്ദ്ര നാഡീവ്യൂഹത്തിലേക്കുമൊക്കെ പടരും.

ലക്ഷണങ്ങളും ചികിത്സയും

ശ്വാസകോശത്തെയാണോ സൈനസിനെയാണോ അതോ മറ്റേതെങ്കിലും ശരീരഭാഗത്തെയാണോ ഫംഗസ് ബാധിച്ചിരിക്കുന്നത്, അതിനനുസൃതമായ ലക്ഷണങ്ങളാണ് കാണിക്കുക. പൊതുവെ, തലവേദന, പനി, മൂക്കടപ്പ് മൂക്കിനോ കണ്ണിനോ ചെർന്നുള്ള ചർമഭാഗത്ത് ചുവപ്പും നീർവീക്കവും, മുഖത്തുവേദന, ചുമച്ചുതുപ്പുമ്പോൾ രക്തമോ കറുത്തശ്ലേഷ്മമോ, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, വയറുവേദന, തലചുറ്റലും ഛർദിയും, തൊലിപ്പുറത്ത് കുരുക്കളോ വ്രണങ്ങളോ, മുറിവിലാണെങ്കിൽ അതിനു ചുറ്റും വേദനയും ചുവപ്പും വീക്കവും തുടങ്ങിയുള്ള ലക്ഷണങ്ങളാണ് കാണുന്നത്.

അപൂർവവും ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് പകരാത്തതുമായ രോഗാവസ്ഥയാണെങ്കിലും ഉടൻ ചികിത്സ തേടിയില്ലെങ്കിൽ മരണകാരണമാകാം. ശരീരകോശങ്ങളുടെ ബയോപ്സി പരിശോധന വഴിയോ ശ്വാസകോശത്തിന്റെ എക്സ് റേ വഴിയോ രോഗം തിരിച്ചറിയാനാകും. രോഗത്തിന്റെ ആരംഭത്തിലാണെങ്കിൽ സുഖമാക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്.

കോവിഡ് മുക്തരായവർ, പ്രത്യേകിച്ച് കോവിഡ് മുക്തരായ പ്രമേഹരോഗികൾ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഒാൺലൈൻ വഴിയാണെങ്കിലും ഡോക്ടറെ കണ്ട് കുഴപ്പമൊന്നുമില്ലെന്നു സംശയനിവൃത്തി വരുത്തുക. കോവിഡ് മുക്തരായ ശേഷം പ്രതിരോധശേഷിയും ശരീരശക്തിയും വീണ്ടെടുക്കും വരെ വീടിനുള്ളിൽ തന്നെ ആയിരിക്കുന്നതാണ് ഉത്തമം.

Tags:
  • Manorama Arogyam
  • Health Tips