Tuesday 12 June 2018 11:26 AM IST

‘എഴുപതാം വയസിൽ എഴുപത് കിലോമീറ്റർ’; നാരായണനുണ്ണിയുടെ വേഗത്തിനും കരുത്തിനും വാർദ്ധക്യത്തിലും സ്റ്റോപ്പില്ല!

Binsha Muhammed

narayanan-unni

ആലുവ കടുങ്ങല്ലൂരെ തറവാട് വീടിന്റെ ഉമ്മറത്തിരിക്കുകയാണ് പ്രൊഫസർ നാരായണനുണ്ണി. എഴുപതാം പിറന്നാൾ പടിവാതിൽക്കലെത്തി നിൽക്കുന്ന അദ്ദേഹത്തോട് മക്കളും മറ്റ് ബന്ധുക്കളും ആരാഞ്ഞു. ‘പിറന്നാളിന് എന്താ അച്ഛാ പരിപാടി?’ വലിയൊരു ആഘോഷത്തിന് കോപ്പു കൂട്ടിയിട്ടാകണം ആ ചോദ്യം. ‘എഴുപതാം പിറന്നാളല്ലേ മോശമാക്കാനൊക്കില്ലല്ലോ?’ സാധാരണയായി നാടും നാട്ടാരെയും അറിയിച്ച് സപ്തതി ആഘോഷം കൊണ്ടാടാറാണ് പതിവ്. എന്നാൽ ഇവിടെയതുണ്ടായില്ല. ‘ആഘോഷമൊന്നും ഇല്ല, പിറന്നാളിനോട് അനുബന്ധിച്ച് ഞാനൊരു മാരത്തണിൽ പങ്കെടുക്കുകയാണ്. വയസ് പത്ത് എഴുപതായില്ലേ, അതുകൊണ്ട് ഇക്കുറി 70 കിലോമീറ്ററാണ് ഓട്ടം.’–പ്രൊഫസറുടെ മനസിലുറപ്പിച്ച മറുപടി.

ആഘോഷങ്ങളിൽ വിശ്വാസമില്ലാത്ത, പ്രായത്തെ വെല്ലുന്ന കായികക്ഷമതയ്ക്ക് ഉടമയായ അച്ഛനിൽ നിന്നും ലഭിച്ച ആ മറുപടിയിൽ വീട്ടുകാർക്ക് അദ്‌ഭുതമില്ലായിരുന്നു. പതിവ് പോലെ അതും വെറും വാക്കായില്ല. എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് കൃത്യം രണ്ടു ദിവസം മുമ്പ് നാരായണനുണ്ണി ബൂട്ടും ബനിയനും ഷോർട്സുമിട്ട് രംഗത്തിറങ്ങി. പറഞ്ഞുറപ്പിച്ചതു പോലെ മഴയെ കൂസാക്കാതെ 70 കിലോമീറ്റർ പുഷ്പം പോലെ ഓടിയെത്തി. ആലുവയിലെ പടിഞ്ഞാറേ കടുങ്ങല്ലൂരിലെ തറവാട് മുതൽ തൃശ്ശൂർ വരെ, 70 കിലോമീറ്റർ!

പ്രായത്തെ വെറും അക്കങ്ങളാക്കി ദൂരങ്ങൾ താണ്ടുന്നത് നാരായണനുണ്ണിയ്ക്ക് പുത്തരിയല്ല. ഇതിനു മുമ്പും എത്രയോ തവണ ദൂരങ്ങൾ പ്രായം തളർത്താത്ത ഈ പോരാളിക്ക് മുന്നിൽ വഴിമാറിയിരിക്കുന്നു. ആ കഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് പ്രൊഫസർ നാരായണനുണ്ണി.

marathon4

പ്രായം വെറും അക്കങ്ങൾ

50 വയസു കഴി‍ഞ്ഞാൽ സർവീസിൽ നിന്നും വി.ആർ.എസ് എടുത്ത് അതുമല്ലെങ്കിൽ വിരമിച്ച് ഒതുങ്ങിക്കൂടാനുള്ളതാണോ നമ്മുടെ ജീവിതം. വയസാം കാലത്ത് ചാരുകസേരയിൽ പോയിരുന്ന് പഴയ ഓർമ്മകളെ അയവിറക്കുന്ന പരിപാടിക്ക് എന്നെക്കിട്ടില്ല. ദൈവം നമുക്ക് തന്ന ആരോഗ്യം അത് എല്ലാക്കാലത്തേക്കുമുള്ളതാണ്. അത് സംരക്ഷിക്കുന്നതിലാണ് കാര്യം.

കായികാഭിരുചി ചെറുപ്പം മുതലേയുണ്ട്. പ്രായമായപ്പോഴും അതെന്നോടൊപ്പം വേരു പോലെ കൂടി. ഒരു ഇംഗ്ലീഷ് പ്രൊഫസറാണ് ഞാൻ. എനിക്കു വേണമെങ്കിൽ എന്റെ ജോലിയുമെടുത്ത് സ്വസ്ഥമായി കഴിഞ്ഞു കൂടാം, എന്നാൽ അതൊക്കെയൊരു ജീവിതമാണോ? മരിക്കുന്നതു വരെയും ആരോഗ്യത്തോടു കൂടിയിരിക്കണം. അത് പുതുതലമുറയ്ക്ക് പകർന്നു നൽകണം, അതാണ് എന്റെ ലക്ഷ്യം.

marathon2

മാരത്തണുകളുടെ സ്വന്തം പ്രൊഫസർ

പല ഘട്ടങ്ങളിലായി ഞാൻ മുപ്പതോളം മാരത്തണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇരുപതോളം ഹാഫ് മാരത്തണുകൾ (21 കിലോമീറ്റർ) വേറെയും. പ്രസിദ്ധമായ സിംഗപ്പൂർ മാരത്തൺ, യു.കെ. മാരത്തൺ, ടിസിഎസ് മുംൈബ മാരത്തൺ എന്നിവിടങ്ങളിൽ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. വരുംവർഷങ്ങളിലും ഇവിടെയെല്ലാം വീണ്ടുമെത്തണമെന്നാണ് ആഗ്രഹം.

അതുമാത്രമല്ല മാസ്റ്റർ ഓഫ് അത്‍ലറ്റിക് അസോസിയേഷനിൽ അംഗം കൂടിയാണ് ഞാൻ. അസോസിയേഷൻ ദേശീയതലത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ 10 കിലോമീറ്റർ നടത്തത്തിൽ ഞാൻ ഒന്നാമതെത്തിയിട്ടുണ്ട്. മറ്റു ചില ചാമ്പ്യൻഷിപ്പുകളിൽ രണ്ടാമതും മൂന്നാമതുമൊക്കെയാകും. എന്നാലും നോ പ്രോബ്ലം. എന്നെപ്പോലെ പ്രായമായ പലരുമാണ് അവിടെ സമ്മാനം നേടുന്നത്. പിന്നെ ജയപരാജയങ്ങളിൽ വലിയ കാര്യമൊന്നുമില്ലെന്നേ...

n-unni-mid

ഓടിയെത്തിയ എഴുപത് വർഷങ്ങൾ

പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങളെല്ലാം വെറുതയാണെടോ... ആഘോഷങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ആഘോഷങ്ങളെല്ലാം നമ്മുടെ സന്തോഷത്തിനു വേണ്ടിയല്ലേ? എന്റെ സന്തോഷവും ആഘോഷവുമെല്ലാം കുടിയിരിക്കുന്നത് എന്റെ ആരോഗ്യത്തിലാണ്. അതുകൊണ്ട് തന്നെയാണ് എഴുപതാം പിറന്നാൾ മാരത്തണിലൂടെ കൊണ്ടാടാൻ തീരുമാനിച്ചത്.

70 കിലോമീറ്റർ ഓടിയെത്തുക എന്നത് കേൾക്കുമ്പോൾ ശ്രമകരമായി തോന്നാം. എന്നാൽ മനസ്സാന്നിധ്യവും നിശ്ചയദാർഢ്യവും കൈമുതലായുണ്ടെങ്കിൽ ഏത് ദൂരവും നമുക്ക് മുന്നിൽ വഴിമാറും. ശരീരം നമ്മൾ പറയുന്നത് കേൾക്കും. ഇനിയും ജന്മനാളുകൾ ജീവിതത്തിലുണ്ടാകുമെങ്കിൽ ദൈവം എനിക്കതിനു ആയുസ്സ് തരുമെങ്കിൽ കഴിയുന്നത്രയും ദൂരം താണ്ടണമെന്നാണ് എന്റെ ആഗ്രഹം.

ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് നാരായണനുണ്ണിയുടെ കുടുംബം. ഭാര്യ ശ്രീ ചന്ദ്രിക റിട്ടയേഡ് ടീച്ചറാണ്. നവനീത് ഉണ്ണി, വിനീത് ഉണ്ണി എന്നീ രണ്ടു മക്കൾ. വിദേശത്ത് ജോലി ചെയ്യുന്ന ഇരുവരും അച്ഛന്റെ ഈ കഠിന പ്രയത്നങ്ങൾക്കു പിന്തുണയുമായി പിന്നാലെയുണ്ട്. വിവിധ മാരത്തൺ ക്ലബുകളിൽ അംഗമാണ് ഇരുവരും.

സ്മാർട്ട് ഫോണിലും ഫാസ്റ്റ്ഫുഡിലും സന്തോഷം കണ്ടെത്തുന്ന പുതുതലമുറയ്‌ക്ക് പ്രൊഫസർ നാരായണനുണ്ണിയിൽ നിന്നും പഠിക്കാനേറെ. പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമതയും കായികക്ഷമതയും കൈമുതലായുള്ള അദ്ദേഹം എഴുപതാം പിറന്നാളിന്റെ നിറവിലും പുതിയ ദൂരങ്ങളും നേട്ടങ്ങളും കൈപ്പിടിയിലൊതൊക്കാനുള്ള തയാറെടുപ്പിലാണ്. നാരായണനുണ്ണി പറയുന്നു, ‘താണ്ടാനുണ്ട്, ഇനിയുമേറെ ദൂരം...’

marathon-5