Tuesday 06 February 2018 05:11 PM IST : By സന്തോഷ് ശിശുപാല്‍

ഹൃദ്രോഗമില്ലാത്തവരും കൊളസ്ട്രോളിന് മരുന്നു കഴിക്കണോ?

medicine

‘‘ചീത്ത കൊളസ്ട്രോളും ഹൃദ്രോഗവുമായി ബന്ധമില്ല. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറഞ്ഞാൽ ആയുസ്സും കുറയും’’. കുറച്ചു മാസങ്ങളായി ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ കണ്ടു വരുന്ന ചില തലക്കെട്ടുകളാണിവ.

ഹൃദയാഘാതത്തിന്റെ പ്രധാന അപായഘടകങ്ങളില്‍ ഒന്നാമൻ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അമിതമാകുന്നതാണ്. അതിനാൽ എൽഡിഎൽ കൊളസ്ട്രോൾ കുറച്ചാൽ ഹൃദയാഘാത സാധ്യത കുറയ്ക്കാം എന്ന നിഗമനം വഴി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കൊണ്ടു ഹൃദ്രോഗ ചികിത്സാ രംഗത്തുണ്ടായ മാറ്റം അദ്ഭുതകരമാണ്. വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവയിലൂടെ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമായില്ലെങ്കിൽ മരുന്നു കഴിച്ച് നിയന്ത്രിക്കുന്നതും സാധാരണമായി. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മരുന്നായി കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍ മരുന്നുകൾ മാറുകയും ചെയ്തു. സ്റ്റാറ്റിൻ മരുന്നുകളുടെ ഗുണം കണ്ട് അവ ഭക്ഷ്യ വസ്തുക്കളിൽ ചേർത്തുനൽകാനുള്ള ശ്രമങ്ങൾ വരെ പാശ്ചാത്യ ലോകത്തു നടന്നു. ഇങ്ങനെ കൊളസ്ട്രോൾ നിയന്ത്രണം കൊണ്ടുപിടിച്ചു നടക്കുന്നതിനിടയിലാണു കഴിഞ്ഞ വർഷം ഒരു അവലോകന റിപ്പോർട്ട് വന്നത്.

ഹൃദയാഘാതത്തിലേക്കു നയിക്കുന്ന കാരണങ്ങളെക്കുറിച്ചു നടത്തിയ 28 പഠനങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനറിപ്പോർട്ടാണ് വിവാദമായി മാറിയിരിക്കുന്നത്. 28–ൽ 12 പഠനങ്ങളും എൽഡിഎൽ കൊളസ്ട്രോളും ഹൃദയാഘാതത്താലുള്ള മരണവുമായി ബന്ധമില്ലെന്നു സ്ഥാപിക്കുന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ അതിനേക്കാൾ ഞെട്ടിച്ചത് മറ്റു 16 പഠനങ്ങളിൽ നിന്നും, എൽഡിഎല്‍ കൊളസ്ട്രോൾ അളവു കുറഞ്ഞവരിൽ മരണ സാധ്യത കൂടുന്നതായുള്ള കണ്ടെത്തലായിരുന്നു. ചികിത്സാ ലോകം വിശ്വസിച്ചിരുന്നതിനു തികച്ചും വിരുദ്ധമായ ഫലം.

ഈ വിവാദപഠനറിപ്പോർട്ട് വിപുലമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതോടെ ഉയർന്ന കൊളസ്ട്രോളിനും ഹൃദയ രോഗങ്ങൾക്കും ചികിത്സ ചെയ്തുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള രോഗികൾ ആശങ്കയിലായി. അലോപ്പതി മരുന്നുകളെയും ചികിത്സയെയും സംശയദൃഷ്ടിയോടെയും വിമർശനബുദ്ധിയോടെയും കാണുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ താരതമ്യേന കൂടുതലാണ്. ആ പശ്ചാത്തലത്തില്‍ കേരളത്തിൽ ചികിത്സയിലിരുന്ന പല രോഗികളും കൊളസ്ട്രോൾ മരുന്നുകൾ നിർത്തിയതിലും അത്ഭുതമില്ല. മാത്രമല്ല, കുറച്ചു ഡോക്ടര്‍മാരെങ്കിലും കൊളസ്ട്രോൾ നിയന്ത്രണ ചികിത്സയുടെ കാര്യത്തിൽ ആശങ്കയുള്ളവരുമായി. അമേരിക്ക ഉൾെപ്പടെയുള്ള വിദേശരാജ്യങ്ങളിൽ കൊളസ്ട്രോൾ ചികിത്സയുടെ സ്ഥിതി എന്തെന്നും അന്വേഷണമായി. ഈ ആശങ്കകൾക്ക് വ്യക്തമായ മറുപടി തേടുകയാണ് ഇവിടെ. അമേരിക്കയിലെ ഹാവാർഡ് മെഡിക്കൽസ്കൂളിലെ ഫാക്കൽറ്റിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. റോയ് എം.ജോൺഈ വിവാദ റിപ്പോർട്ടിനെയും കൊളസ്ര്ടോൾ ചികിത്സയേയും വിശകലനെ ചെയ്യുന്നു.

ഈ പഠനറിപ്പോർട്ട് വിശ്വസിക്കാമോ?

വിവിധ പഠനറിപ്പോർട്ടുകൾ താരതമ്യം ചെയ്തു കൊണ്ടു നടക്കുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും അപൂർവമല്ല.കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പഠനങ്ങളെ ആധികാരികമായി താരാതമ്യം ചെയ്യുന്ന രീതിയാണ് മെറ്റാ–അനാലിസിസ് പഠനങ്ങൾ. ആദ്യമേ പറയട്ടെ, കൊളസ്ടോൾ സംബന്ധിച്ച ഈ പഠനം ഗുണമേന്മയുള്ള മെറ്റാ–അനാലിസിസ് അല്ല. അതുകൊണ്ടുതന്നെ ചികിത്സയിലോ മരുന്നിലോ കൊളസ്ര്ടോൾ നിയന്ത്രണത്തിലോ മാറ്റം വരുത്താൻ ഈ പഠനം സഹായകമോ ആധികാരികമോ അല്ല.

ഒരു സാങ്കേതിക വാദം പറഞ്ഞ് ഈ വിവാദ നിഗമനങ്ങളെ അപ്രസക്തമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നു കരുതരുത്. 60 വയസ്സു കഴിഞ്ഞവരിൽ കൊളസ്ട്രോൾ നിലയും മരണനിരക്കും തമ്മിലുള്ള ബന്ധം മാത്രമാണ് ഈ റിപ്പോർട്ടിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. കൊറോണറി ധമനികളിൽ അതിരോസ്ക്ലിറോസിസ് പ്രക്രിയയിലൂടെ കൊഴുപ്പടിഞ്ഞു തടസ്സമുണ്ടായി ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അവസ്ഥയിൽ പ്രധാന വില്ലൻ കൊളസ്ട്രോൾ തന്നെയാണ്. അല്ലെന്ന് ഈ പഠനവും പറയുന്നില്ല.

കൊളസ്ട്രോളും അതിരോസ്ക്ലിറോസിസും മരണവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. പല ദീർഘകാല പഠനങ്ങൾ നടക്കുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു പഠനവും ഈ താരതമ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ നിലവിലുള്ള കൊളസ്ട്രോൾ–ധമനി രോഗ ബന്ധം തിരുത്താൻ ഈ താരതമ്യപഠനത്തെ ആശ്രയിക്കുന്നത് അബദ്ധമാണ്.

∙ അപ്പോൾ മരുന്നു കഴിക്കണോ, ഒഴിവാക്കണോ?

മരുന്ന് ആവശ്യമായ രോഗികൾ കഴിക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവർ നിരത്തരുത്, മരുന്ന് മുടക്കരുത്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. അമിത കൊളസ്ര്ടോളിനുള്ള സ്റ്റാറ്റിൻ മരുന്ന് ചികിത്സ വ്യാപകമായതിനുശേഷം ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള ഗുരുതരമായ ധമനീ രോഗങ്ങൾ(Major vascular event) അമേരിക്കയിൽ കുറവു വന്നതിനു ദൃക്സാക്ഷി കൂടിയാണു ഞാൻ. മരുന്നിന്റെ മാത്രം മികവാണ് അത് എന്നു പറയുന്നില്ല. കാരണം പുകവലിയിലുണ്ടായ കുറവും ഭക്ഷണനിയന്ത്രണവും വ്യായാമശീലവും കൂടിച്ചേർന്നതുകൊണ്ടാകാം അതു പ്രകടമായത്.

ശരീരത്തിന്റെ പ്രവർത്തനത്തിലുള്ള ഇടപെടലാണ് ഏതു മരുന്നും ചെയ്യുന്നത്. അതുകൊണ്ടാണ് മരുന്നിന് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. അതുപോലെ കൊളസ്ട്രോൾ മരുന്നിനും പാര്‍ശ്വഫലം ഉണ്ട്്. ഗുണം വച്ചു നോക്കിയാൽ തീർത്തും അവഗണിക്കാവുന്നതും അപൂർവം പേരിൽ മാത്രം കാണുന്നതുമാണ് സ്റ്റാറ്റിൻ മരുന്നുകളുെട പാർശ്വഫലം. എന്നിരുന്നാലും ഏതു മരുന്നും പോലെ ആവശ്യമുണ്ടെങ്കിൽ മാത്രം സ്റ്റാറ്റിൻ മരുന്നുകളും കഴിച്ചാൽ മതി. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള രോഗം പാരമ്പര്യമായിട്ടുള്ള കുടുംബാംഗം, പ്രമേഹരോഗികൾ, ഹൃദ്രോഗം വന്നിട്ടുള്ളവർ, പുകവലിക്കാർ, വളരെയധികം കൊളസ്ട്രോൾ നിലയുള്ളവർ തുടങ്ങിയ അപായഘടകങ്ങൾ ഉള്ളവർക്ക് കൊളസ്ട്രോളിൽ കർശനമായ നിയന്ത്രണം വേണം. അത്തരക്കാർക്ക് സ്റ്റാറ്റിൻ മരുന്നുകൾ നിര്‍ബന്ധമായി വരാം. ആരാണു മരുന്നു കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പാശ്ചാത്യ ലോകത്തുണ്ട്. കേരളത്തിലും അത്തരം നിർദ്ദേശങ്ങൾ പിന്തുടരുക തന്നെയാണ് ചെയ്യുന്നത്. അപായഘടകങ്ങളില്ലാതെ (റിസ്ക് ഫാക്ടേഴസ്) കൊളസ്ര്ടോൾ അൽപം കൂടിനിന്ന ഉടനേ ഭയപ്പെട്ട് മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. മറിച്ച് മൂന്നു കാര്യങ്ങൾ ചെയ്താൻ മതി.

(1) അമിത വണ്ണമുണ്ടെങ്കിൽ ശരീര ഭാരം കുറയ്ക്കുക

(2) ഭക്ഷണത്തിൽ എണ്ണ,കൊഴുപ്പ് മധുരം കുറയ്ക്കുക

(3) വേണ്ടത്ര വ്യായാമം പതിവായി ചെയ്യുക

രണ്ടു മുതൽ മൂന്നു മാസം ഇതു പ്രാവർത്തികമാക്കിയശേഷവും കൊളസ്ര്ടോൾ നിലയിൽ കുറവു വരുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നു കഴിക്കുക. മരുന്നു കഴിക്കുന്നതിനാൽ വ്യായാമവും ഭക്ഷണനിയന്ത്രണവും വേണ്ടെന്നു വയ്ക്കരുത്.

∙ കൊളസ്ട്രോൾ നോർമലായാലും ഹൃദയാഘാതം വരാം. പിന്നെന്തിനു നിയന്ത്രിക്കണം?

ശരിയാണ്. കൊളസ്ട്രോൾ നില സാധാരണ നിലയിലായിരിക്കുന്നവരിൽ പോലും ചിലപ്പോൾ ഹൃദയാഘാതം പോലുള്ള രോഗങ്ങൾ വരാറുണ്ട്. ഇവിടെ മനസ്സിലാക്കേണ്ടത്, ഉയർന്ന കൊളസ്ട്രോൾ നില അപായഘടകങ്ങളിൽ ഒന്നു മാത്രമാണ് എന്നതാണ്. ഉദാഹരണമായി ദീർഘകാലമായി കാര്യമായ തോതിൽ പുകവലിക്കുന്ന ഒരാളുടെ കൊറോണറി ധമനികൾ ജരിതാവസ്ഥയിലായിരിക്കും. അവ ചുരുങ്ങാനോ രക്തക്കട്ടകൾ പെട്ടെന്നു രൂപപ്പെട്ടു തടസ്സമുണ്ടായി ഹൃദയാഘാതം വരാനോ സാധ്യത കൂടുതലാണ്. ഇനി പുകവലിക്കാത്തയാളായാലും നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ കാരണങ്ങളാലും ഹൃദയാഘാതം പെട്ടെന്നുണ്ടാകാം.

ഇനി കൊളസ്ട്രോൾ നിലയെക്കുറിച്ച് പറയാം. കൊളസ്ട്രോൾ നില കുറവെന്നോ കൂടുതലെന്നോ പറയുന്നത് ഒരു ശരാശരി കണക്കുവച്ചാണ്. നാം സാധാരണ സുര‌ക്ഷിതം എന്നു പറയുന്ന അളവു പോലും ഒരു പ്രത്യേക വ്യക്തിയുടെ ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അങ്ങനെ ആകണമെന്നില്ല. അതു കൊണ്ടാണല്ലോ പ്രമേഹരോഗിയോടും പാരമ്പര്യമുള്ള ആളോടും കൊളസ്ര്ടോൾ നില പരമാവധി നിയന്ത്രിച്ചു നിര്‍ത്താൻ നിർദ്ദേശിക്കുന്നത്. വര്‍ഗം, ഗോത്രം, ഭൂപ്രദേശം, ഭക്ഷണരീതി, എന്തിനു കാലാവസ്ഥ പോലും ചിലപ്പോള്‍ ഒരാളുടെ ശരീരത്തെ വേറിട്ടതാക്കും. അത്തരം സാഹചര്യത്തിൽ നോർമൽ അളവുകളുടെ പ്രസക്തി കുറഞ്ഞുപോയേക്കാം. പക്ഷേ, ഒാരോ വ്യക്തിയേയും കൃത്യമായി നമുക്കറിയില്ല എന്നതുകൊണ്ട് ശരാശരി അളവുനിലകളെ ആശ്രയിക്കുന്നുവെന്നു മാത്രം.

ഇന്നു നമ്മുടെ നാട്ടിൽ ചികിത്സക്കായി ഉപയോഗിക്കുന്ന കൊളസ്ട്രോൾ അളവുകൾ ഒക്കെയും വിദേശ പഠനങ്ങളുടെ അടിസ്ഥാനത്തിമുള്ളവയാണ്. സ്വന്തമായി പഠനം നടത്തിയാൽ ആ അളവുകൾ മാറാം. പക്ഷേ, ലഭിക്കുന്ന സൂചനകൾ കേരളത്തിന്റെ കൊളസ്ട്രോൾ നോർമൽ അളവ് നിലവിലുള്ള അളവുകളേക്കാളും കുറയ്ക്കേണ്ടി വന്നേക്കാം എന്നാണ്.

∙ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾ പലവിധമുണ്ടല്ലോ, ഏതാണ് ഏറ്റവും നല്ലത്?

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ മരുന്നുകൾ ആറേഴു തരമുണ്ട്. അറ്റോർവ സ്റ്റാറ്റിൻ, റോസുവസ്റ്റാറ്റിൻ, സിംവാസ്റ്റാറ്റിൻ എന്നിവയാണ് പ്രധാനം. ഓരോ മരുന്നും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ഏറ്റക്കുറച്ചിലുണ്ട്. 10 മി.ഗ്രാം സിംവാസ്റ്റാറ്റിൻ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ കുറയ്ക്കാനാവുന്നത് 27 ശതമാനം എൽഡിഎൽ ആണ്. ആ സ്ഥാനത്ത് അറ്റോർവ 37ം റോസുവ 43 ശതമാനവും കണ്ട് കുറയ്ക്കും. എത്രത്തോളം എൽഡിഎൽ കുറയ്ക്കാനുണ്ട് എന്നതു കൂടി നോക്കിയാണ് മരുന്നു തീരുമാനിക്കുക. നല്ല പ്രവർത്തനശേഷിയും താരതമ്യേന വിലക്കുറവുമായതിനാലാകണം ഇന്ത്യയിൽ ഏറ്റവും പ്രചാരം അറ്റോർവസ്റ്റാറ്റിനാണ്.

ഹൃദ്രോഗ ചികിത്സയിൽ മരുന്നു മാത്രമല്ല അവസാന വാക്ക്. മരുന്നു കഴിക്കുന്നവർപോലും ജീവിതശൈലീ മാറ്റത്തിന്റെ കാര്യത്തിൽ വേണ്ട ഗൗരവം കാണിക്കാത്തത് നല്ല പ്രവണതയല്ല. പുകവലി നിർത്തുകയും വേണ്ടത്ര വ്യായാമം ചെയ്യുകയും ശരീരഭാരം ആരോഗ്യകരമായ നിലയിൽ നിർത്തുകയും വഴി മരുന്നു കഴിക്കാതിരിക്കാൻ തന്നെ സഹായിച്ചേക്കും. ആവശ്യമില്ലാതെ ഒരു മരുന്നും കഴിക്കാതിരിക്കുക. അതു കൊളസ്ട്രോളിനായാലും.

cholestrol

ഡോ. റോയ് എം. ജോണ്‍,പ്രശസ്തനായ ഹൃദ്രോഗവിദഗ്ധൻ,  ബോസ്റ്റൺ ഹാവാർഡ് മെഡിക്കൽ സ്കൂളിലെ ഫാക്കൽറ്റി, കാർഡിയാക് അരിത്മിയ സർവീസ്, ഗവേഷക വിഭാഗം മേധാവി തുടങ്ങിയ നിലകളിൽ അമേരിക്കയിൽ പ്രവർത്തിക്കുന്നു. മാവേലിക്കരയ്ക്കു സമീപം കറ്റാനം സ്വദേശിയാണ്. 1979 ല്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്. തുടർന്ന് ഇംഗ്ലണ്ടിൽ ഉപരിപഠനവും നടത്തി.