Saturday 23 November 2019 03:09 PM IST

പ്രമേഹ രോഗികൾക്ക് അമിതമായി നീരാളിക്കപ്പ കഴിക്കാമോ? സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നിലെ യാഥാർഥ്യം!

Asha Thomas

Senior Sub Editor, Manorama Arogyam

Tapioca441 Representative Image

നീരാളിയോടു സാമ്യമുള്ള ഇലയുള്ള നീരാളിക്കപ്പ എന്ന ഒരിനം  മധുരത്തിന്റെ അംശം കുറവുള്ളതാണെന്നും പ്രമേഹരോഗികൾക്ക് എത്ര വേണമെങ്കിലും കഴിക്കാവുന്നതാണ് എന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.  ഇതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?

ഈ പ്രചാരണത്തിൽ തരിമ്പും സത്യമില്ല എന്നതാണ് യാഥാർഥ്യം. സത്യത്തിൽ പ്രമേഹരോഗികൾ കപ്പ കഴിക്കരുത് എന്നു പറയാനുള്ള പ്രധാനകാരണം തന്നെ അതിന്റെ ഗ്ലൈസീമിക് ഇൻഡ്ക്സ് കൂടുതലാണെന്നതു കൊണ്ടാണ്. അതായത് കപ്പ കഴിച്ചാൽ വലിയ താമസമില്ലാതെ തന്നെ അതു ദഹിച്ച് രക്തത്തിലേക്ക് ഷുഗർ പെട്ടെന്നു തന്നെ വ്യാപിക്കും. അതോടെ രക്തത്തിലെ പഞ്ചസാര പൊടുന്നനെ ഉയരും. ഗ്ലൈസീമിക് ഇൻഡ്ക്സ് കുറവായ കപ്പയിനം ഇതേവരെ വികസിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഏതുതരം കപ്പയും പ്രമേഹ രോഗികൾക്ക് സുരക്ഷിതമല്ല. 

നീരാളിയുടെ ആകൃതിയുള്ള ഇലയിൽ വലിയ കാര്യമില്ല. യഥാർഥത്തിൽ ആറ്, ഏഴ് തരം ഇലകളുള്ള കപ്പ ഇനങ്ങളുണ്ട്. കപ്പയിൽ മധുരത്തിന്റെ അംശം കുറവാണ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് അന്നജത്തിന്റെ കാര്യമാകണം. മേൽപറഞ്ഞ ഒരു കപ്പ സാമ്പിൾ തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിറ്റിസിആർഐ) ലഭിച്ചിരുന്നു. അതിന്റെ ജൈവരാസഘടന വിശകലനം ചെയ്യുകയും ചെയ്തു. അന്നജം അൽപം കുറഞ്ഞ ഇനമാണെന്നു കണ്ടു. പക്ഷേ,  ഗ്ലൈസീമിക് ഇൻഡക്സ് കൂടുതൽ തന്നെയാണ്. അതുകൊണ്ട് പ്രമേഹരോഗികൾ അളവിൽ കൂടുതൽ കപ്പ അത് ഏത് ഇനമാണെങ്കിലും കഴിച്ചാൽ ദോഷം തന്നെയാണ്. 

കപ്പ സാമ്പിളുകൾ പരിശോധിക്കണമെന്നുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂൂട്ടിൽ തന്നെയുള്ള ക്രോപ് യൂട്ടിലൈസേഷൻ വിഭാഗത്തെ സമീപിക്കാം. ബന്ധപ്പെടുക: 0471 2598551

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷീല, ഹെഡ്, ക്രോപ് ഇംപ്രൂവ്മെന്റ് ഡിവിഷൻ, സിറ്റിസിആർഐ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips