Friday 09 February 2018 05:30 PM IST

രോഗങ്ങളും അമിതഭാരവും മാറ്റി ഒരു സൂപ്പര്‍ ലൈഫ് ആഗ്രഹിക്കുന്നുണ്ടോ? ഇന്നേ മാറ്റാം ഈ ശീലങ്ങള്‍

Asha Thomas

Senior Sub Editor, Manorama Arogyam

woman eating under cover

ചില ശീലങ്ങൾ നാമറിയാതെ തന്നെ ആരോഗ്യം കവരും. പുതുവർഷത്തിൽ നിശ്ചയമായും മാറ്റേണ്ട ശീലങ്ങൾ അറിയാം.   

∙ ഇമോഷണൽ ഈറ്റിങ് വേണ്ട
ടെൻഷൻ വരുമ്പോൾ അല്ലെങ്കിൽ വിഷാദം മൂടുമ്പോൾ ഒക്കെ  ഭക്ഷണം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. വൈകാരികമായ വിശപ്പ് ശാരീരികവിശപ്പായി മാറ്റപ്പെടുന്ന ഇത്തരം സന്ദർഭങ്ങളിൽ ചോക്ലേറ്റ് പോലുള്ള മധുരഭക്ഷണങ്ങളോ ചിക്കനോ ബേക്കറി ഭക്ഷണമോ ഒക്കെ കഴിക്കാനാണ് സാധ്യത കൂടുതൽ. താൽക്കാലികമായി ഇവ നിങ്ങളുടെ മൂഡ് ഉണർത്തിയാലും മൂഡ് മാറ്റത്തിനുള്ള കാരണം പരിഹരിക്കുന്നില്ലെന്നു മാത്രമല്ല, ഭാവിയിൽ ഭാരം വർധിക്കുവാനും ഇടയാക്കിയേക്കാം. അതുകൊണ്ട് ഇത്തരം അവസരങ്ങളിൽ പാട്ടുകേൾക്കുകയോ ചെറിയൊരു നടത്തത്തിനു പോവുകയോ ചെയ്യുക.

mobile_game


∙ രാത്രി മൊബൈൽ ഉപയോഗം


ഉറങ്ങുന്നതിന് മുമ്പ് രണ്ടു മണിക്കൂർ നേരം മൊബൈൽ ഉപയോഗിച്ചാൽ പോലും ഉറക്കപ്രശ്നങ്ങളുണ്ടാക്കുമെന്നു ഗവേഷണങ്ങൾ പറയുന്നു. നൈറ്റ് മോഡിലിട്ട് ഉപയോഗിച്ചാൽ പരിധിവരെ കുഴപ്പമില്ല.

 


∙ കഫീനും മധുരവും കുറയ്ക്കാം


ആരോഗ്യത്തിന്റെ രണ്ടു പ്രധാന ശത്രുക്കളാണിവ. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കണക്കുപ്രകാരം സ്ത്രീകൾക്ക് ആറു ടീസ്പൂണും (25 ഗ്രാം) പുരുഷന്മാർക്ക് 9 ടീസ്പൂണും (38 ഗ്രാം) മധുരം ഭക്ഷണത്തിൽ ചേർത്തു കഴിക്കാം. കൂടുതലായാൽ പ്രമേഹം,  കരൾരോഗങ്ങൾ, അമിതഭാരം എന്നിവയുണ്ടാക്കും.  

coffee-drinking-benfits

കഫീന്റെ അനുവദനീയമായ അളവ് ദിവസം 400 മി.ഗ്രാമാണ്.കടുംകാപ്പിയിൽ മാത്രമല്ല കടുംചായയിലും ചില ച്യൂയിങ് ഗമ്മുകളിലും ഊർജപാനീയങ്ങളിലും കഫീനുണ്ട്. കഫീൻ അധികമാകുന്നത് ഹൃദയമിടിപ്പിന്റെ താളപ്പിഴകൾക്കും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും.

∙സോഫയിൽ കൂനിക്കൂടിയിരുന്നു ദീർഘനേരം ടിവി കാണുന്ന ശീലം

‘സി’ പോലെയോ ‘എസ്’ പോലെയോ ഉള്ള ഇരിപ്പ്  ഡിസ്ക്കുകളിലും പേശികളിലും അമിത സമ്മർദം ചെലുത്തി വിവിധ ശരീരവേദനകൾക്കിടയാക്കും. ഭക്ഷണശേഷം ഉടനെ ഇങ്ങനെ ഇരുന്നാൽ അസിഡിറ്റി ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങളും വരാം.

∙ അനാവശ്യമായി വൈറ്റമിൻ ഗുളിക കഴിക്കുന്നത്


മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വെറുതെ വൈറ്റമിൻ ഗുളിക വാങ്ങിക്കഴിക്കരുത്. പകരം കഴിയുന്നത്ര വൈറ്റമിൻ സമൃദ്ധമായ ഭക്ഷണം കഴിക്കുക.  അതു പൂർണമായി സാധിക്കുന്നില്ലെങ്കിൽ ഒരു മൾട്ടിവൈറ്റമിൻ ഗുളിക കഴിക്കാം. എന്നാൽ ഗർഭിണികൾ നിർബന്ധമായും ഫോളിക് ആസിഡ് ഗുളിക കഴിക്കണം. ഡോക്ടറുടെ നിർദേശിച്ചാൽ മറ്റു സപ്ലിമെന്റുകളും.


∙ നഖം കടിക്കുക, മൂക്കിൽ കിള്ളുക, മുടി വെറുതെ വലിക്കുക, പല്ലു കടിക്കുക എന്നീ ശീലങ്ങളും മാറ്റണം. ഇവ സാമൂഹിക ജീവിതത്തിൽ അരോചകമാണെന്നു മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.