Friday 08 May 2020 12:51 PM IST

നിങ്ങളിലും ഉണ്ടോ ഒരു ഓൺലൈൻ സൈക്കോ?

Shyama

Sub Editor

addict

ലോക്ക്ഡൗൺ ആരംഭിച്ചതോടെ മിക്കവാറും ആളുകളും 'മുഴുവൻ സമയം ഓൺലൈൻ' എന്ന ടാഗിലേക്ക് മാറിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെയായി എല്ലാപ്രായക്കാരും തിരക്കിലാണ്. എന്നാൽ വിനോദത്തിനായും വിജ്‍ഞാനത്തിനായും ഒക്കെയുള്ള ഇത്തരം ഇടങ്ങൾ പലപ്പോഴും സംഘട്ടനങ്ങളുടെ പോർക്കളമായി മാറുന്ന കാഴ്ചയും ഇതോടൊപ്പമുണ്ട്. 

സൈബർ യുഗം ആരംഭിച്ചതോടെ മനുഷ്യ സ്വഭാവത്തിൽ വന്നിട്ടുള്ള ചില അടിസ്ഥാനപരമായ വത്യാസങ്ങളുണ്ട്. അതിലൊന്ന് മനുഷ്യന്റെ എടുത്തുചാട്ട സ്വഭാവം വർധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ തലമുറയിൽ അതായത് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വരവിനു മുൻപ്... ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകണമെന്നുണ്ടെങ്കിൽ ക്ഷമയോടെ കാത്തിരിക്കേണ്ടിയിരുന്നു. ഒരു സിനിമ കാണണമെങ്കിൽ തീയേറ്ററിൽ പോയി ക്യു നിന്ന് ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. എന്നാൽ ഇന്ന് മൊബൈലിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ടിക്കറ്റ് കിട്ടും. ഹോട്ടലിൽ പോകാതെ വീട്ടിലേക്ക് വരുത്തി കഴിക്കാം, പോകണ്ട. ആരോടെങ്കിലും ഒരു പ്രണയം പ്രകടിപ്പിക്കണമെങ്കിൽ പോലും കത്ത് വഴിയോ ദൂതന്മാർ വഴിയോ അയച്ചിട്ട് അതിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരുന്നു. ഇന്ന് നിമിഷനേരം കൊണ്ട് ഒരു മെസ്സേജ് വഴി അത്‌ പറയാം, ഉടനടി മറുപടിയും കിട്ടും... ഇങ്ങനെ ക്ഷണനേരം കൊണ്ട് ആഗ്രഹങ്ങൾ സഫലമാകാൻ തുടങ്ങിയതോടെയാണ് മനുഷ്യരിൽ എടുത്തുചാട്ടം കൂടുതലായി പ്രകടമാകുന്നത്.

പണ്ട് ഒരു കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോൾ അതിന്റെ പോസിറ്റീവ് വശത്തോടും നെഗറ്റീവ് വശത്തോടും പ്രതികരിക്കാൻ മനസിനെ പാകപ്പെടുത്താനുള്ള സമയം കൂടി കിട്ടിയിരുന്നു. ഇന്ന് അത്തരം തയ്യാറെടുപ്പുകൾക്ക് സമയം കിട്ടുന്നില്ല. ആഗ്രഹിക്കുന്നത്‌ ഉടൻ കിട്ടണം, അല്ലെങ്കിൽ അമിതമായ, അതിവൈകാരികമായ പ്രതികരണങ്ങളിലേക്ക് നമ്മൾ പോകുന്നൊരു സ്ഥിതി വിശേഷമാണുള്ളത്. ഇത് തന്നെയാണ് ഈ സൈബർ ആശയ വിനിമയങ്ങളിലെ പ്രധാന പ്രശ്നം. രാഷ്ട്രീയം, മതം, സാമൂഹികജീവിതം എന്നിവയെയൊക്കെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് മലയാളികളിൽ ബഹുഭൂരിപക്ഷവും. ഒരു ഭരണകൂടത്തിന്റെ പ്രവർത്തങ്ങളുടെ ശരിതെറ്റുകൾ വിലയിരുത്തുന്നതിൽ മറ്റാരേക്കാളും അഗ്രഗണ്യരാണ് മലയാളികൾ. നേർക്കുനേരുള്ള സംഭാഷണങ്ങളിൽ രാഷ്ട്രീയ തർക്കങ്ങളൊക്കെ പണ്ട് തൊട്ടേ കടന്നു വരാറുണ്ട്. ലോക്ക്ഡൗൺ വന്നപ്പോൾ ഇത്തരം നേരിൽ കണ്ടുള്ള ആശയവിനിമയങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെയായി. പക്ഷേ, നേർക്കുനേർ പറയുന്ന വാക്കുകൾ നിമിഷനേരം കൊണ്ട് ഇല്ലാതായി പോകുന്നുണ്ടെങ്കിൽ... ഓൺലൈനിൽ നടത്തുന്ന ഓരോ പരാമർശവും സ്ഥിരമായ രേഖയായിട്ട് അവിടെ കിടക്കുന്നു എന്നോർക്കുക. രണ്ട് വ്യക്തികൾക്കുള്ളിൽ നടക്കേണ്ട ആശയവിനിമയങ്ങൾ ചില ഗ്രൂപ്പുകൾക്കുള്ളിൽ വരുമ്പോൾ മറ്റുപലരും അതിലേക്ക് കടന്ന് വരുന്നതും കാണാം. ഇത് പിന്നീട് വളരെ വ്യക്തിപരമായ മോശം പരാമർശങ്ങളും, ചീത്ത വിളികളും, വെല്ലുവിളികളും ഒക്കെയായി മാറുന്ന അവസ്ഥ ഈയിടെയായി കൂടി വരുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്നതും, മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ രീതിയിലേക്ക് പോലും ഇവ കടക്കാറുണ്ട്. 

പലപ്പോഴും Logical Fallacies in Communication എന്നു വിളിക്കുന്ന ആശയവിനിമയത്തിലെ വൈകല്യം ഓൺലൈൻ സംഭാഷങ്ങങ്ങളിൽ വളരെ പ്രകടമായി കാണാം. ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്ന് മാറി എതിരെ നിൽക്കുന്ന ആളെ പരാജയപ്പെടുത്താൻ വേണ്ടി മാത്രം ശ്രമിക്കുക എന്ന രീതി  ഉണ്ടാകുന്നുണ്ട്. 

1. ഏതെങ്കിലും വിഷയത്തെകുറിച്ച് സംസാരിക്കുമ്പോൾ യുക്തിപരമായി വേണം അതിനുള്ള വിശദീകരണം നൽകാൻ. ചിലരെങ്കിലും പക്ഷേ, ധാരാളം ആളുകൾ ഇന്നത് ചെയ്യുന്നു അതുകൊണ്ട് അത്‌ ശരിയായിരിക്കും എന്ന മട്ടിൽ തെറ്റായ വസ്തുതകൾ രീതിയിൽ പ്രചരിപ്പിക്കും. ഇത്തരം പ്രവണതയെ Band Wagon Fallacy എന്നാണ് പറയുക.

2. അധികാര സ്ഥാനത്തുള്ളവർ പറഞ്ഞതൊക്കെയും ശരിയാണ്,  എന്ന് പരിശോധിച്ചു നോക്കാതെ പോലും,  വിശ്വസിക്കുക. ഇതിന് Appeal to Athority എന്ന് പറയും. 

ഉദാഹരണത്തിന് രണ്ട് പേർ തമ്മിൽ പരിണാമസിദ്ധാന്തത്തെ കുറിച്ച് തർക്കമുണ്ടായി എന്ന് കരുതുക. ഇതിൽ മതവിശ്വാസിയായ ഒരാൾ ചിലപ്പോൾ 'എനിക്കറിയാവുന്നൊരു ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് അദേഹത്തിന്റെ പേരും പറയും.' അത്‌ ശരിയാകണം എന്നില്ല. അത്‌ വിശ്വസിക്കുന്ന ധാരാളം പേരുണ്ടാകും.

3. ഒരു വാദഗതി ഒരാൾ ഉന്നയിക്കുമ്പോൾ അതിൽ നിന്ന് മാറി ആ വ്യക്തിയെ കേന്ദ്രീകരിച്ചു നടത്തുന്ന പ്രസ്താവനകൾ, ഏതു വിധേനയും അയാളെ തോല്പ്പിക്കണം എന്ന് മാത്രമാകും ലക്ഷ്യം. ഇതും ഒരു ഫാലസി തന്നെയാണ്.

    ആശയവിനിമയത്തിലെ ഇങ്ങനെയുള്ള പാളിച്ചകൾ കാരണം വ്യക്തിബന്ധങ്ങളിൽ തകർച്ചകൾ സംഭവിക്കുന്നു. ചർച്ചകൾക്കൊടുവിൽ വ്യക്തികൾ തമ്മിലുള്ള ബഹുമാനം നഷ്ടപ്പെടുന്നു. ഇതല്ല വേണ്ടത് പ്രതിപക്ഷ ബഹുമാനം എപ്പോഴും നിലനിൽക്കണം. അതിനെയാണ് സംവാദം എന്ന് പറയുന്നത്. അല്ലാത്ത്‌ സംവാദമല്ല  തർക്കമാണ്.  വളർച്ചയിലേക്ക് നീങ്ങുന്ന ഒരു പരിഷ്‌കൃത ജനതയ്ക്ക്  വേണ്ടത് സംവാദങ്ങളാണ്‌.

സത്യം പറഞ്ഞ് വേണം സംവദിക്കാൻ അല്ലാതെ വികാരഭരിതരായിട്ടല്ല. യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളെ കൊണ്ട് വന്ന് പ്രധാനവിഷയം മാറ്റുന്ന രീതി നന്നല്ല. അത് പോലെ തന്നെ രഹസ്യങ്ങൾ വിളിച്ച് പറയുന്നത് തെറ്റാണ്. നിങ്ങൾ തമ്മിൽ ഇപ്പോൾ സൗഹൃദമില്ലെങ്കിൽ കൂടിയും ഒരാൾ നിങ്ങളെ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങളുടെ സ്വകാര്യത നശിപ്പിക്കരുത്.

പ്രായമുള്ള പുതു യൂസർ

ഇപ്പോൾ കാണുന്ന മറ്റൊരു പ്രശ്നം വയസായവർ നവമാധ്യമങ്ങൾ ഉപയോഗിക്കുമ്പോഴുള്ള അപകടമാണ്. ഈയിടെ നടന്നൊരു സംഭവമുണ്ട് 75 വയസ്സുള്ളൊരാളുടെ ഫോണിൽ വന്ന അശ്ലീലചുവയുള്ള വീഡിയോ അറിയാതെ ഒരു ഗ്രൂപ്പിലേക്ക് പോയി. ഫോൺ ഉണ്ടെങ്കിലും പുതുമാധ്യമങ്ങളെ പറ്റി ധാരണയില്ലാത്ത ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഇയാൾ. രാത്രി ആണ് ഇത് നടന്നത്. അയാൾ ഇതൊന്നുമറിയാതെ ഉറങ്ങി. പിറ്റേന്ന് രാവിലെ മുതൽ ആ ഗ്രൂപ്പിലെ ആളുകൾ അയാളോടും കുടുംബത്തോടും മിണ്ടാതെയായി, മോശമായി പെരുമാറാനും തുടങ്ങി. ഇയാൾ നേരിട്ട് ആരോടും ഇങ്ങനെ മോശമായി പെരുമാറിയതായി ആർക്കും അറിയും ഇല്ല താനും... പ്രായമായവർ പുതിയ കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ  സാങ്കേതികതെയെ കുറിച്ചുള്ള അറിവ് കൃത്യമായി സമ്പാദിക്കാൻ ശ്രദ്ധിക്കുക. മക്കൾ അച്ഛനമ്മമാർക്കും അപ്പൂപ്പനമ്മൂമ്മമാർക്കും ഇത് പറഞ്ഞു കൊടുക്കണം. മുതിർന്നവർ മടി കൂടാതെ ചോദിച്ചു പഠിക്കാനും ശ്രദ്ധിക്കണം.

    പുറമെ നല്ലവരെന്ന് നടിക്കുന്ന പലരുടെയും തനിസ്വഭാവം സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലൂടെ പുറത്തുവരാറുണ്ട് എന്ന് പറയപ്പെടുന്നു. തർക്കസ്വഭാവമുള്ളവർ വളരെ കരുതലോടെ നേരിട്ടുള്ള ഇടപെടലിൽ  അതിൽ നിന്നും വിട്ടുനിൽക്കാൻ ശീലിച്ചിട്ടുണ്ടാകാം. പക്ഷേ, ഈ സൈബർ ലോകം എന്നു പറയുന്ന നമ്മൾ ജനിച്ച് വളരെ നാൾ കഴിഞ്ഞ് മാത്രം പരിചയിച്ച സാങ്കേതിക വിദ്യയുടെ ഉപയോഗമുള്ള ഇടത്തിലേക്ക് എത്തുമ്പോൾ ആ അവസ്ഥ മാറിയെന്ന് വരാം. അതിന്റെ രീതികളോടൊന്നും നമുക്ക് അത്ര പരിചയമില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ അടിസ്ഥാന സ്വഭാവങ്ങൾ ഇതിലൂടെ പെട്ടെന്ന് തെളിഞ്ഞു വരും. വളരെ മോശമായ പ്രയോഗങ്ങൾ ഉപയോഗിച്ച് മറ്റൊരാളെ മുറിവേൽപ്പിച്ച് രസിക്കാനുള്ള വ്യഗ്രതയും ഇതിന്റെ ഭാഗമാണ്. 

ശ്രദ്ധിക്കാം ഇനിമുതൽ

-ഓർക്കുക നിങ്ങൾ ഒരു പൊതു ഇടത്തിൽ പറയുന്ന വാചകങ്ങളിലൂടെ നിങ്ങളെ ആളുകൾ മനസ്സിലാക്കുന്നുണ്ട്, വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് കഴിവതും തർക്കങ്ങൾ നേരിട്ടാക്കുക. 

-വർഷങ്ങൾ കഴിഞ്ഞാലും നിങ്ങൾ പറഞ്ഞ വാചകങ്ങൾ അവിടെ മായാതെ കിടക്കും. സ്ക്രീൻഷോട്ട്, സ്ക്രീൻ റെക്കോർഡിങ് പോലുള്ള സംവിധാനങ്ങളും ഇപ്പോഴുണ്ട്. അതുകൊണ്ട് വാക്കുകൾ കരുതലോടെ ഉപയോഗിക്കാം.

-ദേഷ്യപ്പെട്ടിരിക്കുമ്പോഴും സങ്കടത്തിൽ ഇരിക്കുമ്പോഴും കഴിവതും തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങൾ ഉദ്ദേശിക്കുന്നതിലപ്പുറം ചിലപ്പോൾ വാക്കുകൾ കൈവിട്ടുപോകാൻ ഇടയുണ്ട്.

- തെറ്റ് സംഭവിച്ചെന്നറിഞ്ഞാൽ ഖേദം പ്രകടിപ്പിക്കുന്നതിൽ മടി വേണ്ട. 

-ഒരു കാര്യത്തെ കുറിച്ച് തർക്കിക്കുമ്പോൾ അതിനെ പറ്റി മാത്രം പറയുക. പറയുന്ന ആളുടെ ഭൂതകാലവും ഭാവിയും അതിലേക്ക് കൊണ്ട് വരരുത്.

- മറ്റുള്ളവരുടെ സ്വകാര്യമായ കാര്യങ്ങളിൽ കയറി അഭിപ്രായം പറയുന്നത് ഒഴിവാക്കുക. 

- ഒരു കാര്യം പോസ്റ്റ്‌ ചെയ്യും മുൻപ് രണ്ട് വട്ടം ആലോചിക്കുക. പ്രതേകിച്ചും മതം, രാഷ്ട്രീയം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള പരാമർശങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ആയ കാര്യങ്ങൾ.

-നേരിൽ കാണുന്നില്ലല്ലോ എന്ന് കരുതി എന്തും വിളിച്ചു പറയുന്നവർ സൈബർ നിയമങ്ങളെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.

കടപ്പാട്: ഡോ. അരുൺ ബി. നായർ, 

കൺസൾറ്റന്റ് സൈക്യാട്രിസ്റ്റ്, 

തിരുവനന്തപുരം മെഡിക്കൽ കോളേജ്.