Friday 03 July 2020 01:08 PM IST

കുട്ടികളെ ടെൻഷൻ അടിപ്പിച്ചു പിടിച്ചിരുത്തരുത് : ഓൺലൈൻ പഠനത്തെക്കുറിച്ചു മനോരോഗ വിദഗ്ധന്റെ വിലയിരുത്തൽ വായിക്കാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

class3345

ഈ അധ്യയന വർഷം ശ്രദ്ധേയമായത് ഒാൺലൈൻ പഠനത്തിന്റെ പേരിലാണ്. വീട്ടിലിരുന്ന് ഒാൺലൈൻ ക്ലാസുകൾ എന്ന പുതിയ പാഠശാലയിലൂടെ നമ്മുടെ കുഞ്ഞുങ്ങൾ വിദ്യയെന്ന മഹാധനത്തെ സ്വീകരിക്കുന്ന കാഴ്ചയാണെങ്ങും. മിക്ക സ്കൂളുകളും ലൈവ് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ സ്കൂൾ തുറക്കലിനെക്കുറിച്ച് വ്യക്തത വരാത്ത ഈ സാഹചര്യത്തിൽ ഒാൺലൈൻ ക്ലാസുകൾ മുൻപോട്ടു നീങ്ങുമ്പോഴും മാതാപിതാക്കളുടെ മനസ്സിൽ കുറേ ആശങ്കകളും സമ്മർദങ്ങളുമുണ്ട്. സ്കൂളിൽ അധ്യാപകരുടെ നിയന്ത്രണത്തിലും ശിക്ഷണത്തിലും നീരീക്ഷണത്തിലും കുട്ടികളുടെ പഠനം മികവുറ്റതാകുന്നു എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അതു കൊണ്ടു തന്നെ മാതാപിതാക്കളുടെ ഉള്ളിൽ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ല. ഉദേ്യാഗസ്ഥരായ മാതാപിതാക്കളുടെ കാര്യത്തിൽ ഈ സമ്മർദം കൂടുതലാണു താനും. കൊച്ചു കേരളത്തിൽ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ എണ്ണം കൂടുതലാണല്ലോ. ഈ ആശങ്കകൾ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്  പറയുകയാണ് മനോരോഗവിദഗ്ധനായ ഡോ . സി.ജെ . ജോൺ 

മാതാപിതാക്കളെയും പരിഗണിക്കണം

സ്കൂളുകൾ ഒാൺലൈൻ ലൈവ് പഠനസമ്പ്രദായം ചിട്ടപ്പെടുത്തുമ്പോൾ മാതാപിതാക്കളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. കാരണം കുട്ടികളുടെ ഒാൺലൈൻ പഠനം സുഗമമായി മുൻപോട്ടു പോകാൻ മാതാപിതാക്കളുടെ പിന്തുണ അനിവാര്യമാണ്. ഒാൺലൈൻ ക്ലാസ് ഒഴികെയുള്ള അധ്യാപകരുടെ മറ്റു റോളുകളെല്ലാം ഇപ്പോൾ ചെയ്യുന്നത് മാതാപിതാക്കളാണല്ലോ. ചെറിയ കുട്ടികളാണെങ്കിൽ ലൈവ് ക്ലാസുകളിൽ അവർക്കൊപ്പം മാതാപിതാക്കളിലൊരാൾ ഇരിക്കേണ്ടി വരും. ഇത് സാധ്യമാകാത്തവരുണ്ട്.

മുതിർന്ന കുട്ടികളെ ഒാൺലൈൻ പഠനത്തിന് തനിച്ച് വീട്ടിലാക്കി ഒാഫിസിൽ പോകേണ്ടി വരുന്നവരുണ്ട്. ചെറിയ കുട്ടികൾക്ക് ഒാൺലൈൻ പഠനക്രമീകരണങ്ങൾ ചെയ്യാൻ പരിചയസമ്പന്നത ഉള്ള ആളുകൾ വീട്ടിലില്ലാത്തതിനാൽ വിഷമിക്കുന്നവരുമുണ്ട്. രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടിൽ എല്ലാവരും ലൈവ് ക്ലാസ്ലിലേയ്ക്കു വരുമ്പോൾ ഗാഡ്ജറ്റുകളുടെ ആവശ്യകത കൂടുന്നത് മറ്റൊരാശങ്കയാണ്. ഒാൺലൈൻ പഠനം ഡേറ്റയുടെ പ്രശ്നവും സാങ്കേതിക തകരാറുകൾ മൂലവും തടസ്സപ്പെടുന്നതും സമ്മർദ്ദ കാരണമാകാം. ഒാൺലൈൻ ക്ലാസുകളുടെ പേരിൽ ഫീസ് വർധിപ്പിക്കുമോ? ഒാൺലൈൻ അധ്യാപനരീതിയുടെ മികവ് എത്രത്തോളമുണ്ട്? ഇതേക്കുറിച്ച് ആകുലപ്പെടുന്നവരുമുണ്ട്.

അങ്ങനെ തൊഴിൽ സമ്മർദവും മക്കളുടെ പഠനത്തെക്കുറിച്ചുള്ള ഒട്ടേറെ ആകുലതകളും പുതിയ കാലത്തെ മാതാപിതാക്കൾക്കുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ ഇതിനോടെല്ലാം പൊരുത്തപ്പെടുക മാത്രമാണ് മാതാപിതാക്കളുടെ മുൻപിലുള്ള വഴി.

ഇതൊരു താത്കാലിക സംവിധാനമാണ്. ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥരും അല്ലാത്തവരുമായ മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

സ്കൂൾ തന്നെയാണ് കുട്ടിക്ക് പഠിക്കുന്നതിനുള്ള ഏറ്റവും മികച്ച ഇടം. കുട്ടികളുടെ മാനസിക വളർച്ചയ്ക്കും സ്കൂളിന്റെ അന്തരീക്ഷം ആവശ്യമാണ്. എന്നാൽ ഈ കോവിഡ് കാലത്ത് പഠനവുമായുള്ള കുട്ടികളുടെ ബന്ധം മുറിഞ്ഞു പോകാതിരിക്കാനുള്ള ഒരു സംവിധാനമാണ് ഒാൺലൈൻ പഠനം. പഠനത്തോടുള്ള താത്പര്യം കുട്ടി വെറുതെയിരിക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനുള്ള ഒരു ബദൽ സംവിധാനം മാത്രമാണിത്. ഇത് ഒരു സ്ഥിരം സംവിധാനമല്ല എന്ന വസ്തുത മാതാപിതാക്കൾ ആദ്യം അംഗീകരിക്കണം. അങ്ങനെ മനസ്സിനെ ശാന്തമാക്കണം. ഈ രീതി കൂടി നടപ്പാക്കിയില്ലെങ്കിൽ, പുറത്തു പോകാനുള്ള സാഹചര്യം ഇല്ലാത്ത ഈ കാലത്ത് കുട്ടികൾ ഒാൺലൈൻ കളികളോടും മറ്റും പൂർണമായി അഭിരമിക്കും.

കംപ്യൂട്ടറിനും മൊബൈലിനും ടിവിക്കുമൊക്കെ മുൻപിൽ കൂടുതൽ നേരം ഇരിക്കരുത് എന്നു കുട്ടികളോടു പറയുന്ന മാതാപിതാക്കൾ തന്നെ ഇപ്പോൾ ഒാൺലൈൻ ക്ലാസിലിരിക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയാണ്. ഇത് കുട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ആദ്യം അരുത് എന്നു പറഞ്ഞിട്ട് അതു മാറ്റി പറയേണ്ടി വരുന്നതിന്റെ മനോവിഷമം മാതാപിതാക്കൾക്കുമുണ്ട്. ഈ ആശയക്കുഴപ്പം മാറണമെങ്കിൽ ഒാൺലൈൻ പഠനം ഒരു ബദൽ സംവിധാനമാണെന്നു കുട്ടിയെയും ബോധ്യപ്പെടുത്തണം.

സ്കൂളിൽ പഠനത്തിനിടയിൽ കളിക്കാൻ ഇടവേളയുണ്ട്. അതു പോലെ ഒാൺലൈൻ പഠന ഇടവേളയിൽ കുട്ടികൾ സൈബർ ഇടങ്ങളിൽ തന്നെ ഉല്ലസിക്കാനുള്ള മാർഗം തേടാം. എന്നാൽ അതിന് സ്നേഹപൂർവം നിയന്ത്രണങ്ങൾ വയ്ക്കണം. സമയ പരിധിയും നിശ്ചയിക്കണം. അത്തരം ഇടവേളകളിൽ കുടുംബാംഗങ്ങളോടു സംസാരിക്കാനയയ്ക്കാം, പ്രകൃതിദത്തമായ കാഴ്ചകളിലേക്കും കളികളിലേക്കും ഇറങ്ങിച്ചെല്ലുന്നതിന് കുട്ടിയെ ഒരുക്കാം. ഒാൺലൈൻ ക്ലാസിനിടയിൽ പഠനവിഷയങ്ങളിൽ നിന്നു വ്യതിചലിച്ച് മറ്റ് ‘ഒാൺലൈൻ വ്യാപാര’ങ്ങളിലേക്കു പോകുന്ന കുട്ടി വിരുതൻമാരുമുണ്ടാകാം. അവിടെയും മാതാപിതാക്കളുടെ കണ്ണുകൾ പിൻതുടർന്നേ മതിയാകൂ.

സമ്മർദം വരും വഴികൾ

മാതാപിതാക്കൾ ഉദേ്യാഗസ്ഥരാണെങ്കിൽ കുട്ടിയുടെ പഠനം മോണിറ്റർ ചെയ്യാനുള്ള അവസരം കിട്ടുന്നില്ലല്ലോ എന്നതാണ് പ്രധാന ആശങ്ക. കുട്ടി ഫലപ്രദമായി പഠിക്കുകയാണോ? സമയം കളയുകയാണോ എന്നറിയാനാകാത്ത ധർമസങ്കടം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയെ ട്രാക്ക് ചെയ്യാനുള്ള നൂതന സാങ്കേതിക വിദ്യകൾ ഇപ്പോൾ ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇങ്ങനെ ട്രാക്ക് ചെയ്യുമ്പോൾ അതു കുട്ടിയോടു പറയുകയും വേണം. ‘ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് കെട്ടോ’ എന്നു സ്നേഹത്തോടെ പറഞ്ഞാൽ മതി, അല്ലെങ്കിൽ തന്നെ വിശ്വാസമില്ലല്ലോ എന്നു കുട്ടിക്കു തോന്നും. വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഈ നിരീക്ഷണം അവരെ ഏൽപിക്കുന്നതാണ് അഭികാമ്യം. കുട്ടിക്ക് ക്ലാസുകളും ഹോം വർക്കുകളും കൂടുതലാകുന്നു എന്നതാണ് മറ്റൊരു ആശങ്ക. അത് കൃത്യമായി ചെയ്യുന്നതിന് കുട്ടിയെ തയാറാക്കണം. തിരക്കു കൂട്ടാതെ സ്നേഹപൂർവം പഠനത്തിലേക്കു കുട്ടിയുടെ മനസ്സു തിരിച്ചു വിടാം. തങ്ങളുടെ തിരക്കിനിടയിൽ കുട്ടിക്കൊപ്പമിരുന്ന് കൃത്യമായി പഠിപ്പിക്കാനാകുമോ എന്ന് ചിന്തിച്ച് വിഷമിക്കാതിരിക്കുക.

ഒാൺലൈൻ പഠന കാലത്ത് അധികമായി ഹോംവർക്കുകളും മറ്റും നൽകേണ്ട ആവശ്യമുണ്ടോ എന്നതാണ് മറ്റൊരു ചിന്ത. പക്ഷേ സ്കൂളും അധ്യാപകരും ആവശ്യപ്പെടുന്ന സ്ഥിതിക്ക് അതു ചെയ്യുന്നതിന് കുട്ടിയെ തയാറാക്കുക.

ഇത് ഒരു സുവർണാവസരമാണ്. മാതാപിതാക്കൾക്ക് വലിയൊരു അവസരം കൂടി ഈ ഒാൺലൈൻ പഠനകാലത്തു തുറന്നു കിട്ടുന്നുണ്ട്. ഈ കാലത്ത് കുട്ടികളോട് സ്വയം പഠിക്കാൻ തയാറാകേണ്ടതിനെക്കുറിച്ച് പറയാം. അത്തരം ശീലം വളർത്തിയെടുക്കുന്നതിനുള്ള ഒരു കളരിയായി ഈ കാലത്തെ കാണാം. കൂടെയിരുന്നു പഠിപ്പിച്ച്, നിരീക്ഷിച്ച് മാതാപിതാക്കൾ കാവലിരിക്കുന്ന കാലത്തിൽ നിന്ന് കുട്ടി ഒന്നു മാറട്ടെ. സ്വയം ചുമതലകൾ ഏറ്റെടുക്കാനും ഹോം വർക് ചെയ്യാനുമുള്ള മനോഭാവത്തിലേക്ക് അവർ വളരട്ടെ. കുട്ടികളുടെ ഭാവിക്കും അതു നല്ലതാണ്. ഉന്നത പഠനത്തിലേക്കു വരുമ്പോൾ, കൂടെയിരുന്നു പഠിപ്പിക്കാൻ ആളില്ലാതെ വരുന്നതിന്റെ ഉദാസീനത ഒഴിവാക്കാൻ ഇതു സഹായകമാകും. ‘തനിയെ പഠിക്കണം, അവസാനത്തെ പെർഫൊമൻസ് മാത്രമേ ഞങ്ങൾ നിരീക്ഷിക്കൂ’ എന്നു കുട്ടിയോട് വാത്സല്യപൂർവം പറയാം.

പഠനം മാധുര്യമുള്ളതാക്കണം

പഠനം ഹരമാക്കിയ ഒരു കുട്ടി ഒാൺലൈൻ പഠനം അനായാസേന സ്വീകരിക്കും. എന്നാൽ സ്കൂളിൽ പോയി കൂട്ടുകാരും കളികളും എല്ലാം ചേരുമ്പോൾ അതിലൂടെ പഠനത്തിന് ഉൗർജം കിട്ടുന്ന കുറേ കുട്ടികളുണ്ട്. ആ കുട്ടികൾക്ക് അവരുടെ ദിനചര്യയിൽ അത്തരം ചില ഘടകങ്ങൾ ക്രിയാത്മകമായി സൃഷ്ടിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ അവർക്ക് പഠനം പാൽപ്പായസമാകൂ. വെൽഡൺ എന്നു ടീച്ചർ പറയുന്നതു കേൾക്കുമ്പോൾ, ഹോം വർക് ബുക്കിൽ നക്ഷത്രവും െഎസ്ക്രീമും തെളിയുമ്പോൾ പഠിക്കാൻ കൂടുതൽ ഉൗർജം കിട്ടുന്ന കുട്ടികളുടെ പഠനം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്.

പാഠ്യേതര കഴിവുകൾ കൂടിയുള്ള കുട്ടികൾക്ക് ഒാൺലൈൻ എന്ന പ്ലാ‌റ്റ് ഫോമിൽ സിലബസ് കേന്ദ്രീകൃത പഠനം മാത്രമാകുമ്പോൾ മനസ്സു മടുക്കും. അപ്പോൾ അവരെ കൂടുതൽ ഭാവനാപൂർണരായി പഠനത്തിൽ പിടിച്ചു നിർത്തുന്നതിന് മാതാപിതാക്കൾ തയാറെടുക്കണം.

കുട്ടിയുടെ മനസ്സ് വിഷമിപ്പിക്കല്ലേ

കുട്ടികളുടെ ഒാൺലൈൻ പഠനത്തെക്കുറിച്ചു തന്നെ ആലോചിച്ച് ആ നിരാശയും സങ്കടവുമൊക്കെ കുട്ടികളുടെ മേൽ തീർക്കുന്ന മാതാപിതാക്കളുണ്ടാകാം. അതു പാടില്ല. നിങ്ങളുടെ സമ്മർദങ്ങളെ ആയാസപ്പെടുത്താനുള്ള വഴികൾ തേടുക. കുട്ടികളോടിടപെടുമ്പോൾ കഴിയുന്നത്ര ശാന്തത പാലിക്കുക. അവരെ മോട്ടിവേറ്റ് ചെയ്യുക. ചില കുട്ടികൾ തന്നെ ഇതിനിടയിൽ മാതാപിതാക്കളെ സമ്മർദത്തിലാക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള ഒരു കുട്ടി മാതാപിതാക്കളോട് പറഞ്ഞത് ഇങ്ങനെയാണ്– ‘‘ ഞാൻ ഒാൺലൈൻ ക്ലാസിൽ ഇരിക്കണമെങ്കിൽ ഒരു നിശ്ചിത മണിക്കൂർ പബ്ജി കളിക്കാൻ അനുവദിക്കണം...’.

ഇത്തരം ചില പ്രതിസന്ധികളെ കൂടി മാതാപിതാക്കൾ നേരിടുന്ന കാലമാണിത്. പഠിക്കാനുള്ള ഒരു പ്ലാറ്റ് ഫോമാണ് ഇപ്പോൾ ഒാൺലൈൻ. അതിനെ സൈബർ കളികളുമായി കൂട്ടിക്കുഴയ്ക്കരുത് എന്നു കുട്ടികളോടു പറയാൻ ഇന്നത്തെ മാതാപിതാക്കൾക്കാകണം. നീ ഇപ്പോൾ പഠിക്കാൻ തയാറായില്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ടുകൾ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന് ഏറ്റവും കരുതലോടെ തന്നെ പറയാം. പഠനത്തിനായി വാങ്ങിയ ഗാഡ്ജറ്റുകളൊക്കെ ഈ സവിശേഷകാലത്തിനു വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങളുടെ ഉടമസ്ഥതയിലുള്ളതെന്നും കളിപ്പാട്ടങ്ങളല്ലെന്നും പറഞ്ഞു കൊടുക്കാം.

മക്കളുടെ പഠനത്തെക്കുറിച്ചോർത്ത് ഭാരപ്പെടേണ്ടതില്ല. സമയം കിട്ടുമ്പോഴൊക്കെ നമുക്കു നല്ല സുഹൃത്തുക്കളായിരുന്ന് ഒന്നിച്ചു പഠിക്കാം എന്നു കുട്ടികളോടു പറഞ്ഞു നോക്കൂ. അവർക്ക് എന്തു സന്തോഷമാകുമെന്നോ! ഈ കാലവും നമ്മുടെ കുട്ടികൾക്ക് നല്ലതിനാണെന്നു മനസ്സിനോടു പറയാം. പുതിയ ചില ബോധ്യങ്ങൾ, ജീവിത ചിത്രങ്ങൾ അതുകൂടി അവരുടെ ഉള്ളിൽ പതിയട്ടെ...

വിവരങ്ങൾക്കു കടപ്പാട്

ഡോ. സി.ജെ. ജോൺ

സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്

മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , കൊച്ചി

Tags:
  • Manorama Arogyam
  • Health Tips