Thursday 20 June 2019 04:59 PM IST : By സ്വന്തം ലേഖകൻ

സൂര്യപ്രകാശമേൽപിച്ച ഒായിസ്റ്റർ മഷ്റൂം! ക്ഷയരോഗം മാറ്റാൻ ഇതിലും മികച്ചൊരു മരുന്നില്ല; പഠനം

mushroom

സൂര്യപ്രകാശമേൽപിച്ച ഒായിസ്റ്റർ മഷ്റൂം  ടിബി രോഗികൾക്ക് ഫലപ്രദമാണെന്ന് പുതിയ പഠനം.  ടിബി മരുന്നുകളോടുള്ള അണുക്കളുടെ പ്രതിരോധം ശക്തമായതോടെ, ക്ഷയരോഗ ചികിത്സയിൽ മരുന്നിനെ പിന്തുണയ്ക്കുന്ന പുതിയ പോംവഴികൾ ഗവേഷകർ അന്വേഷിക്കവേയാണ് ഈ കണ്ടുപിടുത്തം നടത്തിയത്. സൂര്യപ്രകാശമേൽപിച്ചെടുക്കുന്ന കൂണുകളിലൂടെ ലഭിക്കുന്ന വൈറ്റമിൻ ഡിയാണ് ക്ഷയരോഗത്തിനു മരുന്നാകുന്നത്.   ടിബിക്കു കാരണമാകുന്ന ബാക്ടീരിയയെ  ആക്രമിക്കുന്ന പ്രത്യേക ആന്റിമൈക്രോബിയൽ സംയുക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുക വഴിയാണ് വൈറ്റമിൻ ഡി ക്ഷയരോഗ നിയന്ത്രണത്തിനു സഹായിക്കുന്നത്. ഒായിസ്റ്റർ കൂണുകളിൽ വൈറ്റമിൻ ഡി ഇല്ലെങ്കിലും  സൂര്യപ്രകാശം പതിച്ചു കഴിയുമ്പോൾ  നമ്മുടെ ശരീരത്തിലെന്ന പോലെ കുമിളിലും  അത് ഉൽപാദിപ്പിച്ചു തുടങ്ങും. സൂര്യപ്രകാശമേൽക്കുന്നതു വഴി വൈറ്റമിൻ ഡി ലഭിക്കാൻ സാഹചര്യമില്ലാത്തവർക്ക്  വൈറ്റമിൻ ഡി ലഭിക്കാൻ ചെലവു കുറഞ്ഞതും എളുപ്പമുള്ളതുമായ വഴിയാണ് കൂൺ ഭക്ഷണമാക്കുക എന്നത്.

ഇതിനേക്കുറിച്ച് കൂടുതൽ പഠിക്കാനായി.  ഒരു കൂട്ടം ടിബി രോഗികൾക്ക്, ടിബി മരുന്നിനൊപ്പം ഇത്തരം ഒായിസ്റ്റർ കൂൺ കൊണ്ടുണ്ടാക്കിയ, 146 മൈക്രോഗ്രാം വൈറ്റമിൻ ഡി  ഉള്ള സാൻവിച്ച് ബ്രെഡ് നാലു മാസം തുടർച്ചയായി  നൽകി. പരീക്ഷണത്തിന്റെ അവസാനം വൈറ്റമിൻ ഡി കലർന്ന ബ്രെഡ് കഴിച്ച  95 ശതമാനം രോഗികൾക്കും ക്ഷയരോഗ തീവ്രത കുറഞ്ഞതായി കണ്ടു.  മാത്രമല്ല അവരുടെ ശരീരത്തിലെ വൈറ്റമിൻ ഡി നിരക്ക് അല്ലാത്ത രോഗികളുടേതിനേക്കാളും വർധിച്ചതായി കണ്ടു.  രോഗപ്രതിരോധശേഷിയും ഗണ്യമായി മെച്ചപ്പെട്ടുവത്രെ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ ക്ഷയരോഗ നിയന്ത്രണത്തിനുള്ള വളരെ ഫലപ്രദമായ മാർഗ്ഗമാണ് ഇതെന്നാണ് ന്യൂട്രീഷൻ 2019ന്റെ വാർഷിക മാറ്റിങ്ങിൽ ഈ പഠനം ചർച്ച ചെയ്ത വിദഗ്ധരുടെ അഭിപ്രായം.