Wednesday 22 January 2020 03:09 PM IST

പ്രായത്തെ തോൽപ്പിക്കും, യുവത്വം നിലനിർത്തും; പഞ്ചകര്‍മ ചികിത്സയിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

panchakarma

ചിലരുണ്ട്... പ്രായം വെറും സംഖ്യയാണെന്നു തോന്നുക അവരെ കാണുമ്പോഴാണ്. പ്രായം കൂടിയാലും (ക്രോണോളജിക്കൽ ഏജിങ്) ശരീരശാസ്ത്രപരമായും (ബയോളജിക്കൽ ഏജിങ്) മാനസികമായും അവർ ഊർജസ്വലരും യൗവനതീക്ഷ്ണത സൂക്ഷിക്കുന്നവരുമായിരിക്കും. ആയുർവേദത്തിൽ ഇതിന് ഊർജസ്കരമായി ഇരിക്കുക എന്നു പറയും ആധുനികശാസ്ത്രപ്രകാരം വാർധക്യം ഒരു സ്വാഭാവിക പരിണാമം മാത്രമാണ്. എന്നാൽ, ആയുർവേദം അതിനെ ഒരു സ്വാഭാവിക രോഗമായി തന്നെ കരുതി ചികിത്സാവിധികൾ നിർദേശിച്ചിരിക്കുന്നു. ആയുർവേദത്തിലെ ജരചികിത്സ അഥവാ രസായനചികിത്സ ഇതിനുള്ളതാണ്. ഇതോടൊപ്പം ചില ആരോഗ്യനിഷ്കർഷകളും നിർദേശിച്ചിട്ടുണ്ട്. ദിനചര്യകൾ, ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലൊക്കെയുള്ള നിഷ്കർഷകൾ ശരീരത്തെ ചെറുപ്പമായും കരുത്തോടെയും സൂക്ഷിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ചില പ്രത്യേക മരുന്നുകൂട്ടുകൾ കൊണ്ട് പ്രായം കുറയ്ക്കുന്ന രസായനചികിത്സാരീതിയും കൂടുവിട്ട് കൂടുമാറുംപോലെ ജരാനര ബാധിച്ച ശരീരത്തിൽ നിറയൗവനം. നിറയ്ക്കുന്ന കായകൽപ ചികിത്സയും ആയുർവേദഗന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം.

ചെറുപ്പമായിരിക്കാൻ ചിട്ടകൾ

ദിവസം മുഴുവൻ പാലിക്കേണ്ടുന്ന ലളിതമായ ചില ചിട്ടകളാണ് ആയുർവേദ ദിനചര്യയിൽ പറയുന്നത്. പക്ഷേ, ഇതെല്ലാം തന്നെ ആരോഗ്യമുള്ളവർക്കു വേണ്ടിയുള്ളതാണ്. രോഗികളായുള്ളവർ എത്രയും വേഗം രോഗാവസ്ഥ പരിഹരിച്ച് ആരോഗ്യവാന്മാരായ ശേഷം ദിനചര്യ ശീലിക്കുക.

പുലർച്ചെ ഉണരുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. മാനസികമായും ശാരീരികമായും ആരോഗ്യവാനായ ആൾ കഴിവതും ബ്രാഹ്മമുഹൂർത്തത്തിൽ അതായത് പുലർച്ചെ ഏകദേശം നാലര മണിക്ക് എഴുന്നേൽക്കണം. ശരീരശുദ്ധി വരുത്തിയ ശേഷം ശുദ്ധജലം കുടിച്ചു വേണം ദിവസം തുടങ്ങാൻ. ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളത്തിൽ അൽപം ചെറുതേനും നാരങ്ങാനീരും കലർത്തി കുടിക്കുന്നത് പ്രതിരോധശേഷിക്കും ദഹനവ്യവസ്ഥ കാര്യക്ഷമമാകാനും നല്ലതാണ്.

കാഴ്ച മങ്ങാതിരിക്കാൻ

രാവിലെ ഉണർന്നയുടനെ തണുത്തവെള്ളത്തിൽ മുഖം പ്രത്യേകിച്ച് കണ്ണുകൾ കഴുകണം. തലേന്ന് ഒരു ഗ്ലാസ്സ് വെള്ളത്തിൽ രണ്ടുഗ്രാം ത്രിഫലപ്പൊടി ഇട്ടു വയ്ക്കുക. പിറ്റേന്ന് ആ വെള്ളം അരിച്ചെടുത്ത് കണ്ണ് കഴുകണം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ചശക്തിക്കും ഉത്തമമാണ്. പണ്ടുള്ളവർ രാവിലെ ഉണർന്ന് കുളി കഴിഞ്ഞശേഷം കണ്ണിൽ അഞ്ജനമെഴുതിയിരുന്നു. കണ്ണെഴുതുന്നതു കൊണ്ട് സിരകൾ വികസിക്കുകയും കാഴ്ചയ്ക്ക് തെളിമ ഉണ്ടാവുകയും ചെയ്യുമെന്ന് ആയുർവേദം പറയുന്നു. പക്ഷേ, വീട്ടിൽ തന്നെ കണ്മഷി ഉണ്ടാക്കിയെടുക്കണം, ഇതിന് പൂവാൻ കുറുന്നില നീരിൽ ഒരു കോട്ടൺ തുണി പലതവണ മുക്കി ഉണക്കിയെടുക. ഇതിൽ നല്ലെണ്ണ പുരട്ടി നിലവിളക്കിൽ കാണിച്ച് കത്തിച്ച് ആ കരി ശേഖരിക്കുക. ഇതുകൊണ്ട് ദിവസവും കണ്ണെഴുതാം.

പ്രായം തടയും ഭക്ഷണം

ശരീരപ്രകൃതവും കാലാവസ്ഥയും ദഹനശേഷിയും ഒക്കെ അനുസരിച്ച് അവരവർക്കു യോജിക്കുന്ന ഭക്ഷണം തിരഞ്ഞെടുത്ത് ഉപയോഗിക്കണം. കഴിച്ച ആഹാരം ദഹിച്ച ശേഷം മാത്രമേ അടുത്തത് കഴിക്കാവൂ. ഹിതവും മിതവുമാകണം ഭക്ഷണം. രാത്രിഭക്ഷണം അമിതമാകരുത്. കഴിവതും പഴങ്ങളോ പച്ചക്കറികളോ കഴിക്കുക. പ്രധാനഭക്ഷണം ദിവസം രണ്ടു നേരം മതിയെന്നാണ് ആയുർവേദം പറയുന്നത്. വയറിന്റെ മൂന്നിൽ രണ്ടു ഭാഗം മാത്രം ഭക്ഷണം കൊണ്ട് നിറയ്ക്കുക. ഒരു ഭാഗം വെള്ളവും. ബാക്കി ഒഴിഞ്ഞുകിടക്കണം. ആശങ്കകളും ചിന്തകളും അകന്ന് മനസ്സ് പ്രസന്നമായിരിക്കുമ്പോൾ വേണം ഭക്ഷണം കഴിക്കാൻ

പശുവിൻപാൽ പ്രായം തടയാൻ ഉത്തമമാണ്. തണുത്ത പാൽ ചർമത്തിൽ പുരട്ടുന്നത് വാർധക്യലക്ഷണങ്ങളെ അകറ്റും. നെല്ലിക്ക, മഞ്ഞൾ, കറിവേപ്പില, തവിഴാമ എന്നിവയൊക്കെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുന്നത് പ്രായത്തിന്റെ ലക്ഷണങ്ങൾവൈകിപ്പിക്കും. നവര, ഗോതമ്പ്, ചെറുപയറ്, നെയ്യ് എന്നിവ ശരീരത്തിന് ഉത്തമമാണ്.

മലമൂത്ര വിസർജ്യങ്ങൾ തടഞ്ഞുവയ്ക്കുന്നതും നിയന്ത്രിക്കുന്നതും (വേഗരോധവും വേഗോദ്ദീകരണവും) നല്ലതല്ല. രണ്ടും ശരീരകോശങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി രോഗമുണ്ടാകാൻ ഇടയാക്കും.

ആഴ്ചയിൽ ഒരിക്കൽ ഉപവാസം എടുക്കുന്നത് ദഹനപ്രക്രിയയിലെ തകരാറുകൾ മാറ്റാനും ശരീര മാലിന്യങ്ങൾ നീക്കാനും ഉത്തമമാണ്. വെള്ളം മാത്രം കുടിച്ചോ പഴവർഗങ്ങൾ കഴിച്ചോ ഉപവസിക്കാം. ഇതു സാധ്യമല്ലെങ്കിൽ ഒരുനേരം ലഘുവായി ഭക്ഷണം കഴിച്ചും ഉപവസിക്കാം.

ജരാനര തടയും വ്യായാമം

ശരീരം കരുത്തോടെയിരിക്കാനും വാർധക്യലക്ഷണങ്ങളെ തടുക്കാനും ദീർഘായുസ്സുണ്ടാകാനും വ്യായാമം സഹായിക്കുമെന്നാണ് ആയുർവേദ മതം. വ്യായാമം ചെയ്ത് ശരീരം വിയർക്കുന്നതു വഴി ദഹനശേഷി വർധിക്കുന്നു, ചർമത്തിന് തിളക്കവും നവയൗവനവും കൈവരുന്നു. വ്യായാമം പതിയെ തുടങ്ങി തീവ്രത കൂട്ടിക്കൊണ്ടുവരാം. നെറ്റി , മുഖം, ശരീരത്തിന്റെ മധ്യഭാഗം എന്നിവയൊക്കെ വിയർക്കും വരെ വ്യായാമം ചെയ്യുന്നതാണ് ഉത്തമം. യോഗാസനങ്ങൾ മികച്ച വ്യായാമമാണ്. സ്ത്രീകൾക്ക് നൃത്തം ഉത്തമമാണ്. ഏതുവ്യായാമവും പതിവായി ചെയ്താലേ ഗുണം ലഭിക്കൂ. രോഗികളായവരോ 60 വയസ്സു കഴിഞ്ഞവരോ വൈദ്യനിർദേശമില്ലാതെ വ്യായാമം പെട്ടെന്നു തുടങ്ങരുത്. തണുപ്പുകാലത്ത് വിശപ്പും ദഹനശേഷിയും പൊതുവെ കൂടുതലായിരിക്കും. അതിനാൽ ദേഹം വിയർക്കുംവരെ വ്യായാമം ചെയ്യാം. മറ്റുകാലങ്ങളിൽ ലഘുവ്യായാമം മതി. വ്യായാമത്തിനു ശേഷം അൽപം വിശ്രമിച്ച് ക്ഷീണമകറ്റിയിട്ട് ശരീരമാകെ എണ്ണതേച്ചു തിരുമ്മി കുളിക്കണം.

ചർമത്തിന് എണ്ണതേച്ച് കുളി

പതിവായി എണ്ണതേച്ച് കുളിക്കുന്നത് ജരാനരകൾ തടയും, ചർമത്തിനു തിളക്കവും മിനുസവും നൽകും. വാതപ്രശ്നങ്ങളും ക്ഷീണവും അകലും. ദിവസവും എണ്ണതേച്ചു കുളി പ്രായോഗികമല്ലെങ്കിൽ ആഴ്ചയിൽ രണ്ടു തവണ ചെയ്യുക. തലയിലും ചെവിയിലും ഉള്ളംകാലിലും എണ്ണ പുരട്ടി തിരുമ്മി 15–20 മിനിറ്റിനു ശേഷം കുളിക്കാം. ധാന്വന്തരം തൈലം, സഹചരാദി തൈലം എന്നിവ ഉത്തമമാണ്. വെളിച്ചെണ്ണ ഏതു സമയത്തും പൊതുവായി തേച്ചുകുളിക്ക് ഉപയോഗിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും ത്വക് രോഗങ്ങൾ തടയാനും വെന്ത വെളിച്ചെണ്ണ ഉത്തമം.

ദിവസവും ചെവിയിൽ എണ്ണ തേക്കുന്നത് ചെവിക്കുണ്ടാകാവുന്ന രോഗങ്ങൾ തടയും. കേൾവിശക്തികുറയാതെ സംരക്ഷിക്കും. കുളിക്കുന്നതിനു മുൻപ് ചെറുവിരലിൽ അൽപം എണ്ണ തൊട്ട് ചെവിക്കുടയിൽ പുരട്ടാം. ഒന്നോ രണ്ടോ തുള്ളി എണ്ണ ചെവിയിൽ ഇറ്റിച്ച് കോട്ടൺ തുണി കൊണ്ട് ചെവി വൃത്തിയാക്കാം. കാലിൽ എണ്ണ തേക്കുന്നത് നല്ല ഉറക്കം നൽകും. ഉള്ളംകാലിൽ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്ണിനും നല്ലതാണ്.

നര തടയാൻ കഫം നീക്കാം

അറുപതുകളിലെത്തുന്നതിനു മുൻപേ പലരിലും മുടി നരച്ച് കാണാറുണ്ട്. പല കാരണം കൊണ്ട് നര ഉണ്ടാകാം. തുടർച്ചയായ തലവേദന, മൂക്കടപ്പ് എന്നിവയുള്ളവരിൽ നര പെട്ടെന്നു തന്നെ വരാം. മറ്റൊരു പ്രധാനകാരണം കഫാധിക്യമാണ്. കഫാധിക്യം ഉള്ളവരിൽ ശ്ലേഷ്മം പുറത്തുപോകാതെ കെട്ടിക്കിടക്കാം. ഇത് മുടിവളർച്ചയെ ബാധിക്കും. നരയ്ക്ക് തുടക്കമിടും. ഇങ്ങനെയുള്ളരിൽ ആദ്യം കഫം ഒഴുക്കിക്കളയാനുള്ള നടപടികൾ ചെയ്യണം. ഇതിന് നല്ലെണ്ണ രണ്ടു തുള്ളിയെടുത്ത് മൂക്കിനുൾവശത്ത് പുരട്ടി അകത്തേക്കു വലിക്കുക. വായിലൂടെ ഒലിച്ചുവരുന്ന കഫം തുപ്പിക്കളയുക. ഇതു പതിവായി ചെയ്യണം. അടുത്തതായി മുടി ഏതു തരമാണെന്നു നോക്കി അതിനു ചേരുന്ന എണ്ണ തിരഞ്ഞെടുക്കണം. വല്ലാതെ വരണ്ട് ജീവനറ്റ് കിടക്കുന്ന മുടിയാണെങ്കിൽ തൈലങ്ങളാകും നല്ലത്. എണ്ണമയമുള്ള, കരുത്തു കുറഞ്ഞ മുടിയാണെങ്കിൽ വെളിച്ചെണ്ണ നല്ലതാണ്. നീലിഭ്യംഗാദി വെളിച്ചെണ്ണ, കുന്തളകാന്തി വെളിച്ചെണ്ണ എന്നിങ്ങനെ പല തരത്തിൽ നിന്നും തിരഞ്ഞെടുക്കാം. ഇവ മുടിക്ക് കറുപ്പുനൽകും, മുടിവളർച്ച കൂട്ടും. ചില പോഷകങ്ങളുടെ അഭാവം മൂലം പ്രായമെത്തും മുൻപേ മുടി നര നരയ്ക്കാം. ഇവർ രസായനങ്ങൾ കഴിക്കുന്നത് നന്നായിരിക്കും. നാരസിംഹരസായനം, ബ്രഹ്മരസായനം, ച്യവനപ്രാശം എന്നിവ പൊതുവായി കഴിക്കാവുന്ന രസായന ഔഷധങ്ങളാണ്.

രാത്രി ഉറക്കം നന്നാകാൻ

പ്രായമേറും തോറും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. നല്ല ഉറക്കം ആരോഗ്യത്തിനും ആയുസ്സിനും ഗുണകരമാണ്. പകൽ ഉറങ്ങുന്നത് നല്ലതല്ല. പ്രത്യേകിച്ച് ദുർമേദസ്സുള്ളവരും കഫപ്രകൃതക്കാരും. എങ്കിലും രാത്രി ഉറക്കം ശരിയാകാത്തവർക്ക് കാലത്തെ ഭക്ഷണത്തിനു മുൻപ് ഉറക്കം ഒഴിച്ചതിന്റെ പാതിനേരം ഉറങ്ങാം. എങ്ങനെയായാലും ആറു മണിക്കൂർ ഉറങ്ങണം. കുട്ടികൾക്ക് കുറച്ചുകൂടി ഉറക്കം വേണം. നേരത്തേ കിടന്ന് നേരത്തേ ഉണരുന്നതാണ് ഉത്തമം. ഉറക്കം കുറവുള്ളവർ കിടക്കുന്നതിനു മുൻപ് കാച്ചിയ പാൽ ചെറുചൂടോടെ മധുരം ചേർത്ത് കുടിക്കുക. കാലിൽ ക്ഷീരബല 101 ആവർത്തിച്ചതുപോലുള്ള എണ്ണ കൊണ്ട് തടവുന്നത് ഉറക്കം കിട്ടാൻ സഹായിക്കും. ഉറങ്ങുന്നതിനു മുൻപ് മനസ്സ് ശാന്തവും സ്വസ്ഥവുമായി വയ്ക്കണം. ഇഷ്ടമുള്ള പാട്ടുകേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാം.

രസായനചികിത്സ

വാർധക്യത്തിന്റെതായ പ്രശ്നങ്ങൾ പരിഹരിച്ച് യൗവനം ആവുന്നത്ര നീട്ടിക്കൊണ്ടുപോകുകയാണ് രസായന ചികിത്സയുടെ ഉദ്ദേശ്യം. ഏഴു ധാതുക്കൾ ചേർന്നതാണ് ശരീരമെന്നാണ് ആയുർവേദ വീക്ഷണം. രസമാണ് ആദ്യധാതു. രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് മറ്റ് ആറു ധാതുക്കൾ. ഈ സപ്തധാതുക്കളെയും പോഷിപ്പിക്കുകയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. രസാദിധാതുക്കൾ ക്ഷയിക്കാൻ തുടങ്ങുന്ന കാലമായ നാൽപത്–അൻപത് വയസ്സിൽ തന്നെ രസായനചികിത്സ ചെയ്താൽ വാർധക്യം വൈകിപ്പിക്കാം. രസായനചികിത്സ രണ്ടു തരത്തിലാണ് ഉള്ളത്. കുടിപ്രാവേശികവും വാതാതപികവും. സാധാരണ വാതാതപികമാണ് നടത്താറ്. ഈ രീതിയിൽ സാധാരണ ചുറ്റുപാടിൽ തന്നെ ജീവിച്ച് ഒപ്പം രസായന ഔഷധങ്ങളും സേവിക്കുന്നു. ബ്രാഹ്മരസായനം, കൂശ്മാണ്ഡ രസായനം, ച്യവനപ്രാശം തുടങ്ങി ഒട്ടേറെ രസായന ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കുടിപ്രാവേശികയിൽ കാറ്റും വെളിച്ചവുമേൽക്കാതെ രസായന ഔഷധങ്ങൾ മാത്രം സേവിച്ചു നിശ്ചിത ദിവസം കഴിയണം.

പഞ്ചകർമ ചികിത്സ

യുവത്വം നിലനിർത്താനും ആയുസ്സ് വർധിപ്പിക്കാനും വർഷാവർഷം ചെയ്യുന്ന പഞ്ചകർമ ചികിത്സ ഉപകരിക്കും. ശരീരസ്രോതസ്സുകൾ മാലിന്യമില്ലാതെ നിർമലമായിരുന്നാലേ ധാതുപോഷണം ശരീരത്തിനു വേണ്ടവിധം ലഭിക്കൂ. പഞ്ചകർമ ചികിത്സയ്ക്കു മുൻപായി ശരീരത്തെ ഒരുക്കാൻ സ്നേഹപാനം, സ്വേദനം പോലുള്ള പൂർവകർമങ്ങൾ ചെയ്യുന്നു. വൈദ്യനിർദേശപ്രകാരം മരുന്നുചേർത്ത നെയ്യ് പ്രത്യേക അളവിൽ കഴിച്ച് കോശഭിത്തിയിലെ അഴുക്ക് കുതിർത്തിളക്കി മാറ്റുന്നതാണ് സ്നേഹപാനം.

തുടർന്നാണ് പഞ്ചകർമക്രിയകൾ. വസ്തി. വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകർമങ്ങൾ. ജീവിതശൈലീരോഗങ്ങൾക്കും ഇത് ഉത്തമമാണ്. രോഗത്തിനനുസൃതമായി ചികിത്സയിൽ ചില വ്യത്യാസങ്ങൾ വരുത്തുമെന്നു മാത്രം. വാർധക്യം ഒഴിവാക്കാനാകില്ല. ആയുസ്സുള്ള കാലത്തോളം ചെറുപ്പം മങ്ങാതെയും ശരീരബലം േചാരാതെയും ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. കെ. മുരളീധരൻ പിള്ള

മെഡി. ഡയറക്ടർ, വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ

drkmpillai@yahoo.co.in

2. അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി

എസ്എൻഎ ഔഷധശാല & നഴ്സിങ് ഹോം, തൃശൂർ

ayurconsultant@gmail.com

3. ഡോ. സേതുമാധവൻ

ചീഫ് ഫിസിഷൻ, പടിഞ്ഞാറേക്കര ആയുർവേദ ഹോസ്പിറ്റൽ & റിസർച് സെന്റർ, ഒറ്റപ്പാലം

info@pahrc.com