Friday 19 February 2021 10:30 AM IST : By സ്വന്തം ലേഖകൻ

എ സി ക്യാബിനിന്റെ മൂലയിൽ ചിലന്തിയെ കണ്ടതോടെ ശുഭ കസേരയിൽ നിന്നെഴുന്നേറ്റ് ഒാടി: വിചിത്രമായ ഫോബിയകളെക്കുറിച്ച് മനോരോഗ വിദഗ്ധൻ എഴുതുന്നു

phobiakue234 വര: സന്തോഷ്കുമാർ

സാധാരണ സംഭാഷണങ്ങളിൽ പോലും മലയാളി വ്യാപകമായി ഉപയോഗിക്കുന്ന മാനസിക അസ്വാസ്ഥ്യങ്ങളെയും വ്യക്തിത്വ വൈകല്യങ്ങളെയും കുറിച്ച് മുതിർന്ന മനോരോഗ -പെരുമാറ്റ ചികിത്സാ വിദഗ്ധനായ ഡോ. കെ എ കുമാർ എഴുതുന്ന പംക്തി 

കാലത്തു പല തവണ തുടർച്ചയായി ഫോൺ വിളി വന്നതു പ്രമുഖ കേന്ദ്രസർക്കാർ സ്ഥാപനത്തിലെ ഡയറക്ടറുടെ ഓഫീസിൽ നിന്നാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടിയാണു വിളിച്ചു കൊണ്ടിരുന്നത്. ഡയറക്ടറുടെ ഏറ്റവും പ്രാപ്തയും വിശ്വസ്തയുമായ പെഴ്സണൽ സെക്രട്ടറി മിസ് ശുഭ വിചിത്രമായി പെരുമാറുന്നു. ഡിക്റ്റേഷൻ കൊടുത്തുകോണ്ടിരിക്കുമ്പോൾ മേശയ്ക്കു ചുറ്റും ചുവരിലും പരതി നോക്കുന്നു. ഇടയ്ക്കിടെ തുള്ളിച്ചാടി മാറുന്നു. ഡിക്റ്റേഷൻ എഴുതിയെടുക്കുന്നത് തെറ്റുന്നു. ഭയങ്കര വെപ്രാളം. എന്താണെന്ന് കാര്യം പറയുന്നില്ല.

ക്ലിനിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ ഇരുപത്തഞ്ചു വയ് പറയുന്ന ശുഭയുടെ മുഖം വിളറി വെളുത്തിരുന്നു. കണ്ണടയ്ക്കുള്ളിലെ കണ്ണുകളിൽ ഭയം. തന്റെ പ്രശ്നം തുടങ്ങിയിട്ട് ഒന്നു രണ്ടാഴ്ചയായി. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഡയറക്ടറുടെ ഓഫീസിലെ കാര്യങ്ങൾ സ്വന്തം ജീവൻ പോലെ നോക്കിനടത്തിയിരുന്നതു ശുഭയാണ്. ജോലിയിലെ താല്പര്യവും പ്രാപ്തിയും കൊണ്ടു നേടിയ സ്ഥാനവും അംഗീകാരവും തകരുകയാണ്. എന്താണു പ്രശ്നമെന്നു ഡയറക്ടറോടു പറയാൻ കഴിയുന്നില്ല. അദ്ദേഹം കണിശക്കാരനാണ്. വളരെ തിരക്കുള്ള ആളാണ്.

ശുഭ കസേരയുടെ അറ്റത്തു കഷ്ടിച്ചിരുന്ന്, കസേരക്കൈകളിൽ മുറുകെ പിടിച്ചു. തന്റെ പ്രശ്നം പറഞ്ഞു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു ‘അയ്യോ’ വിളിയോടെ അവൾ കസേരയിൽ നിന്നു ചാടിയെണീറ്റ് മേശയുടെ മറുവശത്തെത്തി. ചുവരിന്റെ ഒരു കോണിലേക്ക് വിരൽ ചൂണ്ടി.

“അതാ.. അവിടെ.. അതാ.. അതാണ് പ്രശ്നം” അവരുടെ ശബ്ദം വിതുമ്പിയിരുന്നു. കൈവിരലുകൾ വിറച്ചിരുന്നു. കൈകൾ മാത്രമല്ല ദേഹം മുഴുവൻ വിറയ്ക്കുകയാണ്. കൈചൂണ്ടിയ ഭാഗത്ത് ക്ലിനിക്കിന്റെ ചുവരിൽ ഒരു ചെറിയ ചിലന്തിയെ കണ്ടു.

“അതൊരു ചെറിയ ചിലന്തിയല്ലെ?”

“അത്.. അത്.. അതാണ് പ്രശ്നം..” അവൾ വിതുമ്പി.

നഗരത്തിലെ ഓഫീസുകളിൽ ഒരുപക്ഷേ, ഏറ്റവും നവീനവും പരിഷ്കൃതവുമായ ഓഫീസാണു ശുഭയുടെ ഡയറക്ടറുടെ ഓഫീസ്. പൂർണമായി എയർകണ്ടീഷൻ ചെയ്ത, വില കൂടിയ ഫര്‍ണിച്ചർ ഇട്ട ഓഫീസിൽ ഡിക്റ്റേഷൻ എടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടാഴ്ച മുമ്പ് യാദൃശ്ചികമായാണു മേശയ്ക്കരികിൽ നിന്നു രണ്ടു ചിലന്തികൾ ശുഭയുടെ ശരീരത്തിൽ ഓടിക്കയറിയത്. ഷോർട്ട് ഹാൻഡ് ബുക്ക് വലിച്ചെറിഞ്ഞു ശുഭ ഡയറക്ടറുടെ കസേര മറികടന്ന് അപ്പുറത്തെ വശത്തേക്കു ചാടി. എന്താണ് സംഭവിക്കുന്നതെന്നു പറയാൻ കഴിയുന്നതിനു മുമ്പു തലകറങ്ങി താഴെ ഇരുന്നു. അങ്ങനെയാണു ചിലന്തികളോടുള്ള ഭയം തുടങ്ങിയത്. ഈ ഭയം അമിതമാണെന്നും അനാവശ്യവും അസംബന്ധവുമാണെന്നു ശുഭയ്ക്കറിയാം. പക്ഷേ, അതു മനസ്സിൽ ഒരു ശക്തമായ രീതിയിൽ പതിഞ്ഞു വീണിരിക്കുന്നു.

ഫോബിയ പലവിധം

ഇത്തരം ഭീതികളെയാണു ഫോബിയകൾ എന്നു പറയുന്നത്. അമിതവും അസംബന്ധവും പലപ്പോഴും അടിസ്ഥാനരഹിതവും ആയ പ്രത്യേക ഭീതികളാണു ഫോബിയകൾ. ശുഭയ്ക്ക് അതുണ്ടായതു പെട്ടെന്നാണ്. മറ്റു പലരിലും അത്രയ്ക്കു പെട്ടെന്നാകണമെന്നില്ല. ചിലന്തി കടിക്കുന്നതിനെക്കുറിച്ചോ, ചിലന്തി വിഷത്തെക്കുറിച്ചോ ഉള്ള ഭയം ഈ ഭീതിയുടെ അടിസ്ഥാനം ആണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അങ്ങനെ യാതൊരു അടിസ്ഥാനം വിവരിക്കാനോ കണ്ടെത്താനോ ഇല്ലാത്ത ഫോബിയകൾ ധാരാളമുണ്ട്. ഏതെങ്കിലും വസ്തു, സാഹചര്യം, ക്രിയ എന്നിവയോടുള്ള അടിസ്ഥാനരഹിതവും അസംബന്ധപരവും അതിരുകവിഞ്ഞതുമായ പ്രത്യേക പേടികളെയാണ് ഫോബിയകൾ എന്നു പറയുന്നത്.

ഫോബിയകളുടെ ലോകം വിശാലവും വിചിത്രവും വൈവിധ്യമേറിയതുമാണ്. പ്രധാനപ്പെട്ട ഫോബിയകൾ ചിലതാണു താഴെ.

  1. അഗോറ ഫോബിയ (Agoraphobia). തുറസ്സായ പ്രദേശങ്ങളോടുള്ള ഭീതി– ഇതു വളരെ പ്രയാസം ഉണ്ടാക്കുന്നതാണ്. നിരത്തുകൾ, പൊതു സ്ഥലങ്ങൾ, ആൾക്കൂട്ടം ഉള്ളതോ ഇല്ലാത്തോ ആയ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങാൻ ഈ ഫോബിയ ഉള്ളവർക്കു പ്രയാസമാണ്. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകാം. ഒരു തരം വീട്ടുതടങ്കൽ.

  2. അടച്ചിട്ട മുറി (ഇടം) യിലുള്ള ഫോബിയ (Claustro phobia): അഗോറാ ഫോബിയയുടെ മറുവശം ഇടുങ്ങിയ മുറികൾ, ലിഫ്റ്റുകൾ, തിയറ്ററുകൾ, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങൾ ഇവിടൊക്കെ അതിയായ ആധി അനുഭവപ്പെടുന്നു.

  3. ഉയരത്തോടുള്ള ഫോബിയ (Acrophobia): ഉയം കൂടിയ കെട്ടിടങ്ങൾ, ഏണിപ്പടികൾ, ഗോപുരങ്ങൾ എന്നിവ.

  4. ജന്തുക്കൾ, ജീവികൾ എന്നിവയോടുള്ള ഫോബിയ (Animal Phobia): പല്ലി, പാറ്റ, ചിലന്തി, പൂച്ച, എലി തുടങ്ങി ഈ ഫോബിയ ഉണ്ടാക്കുന്ന ജീവികളുടെ പട്ടിക നീളാം. പാമ്പിനോടുള്ള ഭയത്തെ ഫോബിയ എന്നു പറയാൻ കഴിയില്ല. കാരണം, അതു സാർവത്രികമാണ്. അസംബന്ധവുമല്ല. എന്നാൽ കൂട്ടിലടച്ച പാമ്പിനെയോ, പാമ്പിന്റെ മാതൃകയോ ചിത്രത്തെയോ കാണുമ്പോൾ പേടിച്ചു വിറയ്ക്കുന്നതിനെയാണ് അനിമൽ ഫോബിയ എന്നു പറയുന്നത്.

  5. സോഷ്യൽ ഫോബിയ (Social Phobia): സമൂഹത്തിൽ ഇറങ്ങി പെരുമാറുന്നതിനു സങ്കോചമുള്ള പലരുമുണ്ട്. അൽപം ഉത്കണ്ഠ (Anxiety) ഉള്ളവരും കുറവല്ല, എന്നാൽ ഇതിനപ്പുറം സാമൂഹിക സമ്പർക്കങ്ങളോടുള്ള അമിതമായ ഭീതിയും അവയിൽ നിന്നു നിർബന്ധപൂർവം ഒഴിഞ്ഞുമാറുന്ന പ്രവണതയുമുള്ള ഒരു ചെറു വിഭാഗം ആളുകളിലാണു സോഷ്യൽ ഫോബിയ കാണുന്നത്.

ഇനിയും ധാരാളം ഫോബിയകളുണ്ട്. Acrophobia (ഉയരത്തോടുള്ള ഫോബിയ) മുതൽ Zoophobia (ജന്തുജീവികളോടുള്ള ഫോബിയ വരെ) ഒരു ഫോബിയയുടേതായി ഒരു മുഴുവൻ അക്ഷരമാല (A to Z) ഉണ്ടെന്നു പറയപ്പെടുന്നു. ഫോബിയകളുടെ വിശാലലോകമാണ് ഇങ്ങനെ വിവക്ഷിക്കുന്നത്.

Tags:
  • Mental Health
  • Manorama Arogyam