Monday 29 October 2018 02:41 PM IST

എല്ലാ ബ്ലീഡിങ്ങും പൈൽസല്ല; പൈൽസ് പിടിപ്പെടും മുമ്പ് ശരീരം നൽകും ഈ സൂചനകൾ

Asha Thomas

Senior Sub Editor, Manorama Arogyam

piles-new

രക്തസ്രാവത്തോടെയാണ് പൈൽസുണ്ടെന്ന് പലരും അറിയുന്നത്. എന്നാൽ, മലദ്വാരത്തിലൂടെയുള്ള ബ്ലീഡിങ്ങിന്റെകാരണം പൈൽസ് മാത്രമല്ല. രക്തസ്രാവമുള്ള 100 പേരിൽ 90 പേരിലും പൈൽസാകാം കാരണം. എന്നാൽ, 10 ശതമാനം പേരിൽ കരൾ സംബന്ധമായ പ്രശ്നങ്ങളോ കുടലിലെ മുഴകളോ തുടങ്ങി അർബുദം വരെ ആകാം കാരണം. ഈ 10 ശതമാനം പേർക്ക് അടിയന്തര ചികിത്സ ലഭിക്കുവാനുള്ള അമൂല്യസമയമാണ് പൈൽസിനു പിറകേ നടക്കുമ്പോൾ നഷ്ടമാകുന്നത്. നിർഭാഗ്യവശാൽ ചില ഡോക്ടർമാരെങ്കിലും രക്തസ്രാവവുമായി വരുന്ന രോഗികളുടെ മലദ്വാരം പരിശോധിച്ചു നോക്കുക പോലും ചെയ്യാതെ ലാക്സേറ്റീവുകൾ നൽകി വിടും. ഇതുമൂലം അപകടസാധ്യതയുള്ളവരെ അറിയാതെ പോകുന്നു. ‘നിങ്ങൾ മലദ്വാരത്തിൽ വിരൽ ഇടാൻ മടിച്ചാൽ ഒടുവിൽ കാലിടേണ്ടിവരും ’ എന്നൊരു ചൊല്ലുണ്ട്. മലദ്വാരപരിശോധന ചെയ്യാതിരുന്നാൽ ആകെ കുഴപ്പമാകുമെന്നു തന്നെയർഥം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗിക്കു തന്നെ ഈ വ്യത്യാസം അറിയാനാകും. പൈൽസിന്റേതായ രക്തസ്രാവം വിസർജനത്തിനു മുൻപോ മലത്തോടൊപ്പം കലർന്നോ ആയിരിക്കില്ല. വിസർജനം കഴിയുന്ന സമയത്ത് ചീറ്റിത്തെറിച്ചാവും വരുക. ഫിഷറും പൈൽസും തമ്മിലും തെറ്റിധരിക്കാറുണ്ട്. മലം പോയിക്കഴിയുമ്പോൾ കഠിനമായ വേദന തുടങ്ങുകയും അത് മുക്കാൽ മണിക്കൂറോളം നീളുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ, ഫിഷറാണ് കാരണം. മലദ്വാരത്തിനുള്ളിലെ നാളി പുറത്തേക്ക് വളരുന്നതാണ് ഫിസ്റ്റുല. ഇതിൽ രക്തസ്രാവം കാണാറില്ല.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ. ബിന്നി ജോൺ
അഡീഷനൽ പ്രഫസർ
സർജറി വിഭാഗം
ഗവ. മെഡിക്കൽ കോളജ്
കോട്ടയം