പ്രോസ്‌റ്റേറ്റ് കാൻസർ വ്യാപകമായി കാണുന്ന കാലമാണിത്. പുരുഷൻമാരിലെ പ്രോസ്‌റ്റേറ്റ് എന്ന ചെറു ഗ്രന്ഥിയെയാണ് ഈ കാൻസർ ബാധിക്കുന്നത്. 60 വയസ്സിനു മേൽ പ്രായമുള്ള പുരുഷൻമാരിലാണ് ഈ കാൻസർ കൂടുതൽ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ചെറുപ്പക്കാരും മധ്യവയസ്കരും മുൻപേ കരുതലെടുക്കണം.
ആഹാരശീലങ്ങളും പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ വിശദമാക്കുന്നു. കാനഡയിലെ മോണ്ട്റിയലിൽ ഒരു ജനവിഭാഗത്തെ അടിസ്ഥാനമാക്കി വർഷങ്ങൾ നീണ്ടു നിന്ന ഒരു പഠനത്തിൽ ആഹാരശീലങ്ങളും പ്രോസ്‌റ്റേറ്റ് കാൻസറും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി. മാംസാഹാരങ്ങളാൽ സമ്പന്നമായ പരമ്പരാഗത ആഹാരം കഴിച്ചവരിൽ പ്രോസ്‌റ്റേറ്റ് കാൻസറിന്റെ ഉയർന്ന സാധ്യതയും പഴങ്ങളും പച്ചക്കറികളും കഴിച്ചവരിൽ കാൻസർ സാധ്യത കുറവായുമാണ് കണ്ടത്. ആരോഗ്യകരമായ ആഹാരശീലങ്ങൾ പുലർത്തിയാൽ കാൻസർ സാധ്യത കുറയ്ക്കാം എന്നതിന് മികച്ച ഒരു ഉദാഹരണമാണ് ഈ പഠനം.
ഈ സാഹചര്യത്തിൽ പ്രോസ്‌റ്റേറ്റ് സാധ്യത കുറയ്ക്കുന്ന ആഹാരവിഭാഗങ്ങളും പ്രോസ്‌റ്റേറ്റ് സാധ്യത വർധിപ്പിക്കുന്ന ആഹാര പദാർഥങ്ങളും അറിയാം.
സാധ്യത കുറയ്ക്കും ആഹാരം
ആരോഗ്യകരമായ ആഹാര ശീലങ്ങൾ പിന്തുടരുന്നയാളാണോ നിങ്ങൾ? എങ്കിൽ ഉറപ്പിക്കാം, പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത ആ ഒരു കാരണം കൊണ്ടു തന്നെ കുറയുകയാണ്. ധാരാളമായി പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇരുണ്ട നിറമുള്ള ഇലക്കറികളും വർണാഭമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു ശീലമാക്കിയാൽ പിന്നെ ഭയപ്പെടേണ്ടതില്ല. ടോഫു, സോയാബീൻ, മത്സ്യം, കൊഴുപ്പു നീക്കിയ ചിക്കൻ, ബീൻസ്, മുട്ട ഇവയൊക്കെ പ്രോട്ടീന്റെ ആരോഗ്യ ഉറവിടങ്ങളാണ്. ബ്രൗൺ ബ്രഡ്, മുഴുധാന്യങ്ങൾ കൊണ്ടുള്ള ബ്രഡ് ഇതൊക്കെ കഴിക്കാം.
ഒലിവ് ഒായിൽ പോലെ ആരോഗ്യകരമായ കൊഴുപ്പുകൾ, ബദാം, വാൽനട്ട് പോലുള്ള അണ്ടിപ്പരിപ്പു വർഗങ്ങൾ, പീനട്ട് ബട്ടർ, യോഗർട്ട് ഇവയൊക്കെ പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കും. എന്നാൽ വൈറ്റ് ബ്രഡിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണം.
സാധ്യത ഉയർത്തുന്ന ആഹാരം
ഇനി പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത ഉയർത്തുന്ന ആഹാരങ്ങൾ ഏതെന്ന് അറിയേണ്ടേ? പാശ്ചാത്യരീതിയുമായി ബന്ധപ്പെട്ട മധുര– പാനീയങ്ങളുടെ ഉപയോഗമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ടൊമാറ്റോ സോസിനൊപ്പം പാസ്ത അധികമായി ഉപയോഗിക്കുന്നത്, ചീസിനൊപ്പം പാസ്ത കഴിക്കുന്നത്, പീത്‌സ, കുക്കീസ്, മഫിൻസ്, ഡൊനട്ട്സ്, കേക്കുകൾ, പേസ്ട്രികൾ, പൈ, ഒാട്മീൽ അല്ലെങ്കിൽ വീറ്റ് ക്രീം, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ചിപ്സ്, കോൺ ചിപ്സ്, പോപ് കോൺ, ടോർട്ടില്ലാ ( ചപ്പാത്തി പോലെ ചോളം കൊണ്ടു തയാറാക്കുന്ന ഒരു മെക്സിക്കൻ വിഭവം ), ചോക്‌ലെറ്റ്, െഎസ്ക്രീം, തക്കാളി, വെജിറ്റബിൾ ജ്യൂസ്, പാൽ ധാന്യങ്ങൾക്കൊപ്പം കഴിക്കുന്നത്, ഇരുണ്ട നിറമുള്ള കാർബൊണേറ്റഡ് ശീതളപാനീയങ്ങൾ, മറ്റു കാർബൊണേറ്റഡ് ശീതളപാനീയങ്ങൾ ഇതൊക്കെ പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത ഉയർത്തും. റെഡ്മീറ്റിന്റെ ( ചുവന്ന മാംസം) ഉപയോഗം പരിമിതപ്പെടുത്തണം. സംസ്കരിച്ച മാംസം അതായത് പ്രോസസ്ഡ് മീറ്റ് ഉപയോഗവും നിയന്ത്രിക്കണം.
കരുതലോടെ കഴിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ പ്രോസ്‌റ്റേറ്റ് കാൻസറിനെ ഭയാശങ്കകളോടെ കാണേണ്ടതില്ല. ചിട്ടയുള്ളതും ആരോഗ്യകരവുമായ ആഹാരശീലങ്ങൾ തന്നെ നിങ്ങൾക്കു തുണയാകും. നല്ല ആഹാരശീലങ്ങൾ പ്രോസ്‌റ്റേറ്റ് കാൻസറിനെ മാത്രമല്ല, മറ്റു തരം കാൻസറുകളെയും ഹൃദ്രോഗത്തെയും പ്രമേഹത്തെയുമൊക്കെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. കെ. പവിത്രൻ
പ്രഫസർ, മെഡിക്കൽ ഒാങ്കോളജി ആൻഡ് ഹെമറ്റോളജി
അമൃതാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, കൊച്ചി