Saturday 21 November 2020 05:02 PM IST : By സ്വന്തം ലേഖകൻ

കുട്ടികളെ എത്രനേരം മൊബൈലും ടിവിയും കാണിക്കാം? : സ്ക്രീൻ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്

screen5345

സ്ക്രീൻ സമയം കുറയ്ക്കണമെന്നു പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്നാണ് കുട്ടികൾ അച്ഛനമ്മമാരോടു ചോദിക്കുന്നത്. ക്ലാസ്സുകൾ ഒാൺലൈൻ ആയപ്പോൾ മൊബൈലോ ടിവിയോ കൂടിയേ തീരൂ എന്നായി. ഇതെവിടെ ചെന്ന് അവസാനിക്കും എന്നാണ് ഇപ്പോൾ മാതാപിതാക്കളുടെ ചിന്ത. ആശങ്കപ്പെടേണ്ട, കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിൽ പൊതുവായി ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൾ അറിയാം.

എത്ര സമയം കാണാം

∙ അമേരിക്കൻ അക്കാദമി ഒാഫ് പീഡിയാട്രിക്സിന്റെ മാർഗനിർദേശം പറയുന്നത് 18 മാസത്തിനു മുൻപ് കുട്ടിക്ക് സ്ക്രീൻ കാണാൻ നൽകരുത്.

∙ 18–24 മാസത്തിൽ ക്രിയേറ്റീവായ ഗെയിമുകളും വിഡിയോയും കാണാൻ നൽകാം. പക്ഷേ മാതാപിതാക്കളും കൂടെയിരിക്കണം.

∙ 2–5 വയസ്സിനിടയിൽ കൃത്യമായ സമയപരിധി വച്ച് സ്ക്രീൻ കാണാൻ നൽകാം. ആഴ്ചദിവസങ്ങളിൽ ഒരു മണിക്കൂറും ആഴ്ചാവസാനം മൂന്നു മണിക്കൂറും നൽകാം. ഒറ്റയടിക്ക് ഇത്രയും സമയം നൽകാമെന്നല്ല, ആകെ ഇത്രയും സമയം നൽകാമെന്നാണ് പറയുന്നത്.

∙ കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സമയം അനുവദിക്കാം. പക്ഷേ, സ്ക്രീൻ സമയം വല്ലാതെ കൂടാതെ ശ്രദ്ധിക്കുക. ടിവിയിലോ മൊബൈലിലോ വെറുതെ വിഡിയോ വച്ചുകൊടുക്കാതെ അതെന്താണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അപ്പോഴും കുട്ടിക്ക് എന്തെങ്കിലും പഠിക്കാനോ സ്വാംശീകരിക്കാനോ പറ്റുന്ന ഉള്ളടക്കം ആകണം.

ചെയ്യാവുന്നതും ചെയ്യരുതാത്തതും

∙ ഭക്ഷണസമയത്ത് ഒരു കാരണവശാലും ടിവിയും മൊബൈലും ഉപയോഗിക്കാൻ അനുവദിക്കരുത്.

∙ വഴക്ക് മാറ്റാനോ കാര്യം നടത്താനോ ആയുള്ള വഴിയായി സ്ക്രീൻ സമയം അനുവദിക്കരുത്.

∙ എപ്പോഴും സ്ക്രീനിനു മുൻപിൽ ചടഞ്ഞിരിക്കാൻ അനുവദിക്കരുത്. കായികപ്രവർത്തനങ്ങളിലും കളികളിലും കുട്ടി ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കായികപ്രവർത്തനങ്ങളിൽ പങ്കെടുത്തശേഷം മാത്രമേ സ്ക്രീൻ കാണാൻ അനുവദിക്കാവൂ.

∙ കുട്ടി വിഡിയോയാണ് കാണുന്നതെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ തീരുന്നതാണോ അതെന്നു ശ്രദ്ധിക്കുക. പാതി കണ്ടുകഴിയുമ്പോഴേക്കും വാങ്ങിയാൽ ബാക്കി എന്താണെന്ന് അറിയാനുള്ള തീവ്രമായ ആഗ്രഹം കുട്ടിക്കുണ്ടാകും. അതുതന്നെയാകും പിന്നീടുള്ള ചിന്ത.

∙ യൂട്യൂബ് വച്ചുകൊടുക്കുമ്പോൾ കുട്ടി ഏതാണ് കാണുന്നതെന്ന് ഒരു കണ്ണുവേണം. കാരണം കുട്ടികളുടെ പരിപാടി എന്ന പേരിൽ ലൈംഗികചുവയുള്ളതും തീവ്ര വയലൻസ് ഉള്ളതുമായ ഉള്ളടക്കം ഒളിച്ചുകടത്താറുണ്ട്.

∙ കൃത്യമായ സമയം നിശ്ചയിച്ചു മാത്രം ടിവിയും മൊബൈലും കാണാൻ അനുവദിക്കുക. ആ സമയം തീരുമ്പോൾ തന്നെ ഒാഫ് ചെയ്യിപ്പിക്കുക.

∙ ഏതെങ്കിലും ഒരു പ്രോഗ്രാം കാണാനാണ് ടിവി വയ്ക്കുന്നതെങ്കിൽ അതു തീരുമ്പോൾ തന്നെ ഒാഫ് ചെയ്യണമെന്നു മുൻകൂട്ടി പറഞ്ഞുറപ്പിക്കുക. അതു തീർന്നാൽ ഒരു കാരണവശാലും അടുത്ത പരിപാടിയിലേക്ക് പോകാൻ അനുവദിക്കരുത്.

∙ ഒാൺലൈൻ ക്ലാസ്സിനായി മൊബൈലും ലാപ്ടോപും നൽകും മുൻപ് പേരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക. ഇതുവഴി കുട്ടി ഏതൊക്കെ സൈറ്റ് കാണുന്നുണ്ട് എന്ന് അറിയാനും സുരക്ഷിതമല്ലാത്ത സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും പറ്റും.

∙ കുട്ടിയെ വിശ്വാസത്തിലെടുക്കുന്നു എന്നു പറഞ്ഞു തന്നെ സ്ക്രീൻ ഉപയോഗം അനുവദിക്കുക. എന്തൊക്കെ കാണണം എന്ന കാര്യം തീരുമാനിക്കാൻ കുട്ടിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുക.

∙ ടിവി ഒാഫ് ചെയ്താൽ, എനിക്ക് ഒന്നും ചെയ്യാനില്ല എന്നു മിക്ക കുട്ടികളും പരാതിപറയുന്നതു കേൾക്കാം. കുട്ടികൾ അടിസ്ഥാനപരമായി സന്തോഷം തേടുന്നവരാണ്. എന്നാൽ സ്ക്രീനിനു മുൻപിൽ ഇരിക്കുന്നതുമാത്രമാണ് അവരുടെ അറിവിൽ സന്തോഷപ്രദമായ കാര്യം. അതിനുമപ്പുറം ആനന്ദിച്ചും ആസ്വദിച്ചും ചെയ്യാവുന്ന കാര്യങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. അത്തരം രസകരമായ ആക്ടിവിറ്റികൾ പരിചയപ്പെടുത്തുക. അതു പാചകമാകാം, മീൻ വളർത്തലാകാം, ഒാമനകളെ നോക്കുന്നതാകാം.... എല്ലാ ദിവസവും സാധിച്ചില്ലെങ്കിലും ആഴ്ചയിൽ 4–5 ദിവസമെങ്കിലും ഇത്തരം ആക്ടിവിറ്റികളിലേക്ക് വഴി തിരിച്ചുവിടുക.

Tags:
  • Parenting Tips
  • Manorama Arogyam
  • Kids Health Tips