Friday 06 September 2019 03:15 PM IST : By ലിസ്‌മി എലിസബത്ത് ആന്റണി

‘എന്റെ അച്ഛനും അമ്മയും മരിച്ചത് പ്രമേഹം മൂലമാണ്’; പഞ്ചസാര പടിക്കു പുറത്ത്, 82 കിലോയിൽ നിന്നും 77ലേക്കെത്തിയ സിങ് മാജിക്

rr

നല്ല ചങ്കൂറ്റമുള്ള പൊലീസ് ഒാഫിസർമാരെ സിനിമയിൽ മാത്രം നാം കണ്ടിരുന്ന കാലം. അപ്പോഴാണ് രാജസ്ഥാനിലെ ബിക്കാനേറിൽ നിന്ന് ഋഷിരാജ് സിങ് െഎ പി എസ്സിന്റെ വരവ്. കട്ടിമീശയ്ക്കു പിന്നിൽ ഹൃദയം തൊടുന്ന പുഞ്ചിരി, നീതിക്കും ന്യായത്തിനും സത്യത്തിനും വേണ്ടി കർക്കശ നിലപാടുകൾ. ‘ഇതു പോലെ നല്ല നാലു പൊലിസ് ഒാഫിസർമാരുണ്ടായിരുന്നെങ്കിൽ കേരളത്തിൽ എത്ര സമാധാനമുണ്ടായേനേ’ എന്നു പറയാത്തവരില്ല. എത്ര പെട്ടെന്നാണ് അദ്ദേഹം മലയാളിയുടെ ആരാധനാ പുരുഷനായത്. എന്തിന് ഫാൻസ് അസോസിയേഷൻ വരെ രൂപപ്പെട്ടു. ഇരിപ്പിടങ്ങൾ മാറി മറിഞ്ഞെങ്കിലും അഴിമതിക്കെതിരെ തന്നെയാണ് ഋഷിരാജ് സിങ്ങിന്റെ പോരാട്ടങ്ങൾ. ഇപ്പോൾ ഡിജിപിയും എക്സൈസ് കമ്മിഷണറുമായ അദ്ദേഹം അടുത്തിടെ വ്യക്തി ജീവിതത്തിലും ചില ഗംഭീര അഴിച്ചു പണികൾ നടത്തി. ഡയറ്റും വ്യായാമവും ഫിറ്റ്നസും അതീവ കൃത്യതയോടെ ചിട്ടപ്പെടുത്തി ഒരു ഉശിരൻ മേക്ക് ഒാവർ

∙ ഡയറ്റിങ്ങിനെക്കുറിച്ചു പറയാമോ?

ഞാൻ ഡയറ്റിങ് തുടങ്ങിയിട്ട് നാലാമത്തെ മാസമാണ്. എനിക്ക് അഞ്ചുകിലോ ഭാരം കുറയ്ക്കേണ്ടതുണ്ടായിരുന്നു. ഭാരത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബോഡിമാസ് ഇൻഡക്സിനെക്കാൾ പ്രധാനം ഉദരചുറ്റളവ് (waist circumference ) ആണ്. അത് പുരുഷൻമാരിൽ 90 സെ.മീറ്ററിനു മുകളിൽ പോകരുത്. എന്റെ ഉദര ചുറ്റളവ് 105സെ.മീ ആയിരുന്നു. രണ്ടര മാസം കൊണ്ട് അത് 93സെ.മീ ആക്കി. ശരീരഭാരം 82 കിലോയിൽ നിന്ന് 77 ആയി കുറച്ചു.

തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ഡയബറ്റിസ് കെയർ സെന്റർ മേധാവി ഡോ. ശ്രീജിത് എൻ. കുമാറാണ് എനിക്കു പ്രചോദനമേകിയത്.അദ്ദേഹമാണ് ഡയറ്റിങ്ങിൽ എന്റെ റോൾ മോഡൽ. അദ്ദേഹം ഇതേ രീതിയിൽ ഒൻപതുകിലോ ഭാരം കുറച്ചിരുന്നു. ഡയറ്റിങ്ങിന് മിക്കവരും നല്ല ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും കൃത്യമായ ഉപദേശങ്ങൾ കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 40 വയസ്സിനു മുൻപ് നമുക്ക് നന്നായി ആഹാരം കഴിക്കുകയും വ്യായാമം ചെയ്ത് ഫിറ്റായി ഇരിക്കുകയും ചെയ്യാം. 40 വയസ്സു കഴിഞ്ഞാൽ വ്യായാമം കൊണ്ടു മാത്രം ഭാരം കുറയ്ക്കാനാകില്ല. കാരണം എല്ലാദിവസവും അത്രയും തീവ്രമായി വ്യായാമം ചെയ്യാനാകില്ല. എല്ലാദിവസവും 10 കി.മീ. ഒാടാനാകുമോ?... ഇല്ല. ഈ ഘട്ടത്തിൽ ഭക്ഷണം നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. നാം കഴിക്കുന്ന ഭക്ഷണം 50 ശതമാനം കൂടുതലാണ് എന്നതാണ് സത്യം.

എനിക്ക് എത്ര കാലറി ആവശ്യമുണ്ട് എന്നായിരുന്നു ഡോ. ശ്രീജിത് ആദ്യം നോക്കിയത്. മെഷീന്റെ സഹായത്തോടെ പരിശോധിച്ചു. 1800 കാലറി മതിയെന്നു മനസ്സിലായി. 57–ാം വയസ്സിൽ എനിക്കു ദിവസേന ഇത്രയും കാലറി മതി. അങ്ങനെ 1800 കാലറിയിൽ ഭക്ഷണം ചിട്ടപ്പെടുത്തി. ആദ്യത്തെ ഒന്നു രണ്ടു ദിവസം കുറച്ചു ബുദ്ധിമുട്ടുണ്ടായി. ഇപ്പോൾ അത് ശീലമായി. ആഹാരം കുറഞ്ഞു പോയി എന്ന തോന്നൽ പോലും എനിക്കില്ല. വിശക്കുന്നു എന്ന തോന്നൽ നമ്മുടെ മനസ്സിലേ ഉള്ളൂ. ശരീരമല്ല ഒാരോന്നും കഴിക്കാൻ പ്രേരിപ്പിക്കുന്നത്, മനസ്സാണ്.

rr2

∙ ദിവസവും ഭക്ഷണക്രമീകരണം എങ്ങനെയാണ്?

രാവിലെ ആറു മണിയോടെ ഉണരും. ആദ്യം ഡ്രൈഫ്രൂട്ട്സ് കഴിക്കും. രണ്ടു വാൽനട്ടും നാലു ബദാമും. പിന്നെ ഒരു കൈപ്പിടി നിറയെ ഫ്ളാക്സ് സീഡ്സ്. പിന്നെ പഞ്ചസാര ചേരാത്ത ഒരു കട്ടൻ ചായ. പഞ്ചസാര ഒരു ആഹാരത്തിലും ചേർക്കില്ല. എന്റെ അച്ഛനും അമ്മയും മരിച്ചത് പ്രമേഹം മൂലമാണ്. അതു കൊണ്ട് ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. ഇതു കഴിയുമ്പോൾ വ്യായാമത്തിനായി പോകും.

എട്ടുമണിക്ക് ബ്രേക്ഫാസ്റ്റ്. ഇഡ‌്ലിയാണെങ്കിൽ ഒന്ന്. ദോശയാണെങ്കിൽ പകുതി. മഞ്ഞക്കരു ഒഴിവാക്കി മുട്ട. അടുത്ത ദിവസം മുട്ടയ്ക്കു പകരം സ്പ്രൗട്ട്സ്–( ചെറുപയർ മുളപ്പിച്ചത്). ഡയറ്റിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവ ഉണ്ടെന്ന് ഉറപ്പു വരുത്തുകയാണിവിടെ. ചില ദിവസങ്ങളിൽ ഉപ്പുമാവ് ആയിരിക്കും. അത് ഒന്നര കട്ടോരി. ബ്രേക്ഫാസ്റ്റിനൊപ്പം ഒരു ആപ്പിൾ കഴിക്കും. ആപ്പിൾ ഇല്ലെങ്കിൽ പേരയ്ക്ക. പിന്നെ പഞ്ചസാര ചേരാത്ത ഒരു പാൽചായ.

രാവിലെ ഒാഫിസിലെത്തി പത്തിന് ഒരു ഗ്ലാസ് മോരു കുടിക്കും. പതിനൊന്നിന് ഒരു ആപ്പിൾ. മാങ്ങ, നേന്ത്രപ്പഴം, സ പ്പോട്ട ഇവ മൂന്നും ഒഴിവാക്കി മറ്റു പഴങ്ങൾ കഴിക്കാം. പന്ത്രണ്ടിന് സൂപ്പ്. വീട്ടിൽ തയാറാക്കിയ നല്ല ക്ലിയർ വെജിറ്റബിൾ സൂപ്പ്. പിന്നെ ഒന്നരമണിക്ക് ഉച്ചഭക്ഷണം. ഒരു ചപ്പാത്തി, പച്ചക്കറികൾ പുഴുങ്ങിയത് ഒപ്പം ഒരു ചെറിയ കഷണം മീൻ. നത്തോലി, മത്തി പോലെ ചെറുമീനുകളാണ് ഉൾപ്പെടുത്തുന്നത്. പിന്നെ പരിപ്പ്. ഒപ്പം സാലഡ്. തക്കാളി, ഉള്ളി, വെള്ളരി എന്നിവയൊക്കെ ചേർന്ന സാലഡാണിത്. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു കപ്പ് ചോറു കഴിക്കും. നാലുമണിക്ക് രണ്ടു ബ്രഡും വെജിറ്റബിളും ചേർന്ന ഒരു സാൻഡ്‌വിച്. പിന്നെ പാലൊഴിച്ച് ചായ. അഞ്ചുമണിക്ക് ഒരു ഗ്ലാസ് മോര്. ആറുമണിക്ക് വീണ്ടും സൂപ്പ്. എട്ടുമണിക്ക് ഒരു ചപ്പാത്തി, ഒപ്പം പച്ചക്കറി പുഴുങ്ങിയത്. രാത്രിയിൽ പ്രോട്ടീൻ ആവശ്യമില്ലാത്തതുകൊണ്ട് മീൻ ഒഴിവാക്കും. പിന്നെയും വിശപ്പ് ബാക്കിനിൽക്കുന്നുവെങ്കിൽ ഒരു ഫ്രൂട്ട് കഴിക്കും. ഇതിൽ നിന്ന് 1800 കാലറി കൃത്യമാകുന്നുണ്ട്. അത്താഴം രാത്രി എട്ടുമണിക്കു മുൻപാക്കുന്നതാണ് ആരോഗ്യകരം.

rr1

∙ ഡയറ്റിൽ നിന്ന് പൂർണമായും ഒഴിവാക്കിയത്?

പഞ്ചസാര, മൈദ, പാലുൽപന്നങ്ങൾ. ഉപ്പ് തീരെ കുറച്ചു. ചടങ്ങുകളിൽ സംബന്ധിച്ചാൽ സാലഡ്, സൂപ്പ്, ഒരു ചപ്പാത്തി, വെജിറ്റബിൾസ് അങ്ങനെ മാത്രം കഴിക്കും. പനീറും കഴിക്കാറുണ്ട്. പനീറിൽ ആവശ്യമുള്ള പ്രോട്ടീനുണ്ട്. അമിതകൊഴുപ്പുമില്ല. എണ്ണ ഒഴിവാക്കാനാണ് പച്ചക്കറി പുഴുങ്ങുന്നത്. വീട്ടിൽ പച്ചക്കറി തയാറാക്കുമ്പോൾ അതിൽ മൂന്നോ നാലോ കഷണം ടോഫുവും ചേർക്കാറുണ്ട്. നോൺവെജും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്. മീൻ കിട്ടാത്ത ദിവസങ്ങളിൽ ചിക്കൻ കൊഴുപ്പു നീക്കി വേവിച്ചത് രണ്ടോ മൂന്നോ കഷണം കഴിക്കും. മട്ടൻ, പോ ർക് ഇവ ഒഴിവാക്കും. കൂടുതൽ കൊഴുപ്പ് ശരീരത്തിൽ സംഭരിക്കണം എന്നതാണ് ശരീരത്തിന്റെ ലക്ഷ്യം. കൊഴുപ്പുള്ള ആഹാരങ്ങളിലേക്ക് കൈ അറിയാതെ നീളുന്നതിന്റെ കാരണമതാണ്. ആരോഗ്യത്തിന് നല്ലതല്ല എന്നതു കൊണ്ടു മാത്രം ഒഴിവാക്കിയ ഇഷ്ടഭക്ഷണം പീത്‌സയാണ്.

∙ വ്യായാമം എങ്ങനെയാണ്?

ആദ്യ ദിവസം 24 കി.മീ. സൈക്ലിങ്. വെള്ളയമ്പലത്തു നിന്ന് എയർപോർട്ട് റോഡിലേക്ക് 12 കി.മീ. തിരിച്ചും 12 കി.മീ. അടുത്ത ദിവസം ജോൺസ് കുരുവിളയുടെ വെള്ളയമ്പലത്തുള്ള പവർ ജിമ്മിൽ ട്രെഡ്മില്ലിൽ അഞ്ചുകിലോ മീറ്റർ ബ്രിസ്ക് വാക്കിങ്. അതു കഴിഞ്ഞ് 30 മിനിറ്റ് വെയ്റ്റ് ട്രെയ്നിങ്. ജിമ്മിൽ എനിക്കൊരു ട്രെയ്നർ ഉണ്ട്. അടുത്ത ദിവസം വീണ്ടും സൈക്ലിങ്. അങ്ങനെ മാറി മാറി ചെയ്യും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലിസിന്റെ ജിമ്മിലും പോകാറുണ്ട്.

ജിമ്മിൽ സ്ട്രെച്ചിങ് ചെയ്യും. നടപ്പിലൂടെ കാലിനു മാത്രമേ വ്യായാമം ലഭിക്കൂ. കൈകൾ, ചെസ്റ്റ്, ഷോൾഡർ എന്നിങ്ങനെ ശരീരത്തിനു മുഴുവൻ വ്യായാമം ലഭിക്കുന്നതിന് വർക്‌ ഒൗട്ടുകൾ തന്നെ വേണം. ഒരു ദിവസം ശരീരത്തിന്റെ രണ്ടു ഭാഗങ്ങളുടെ വർക്ക് ഔട്ട് ചെയ്യാം. ദിവസവും ഇതു ചെയ്യാനാകില്ല. ജിമ്മിലെ വർക്ക് ഒൗട്ടിലൂടെ ശരീരഭാരം കുറയ്ക്കുകയും കൃത്യമായ ഭാരം നില നിർത്തുകയും ചെയ്യാം.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കും. ഒാഫിസ് ജോലിക്കിടെ എല്ലാ അരമണിക്കൂറിലും എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ വേണം. രണ്ടു മൂന്നു മണിക്കൂർ ഇരുന്നാൽ ശരീരത്തിന് ഒരു ബ്രേക് നൽകണ്ടെ? വേൾഡ് ഹെൽത് ഒാർഗനൈസേഷനും ഇതേക്കുറിച്ചു പറയുന്നുണ്ട്.

∙െഎപിഎസ് ട്രെയ്നിങ് കഠിനമാണെന്നു കേട്ടിട്ടുണ്ടല്ലോ?

അന്ന് രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. ഗ്രൗണ്ടിൽ പോകും. ആദ്യത്തെ രണ്ടു പീരിയഡ് പി ടി ആണ്. 5–7.30വരെ. ചെറിയ ഒാട്ടം, ചാട്ടം, റോപ്പിൽ മുകളിലേക്കു കയറുക, ബാറിൽ പിടിച്ചുള്ള ചിൻ അപ്. ശേഷം പരേഡ്. ശനിയാഴ്ചകളിൽ 10 കി.മീ. നടപ്പ് ഉണ്ടാകും. വൈകിട്ട് മൂന്നു മുതൽ ഏഴു വരെ വീണ്ടും പരേഡ്. 22–23 വയസ്സിൽ അത് അനായാസം ചെയ്യാനാകും. ഈ കാലയളവിൽ ആർക്കും അമിതകൊഴുപ്പ് ശരീരത്തിൽ ഉണ്ടാകില്ല എന്നുറപ്പാണ്. ആ ഒൻപതു മാസം ആകെ മാറ്റി മറിക്കുന്ന കാലമാണ്. 1999ൽ പ്രൈംമിനിസ്റ്റർ സെക്യൂരിറ്റിയിൽ (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ് ) ജോലി ചെയ്ത കാലത്തെ ട്രെയിനിങ് ഏറെ കഠിനമായിരുന്നു. അവിടെ മൂന്നു മാസം ട്രെയിനിങ് കഴിഞ്ഞപ്പോൾ 18 കിലോ ഭാരം കുറഞ്ഞു. 85–ൽ നിന്ന് 67ൽ എത്തി.

rr

∙ നാട്ടിലെ ആഹാരവും ആരോഗ്യവും?

രാജസ്ഥാനിൽ മധുരപലഹാരങ്ങളാണ് ഏറ്റവും പ്രശ്നം. അവിടെ ഒട്ടേറെ ഉത്സവങ്ങളുണ്ട്. ഒാരോ ഉത്സവത്തിനും ഒാരോ സവിശേഷ സ്വീറ്റ് ഉണ്ടാകും. സമോസയും ഉണ്ട്. ഒരു സമോസയിൽ നിന്ന് 30 ഗ്രാം എണ്ണ എങ്കിലും കിട്ടും. ഷുഗറിനെക്കാളും പ്രശ്നം ഉണ്ടാക്കുന്ന ത് എണ്ണയാണെന്നും പറയാം. എണ്ണ ഹൃദ്രോഗത്തിലേക്കു നയിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

തന്റെ തിരക്കേറിയ ജീവിതം അടിമുടി ആരോഗ്യകരമാക്കിയ കഥ ഋഷിരാജ് സിങ് െഎ പി എസ് പറയുമ്പോൾ ആവേശത്തോടെ കേൾക്കാതിരിക്കാൻ നമുക്കാകില്ല. ഇപ്പോൾ ഒന്നു നോക്കൂ. അദ്ദേഹത്തിന്റെ ജീവിതത്തിന് എത്ര പ്രസരിപ്പാണ്.. എന്തൊരു സൗന്ദര്യമാണ്.

Tags:
  • Diet Tips