ചലച്ചിത്ര നിർമാതാവും അഭിനേത്രിയുമാണ് സാന്ദ്രാ തോമസ്. പേരന്റിങിൽ തന്റെ നയം വ്യക്തമാക്കിയാണ് സാന്ദ്ര ശ്രദ്ധേയയായത്. സൗന്ദര്യസംരക്ഷണത്തിലും സാന്ദ്രയ്ക്ക് കൃത്യമായ നിലപാടുകളുണ്ട്.പണം മുടക്കിയുള്ള സ്കിൻ കെയർ സാന്ദ്ര ചെയ്യാറില്ല. പ്രകൃതിദത്തമല്ലാത്ത സാധനങ്ങളൊന്നും ചർമസംരക്ഷണത്തിന് ഉപയോഗിക്കാറുമില്ല.
സൗന്ദര്യപരിചരണത്തെക്കുറിച്ച് സാന്ദ്ര മനസ്സു തുറക്കുകയാണ്.
തക്കാളി നൽകും ഗ്ലോ - പൊതുവെ എന്റെ സ്കിൻ നല്ലതാണ്. പ്രത്യേകിച്ച് ഒരു സ്കിൻ കെയർ റുട്ടീൻ ഇല്ല. സമയം കിട്ടുമ്പോൾ തക്കാളി എടുത്തു മുഖത്ത് ഉരയ്ക്കും. തക്കാളി നല്ല ഇഫക്‌റ്റീവ് ആണ്. ഇത് കുറച്ചു സമയം മുഖത്ത് മൃദുവായി ഉരച്ചശേഷം കഴുകിക്കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്താൽ മുഖത്തു നല്ല ഗ്ലോ ലഭിക്കും. സ്കിൻ ക്ലിനിക്കുകളിലും തക്കാളിയുടെ എക്സ്ട്രാക്‌റ്റ് ഉപയോഗിക്കുന്നുണ്ട് .
മഞ്ഞളും പാൽപ്പാടയും - നാടൻ മഞ്ഞൾ വീട്ടിൽ തന്നെയുണ്ട്. കുട്ടികൾക്ക് മുമ്പ് മഞ്ഞൾ ചേർത്താണു പാലു നൽകിയിരുന്നത്. ഈ പാൽ അരിച്ചെടുക്കുമ്പോൾ പാൽപ്പാടയും മഞ്ഞളും കിട്ടും. അതു ഞാൻ മുഖത്തു പുരട്ടിയിരുന്നു.
എന്റെ സൂപ്പർ സ്ക്രബ് - ടാൻ വന്നാൽ തൈരും കാപ്പിപ്പൊടിയും ഉപ്പും ഇത്തിരി പാലും കൂടി ചേർത്ത് ശരീരം മുഴുവനും സ്ക്രബ് ചെയ്യും. അപ്പോൾ മൃതകോശങ്ങൾ എല്ലാം പോയി ശരീരമാകെ മൃദുവാകും. ഞാൻ സ്പാ പഠിച്ചിട്ടുണ്ട്. സ്പായിൽ ചെയ്യുന്നതും ഇതൊക്കെയാണ്.
ഹോംമെയ്ഡ് എണ്ണ - വീട്ടിൽ തന്നെ തയാറാക്കുന്ന ഒരു സ്പെഷൽ ഒരു എണ്ണയാണ് മുടിയിൽ പുരട്ടുന്നത്. കുട്ടികൾ ഉൾപ്പെടെ ഞങ്ങളെല്ലാവരും അതു തന്നെയാണ് ഉപയോഗിക്കുന്നത്.
ഇഷ്ടം നാടൻ ആഹാരം
ഒരു ദിവസം ലീറ്റർ വെള്ളമെങ്കിലും കുടിക്കും. എയ്റേറ്റഡ് ഡ്രിങ്സ് കുടിക്കില്ല. കോള പോലുള്ളവ പൂർണമായും ഉപേക്ഷിച്ചിട്ട് പത്തു വർഷത്തോളമായി. നാടൻ ആഹാരമാണ് കഴിക്കാനിഷ്ടം.
റിലാക്സേഷൻ
വിവാഹത്തിനു മുൻപ് ബാത്ടബ്ബിൽ എപ്സം സാൾട്ട് ഇട്ടു കിടക്കുമായിരുന്നു. സ്ട്രെസ് കുറയ്ക്കുന്നതിന് അതു നല്ലതാണ്. ഇപ്പോൾ അതിനൊന്നും സമയം കിട്ടുന്നില്ല. റിലാക്സേഷനു വേണ്ടി ഷോപ്പിങിനു പോകും. അല്ലെങ്കിൽ യാത്ര ചെയ്യും.
സൗന്ദര്യമെന്നാൽ വൈബ് ആണ്
ഒരാളുടെ വൈബ് ആണ് അവരുടെ ബ്യൂട്ടിയായി ഞാൻ കരുതുന്നത്. ഒരാളുടെ അടുത്തു നാം എത്തുമ്പോൾ അവരിൽ നിന്ന് പോസിറ്റീവ് എനർജിയാണോ, നെഗറ്റീവ് എനർജിയാണോ നമ്മിലേക്ക് വരുന്നത് എന്നതു പ്രധാനമാണ്. ഒരാളുടെ ബാഹ്യസൗന്ദര്യം പ്രധാനമാണെന്നു കരുതുന്നില്ല. ഒരാളുമായി കുറേ നേരം സംസാരിച്ചിരിക്കാൻ കഴിയുന്നുണ്ടോ?, അവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നുണ്ടോ? അവർ പോകുമ്പോൾ നമുക്ക് വിഷമം വരുന്നുണ്ടോ?... അങ്ങനെ അവരുടെ വൈബ് ആണ് അവരുടെ ബ്യൂട്ടി എന്നാണു ഞാൻ കരുതുന്നത്.
നമ്മുടെ വ്യക്തിത്വം അനുസരിച്ചാണ് നമ്മുടെ വൈബ് വരുന്നത്. നമ്മുടെ ജീവിതത്തിലെ തെറ്റും ശരികളുമൊക്കെയാണ് വൈബിലൂടെ പുറത്തു വരുന്നത്. ഈ വൈബ്രേഷനിൽ ഏറെ വിശ്വസിക്കുന്ന ഒരാളാണു ഞാൻ. തെറ്റു ചെയ്യുന്നതനുസരിച്ച് നമ്മുടെ ബാഡ് വൈബ് പുറത്തേക്കു വരും. എത്ര ചിരിച്ചു നിന്നാലും ഒാറ അതിനെ പുറത്തേക്കു കാണിക്കും – സാന്ദ്ര പറയുന്നു.